യാത്ര പോകാം; ഇടുക്കിയിലെ പൊന്‍മുടിയിലേക്ക്
യാത്ര പോകാം; ഇടുക്കിയിലെ പൊന്‍മുടിയിലേക്ക്
തിരുവനന്തപുരത്തു മാത്രമല്ല അങ്ങ് ഇടുക്കിയിലുമുണ്ടൊരു പൊന്‍മുടി. മലനിരകളും ഡാമും തൂക്കുപാലവും തേക്കിന്‍ കാടുകളും വെള്ളച്ചാട്ടവും ഓഫ് റോഡ് യാത്രകളും ഒത്തുചേരുന്ന പൊന്‍മുടി. ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. പൊന്‍മുടി പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗമായ പൊന്‍മുടി ഡാം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 1963ലാണ് ഡാം പ്രവര്‍ത്തനമാരംഭിച്ചത്. 59 മീറ്റര്‍ ഉയരവും 294 മീറ്റര്‍ നീളവുമുണ്ട് ഈ ഡാമിന്. പൊന്‍മുടി ഡാമില്‍നിന്നും മലതുരന്നു നിര്‍മിച്ചിരിക്കുന്ന പെന്‍സ്‌റ്റോക്ക് പൈപ്പു വഴി വെള്ളത്തൂവലിലുള്ള പവര്‍ സ്‌റ്റേഷനില്‍ വെള്ളമെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശം നിറയെ തേക്കിന്‍ കാടുകള്‍ നിറഞ്ഞു നില്‍ക്കുന്നു. മഴക്കാലത്ത് ഡാമിലേക്ക് മണ്ണ് ഒഴുകിയെത്തുന്നത് തടയുന്നതിനായാണ് തേക്കു നട്ടുപിടിപ്പിച്ചിുള്ളത്. 2007 സെപ്റ്റംബര്‍ 17 നു നടന്ന ഒരു വലിയ ദുരന്തത്തില്‍ പെന്‍സ്‌റ്റോക്ക് പൈപ്പുകളില്‍ ഒന്ന് പൊട്ടി ഏഴുപേര്‍ കൊല്ലപ്പെടുകയും 15 വീടുകളും ഏക്കറുകണക്കിന് കൃഷിഭൂമി നശിക്കുകയുമുണ്ടായി.

ഡാമിന് സമീപത്തു തന്നെയുള്ള നാടുകാണിപാറ സ്ഥലത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ്. ഇവിടെ നിന്നാല്‍ പൊന്‍മുടിയുടെ വിശാല ദൃശ്യം കാണാന്‍ സാധിക്കും.

സാഹസികതയുടെ തൂക്കുപാലം

ഡാമിന് 1.5 കിലോമീറ്റര്‍ അകലെ പഴയൊരു തൂക്കുപാലമുണ്ട്. 1950 കളില്‍ ഡാമിന്റെ നിര്‍മാണത്തോടനുബന്ധിച്ചാണ് ഇത് പണികഴിപ്പിച്ചത്. മലയടിവാരത്ത് പുഴയില്‍ നിന്ന് നൂറടിയോളം ഉയരത്തില്‍ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള രണ്ട് കൂറ്റന്‍ ഉരുക്ക് വടങ്ങളിലാണ് പാലം തൂങ്ങിക്കിടക്കുന്നത്. പാലത്തില്‍ വാഹനങ്ങള്‍ കയറുമ്പോള്‍ ആടി ഉലയുന്നതാണ് ഇവിടത്തെ മുഖ്യആകര്‍ഷണം. സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നും ഒപ്പം സാഹസികതയുടെ ത്രില്ലും തൂക്കുപാലം സമ്മാനിക്കുന്നു. ഡാമില്‍നിന്നു തൂക്കുപാലത്തിലേക്കുള്ള വഴിയില്‍ ഒരു ഭാഗത്ത് മുഴുവന്‍ വലിയ പാറക്കെട്ടുകളും മറുഭാഗത്ത് ആഴത്തിലുള്ള കൊക്കയുമാണ്. തൂക്കുപാലത്തില്‍നിന്നു നാലു കിലോമീറ്റര്‍കൂടി പോയാല്‍ ശ്രീനാരായണപുരം വെള്ളച്ചാട്ടത്തില്‍ എത്തും. വര്‍ഷകാലത്ത് വലിയരീതിയില്‍ മലവെള്ളം കുത്തിയൊലിക്കുന്ന പ്രദേശമാണിവിടം.


കള്ളിമാലി വ്യൂ പോയിന്റ്

പൊന്‍മുടി ഡാമില്‍നിന്ന് അഞ്ചര കിലോമീറ്റര്‍ കൂടി പോയാല്‍ കള്ളിമാലി വ്യൂ പോയിന്റില്‍ എത്താം. പെരിയാറിന്റെ കൈവഴിയായ പന്നിയാര്‍ നദിയിലെ വെള്ളം പൊന്‍മുടി ഡാമില്‍ കെിനിര്‍ത്തിയിരിക്കുന്ന വിശാലമായ കാഴ്ച ഇവിടെനിന്നാല്‍ കാണാം.പൊന്‍മുടിയിലെ കാഴ്ചകള്‍...

പൊന്‍മുടി ഡാം
നാടുകാണിപ്പാറ
ഓഫ് റോഡ് റൈഡിംഗ്
തൂക്കുപാലം
ശ്രീനാരായണപുരം പ്ലാന്‍േറഷന്‍
തേക്കിന്‍ കാടുകള്‍
കള്ളിമാലി വ്യൂ പോയിന്റ്

സമീപത്തെ മറ്റ് ആകര്‍ഷണങ്ങള്‍...

കല്ലാര്‍കൂട്ടി ഡാം
പന്നിയാര്‍ ഇലക്ട്രിക് പ്രോജക്ട് പവര്‍ സ്‌റ്റേഷന്‍
കുത്തുങ്കല്‍ വെള്ളച്ചാട്ടം
ചതുരംഗപ്പാറ
ആനച്ചാല്‍
മൂന്നാര്‍

എങ്ങനെ എത്താം...

സ്വന്തം വാഹനവുമായി വരാത്തവര്‍ക്ക് പൊന്‍മുടി യാത്ര കുറച്ച് ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആനച്ചാലില്‍നിന്നും പൊന്‍മുടിയിലേക്ക് പാക്കേജ് ജീപ്പ് സര്‍വീസുകള്‍ ലഭിക്കും. 3000 മുതല്‍ 4000 രൂപ വരെ മുടക്കിയാല്‍ ഇത് പ്രയോജനപ്പെടുത്തി പൊന്‍മുടിയിലെ പ്രകൃതിഭംഗി ആസ്വദിക്കാം.

അടിമാലിയില്‍നിന്നും കല്ലാര്‍കൂട്ടിവെള്ളത്തൂവല്‍ വഴി 23.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍മുടിയിലെത്താം. കപ്പനയില്‍നിന്ന് ഇരയാര്‍മേലേചിന്നാര്‍മുനിയറമരക്കാനം വഴി പൊന്‍മുടിയിലേക്ക് 31 കിലോമീറ്റര്‍ ദൂരം.
കൊച്ചിയില്‍നിന്ന് പെരുമ്പാവൂര്‍കോതമംഗലംനേര്യമംഗലംഅടിമാലി വഴി 111 കിലോമീറ്റര്‍.
തിരുവനന്തപുരത്തുനിന്നു എരുമേലിമുണ്ടക്കയംകപ്പന വഴി 228 കിലോമീറ്റര്‍.

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ആലുവ - 97 കിലോമീറ്റര്‍ ദൂരം.
അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരി- 106 കിലോമീറ്റര്‍ ദൂരം.

മനീഷ് മാത്യു