ആയുര്‍വേദ നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനം ചരല്‍ക്കുന്നില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യുന്നു.
ചരല്‍ക്കുന്ന്: ആയുര്‍വേദ ആശുപത്രികളിലെ നഴ്സുമാരുടെ അധിക തസ്തിക സൃഷ്ടിച്ച് നാഷണല്‍ ആയുഷ് മിഷന്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തി ഡ്യൂട്ടി സമയം കാലോചിതമായി പരിഷ്കരിക്കുകയും ത്രീ ഷിഫ്റ്റ് ഡ്യൂട്ടി സംവിധാനം ഉള്‍പ്പെടെ നടപ്പിലാക്കുകയും ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആന്റോ ആന്റണി എംപി. ആയുര്‍വേദ നഴ്സസ് അസോസിയേഷന് 38 ാമത് സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .
ആയുര്‍വേദ നഴ്സുമാരുടെ വിവിധ സേവന, വേതന പ്രശ്നങ്ങളും തൊഴില്‍പരമായ ആവശ്യങ്ങളും പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ രോഗീപരിചരണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും നഴ്സുമാരുടെ ജോലി ഭാരം കുറച്ച് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കുന്നതിനും ഡ്യൂട്ടി സമയത്തിലെ പരിഷ്കരണം അനിവാര്യമാണെന്നും എംപി പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് മിഷന് ഡോ. എച്ച്. മുഹ്സിന മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ആര്.മിനി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജോയ്സണ്‍ ജോസ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ ടി വി രാജേഷ് നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ ക്രവിയൂര് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആര്. രജനി അധ്യക്ഷത വഹിച്ചു. കെ.എ. ബഷീര്‍, സംസ്ഥാന പ്രസിഡന്റ് എ.ആര്.ഹാഷിം, സെക്രട്ടറി ആര്. അനൂപ്, എസ്. റജീന, വൈസ് പ്രസിഡന്റ് പി.ആര്. രജനി, ജില്ലാ സെക്രട്ടറി എസ്. അമല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.