നാനി വേണ്ടെന്ന് വെച്ച പാട്രിക്കിനെ കൈയിലെടുത്ത ഫഹദ്
Tuesday, October 15, 2024 9:41 AM IST
രജനികാന്ത് ചിത്രം വേട്ടയ്യനിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച പാട്രിക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് നാനിയെ എന്ന് റിപ്പോർട്ട്. എന്നാല്‍ രജനികാന്തിനൊഴികെ വേട്ടയ്യനില്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് വേണ്ട പരിഗണനയിലില്ലാത്തതിനാല് നാനി ആ വേഷം നിരസിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തുവന്നത്.
ബാറ്ററി എന്നു വിളിപ്പേരുള്ള പാട്രിക് ഒരു കള്ളനാണ്. പല ഘട്ടത്തിലും പോലീസിനെ സഹായിക്കുന്ന പാട്രിക്, രജനി അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിന്റെ അടുത്ത ആളാണ്. ഈ കഥാപാത്രത്തെ ഫഹദ് ഗംഭീരമാക്കി. അനായാസമായി കോമഡി ചെയ്ത് ആളെ കൈയിലെടുക്കാൻ ഫഹദിനു കഴിഞ്ഞു.
തമിഴിലും മലയാളത്തിലും ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കാൻ കാരണമായതും ഫഹദിന്റെ പ്രകടനം കാരണമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
രജനികാന്തിനും ഫഹദ് ഫാസിലിനും പുറമേ മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ശർവാനന്ദ്, ജിഷു സെൻഗുപ്ത, അഭിരാമി, രീതിക സിംഗ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്ഡിന് കിംഗ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി.എം. സുന്ദർ, സാബുമോൻ അബ്ദുസമദ്, ഷബീർ കല്ലറക്കൽ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.