നാഗ്പുർ സംഘർഷം; എംഡിപി നേതാവ് അറസ്റ്റിൽ
Thursday, March 20, 2025 2:02 AM IST
നാഗ്പുർ: നാഗ്പുർ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ച മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവ് ഫാഹിം ഖാനെ അറസ്റ്റ്ചെയ്തു.
ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി സംഘടിപ്പിച്ച പ്രതിഷേധത്തിനു പിന്നാലെ തിങ്കളാഴ്ച ഫാഹിം ഖാന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു ശേഷം ന്യൂനപക്ഷവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു മേഖലയിലേക്ക് ഇയാൾ തിരിക്കുകയായിരുന്നു. പോലീസ് രജിസ്റ്റർചെയ്ത ആറ് കേസുകളിലൊന്നിൽ ഖാന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 7.30 ഓടെ ചിറ്റ്നിസ് പാർക്ക് മേഖലയിലായിരുന്നു സംഘർഷം. ഔറംഗസേബിന്റെ ശവകുടീരത്തിനെതിരേ വിഎച്ച്പി പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചെന്ന അഭ്യൂഹത്തെത്തുടർന്ന് മുസ്ലിംകളും പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. 34 പോലീസുകാർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. വനിതാ പോലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാനും കലാപകാരികൾ ശ്രമിച്ചതായി വാർത്തകളുണ്ട്.
അതിനിടെ, മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിന്റെ തട്ടകമായ നാഗ്പുരിലുണ്ടായ കലാപത്തിനു കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.