പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്തെ കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കൊലപാതകക്കേസിൽ രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി അനിറ്റ് ജോസഫ് ജാമ്യാപേക്ഷ നിരസിച്ചത്. അപേക്ഷയിൽ മൂന്നാം പ്രതിയെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഔദ്യോഗിക രേഖകൾ പ്രകാരം ഹർജിക്കാരൻ രണ്ടാം പ്രതിയാണെന്ന് കോടതി വ്യക്തമാക്കി.
കോടികൾ വിലമതിക്കുന്ന തറവാട്ടുസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. 2017 ഏപ്രിൽ ഒന്നിന് ഒന്നാം പ്രതിയായ രവീന്ദ്രൻ നായരും കൂട്ടുപ്രതികളും ചേർന്ന് ജയമാധവൻ നായരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി ജയമാധവൻ നായരുടെ തല ചുമരിലിടിപ്പിച്ചശേഷം കട്ടിലിൽ കിടത്തി തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊ ലപ്പെടുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
കൊലപാതകം സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ ഏപ്രിൽ രണ്ടിന് രാവിലെ മൂന്നാം പ്രതിയുടെ കാറിൽ മൃതദേഹം ആശുപത്രിയിലെത്തിച്ചു. തുടർന്ന് രവീന്ദ്രൻ നായർ തന്നെ പരാതിക്കാരനായി കേസ് രജിസ്റ്റർ ചെയ്യുകയും സംസ്കാരം നടത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
Tags : Accused Rejected Nattuvishesham DistrictNews DeepikaNews