മാനന്തവാടിയിൽ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: മനുഷ്യന്റെ ചിന്താശേഷിക്കും അപ്പുറത്തേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർന്നുകൊണ്ടിരിക്കുകയാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. മാനന്തവാടി എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ശാസ്ത്രസാങ്കേതികവിദ്യ ആരോഗ്യ, കാർഷിക മേഖലകളിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ലാബ് പരിശോധനകൾ, സ്കാനിംഗ്, ജനിതക പരിശോധനകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മെഡിക്കൽ ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ എന്നിവ രോഗനിർണയത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ഡോക്ടർമാരുടെ കണ്ണുകൾക്കും ചിന്തകൾക്കും അപ്പുറമുള്ള സൂക്ഷ്മ വിവരങ്ങൾ പോലും നിമിഷങ്ങൾക്കകം കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യയ്ക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രം ഒരു വശത്ത് കാർഷിക മേഖലയിലും ആരോഗ്യ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലുമെല്ലാം വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്പോൾ മറുവശത്ത് മനുഷ്യന്റെ നിലനിൽപ്പിനും ചിന്താശേഷിക്കും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. യന്ത്രങ്ങൾ മനുഷ്യന്റെ ബുദ്ധിശക്തിയെ മറികടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളുടെ കാലത്തേക്ക് ലോകം നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികൾ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കൾ മാത്രമായി മാറരുത്.
ശാസ്ത്രത്തെ വിവേകത്തോടെ ഉപയോഗിക്കുകയും പുതിയ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവരായി അവർ വളരണം. സ്വന്തം ചിന്താശേഷിയും സർഗാത്മകതയും വിവേചനബുദ്ധിയും ഉയർത്തിപ്പിടിച്ചു സാങ്കേതികവിദ്യയെ നൻമയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ശാസ്ത്രമേളകളും പരീക്ഷണ വേദികളും വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും അന്വേഷണ താത്പര്യവും വളർത്തണം. കൃഷിയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം കാത്തുസൂക്ഷിച്ച് ശാസ്ത്രത്തെ നാടിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്താൻ പുതിയ തലമുറയ്ക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉഷ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ്, എംജിഎം സ്കൂൾ മാനേജർ ഫാ. സഖറിയ വെളിയത്ത്, സ്വീകരണ കമ്മിറ്റി കണ്‍വീനർ ജിത്തുരാജ് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്രമേള: ദ്വാരകയും ബത്തേരിയും മുന്നില്‍
മാനന്തവാടി: ജില്ല ശാസ്ത്രമേളയുടെ ഒന്നാം ദിവസം പൂര്‍ത്തിയാകുമ്പോള്‍ സ്കൂളുകളില്‍ 288 പോയിന്റുമായി ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനത്തും 262 പോയന്റുമായി നടവയല്‍ സെന്റ് തോമസ് സ്കൂള്‍ രണ്ടാം സ്ഥാനത്തും 252 പോയിന്റുമായി പിണങ്ങോട് വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂളും മുന്നിട്ട് നില്ക്കുന്നു. 1422 പോയിന്റോടെ സുല്‍ത്താന്‍ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനത്തും 1409 പോയിന്റുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും 1200 പോയിന്റുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
ഗണിത, പ്രവര്‍ത്തി പരിചയമേളകളും ഐടി മത്സരങ്ങളുമാണ് പൂര്‍ത്തിയായത്. ഇന്ന് ശാസ്ത്ര, സാമൂഹ്യ ശാസ്ത്രമേളകള്‍ നടക്കും.
ശാസ്ത്രമേള ഇന്ന് സമാപിക്കും
മാനന്തവാടി: 45-ാമത് റവന്യുജില്ലാ ശാസ്ത്രോത്സവം ഇന്ന് സമാപിക്കും. ഇന്നലെയും ഇന്നുമായി മാനന്തവാടി എംജിഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ശാസ്ത്രോത്സവം പുരോഗമിക്കുന്നത്. ആദ്യദിനം പ്രവൃത്തി പരിചയമേളയും ഗണിതശാസ്ത്രമേളയും ഐടിമേളയും രണ്ടാം ദിനത്തില്‍ സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയുമാണ് നടക്കുന്നത്. ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള, വിവര സാങ്കേതികമേള (ഐടി മേള) എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന മത്സരങ്ങളാണ് ശാസ്ത്രമേളയില്‍ ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാം ദിനമായ ഇന്ന് സാമൂഹ്യശാസ്ത്രമേളയും ശാസ്ത്രമേളയും അരങ്ങേറും. ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 1300 ലേറെ മത്സരാര്‍ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. വിദ്യാര്‍ഥികളില്‍ ശാസ്ത്രാവബോധവും സര്‍ഗാത്മകതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും മേളയിലൊരുക്കിയിട്ടുണ്ട്.
Tags : human imagination Nattuvishesham DistrictNews DeepikaNews