അച്ഛന്റെ പ്രിയപ്പെട്ട സംവിധായകൻ: മുരളി ഗോപി
Monday, September 25, 2023 1:19 PM IST
അച്ഛൻ ഭരത് ഗോപിയുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു കെ.ജി. ജോർജെന്ന് മുരളി ഗോപി. വിലമതിക്കാനാവാത്ത നിരവധി ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുരളി കുറിച്ചു.
ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ ഏറ്റവും വലിയ വരങ്ങളിൽ ഒന്നായിരുന്നു ജോർജ് സാർ. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. വിലമതിക്കാനാവാത്ത ഒരുപിടി അഭ്രാനുഭവങ്ങൾ നൽകി അദ്ദേഹവും. മുരളി ഗോപി കുറിച്ചു.
താൻ നടനും തിരക്കഥാകൃത്തുമായി മാറിയപ്പോൾ കെ.ജി.ജോർജിൽനിന്നു പ്രചോദനം ലഭിച്ചിട്ടുണ്ടെന്നു മുരളി ഗോപി പറഞ്ഞു.
ഒരു ക്യാംപ് ഫയറിന്റെ അടുത്തിരിക്കുമ്പോൾ കിട്ടുന്ന ചൂടുപോലെയാണ് അദ്ദേഹത്തിന്റെ സിനിമകളിൽനിന്ന് എനിക്കു ലഭിക്കുന്ന പ്രചോദനം.
അടിസ്ഥാനപരമായി ഒരു തിരക്കഥാകൃത്തുകൂടി ആയതിനാൽ അദ്ദേഹം ഒപ്പം സഹകരിച്ച എഴുത്തുകാരുടെ ക്രാഫ്റ്റിനെ സ്വാധീനിച്ചിട്ടുണ്ടാകും. നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും നിർദേശങ്ങൾ ജോർജ് സാർ നന്നായി സ്വീകരിച്ചിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
‘നടന്റെ വൈഭവം മനസ്സിലാക്കി ബഹുമാനിക്കാനും അതിനെ അംഗീകരിച്ചു നിർലോഭം പ്രശംസിക്കാനും ആ ക്രാഫ്റ്റ്സ്മാൻ തയാറായിരുന്നു.
സംവിധായകനെ മനസ്സിലാക്കുന്ന നടൻ എന്ന നിലയിൽ അച്ഛനും ജോർജ് സാറും തമ്മിലുണ്ടായിരുന്ന ക്രിയേറ്റീവ് വൈബ് ആണ് അവരുടെ സിനിമയുടെ പൂർണത.
അങ്ങനെയുള്ള ഒരു സംവിധായകനും നടനും ചേരുമ്പോൾ അവരുടെ ഓരോ സിനിമയും ഓരോ തേടിപ്പോകലുകളാണ്. അതിന്റെ ഭംഗി അവരുടെ സിനിമകളിലുണ്ടായിരുന്നു.
യവനികയിലെ തബലിസ്റ്റ് അയ്യപ്പനും പഞ്ചവടിപ്പാലത്തിലെ ദുശ്ശാസനക്കുറുപ്പും ഒരു നടനാണോ എന്ന് അതിശയിപ്പിക്കുന്ന വിധം പരകായ പ്രവേശം നടത്താൻ നടനെ പ്രേരിപ്പിക്കുന്നതുപോലെതന്നെ സംവിധായകനെക്കുറിച്ചും നമുക്കു തോന്നും.
യവനികയും പഞ്ചവടിപ്പാലവും കോലങ്ങളും ഇരകളും ആദാമിന്റെ വാരിയെല്ലും എല്ലാം ഒരേ സംവിധായകന്റെതു തന്നെയാണോ എന്ന് ആരും സംശയിക്കാം. ഓരോ സിനിമയും അവതരണത്തിലും ചിത്രീകരണത്തിലും വ്യത്യസ്തവും അപ്രതീക്ഷിതവുമാണ്. മുരളി പറഞ്ഞു.