സംരക്ഷണഭിത്തി തകർന്ന മുടപ്പാല പാദുവാ റോഡ്
അയർക്കുന്നം: അയർക്കുന്നത്തെയും ഇളപ്പാനി, പാദുവാ എന്നിവിടങ്ങളെയും ബന്ധിപ്പിക്കുന്ന വളരെയധികം യാത്രാപ്രാധാന്യമുള്ള ഇളപ്പാനി-പാദുവ റോഡിൽ ജലസേചന മന്ത്രിയുടെ മണ്ഡലമായ കടുത്തുരുത്തിയുടെയും പുതുപ്പള്ളിയുടെയും സംഗമസ്ഥലമായ മുടപ്പാലയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മൂന്നുമാസമായി.
റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് പന്നകം തോട്ടിൽ പതിച്ച ഇവിടെ സംരക്ഷണഭിത്തി പുനർനിർമിക്കണമെന്ന് ആവശ്യവുമായി പൊതുപ്രവർത്തകർ പിഡബ്ല്യുഡി ഡിപ്പാർട്ടുമെന്റിനെയും ജലസേചന വകുപ്പിനെയും സമീപിച്ചിട്ടും നാളിതുവരെയും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപം.
റോഡിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുണ്ടായ നടപടി എസ്റ്റിമേറ്റ് എടുക്കുക മാത്രമാണ്. അപകടഭീഷണി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനു പോലും അധികൃതരുടെ ഭാഗത്തുനിന്നു നടപടിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഒരു മാസം മുമ്പ് ഈ ഭാഗത്ത് രണ്ട് അപകടങ്ങൾ ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്-എം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ഈ പ്രശ്നത്തിൽ അടിയന്തര പരിഹാരം ഉണ്ടാകാത്ത പക്ഷം കോട്ടയം ജലസേചന ഡിപ്പാർട്ട്മെന്റ് ഓഫീസ് പടിക്കൽ കേരള കോൺഗ്രസ് -എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമരപരിപാടി ഉദ്ഘാടനം ചെയ്ത കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം ജോസഫ് ചാമക്കാല അറിയിച്ചു.
വാർഡ് പ്രസിഡന്റ് ആന്റണി വെട്ടുകാട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ, നേതാക്കന്മാരായ ജോസ് കുടകശേരി, ജോയ് ഇലഞ്ഞിക്കൽ, പഞ്ചായത്തംഗം ബിനുമോൻ തോമസ്, വിൻസ് പേരാലിങ്കൽ, ജോസ് താഴത്തുകുന്നേൽ, അമൽ ചാമക്കാല, ജോയി നടുവിലെപറമ്പിൽ, ജോസ് കൊറ്റം ചൂരപ്പാറ, തോമസ് കടുപ്പിൽ, പീറ്റർ വാതപ്പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
വളരെയധികം യാത്രാ പ്രാധാന്യമുള്ള റോഡാണ് ഇളപ്പാനി-പാദുവ റോഡ് കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് റോഡ് സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായത്. സ്കൂൾ കുട്ടികൾഉൾപ്പെടെ നിരവധിപേർ യാത്ര ചെയ്യുന്ന റോഡാണിത്. റോഡിന്റെ സംരക്ഷണഭിത്തി എത്രയും പെട്ടെന്ന് നിർമിക്കണം.
ജോസഫ് ചാമക്കാല, പൊതുപ്രവർത്തകൻ
കുട്ടികൾ ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്യുന്ന പ്രധാന യാത്രാമാർഗമാണിത്. റോഡിന്റെ സംരക്ഷണഭത്തി ഇടിഞ്ഞതുമൂലം കുട്ടികളെ സ്കൂളിലും കോളജിലും അയയ്ക്കാൻ വളരെയധികം ഭയത്തോടെയാണ് ഈ റോഡ് ഉപയോഗിക്കുന്നത്. സംരക്ഷണഭിത്തി ഉടൻ പുനർനിർമിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം.
ആശ ഷാജി ആനിവേലിക്കുന്നേൽ, വീട്ടമ്മ
റോഡിന് സംരക്ഷണഭിത്തി നിർമിച്ചു സുരക്ഷിത ഗതാഗതമാർഗം ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണം.
വിൻസ് ജോർജ് പേരാലങ്കൻ, മുൻ അധ്യാപകൻ
Tags : reconstructed NattuVishasham DistrictNews