അങ്കിളിന്റെ പേരെന്തായെന്ന് മകൾ, മമ്മൂട്ടിയെന്ന് ഉത്തരവുമായി മെഗാസ്റ്റാർ; വൈറലായി ബേസിലിന്റെ കുറിപ്പ്
Monday, October 6, 2025 9:38 AM IST
മകളുമൊത്ത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബേസിൽ ജോസഫ്. ഹൈദരബാദിൽ വച്ചായിരുന്നു ബേസിൽ ഭാര്യ എലിസബത്തിനും രണ്ടുവയസുകാരി മകൾ ഹോപ്പിനുമൊപ്പം മമ്മൂട്ടിയെ കാണാനെത്തിയത്.
ലോകമറിയുന്ന മഹാനടൻ അങ്കിളിന്റെ പേരെന്താണ് എന്ന തന്റെ കുഞ്ഞുമകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മമ്മൂട്ടി എന്ന് എളിമയോടെ മറുപടി പറയുകയും ചെയ്തെന്ന് ബേസിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
""ഒരു ഇതിഹാസത്തോടൊപ്പം ഒരന്തിനേരം ചെലവഴിക്കാൻ ലഭിച്ച അസുലഭ ഭാഗ്യം, അത് സ്വർഗീയമായ രീതിയിൽ അത്യധികം സന്തോഷം നൽകുന്നതായിരുന്നു, ഞങ്ങളുടെ കുടുംബം എന്നെന്നും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരനുഭവം.
എന്റെ കുഞ്ഞുമകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി, അങ്കിളിന്റെ പേരെന്താണ്?' എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് ലളിതമായി മമ്മൂട്ടി എന്ന് മറുപടി പറഞ്ഞു. ആ എളിമയുള്ള മറുപടി ജീവിതകാലം മുഴുവൻ ഞങ്ങളുടെ ഹൃദയത്തിൽ വലിയ ഒരോർമ്മയായി തന്നെ ഞങ്ങൾ കുറിച്ചിട്ടു.
അദ്ദേഹം സ്വന്തം കാമറയിൽ മോളുടെ കുറേ ചിത്രങ്ങളെടുത്തു, ഹൊപ്പിയും മമ്മൂക്കയും ചേർന്ന് ഒരുപാട് സെൽഫികൾ എടുത്തു. ഏതാനും മണിക്കൂറുകൾ അദ്ദേഹം ലോകത്തിന് ആരാണെന്നത് ഞങ്ങൾ തന്നെ മറന്നുപോയി.
ഏറ്റവുമടുത്ത ഒരു സുഹൃത്തിനോടൊപ്പമിരിക്കുന്ന അനുഭവമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയത്. അദ്ദേഹം ഞങ്ങൾക്ക് നൽകിയ സ്നേഹവാത്സല്യങ്ങൾ വാക്കുകൾക്കതീതമാണ്. അങ്ങയുടെ ദയയ്ക്കും വാത്സല്യത്തിനും എന്നെന്നും നിധിപോലെ മനസിൽ സൂക്ഷിക്കാൻ ഒരന്തിനേരം ഞങ്ങൾക്ക് സമ്മാനിച്ചതിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം നന്ദി മമ്മൂക്ക''. ബേസിൽ ജോസഫ് കുറിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ചിത്രീകരണത്തിൽ നിന്ന് മാറി നിന്നിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഹൈദരബാദിലെ ഷൂട്ടിംഗിൽ വീണ്ടും ജോയിൻ ചെയ്തിരുന്നു. നിലവിൽ ഹൈദരബാദിലാണ് താരമുള്ളത്.