ഓൺലൈൻ ഡെലിവറിയുടെ മറവിൽ ഫോൺ ഹാക്കിംഗ്; മുന്നറിയിപ്പുമായി ഉപേന്ദ്രയും ഭാര്യയും
Tuesday, September 16, 2025 8:26 AM IST
ഭാര്യയുടെയും തന്റെയും ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി കന്നഡ നടനും സംവിധായകനുമായ ഉപേന്ദ്ര. കോണ്ടാക്ടിലുള്ളവരോട് ഹാക്കർമാർ പണം ആവശ്യപ്പെട്ട് മെസേജ് അയച്ചതായും ഉപേന്ദ്ര പറഞ്ഞു. തങ്ങളുടെ പേരിൽ പണം ആവശ്യപ്പെട്ടാൽ ആരും അയച്ചുകൊടുക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ഉപേന്ദ്ര പറഞ്ഞു.
ഓൺലൈൻ ഓർഡർ ചെയ്ത സാധനത്തിന്റെ ഡെലിവറിയുടെ മറവിലാണ് ഹാക്കിംഗ് നടന്നത്. ഓർഡർ ഡെലിവറി ചെയ്യാൻ കഴിയുന്നില്ലെന്നും ചിഹ്നങ്ങൾ അടങ്ങിയ ഒരു നമ്പർ ഡയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഭാര്യ പ്രിയങ്കയ്ക്ക് സന്ദേശം ലഭിച്ചിരുന്നു.
പിന്നീട് പ്രിയങ്കയും ഉപേന്ദ്രയും അവരവരുടെ ഫോണുകളിൽ നിന്ന് വിളിക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെയാണ് ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടത്. പോലീസിൽ പരാതിപ്പെട്ടതായി ഉപേന്ദ്ര അറിയിച്ചു.
ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചുകൊണ്ട് ഉപേന്ദ്രയും അഭിനേത്രികൂടിയായ ഭാര്യ പ്രിയങ്കയും വീഡിയോ സന്ദേശം പങ്കുവച്ചിരുന്നു. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ഇരുവരും മുന്നറിയിപ്പ് നൽകി.