കോടിമത പാലം
കോട്ടയം: കോട്ടയം നിവാസികളും എംസി റോഡിലെ യാത്രക്കാരും ഇന്ന് കോടിമതയില്‍ പുതിയ പാലം കടക്കും. 12 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോടിമതയിലെ രണ്ടാം പാലം ഇന്നു വൈകുന്നേരം അഞ്ചിന് ഗതാഗതത്തിനായി തുറക്കും. പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദേശീയപാത 183ല്‍ കൊടുരാറിനു കുറുകെ പഴയ കോടിമതപാലത്തിനു സമാന്തരമായി 128 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വീതി കുറഞ്ഞ പഴയ പാലത്തിലെ വാഹനത്തിരക്ക് മൂലം കോടിമത ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ പാലം നിര്‍മിച്ചത്.
12 വര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച പാലമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. എംസി റോഡിലെ ഇടുങ്ങിയ പഴയ പാലം നഗരത്തില്‍ ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. പാത നവീകരണത്തിനൊപ്പം പാലം പണിയും ആരംഭിച്ചിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ തടസപ്പെട്ടു. പാലം നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡ് നിര്‍മാണം വൈകി.
അഞ്ചു വര്‍ഷത്തോളം നിര്‍മാണം നിലച്ചുകിടന്ന കോടിമത രണ്ടാംപാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. അതിനിടെ പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് താഴ്ന്നതും യാത്രാദുരിതം സൃഷ്ടിച്ചിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കോട്ടയം നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനപാതയിലെ ഏറ്റവും വലിയ തടസമായിരുന്നു കോടിമതയിലെ ഇടുങ്ങിയ പഴയപാലം.
കോട്ടയം മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന അത്യാഹിത രോഗികള്‍ അടക്കമുള്ളവര്‍ക്ക് ഇനി കുരുക്കില്‍പ്പെടാതെ നഗരം കടന്നുപോകാം. രണ്ടു പാലങ്ങളും സജ്ജമാകുന്നതോടെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും വണ്‍വേ ട്രാഫിക് ക്രമീകരിക്കാനും കഴിയും.
പഴയപാലത്തിന്റെ സമീപനപാത നവീകരണത്തിനു ശേഷം വണ്‍വേ സംവിധാനം ആലോചിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനം. കൊടൂരാറ്റിലൂടെയുള്ള ഉള്‍നാടന്‍ ജലഗതാഗതത്തിന് പുതിയ പാലം ഉണര്‍വേകും.
പഴയ പാലത്തിന് പുതുജീവന്‍
പുതിയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നതോടെ പഴയ പാലത്തിന്റെ നവീകരണം ആരംഭിക്കും. സമീപന പാത നവീകരണം ദേശീയപാത അഥോറിറ്റിയാണ് നടത്തുന്നത്.സമീപനപാത താഴ്ന്ന് അപകട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ മണ്ണു നീക്കം ചെയ്തുള്ള പരിശോധന നടക്കും. പുതിയപാലത്തിനു സമീപത്തുനിന്ന് മാര്‍ക്കറ്റ് റോഡിലേക്ക് കയറുന്ന ഭാഗത്തെ തിരക്ക് ഒഴിവാക്കാനും ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താനും ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കും. ഇതിനായി കെല്‍ട്രോണിനെ പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്
കെല്‍ട്രോണ്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കും. അതുവരെ ഗതാഗത നിയന്ത്രണത്തിന് പൊലിസുണ്ടാകും. എംസി റോഡില്‍ കോടിമതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പുതിയ പാലം ശാശ്വതപരിഹാരമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.
കോട്ടയത്തിന്റെ വികസന കവാടം
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന കോട്ടയം നഗരത്തിന്റെ വികസന കവാടമാണ് പുതിയ പാലം. രാഷ്ട്രീയ പകപോക്കല്‍ മൂലം 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു കോട്ടയം നിവാസികള്‍ക്ക്. ഇപ്പോള്‍ അവരുടെ മനസില്‍ വലിയ സന്തോഷമാണ്. ഇത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരുത്താണ്. വലിയ വികനസത്തിലേക്കുള്ള ഒരു പാലം കൂടിയാണ് കോടിമത പാലം.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സ്പീക്കര്‍
ഗതാഗത സൗകര്യം വര്‍ധിപ്പിക്കും
കോട്ടയം നഗരത്തിലെ ഗതാഗത സൗകര്യം വര്‍ധിപ്പിക്കും. കോട്ടയം -എറണാകുളം കണക്ടിവിറ്റി റോഡും എംസി റോഡ് വികസ നവുമായി പാലത്തെ ബന്ധിപ്പിക്കാം. കോടിമത ബോട്ടുജെട്ടിക്ക് സമീപമാണ് പുതിയ പാലമെന്നതിനാല് കുമരകം, ആലപ്പുഴ കായല്‍ ടൂറിസം യാത്രയ്ക്കും സഹായകരമാകും.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി
നഗരവികസനത്തിലെ നാഴികക്കല്ല്
നഗരവികസനത്തിലെ പുതിയ നാഴികക്കല്ലാണ് പുതിയ പാലം. നാലുവരിപ്പാതയുടെ തുടര്‍ച്ചയായി ടിബി ജംഗ്ഷന് വരെ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലുള്ള റോഡായാണ് ഇത് മാറിയിരിക്കുന്നത്. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം നഗര വികസനത്തിന് ഇത് ഏറെ പ്രധാനപ്പെട്ടതാണ്.
കോട്ടയം നഗരം കൂടുതല്‍ പൂര്‍ണമായ ഒരു അര്‍ബന്‍ മേഖലയായി മാറുന്നതിന് ഈ പാലം സഹായകരമാകും.
എം.പി. സന്തോഷ്കുമാര്‍
കോട്ടയം നഗരസഭാ ചെയര്മാന്
Tags : new bridge Nattuvishesham Districtnews