സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ; ദി ഫേസ് ഓഫ് ദി ഫേസ്ലെസ്; കൈയടി നേടി പ്രീമിയര്‍ ഷോ
Monday, September 18, 2023 3:24 PM IST
വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ 'ദി ഫേസ് ഓഫ് ദി ഫേസ്ലെസ്' (മുഖമില്ലാത്തവരുടെ മുഖം) സിനിമയുടെ കേരളത്തിലെ ആദ്യ പ്രദര്‍ശനത്തിനു മികച്ച പ്രതികരണം.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നു പ്രമുഖരുള്‍പ്പടെ നിരവധി പേര് കൊച്ചിയിലെ പ്രീമിയര്‍ ഷോ കാണാനെത്തി.
അടിസ്ഥാന ജനതയുടെ വിമോചനത്തിനായി രക്തസാക്ഷിയായ മലയാളി വനിതയുടെ യഥാര്‍ഥ കഥയാണ് 'ദി ഫേസ് ഓഫ് ദി ഫേസ്ലെസ്' എന്ന ചലച്ചിത്രമെന്നു സംവിധായകന് ഷൈസണ്‍ പി. ഔസേപ്പ് പറഞ്ഞു.
സിസ്റ്റര്‍ റാണി മരിയയുടെ വിശുദ്ധ ജീവിതം ഇന്ത്യയില്‍ ഇന്ന് ഏറെ പ്രസക്തമാണ്. മനുഷ്യവിമോചനത്തില്‍ വിശ്വസിക്കുന്ന ക്രിസ്തുദര്‍ശനം സ്വജീവിതത്തില്‍ പകര്‍ത്തിയ ഒരു വനിത, അവള് കത്തോലിക്കാ സന്യാസിനി കൂടിയാണ്.
മുഖമില്ലാത്ത കോടിക്കണക്കിനു മനുഷ്യര്‍ക്ക് മുഖവും സ്വരമില്ലാത്തവര്ക്ക് സ്വരവുമാകാനും അവരെ മനുഷ്യസ്നേഹത്തിന്റെ മതത്തിലേക്കു പരിവര്‍ത്തനം ചെയ്യാനും ഏതൊരാള്‍ക്കും കടമയുണ്ട്. അതാണ് യഥാര്‍ഥ ആത്മീയത. അതിനാല്‍ ഇത് ഒരു രാഷ്ട്രീയ ചലച്ചിത്രമാണ്. ഇന്ത്യന്‍ മതരാഷ്ട്രീയ ഭൂമികയില്‍ ചര്‍ച്ച ചെയ്യേണ്ട സിനിമയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇടപ്പള്ളി വനിത തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് ആശംസ നേരാന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായെത്തി.
സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തിന്റെ ഹൃദ്യമായ ആവിഷ്കാരമായ 'ദി ഫേസ് ഓഫ് ദി ഫേസ്ലെസ്' സിനിമ ലോകത്തിനു നന്മയുടെ സന്ദേശമാണു പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് റാണി മരിയയായി അഭിനയിച്ചത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റാണി മരിയയായി അഭിനയിക്കാനായത് ജീവിതത്തിലെ വലിയ സൗഭാഗ്യമായും അനുഗ്രഹമായും കാണുന്നുവെന്നു നടി വിന്‍സി അലോഷ്യസ് പ്രീമിയര്‍ ഷോയ്ക്കു ശേഷം പറഞ്ഞു.
ജീത്ത് മത്താറു (പഞ്ചാബ്), സോനലി മൊഹന്തി (ഒറീസ്സ), പൂനം (മഹാരാഷ്ട്ര), സ്നേഹലത (നാഗ്പൂര്‍), പ്രേംനാഥ് (ഉത്തര്‍പ്രദേശ്), അജീഷ് ജോസ്, ഫാ. സ്റ്റാന്‍ലി, അഞ്ജലി സത്യനാഥ്, സ്വപ്ന, ദിവ്യ, മനോഹരിയമ്മ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.
ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസ റാണയാണു സിനിമ നിര്‍മിച്ചിരിക്കുന്നത്. ബേബിച്ചന് ഏര്ത്തയിലിന്റേതാണു പ്രൈം സ്റ്റോറി.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രഞ്ജന്‍ ഏബ്രഹാം, ഛായാഗ്രഹണം- മഹേഷ് ആനെ, തിരക്കഥ, സംഭാഷണം- ജയപാല്‍ ആനന്ദ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം നല്കി.
മലയാളം, ഹിന്ദി, സ്പാനിഷ് ഭാഷകളില്‍ റിലീസിനൊരുങ്ങുന്ന സിനിമ ഇതിനകം പതിനൊന്നോളം അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി.