കൊച്ചി- ലണ്ടൻ വിമാനം റദ്ദാക്കരുത്: ഫ്രാൻസിസ് ജോർജ്
Thursday, March 20, 2025 2:02 AM IST
ന്യൂഡൽഹി: കൊച്ചിയിൽ നിന്നു ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്നു പ്രാവശ്യം നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവശ്യപ്പെട്ടു. അരലക്ഷത്തിലധികം മലയാളികൾ ലണ്ടനിൽ പഠനത്തിനും ജോലിക്കും ആയി താമസിക്കുന്നുണ്ട്.
ഇവരെല്ലാം നാട്ടിൽ വരാനും തിരിച്ചു പോകാനും എയർ ഇന്ത്യയുടെ ഈ സർവീസുകളെയാണ് ആശ്രയിച്ചിരുന്നത്. ഇരുവശത്തേക്കുമുള്ള സർവീസുകളിൽ സീറ്റുകൾ ഒഴിവുണ്ടാകാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.