എസ്ബി കോളജ് ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ പഠന യാത്രയില്‍നിന്ന്.
ചങ്ങനാശേരി: സെന്റ് ബെര്‍ക്കുമാന്‍സ് കോളജിലെ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതിയാത്ര 2026 കാട് മുതല്‍ കടല്‍ വരെ പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. പ്രകൃതിയുടെ വിവിധ ആവാസവ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും കുറിച്ച് നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര. വീയപുരം റിസര്‍വ് ഫോറസ്റ്റ്, ഹരിപ്പാടുള്ള പ്രകൃതി ജൈവ കലവറ, ആയിരംതെങ്ങ് മാന്‍ഗ്രോവ് റിസര്‍വ്, അഴീക്കല്‍ ബീച്ച് എന്നിവ ഉള്‍പ്പെടുത്തി നടത്തിയ 60 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള യാത്രയില്‍ 45 വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. ജൈവകൃഷി, വനങ്ങൾ, കാവുകള്‍, കണ്ടല്‍ക്കാടുകളുടെ ആവാസവ്യവസ്ഥ, തീരദേശ ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു.
ഐസിഎആര്‍ സിപിസിആര്‍ഐ വിരമിച്ച ടെക്നിക്കല്‍ ഓഫിസറും പരിസ്ഥിതി അധ്യാപകനും ആലപ്പുഴ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയുമായ അശോകന് മാഷ് റിസോഴ്സ് പേഴ്സണായി പങ്കെടുത്തു. ബയോഡൈവേഴ്സിറ്റി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഡോ. ജയിംസ് ബാബന്‍ ജോര്‍ജ്, ഡോ. വിന്‍സി മേരി വര്‍ഗീസ്, ക്ലബ് പ്രസിഡന്റ് ഫാത്തിമ ഫാബിന്, ക്ലബ് സെക്രട്ടറി ഹെലന് ഷിബു എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.