കുന്നന്താനം ആഞ്ഞിലിത്താനം പള്ളിയാല അമ്മിണിയമ്മയുടെ വീടിനു മുകളിലേക്ക് തെങ്ങ് വീണപ്പോൾ.
മല്ലപ്പള്ളി: കുന്നന്താനം ആഞ്ഞിലിത്താനത്ത് വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്കേറ്റു. കുന്നന്താനം ആഞ്ഞിലിത്താനം പള്ളിയാല അമ്മിണിയമ്മ (84) ക്കാണ് പരിക്കേറ്റത്. വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 10 മീറ്റർ ദൂരെനിന്ന തെങ്ങ് കടപുഴകി വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. കട്ടിലിൽ കിടന്നുറങ്ങിയിരുന്ന അമ്മിണിയമ്മയുടെ ദേഹത്തേക്ക് ഓടും മേൽക്കൂരയുടെ ഭാഗങ്ങളും വീണു.
തലയ്ക്കും ശരീരത്തും പരിക്കേറ്റ അമ്മിണിയമ്മയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കളായ സുനിൽ, മണി, കൊച്ചുമകൻ സുനീഷ് എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. അപകട സമയത്ത് അമ്മിണിയമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags : woman injured Nattuvishesham DistrictNews DeepikaNews