"എല്ലാവരും ഒരു തവണയെങ്കിലും എക്സ്പീരിയന്‍സ് ചെയ്യണം'; ജയില്‍ റിവ്യുമായി ആറാട്ട് അണ്ണന്
Friday, May 9, 2025 12:17 PM IST
ജയില്‍ മോചിതനായതിന് പിന്നാലെ "ജയില്‍ റിവ്യൂ'യുമായി യുട്യൂബര്‍ ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി. ജയിലില്‍ പോകുന്നത് നല്ലൊരു അനുഭവമാണെന്നും സ്വാതന്ത്ര്യമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാം അവിടെയുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. കൂടാതെ എല്ലാവരും ജയില്‍ ജീവിതം ഒന്ന് എക്സ്പീരിയന്‍സ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു.
"ജയിലില്‍ പോകുന്നതൊരു അനുഭവമാണ്. പോയി, ഇനി താത്പര്യമില്ല. ഫ്രീഡമില്ലെന്നേയുള്ളൂ, ബാക്കിയെല്ലാ സൗകര്യവുമുണ്ട്. എന്തായാലും നല്ലൊരു അനുഭവമാണ്. വലിയ പ്രശ്നമൊന്നുമില്ല. എല്ലാവരും ഒന്ന് എക്സ്പീരിയന്‍സ് ചെയ്യണം. ഫുഡുണ്ട്. ഒരു പ്രശ്നവുമില്ല. പോലീസുകാരും നല്ലതാണ്. നാളെ മുതല്‍ പുതിയൊരു ആറാട്ടണ്ണനെ കാണാം. ജാമ്യത്തില്‍ ചില കണ്ടീഷന്‍സ് പറഞ്ഞിട്ടുണ്ട്. റിവ്യൂ തുടരും. തുടരും സിനിമ കാണണം.' സന്തോഷ് വര്‍ക്കി പറഞ്ഞു.
സിനിമാ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ കഴിഞ്ഞ ദിവസമാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം ലഭിച്ചത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു പരാമര്‍ശം. താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മിറ്റി അംഗം അന്‍സിബ ഹസന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് സന്തോഷ് വര്‍ക്കിക്ക് കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ച് പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നല്കി.
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണന് എന്ന വിളിപ്പേരില്‍ ഇയാള്‍ അറിയപ്പെടാന്‍ തുടങ്ങി. കൊച്ചിയിലെ പ്രധാന തിയറ്ററുകളില്‍ സന്തോഷ് റിവ്യൂ പറയാന്‍ എത്താറുണ്ട്. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ ഇയാള്‍ അഭിനയിച്ചിട്ടുമുണ്ട്.