കൊല്ലം:ദേശീയപാതയില്‍ ചെമ്മന്തൂര്‍ ഹൈസ്കൂളിന്റെ കവാടത്തിനു മുന്നില്‍ ജലവിതരണക്കുഴല്‍ ചോര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് മാറ്റാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ ഇനിയും നടപടി സ്വീകരിച്ചില്ല.
സ്കൂളിലേക്ക് പ്രവേശിക്കാന്‍ വിദ്യാര്‍ഥികളും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. കാല്‍നടയാത്രയും മാസങ്ങളായി പ്രയാസത്തിലാണ്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പുനലൂരില്‍ ചേര്‍ന്ന മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലും മണ്ഡലകാല അവലോകനയോഗത്തിലും വെള്ളക്കെട്ട് പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതേവരെ നടപടിയുണ്ടായില്ല.
പ്രശ്നപരിഹാരത്തിനായി ചെമ്മന്തൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബാമോളും പത്തേക്കര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഗീതാകുമാരിയും സ്കൂള്‍ പിടിഎ പ്രസിഡന്റ് ഗോപു വി.നായരും ചേര്‍ന്ന് ദേശീയപാതാവിഭാഗം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ, പത്തേക്കര്‍ വാര്‍ഡിന്റെ മുന്‍ കൗണ്‍സിലര്‍ ഷൈന്‍ ബാബു എന്‍എച്ച് ഓഫിസിലെത്തി പരാതി നല്‍കിയിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന ഗതാഗത ഉപദേശകസമിതിയില്‍ വിഷയം അവതരിപ്പിക്കുകയും ചെയ്തു.
പിന്നീട് കൗണ്‍സിലര്‍മാരും ഷൈന്‍ ബാബുവും ചേര്‍ന്ന് നഗരസഭാധ്യക്ഷന്‍ എം.എ. രാജഗോപാലിനെ കാര്യം ധരിപ്പിച്ചു. അദ്ദേഹം നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ജലഅഥോറിറ്റിയുടെയും ദേശീയപാതാവിഭാഗത്തിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളക്കെട്ട് നീക്കി പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെന്ന് നഗരസഭാധ്യക്ഷന്‍ അറിയിക്കുകയുണ്ടായി.
ദേശീയപാതയില്‍, ചെമ്മന്തൂര്‍ ജംഗ്ഷനില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു മുന്നില്‍ ഇത്തരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി ഇല്ലാതിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച നഗരസഭാധ്യക്ഷന്റെ നേതൃത്വത്തില്‍ കുഴി മൂടിയിരുന്നു.
Tags : officials fail to address Nattuvishesham Districtnews