പ്രതീകാത്മക ചിത്രം
മഞ്ചേരി: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷം അവതരിപ്പിച്ച പ്രമേയത്തിന്മേല് ചര്‍ച്ചയോ ഭേദഗതിയോ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചു. എലമ്പ്ര സ്കൂളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തെച്ചൊല്ലിയാണ് യോഗത്തില്‍ കടുത്ത തര്‍ക്കമുണ്ടായത്.
സ്കൂളിനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച നാട്ടുകാരുടെ പങ്കാളിത്തം പ്രമേയത്തില്‍ പരാമര്‍ശിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം ഇത് നിരാകരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയുമായിരുന്നുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
പുതിയ സര്‍ക്കാര്‍ ഉത്തരവില്‍ ഒപ്പുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഏറ്റെടുത്ത് നഗരസഭാ ചെയര്‍പേഴ്സണും ലീഗ് നേതാക്കളും ഫോട്ടോ ഷൂട്ട് നടത്തുകയാണെന്നും ഇടതു കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കെ.സി. ഉണ്ണികൃഷ്ണന്, മാഞ്ചേരി ഫസ്ല, വി.പി. അസ്കര്‍, ഷറീന ജവഹര്‍, വി.പി. അസ്കറലി, ടി. തങ്കമണി എന്നീ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്കരണവും പ്രതിഷേധവും.