ആർആർആർ സിനിമയിലെ വില്ലൻ കഥാപാത്രമായ ഗവർണർ സ്കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഹോളിവുഡ് താരം റേ സ്റ്റീവൻസൺ(58) അന്തരിച്ചു. ഞായറാഴ്ചയായിരുന്നു അന്ത്യം.
ഇറ്റലിയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നോർത്തേൺ അയർലാൻഡിലായിരുന്നു റേ സ്റ്റീവൻസൺ ജനിച്ചതെങ്കിലും കുട്ടിക്കാലത്ത് തന്നെ കുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. 1998 ല പുറത്തിറങ്ങിയ ദ് തിയറി ഓഫ് ഫ്ലൈറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്.
കിംഗ് ആര്‍തര്‍, പബ്ലിഷര്‍ വാര് സോണ്‍, കില്‍ ദ ഐറിഷ്മാന്, തോര്‍, ബിഗ് ഗെയിം, കോള്‍ഡ് സ്കിന്‍, ത്രീ മസ്കിറ്റേഴ്സ്, മെമ്മറി, ആക്സിഡന്റ് മാന്‍; ദ ഹിറ്റ്മാന് ഹോളിഡേ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നടന് ആദരാഞ്ജലി അർപ്പിച്ചു. റേ വിടപറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് രാജമൗലി കുറിച്ചു.
ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർസ് സീരീസായ ‘അഹ്സോക’ എന്ന പരമ്പരയിൽ ബെയ്ലൻ സ്കോളായി പ്രത്യക്ഷപ്പെടാൻ സ്റ്റീവൻസണ്‍ അവസരമുണ്ടായിരുന്നു. 2023-ൽ നടന്ന സ്റ്റാർ വാർസ് ആഘോഷ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
‘സ്റ്റാർ വാർസ്: റെബൽസ്’ (2016) എന്ന ചിത്രത്തിലെ ഗാർ സാക്സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും ‘സ്റ്റാർ വാർസ്: ക്ലോൺ വാർസ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.