വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ അഷ്ട ശതാബ്ദി ജൂബിലി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ചവറ കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ
ചവറ: മതങ്ങൾ തമ്മിലുള്ള മത്സരം സത്കർമങ്ങൾക്ക് വേണ്ടി ആകണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. അനാരോഗ്യകരമായ മത്സരങ്ങൾ മതങ്ങൾ തമ്മിലായാലും മനുഷ്യർ തമ്മിൽ ആയാലും അത് സമൂഹത്തിന് ദോഷം ചെയ്യുന്നതാണ്. വിശക്കുന്നവന് ഭക്ഷണം നൽകാനും രോഗിയെ ശുശ്രൂഷിക്കാനും അവശരെ ചേർത്തുപിടിക്കാനും ആണ് മതങ്ങൾ മത്സരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ അഷ്ട ശതാബ്ദി ജൂബിലി തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് ചവറ കരിത്തുറ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ സംഘടിപ്പിച്ച സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രാൻസിസ്കോ സ്നേഹത്തണൽ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. സിനിമ, സീരിയൽ താരം അമ്പിളി ദേവി, സിനിമ, സീരിയൽ, മിമിക്രി താരം സജി കൃഷ്ണ, ഗാനരചയിതാവ് ചവറ ശ്രീകുമാർ, എഴുത്തുകാരൻ കെജി ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മോൺ ബൈജു ജൂലിയൻ അധ്യക്ഷനായി. ഫാ. ജോസഫ് സുഗുണൻ ലിയോൺ മുഖ്യ സന്ദേശം നൽകി. സ്വാമി ചിദ്സ്വരൂപ്, അൽ ഹാഫിള് റിയാസ് ഖാസിമി, ഇടവക വികാരി ഫാ. സേവ്യർ ലാസർ, ഫാ.ബിജു ജോൺ, കാരയിൽ അനീഷ്, യു.രാജു, സിസ്റ്റർ മെൽവീന, എൻ.എസ്. അജിത്, എ. ബെന്നി എ, ഡയാന രച്ചു, ജോയ്സ് ജോർജ്, ദിലീപ് ദത്തൻ, ഡൺസ്റ്റൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.