ഇന്നസെന്റേട്ടൻ പോയി; ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്: മോഹൻലാൽ പറഞ്ഞു
Tuesday, March 28, 2023 12:43 PM IST
ഇന്നസെന്റിനെ കാണാൻ രാജസ്ഥാനിലെ ഷുട്ടിംഗ് സ്ഥലത്ത് നിന്നും ഓടിയെത്തുകയായിരുന്നു മോഹൻലാൽ. ഇരുവരും തമ്മിലുള്ള ആത്മാർഥ ബന്ധത്തിന്റെ കഥകൾ പരിചിതവുമാണ്. ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
രാജസ്ഥാനിലെ ചിത്രീകരണത്തിനിടയിലാണ് ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ തന്നോട് പറയുന്നത്. ശേഷം പുലർച്ചെ നാല് മണി വരെ അദ്ദേഹം ഷൂട്ട് തുടർന്നു. ആ നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ വേദനയാണ് താൻ കണ്ടതെന്ന് ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ കുറിച്ചു.
ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..
ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും...ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് "..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...
ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..
ഇന്നസെന്റ് സാർ...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്നേഹത്തോടെ.