ചരിത്രത്തില്‍ മുന്നേ നടന്നവര്‍
ചരിത്രത്തില്‍ മുന്നേ നടന്നവര്‍
ഇന്ദിരാ ഗാന്ധി

''ലോകത്തെ ഏറ്റവും ശക്തയായ വനിത.'' അംഗരക്ഷകരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ഇന്ദിരാഗാന്ധിയെ ലണ്ടനില്‍നിന്നുള്ള സണ്‍ഡേ ടൈസ് അനുസ്മരിച്ചത് ഇപ്രകാരമായിരുന്നു. ആ വിശേഷണത്തെ അതിജീവിക്കാന്‍ ഇപ്പോഴും ആരുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തീച്ചൂളയില്‍ സ്ഫുടംചെയ്യപ്പെട്ട നേതാവായിരുന്നു ഇന്ദിര. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഏക മകളായ ഇന്ദിര പ്രിയദര്‍ശിനി സ്വാതന്ത്ര്യസമര നേതാക്കളുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. 1947 മുതല്‍ 1964 വരെ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശകസംഘത്തിന്റെ മുഖ്യചുമതല വഹിച്ചിരുന്നതിനാല്‍ ഭരണതന്ത്രജ്ഞത ഇന്ദിരയ്ക്കു വേണ്ടുവോളമുണ്ടായി. 1959 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. നെഹ്‌റുവിന്റെ മരണശേഷം ലാല്‍ബഹാദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ മന്ത്രിയായി ചുമതലയേറ്റു. പിന്നീടാണ് പ്രധാനമന്ത്രിയായത്.

1966- 77 കാലഘട്ടത്തിലും, പിന്നീട് 1980 മുതല്‍ മരണം വരേയും നാലു തവണയായി ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇന്ദിര, നെഹ്‌റുവിനുശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ഇച്ഛാശക്തിയും ധൈര്യവും കാര്‍ക്കശ്യവുമുള്ള ഭരണാധികാരിയായാണ് ഇന്ദിര ഓര്‍മിക്കപ്പെടുന്നത്. പാകിസ്ഥാനുമായി യുദ്ധംചെയ്തു വിജയിച്ചതുവഴി ബംഗ്ലാദേശ് രൂപീകരിച്ചത് ഇന്ദിരയുടെ ഖ്യാതി ലോകമെങ്ങുമെത്തിച്ചു.

1984 ഒക്ടോബര്‍ 31 ന് സഫ്ദര്‍ജംഗ് റോഡിലെ വസതിയിലുള്ള ഉദ്യാനത്തില്‍വച്ച് അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിര രക്തസാക്ഷിത്വം വരിച്ചത്. ഫിറോസ് ഗാന്ധിയായിരുന്നു ഭര്‍ത്താവ്. മൂത്തമകന്‍ സഞ്ജയ്ഗാന്ധി വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ഇളയമകനും മുന്‍പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി തമിഴ്പുലികളുടെ ആക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചു. അനേകം ഭരണനേട്ടങ്ങള്‍ക്കിടയിലും 1975 മുതല്‍ 1977 വരെ 19 മാസത്തെ അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധിക്കുമേല്‍ കരിനിഴലായി അവശേഷിക്കുന്നു.

കെ. ആര്‍ ഗൗരിയമ്മ

കേരള രാഷ്ട്രീയ ചരിത്രത്തില്‍ പകരംവയ്ക്കാന്‍ ആരുമില്ലാത്ത നേതാവാണ് ഗൗരിയമ്മ. മലയാളികള്‍ ഒന്നടങ്കം കല്പിച്ചുനല്‍കിയ ഈ അമ്മസ്ഥാനം നൂറുകഴിഞ്ഞിട്ടും ഒളിമങ്ങാതെ ശോഭിക്കുന്നു.

വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കെ.ആര്‍. ഗൗരി 1953ലും 1954ലും തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭകളിലേക്കു വിജയിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.

ആദ്യമന്ത്രിസഭ മുതല്‍ നിരവധി മന്ത്രിസഭകളില്‍ വിവിധ വകുപ്പുകള്‍ അവധാനതയോടെ കൈകാര്യം ചെയ്യാന്‍ ഗൗരിയമ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്. അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു. 1957, 1967, 1980, 1987, 2001 വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും പ്രവര്‍ത്തിച്ചു. പ്രഥമ മന്ത്രിസഭയില്‍ റവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതല വഹിച്ചു. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1957ലെ ഭൂപരിഷ്‌കരണ ബില്‍ എന്നിവ ഈ മന്ത്രിസഭയുടെ കാലത്താണ് അവതരിപ്പിച്ചത്. കാര്‍ഷികബന്ധ ബില്‍ സഭയില്‍ അവതരിപ്പിച്ചതും ഗൗരിയമ്മയാണ്.

കേരളമുഖ്യമന്ത്രിയാകും എന്ന് പരക്കെ കരുതപ്പെിരുന്ന ഗൗരിയയ്ക്കു പക്ഷേ ആ ഭാഗ്യമുണ്ടായില്ല.

1994ല്‍ സിപിഎില്‍നിന്ന് പുറത്താക്കപ്പെട്ട കെ.ആര്‍. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാര്‍ട്ടി രൂപീകരിച്ച് തന്റെ സ്വാധീനശക്തി തെളിയിക്കുകയും ചെയ്തു.

1957ല്‍ അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ വിഭിന്ന ചേരികളിലായി. തുടര്‍ന്ന് വിവാഹബന്ധം അവസാനിപ്പിച്ചു. കുട്ടികളില്ല. അടുത്തിടെ നൂറാം പിറന്നാള്‍ ആഘോഷിച്ച ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയും കേരള രാഷ്ട്രീയചരിത്രത്തിലെ നിര്‍ണായക വ്യക്തിത്വങ്ങളില്‍ പ്രധാനിയുമാണ്.

അന്ന ചാണ്ടി

കേരളം രാജ്യത്തിനു സംഭാവനചെയ്ത മഹദ്‌വ്യക്തിത്വങ്ങളില്‍ പ്രധാനിയാണ് ജസ്റ്റീസ് അന്ന ചാണ്ടി. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജിയാണ് അന്ന ചാണ്ടി. ആധുനിക കേരളത്തിലെ ആദ്യ ഫെമിനിസ്റ്റായും അന്ന ചാണ്ടിയെ കണക്കാക്കുന്നു.

സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതും പൊതുപ്രവര്‍ത്തനം നടത്തുന്നതും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് അന്ന ഉന്നത വിദ്യാഭ്യാസം നേടി അഭിഭാഷകയും ജനപ്രതിനിധിയുമായി മാറിയത്. 1905ല്‍ തിരുവനന്തപുരത്ത് ഒരു കത്തോലിക്കാ കുടുംബത്തിലായിരുന്നു ജനനം. 1926ല്‍ തിരുവനന്തപുരം ലോ കോളജില്‍നിന്ന് ഡിസ്റ്റിംഗ്ഷനോടെ നിയമപഠനം പൂര്‍ത്തിയാക്കിയ അന്നയാണ് കേരളത്തില്‍ ആദ്യമായി നിയമബിരുദം നേടിയ വനിത. 1929ല്‍ ബാരിസ്റ്ററായി പ്രാക്ടീസ് തുടങ്ങി. ഇക്കാലയളവില്‍ സ്ത്രീക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അന്ന 'ശ്രീമതി' എന്ന പേരില്‍ ഒരു മാസിക തുടങ്ങി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ അന്ന തന്റെ തൂലിക ചലിപ്പിച്ചു. 1932- 34 കാലഘത്തില്‍ ശ്രീമൂലം പ്രജാ അസംബ്ലിയില്‍ അംഗമായി. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം വേണമെന്ന് ആദ്യമായി വാദിച്ചതും അന്നയാണ്.

തുടര്‍ന്നാണ് സര്‍ സി.പി. രാമസ്വാമി അയ്യര്‍ അന്നയെ 1937ല്‍ തിരുവിതാംകൂറില്‍ മുന്‍സിഫായി നിയമിച്ചത്. 1959 ഫെബ്രുവരി ഒമ്പതിന് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതയായി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ ഹൈേേക്കാടതി വനിതാ ജഡ്ജിയും അന്നയാണ്. 1967 ഏപ്രില്‍ അഞ്ചിന് വിരമിച്ചശേഷം ലോ കീഷനായും സേവനമനുഷ്ഠിച്ചു. 1973ല്‍ ആത്മകഥ എന്ന പേരില്‍ അന്ന സ്വന്തം ആത്മകഥ രചിച്ചു. 1996ലാണ് അന്തരിച്ചത്.

ജസ്റ്റീസ് ഫാത്തിമ ബീവി

സ്ത്രീകളെ വീട്ടകങ്ങളില്‍ തളച്ചിട്ടിരുന്ന സാമൂഹികവ്യവസ്ഥിതി കൊടികുത്തിവാണിരുന്ന കാലഘട്ടം. പ്രത്യേകിച്ച് മുസ്‌ലിം വനിതകള്‍ക്കു വിലക്കുകള്‍ പതിന്മടങ്ങ്. എന്നാല്‍ ഇതൊന്നും പത്തനംതി ട്ട അണ്ണാവീട്ടില്‍ മീരാ സാഹിബിന്റെ മകള്‍ ഫാത്തിമാ ബീവിക്കു തടസമായിരുന്നില്ല. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ബിരുദ പഠനം.

ബിഎസ്‌സി പാസായതോടെ ഗവണ്‍മെന്റ് ലോ കോളജിലേക്കു കൂടുമാറി. അന്ന് ഫാത്തിമയുടെ ക്ലാസില്‍ ആകെ അഞ്ച് വനിതകളേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ രണ്ടാം വര്‍ഷമായപ്പോള്‍ ഇവര്‍ മൂന്നായി ചുരുങ്ങി. അവിടെനിന്നു സ്വര്‍ണമെഡലോടെ നിയമബിരുദം നേടിയ ഫാത്തിമ 1950 നവംബര്‍ 14ന് അഭിഭാഷകയായി.

അന്ന ചാണ്ടി ഹൈക്കോടതി ജഡ്ജിയായി ചരിത്രമെഴുതിയപ്പോള്‍ അതുക്കുംമേലെ പരമോന്നത നീതി പീഠത്തിലെത്തിയാണ് ഫാത്തിമ ബീവി കേരളപ്പെരുമയ്ക്കു ഖ്യാതിനേടിത്തന്നത്. രാജ്യത്ത് ഉന്നത കോടതികളിലെത്തിയ ആദ്യമുസ്‌ലിം വനിതയും ഫാത്തിമയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ സുപ്രീംകോടതി ജഡ്ജിയായ ആദ്യ മുസ്‌ലിം വനിതയും ഫാത്തിമതന്നെ. ഇതുവരെ നുടെ സുപ്രീം കോടതിയില്‍ ഏഴ് വനിതാ ജഡ്ജിമാരെ ഉണ്ടായിട്ടുള്ളൂ എന്നിടത്താണ് ജസ്റ്റീസ് ഫാത്തിമ ബീവിയുടെ മഹത്വം. ഇപ്പോള്‍ സുപ്രീം കോടതിയില്‍ ആകെ 28 ജഡ്ജിമാരുള്ളതില്‍ മൂന്നുപേര്‍ മാത്രമാണ് വനിതകള്‍.

സുപ്രീം കോടതിയില്‍നിന്നു വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി. പിന്നീട് 1997ല്‍ തമിഴ്‌നാട് ഗവര്‍ണറായി. ഗവര്‍ണറായിരിക്കെ 2001ല്‍ ജയലളിതയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് വലിയ വിവാദങ്ങള്‍ക്കു വഴിവച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അയോഗ്യത നിലനില്‍ക്കെ ജയലളിതയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിച്ചതാണ് വിവാദമായത്.

1927 ഏപ്രില്‍ 30ന് ജനിച്ച ജസ്റ്റീസ് ഫാത്തിമ ബീവി അവിവാഹിതയാണ്. ഇപ്പോള്‍ 92ാം വയസില്‍ വിശ്രമജീവിതം നയിക്കുന്നു.

പ്രതിഭ പാട്ടീല്‍

ഇന്ത്യന്‍ ചരിത്രത്തില്‍ പ്രതിഭ ദേവീസിംഗ് പാട്ടീല്‍ ഇടംനേടിയത് രാഷ്ട്രപതി സ്ഥാനം അലങ്കരിച്ച ആദ്യ വനിത എന്ന നിലയിലാണ്. കുട്ടിക്കാലത്തുതന്നെ പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കിയായിരുന്നു പ്രതിഭ. പിന്നീട് രാഷ്ട്രീയത്തിലെത്തി ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിരവധി വകുപ്പുകള്‍ കൈകാര്യംചെയ്ത് മികവുതെളിയിച്ചാണ് പ്രതിഭ ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയയായത്.

മഹാരാഷ്ട്രയിലെ നഡ്ഗാവില്‍ നാരായണ്‍ റാവുവിന്റെ മകളായി 1934 ഡിസംബര്‍ 19നായിരുന്നു ജനനം. ജല്‍ഗാവിലെ എംജെ കോളജില്‍ നിന്ന് എംഎയും മുംബൈ ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. കോളജിലെ ടേബിള്‍ ടെന്നീസ് താരമായിരുന്ന പ്രതിഭ പല ഇന്റര്‍വാഴ്‌സിറ്റി മത്സരങ്ങളിലും ചാമ്പ്യനായിട്ടുണ്ട്. 1962ല്‍ എംജെ കോളജില്‍ കലാലയ റാണിയുമായി. പഠനം കഴിഞ്ഞിറങ്ങുമ്പോഴേക്കും പ്രതിഭയെ കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭ ടിക്കറ്റ് നല്‍കി വരവേറ്റു. 1962ല്‍ 27ാം വയസില്‍ എംഎല്‍എയായി. പിന്നീട് പലതവണ എംഎല്‍എയും നിരവധി വകുപ്പുകളില്‍ മന്ത്രിയുമായി. പരാജയമറിയാത്ത നേതാവായ പ്രതിഭയ്ക്ക് മത്സരിച്ച എല്ലാതെരഞ്ഞെടുപ്പുകളിലും വിജയിച്ച ചരിത്രമാണുള്ളത്. 1985 ല്‍ രാജ്യസഭയിലെത്തി. പിന്നീട് 1991ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി. തുടര്‍ന്നാണ് 2007ല്‍ ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായത്.

1965 ജൂലൈ ഏഴിനായിരുന്നു ദേവീസിംഗ് രെന്‍സിംഗ് ഷെഖാവത്തുമായുള്ള വിവാഹം. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളും ഉണ്ട്. മകന്‍ റൗസാഹിബ് ഷെഖാവത്ത് മഹാരാഷ്ട്രയില്‍ എംഎല്‍എ ആയിരുന്നു.

ഡോ. ജാന്‍സി ജയിംസ്

പതിനേഴു വര്‍ഷം മുമ്പ് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജയിംസിനെ നിയമിച്ചതോടെ ഒരു ചരിത്രം പിറക്കുകയായിരുന്നു കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായിരുന്നു ഡോ. ജാന്‍സി. അവിടെനിന്ന് കേരളത്തിലെ കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായും ഡോ. ജാന്‍സി ജയിംസ് എത്തി. പ്രവര്‍ത്തിച്ച പദവികളിലെല്ലാം പ്രതിഭയുടെ കൈയൊപ്പു ചാര്‍ത്തി എന്നതാണ് അവരുടെ പ്രത്യേകത.

1992ല്‍ കേരളത്തില്‍ ആദ്യമായി കേരളസര്‍വകലാശാലയുടെ കീഴില്‍ മലയാളംഇംഗ്ലീഷ് സാഹിത്യ താരതമ്യപഠനകേന്ദ്രം സ്ഥാപിച്ചതുമുതല്‍ അതിന്റെ ഡയറക്ടറായിരുന്നു ഡോ. ജാന്‍സി. എറണാകുളം സെന്റ് തെരേസാസ് കോളജ്, തലശേരി യൂണിവേഴ്‌സിറ്റി സെന്റര്‍, കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച വിവര്‍ത്തകകൂടിയായ ഡോ. ജാന്‍സി ജയിംസ് തകഴിയുടെ കഥകള്‍ ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷ് കൃതികള്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തു. ഇംഗ്ലീഷിലും മലയാളത്തിലുമായി എട്ടു ഗ്രന്ഥങ്ങളും എഴുപതോളം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

സുഗതകുമാരി

കേരളത്തിന്റെ സാമൂഹിക രംഗത്ത് പകരംവയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് സുഗതകുമാരിയുടേത്. മാനുഷിക പ്രശ്‌നങ്ങളില്‍ കവിതകളിലൂടെയും ജീവിതംകൊണ്ടും ഇടപെട്ട അവര്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയായിരുന്നു.

സൈലന്റ്‌വാലി പ്രക്ഷോഭത്തില്‍ അവര്‍ വിലപ്പെട്ട പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസികരോഗികള്‍ക്കായി പരിചരണാലയം എന്നിങ്ങനെ ഒേറെ സംരംഭങ്ങളുമായി അവര്‍ സമൂഹത്തിലേക്കിറങ്ങി.

തിരുവനന്തപുരത്തെ ജവഹര്‍ ബാലഭവന്‍ പ്രിന്‍സിപ്പല്‍, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാസികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രറിയായ സുഗതകുമാരി സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കുള്ള എഴുത്തച്ഛന്‍ പുരസ്‌കാരം 2009ല്‍ നേടി. പത്മ്രശീ അടക്കം ഒേട്ടറെ ബഹുമതികള്‍ 85കാരിയായ സുഗതകുമാരിക്ക് ലഭിച്ചിട്ടുണ്ട്.

ആര്‍. ശ്രീലേഖ

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറും വനിതാ ഡിജിപിയുമാണ് ആര്‍. ശ്രീലേഖ. കുറ്റാന്വേഷകയായിരിക്കേ ബാലസാഹിത്യത്തിലും തിളങ്ങിയെന്നതാണ് അവരുടെ പ്രത്യേകത. കേരള ജയില്‍ ഡിജിപിയായിരുന്ന ശ്രീലേഖ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. സോഷ്യല്‍ പോലീസിംഗ് ആന്‍ഡ് ട്രാഫിക് എഡിജിപിയായി പ്രവര്‍ത്തിക്കുന്നു.

തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ എസ്പിയായും പോലീസ് ആസ്ഥാനത്ത് എഐജിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലുവര്‍ഷത്തോളം സിബിഐയുടെ കൊച്ചി യൂണിറ്റില്‍ പ്രവര്‍ത്തിച്ചു.

എറണാകുളം റേഞ്ച് ഡിഐജിയായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചു. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു.

മനസിലെ മഴവില്ല്, നിയമസംരക്ഷണം സ്ത്രീകള്‍ക്ക്, ലോട്ടസ് തീനികള്‍, കുഴലൂത്തുകാരന്‍, കുട്ടികളും പോലീസും, തമസോമ തുടങ്ങിയ ഒേറെ കൃതികളുടെ രചയിതാവുമാണ് ആര്‍. ശ്രീലേഖ.

റോഷ്ണി ശര്‍മ്മ

മോട്ടോര്‍ ബൈക്കുമായി ഇന്ത്യന്‍ ചരിത്രത്തിലേക്കു കുതിച്ചെത്തിയ വ്യക്തിത്വമാണ് റോഷ്ണി ശര്‍മ്മ. ഇരുപത്തിയാറാം വയസില്‍ കന്യാകുമാരി മുതല്‍ കാഷ്മീര്‍ വരെ ഒറ്റയ്ക്കു നടത്തിയ ബൈക്ക്‌യാത്രയാണ് ഇവരെ ശ്രദ്ധേയയാക്കിയത്. 2014 ലായിരുന്നു ഇത്. രാജ്യത്തിന്റെ ദക്ഷിണമുനമ്പില്‍ നിന്നുമാരംഭിച്ച യാത്ര 11 സംസ്ഥാനങ്ങളിലൂടെ കടന്ന് അതിര്‍ത്തിമേഖലയായ ലേയില്‍ സമാപിച്ചപ്പോള്‍ അതു പുത്തന്‍ റിക്കാര്‍ഡായി. 5,453 കിലോമീറ്ററാണ് രണ്ടാഴ്ചകൊണ്ട് റോഷ്ണി താണ്ടിയത്. കുട്ടിക്കാലം മുതല്‍ ട്രെക്കിംഗ് പോലുള്ള സാഹസികവിനോദങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു ഈ ഉത്തര്‍പ്രദേശുകാരി. പതിനാറാം വയസുമുതല്‍ മോട്ടോര്‍ബൈക്കുകളെ സ്‌നേഹിച്ചുതുടങ്ങി. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായിരിക്കുമ്പോഴാണ് ഭാരതപര്യടനമെന്ന ആശയം മനസിലെത്തുന്നത്. ഒരുവര്‍ഷത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷമായിരുന്നു യാത്ര. തനിച്ചായതിനാല്‍ ബൈക്ക് റിപ്പയറിംഗ് അടക്കമുള്ളവയില്‍ പ്രായോഗിക പരിശീലനം നേടേണ്ടിവന്നു. പോലീസ് സ്‌റ്റേഷനുകളിലും ലോഡ്ജുകളിലും വീടുകളിലുമൊക്കെയായിരുന്നു യാത്രയ്ക്കിടെ വിശ്രമം. കാടും മലകളും കടന്ന് ഒറ്റയ്ക്കു നടത്തിയ യാത്രയില്‍ സുരക്ഷാമുന്‍കരുതലായി കുരുമുളക് സ്‌പ്രേ ബാഗില്‍ സൂക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഒരിക്കല്‍പോലും ഇത് ഉപയോഗിക്കേണ്ടി വന്നില്ലെന്നും ഇവര്‍ പിന്നീട് പറഞ്ഞു. കഴിവുകളുണ്ടായിും വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന വനിതകള്‍ക്ക് പ്രത്യേകിച്ച് യുവതലമുറയ്ക്ക് പ്രചോദനമാകാനും റോഷ്ണിക്കു തന്റെ യാത്രയിലൂടെ സാധിച്ചു.

ബചേന്ദ്രിപാല്‍

1984 മേയ് 23ന് ഇന്ത്യയുടെ യശസ് വാനോളം ഉയരുകയായിരുന്നു. അന്നായിരുന്നു ബചേന്ദ്രിപാലെന്ന പര്‍വതാരോഹക എവറസ്റ്റിന്റെ ഉയരത്തില്‍ ത്രിവര്‍ണ പതാക പാറിച്ചത്. എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യക്കാരി ആരെന്ന ചോദ്യത്തിന് ഉത്തരമായി അതോടെ ബചേന്ദ്രിപാല്‍ മാറി. ഇന്ത്യയുടെ നാലാമത്തെ എവറസ്റ്റ് ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു ബചേന്ദ്രി. ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു സംഘം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 24,000 അടി ഉയരത്തില്‍ വച്ച് മഞ്ഞിടിച്ചിലില്‍ പരിക്കേറ്റുവെങ്കിലും ധൈര്യം കൈവിടാതെ മുന്നേറിയ ബചേന്ദ്രിപാല്‍ ഉച്ചകഴിഞ്ഞ് 1.07ന് എവറസ്റ്റിന്റെ നെറുകിലെത്തി.

ഇന്നത്തെ ഉത്തരാഞ്ചലില്‍പ്പെട്ട നാകുരി ഗ്രാമത്തില്‍ സാധാരണകുടുംബത്തിലായിരുന്നു ബചേന്ദ്രിപാലിന്റെ ജനനം. സാമ്പത്തികപ്രശ്‌നങ്ങള്‍ കാരണം ഹൈസ്‌കൂള്‍ പഠനം നിര്‍ത്തേണ്ടിവന്നിട്ടുണ്ട് ഇവര്‍ക്ക്. പിന്നീട് അത്യധ്വാനത്തിലൂടെ ബിരുദാനന്തരബിരുദവും ബിഎഡുമെല്ലാം നേടി. സംസ്‌കൃതമായിരുന്നു വിഷയം. അധ്യാപന വഴിയേക്കാള്‍ ബചേന്ദ്രിക്കു താത്പര്യം പര്‍വതാരോഹണത്തോടായിരുന്നു. തുടര്‍ന്ന് നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗില്‍ പര്‍വതാരോഹണ പരിശീലനത്തിനു ചേര്‍ന്നു. പരിശീലനത്തില്‍ തിളങ്ങിയ ബചേന്ദ്രി 1982ല്‍ ഗംഗോത്രി(6,672 മീ/ 21900 അടി), രുദുഗിരിയ (5,819 മീ/ 19091 അടി) എന്നിവ കീഴടക്കി. കായികരംഗത്തെ സംഭാവനയ്ക്കുള്ള അര്‍ജുന ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. 1985ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ഇവരെ ആദരിച്ചു. പര്‍വതാരോഹണം സംബന്ധിച്ച പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.


ദുര്‍ഭ ബാനര്‍ജി

വ്യോമയാന ചരിത്രത്തിലെ തിളങ്ങുന്ന നാമമാണ് ദുര്‍ഭ ബാനര്‍ജിയുടേത്. ഇന്ത്യയിലെ ആദ്യ വനിതാ കമേഴ്‌സ്യല്‍ പൈലറ്റായി ഇവര്‍ മാറിയത് 1956ലാണ്. കുട്ടിക്കാലത്തു കളിപ്പാട്ട വിമാനങ്ങളെയും അവയുടെ പറക്കലിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു ദുര്‍ഭ. മുതിര്‍ന്നപ്പോള്‍ ഇഷ്ടപ്പെട്ട കരിയര്‍ തന്നെ തെരഞ്ഞെടുത്തു. വ്യോമയാനരംഗത്തേക്കു തന്നെ ജോലിക്കായി സ്ത്രീകള്‍ കടന്നുവരാത്ത കാലത്താണ് വിമാനത്തിന്റെ നിയന്ത്രണം മിടുക്കോടെ നിര്‍വഹിച്ച് ദുര്‍ഭ തിളങ്ങിയത്. പൈലറ്റ് ജോലിക്കായി അപേക്ഷ നല്‍കാനെത്തിയ ഇവരോട് ഫ്‌ളൈറ്റ് അറ്റന്റിന്റെ ജോലി പോരെയെന്നായിരുന്നു ചോദ്യം. 1956മുതല്‍ വിമാനം പറത്താന്‍ ഇവര്‍ നിയോഗിക്കപ്പെട്ടു. 1966ലാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായത്. 1988ല്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നതുവരെ സ്തുത്യര്‍ഹ സേവനമാണ് ദുര്‍ഭ കാഴ്ച വച്ചത്. ടര്‍ബോ എന്‍ജിന്‍ വിമാനങ്ങളും ജെറ്റ് വിമാനങ്ങളും എയര്‍ബസുകളുമെല്ലാം സുരക്ഷിതമായി പറത്തിയിട്ടുണ്ട്. വ്യോമയാന രംഗത്തേക്കു കടന്നുവരാന്‍ നിരവധി വനിതകള്‍ക്കു പ്രചോദനമായത് ഇവരുടെ ജീവിതകഥകളാണ്. ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നുനല്‍കുന്ന പാഠങ്ങളിലൊന്ന് ദുര്‍ഭയുടെ നേങ്ങളുടെ കഥയാണ്.

കിരണ്‍ ബേദി

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി പെണ്‍കരുത്തിന്റെ പ്രതീകമാണ്. പഞ്ചാബിലെ അമൃത്‌സറില്‍ ജനിച്ച ഇവര്‍ 1968 ല്‍ അമൃത്‌സറിലെ സര്‍ക്കാര്‍ വനിതാ കോളജില്‍ നിന്ന് ബിഎ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് 1970ല്‍ രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് നാട്ടിലെ ഖല്‍സ കോളജില്‍ അധ്യാപികയായി. ഇതിനിടയില്‍ 1972ലാണ് ഐപിഎസ് നേടിയത്. തുടര്‍ന്ന് സുപ്രധാന പദവികള്‍ വഹിച്ചു. തിഹാര്‍ ജയിലിന്റെ ഇന്‍സ്‌പെക്ടര്‍ ജനറലായിരിക്കേ നടത്തിയ പരിഷ്‌കരണങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനിടയില്‍ 1988 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. 1993ല്‍ ഐഐടി ഡല്‍ഹിയില്‍ നിന്ന് സാമൂഹികശാസ്ത്രത്തില്‍ ഡോക്ടറേറ്റും സ്വന്തമാക്കി.

സാമൂഹികപ്രശ്‌നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയിരുന്ന കിരണ്‍ ബേദി 2007 നവംബര്‍ 27ന് സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഇതേ വര്‍ഷം ഡല്‍ഹി പോലീസ് കീഷണര്‍ സ്ഥാനം നിഷേധിച്ചതിന്റെ പേരില്‍ പ്രതിഷേധിച്ച് കിരണ്‍ ബേദി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 25 ഡിസംബര്‍ 2007ന് ഭാരത സര്‍ക്കാര്‍ അവരെ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ പദവിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തു. 1971ലെ ഏഷ്യന്‍ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു കിരണ്‍. മാഗ്‌സസെ അവാര്‍ഡ് ജേതാവാണ്. 2016മുതല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറായി പ്രവര്‍ത്തിച്ചുവരികയാണ്.പി.ടി ഉഷ

മലയാളിയുടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളച്ചത് പി.ടി ഉഷ എന്ന കായിക താരത്തിലൂടെയാണ്. ഇന്നത്തെ പോലെ ആധുനികരീതിയിലുള്ള സൗകര്യങ്ങളോ പരിശീലനമോ ഇല്ലാതിരുന്ന കാലത്താണ് കഠിന പ്രയത്‌നത്തിലൂടെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ മലയാളിയായി ഉഷ മാറിയത്. ഉഷയുടെ വേഗത കണ്ട് കായികലോകം അവരെ 'പയ്യോളി എക്‌സ്പ്രസ്' എന്നു വിളിച്ചു. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ പൈതല്‍- ലക്ഷ്മി ദമ്പതികളുടെ ആറു മക്കളില്‍ രണ്ടാമത്തെ ആളായി 1964 ജൂണ്‍ 27നായിരുന്നു ഉഷയുടെ ജനനം. ഉഷയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ഒ.എം. നമ്പ്യാരാണ് അവര്‍ക്കു വേണ്ട പരിശീലനം നല്‍കി മികച്ച അത്‌ലറ്റാക്കി മാറ്റിയത്.

1977ല്‍ കോട്ടയത്ത് നടന്ന കായികമേളയില്‍ നൂറ് മീറ്റര്‍ 13 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ദേശീയ റിക്കാര്‍ഡിട്ടതോടെ കായിക ലോകത്തിന്റെ ശ്രദ്ധ ഉഷയില്‍ പതിഞ്ഞു. 1980ല്‍ മോസ്‌കോയില്‍ നടന്ന ഒളിമ്പിക്‌സിലാണ് ഉഷ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. 1982ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ നൂറുമീറ്റര്‍ ഓത്തിലും ഇരുന്നൂറു മീറ്റര്‍ ഓട്ടത്തിലും വെള്ളിമെഡല്‍ കരസ്ഥമാക്കി.

1984 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഫോട്ടോ ഫിനിഷിലാണ് ഉഷയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമായത്. 198586 കാലഘട്ടങ്ങളില്‍ ലോകത്തിലെ മികച്ച 10 അത്‌ലറ്റുകളില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടതും പി.ടി. ഉഷയാണ്. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 13 സ്വര്‍ണമടക്കം 33 മെഡലുകള്‍ നേടി. 1992ലെ ഒളിമ്പിക്‌സ് ഒഴിച്ച് 1980 മുതല്‍ 1996 വരെ എല്ലാ ഒളിമ്പിക്‌സിലും ഉഷ പങ്കെടുത്തു.

ദേശീയവും അന്തര്‍ദേശീയവുമായി 102 മെഡലുകളാണ് ഉഷ തന്റെ കായിക ജീവിതത്തില്‍ വാരിക്കൂട്ടിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളായിരുന്നു പി.ടി. ഉഷ. 1984ല്‍ രാജ്യം ഈ കായിക പ്രതിഭയെ പദ്മശ്രീയും അര്‍ജുന അവാര്‍ഡും നല്‍കി ആദരിച്ചു. 2000ല്‍ ദീര്‍ഘകാലം നീണ്ട തന്റെ അത്‌ലറ്റിക് ജീവിതത്തിന് വിരാമമിട്ട ഉഷ, പുതിയ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്ന പേരില്‍ കായിക പഠനകേന്ദ്രം നടത്തുകയാണിപ്പോള്‍.

കെ.എം ബീനമോള്‍

അത്‌ലറ്റിക്‌സിലെ മലയാളികളുടെ എക്കാലത്തെയും അഭിമാനമാണ് കെ.എം ബീനമോള്‍. ഇടുക്കി ജില്ലയിലെ പണിക്കന്‍കുടിയിലുള്ള കൊമ്പൊടിഞ്ഞാല്‍ ഗ്രാമത്തില്‍ മാത്യു- മറിയക്കുട്ടി ദമ്പതികളുടെ മകളായി 1975 ഓഗസ്റ്റ് 15ന് ജനിച്ചു. മൂത്ത സഹോദരന്‍ ബിജുവിന്റെ പാത തുടര്‍ന്നാണ് ബീനമോള്‍ കായിക ലോകത്തേക്കെത്തിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ സ്വര്‍ണം നേടിയതോടെയാണ് ബീനമോള്‍ കായിക ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. തുടര്‍ന്നു തിരുവനന്തപുരത്തെ ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പരിശീലനമാരംഭിച്ചു. പിന്നീട് സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യക്കു കീഴിലും പരിശീലനം നടത്തി.

പി.ടി ഉഷയ്ക്കും ഷൈനി വില്‍സണും ശേഷം ഒളിമ്പിക്‌സില്‍ സെമി ഫൈനലില്‍ എത്തിയ ഇന്ത്യന്‍ അത്‌ലറ്റ് ആണ് ബീനമോള്‍. ബീനമോളുടെ കായികജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു. ഇഷ്ടഇനമായ 400 മീറ്ററില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയ ബീനമോള്‍ 4 ത 400 മീറ്റര്‍ റിലേയിലും സ്വര്‍ണം നേടി. 2000ലെയും 2004ലെയും ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1992ല്‍ ഡല്‍ഹിയില്‍ നടന്ന ജൂണിയര്‍ ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണം, 400 മീറ്ററില്‍ വെള്ളി, 1994ലെ ജക്കാര്‍ത്ത ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ 800 മീറ്ററില്‍ വെള്ളി, 400 മീറ്ററില്‍ വെങ്കലം, 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 4 ത400 റിലേയില്‍ വെള്ളി, കാഠ്മണ്ഡു സാഫ് ഗെയിംസില്‍ 800 മീറ്ററില്‍ സ്വര്‍ണം, 400 മീറ്ററില്‍ വെള്ളി, 2001ല്‍ ഹോളണ്ടില്‍ നടന്ന ലോക റെയില്‍വേ മീറ്റില്‍ ഇര സ്വര്‍ണം, 2002ല്‍ ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ 400 മീറ്ററില്‍ സ്വര്‍ണം തുടങ്ങിയവയാണ് ബീനമോളുടെ മറ്റു പ്രധാന നേങ്ങള്‍. 2000ല്‍ അര്‍ജുന അവാര്‍ഡും 2002ല്‍ പരമോന്നത കായിക പുരസ്‌കാരമായ രാജീവ്ഗാന്ധി ഖേല്‍രത്‌നയും 2004ല്‍ പദ്മശ്രീയും നല്‍കി രാജ്യം ബീനമോളെ ആദരിച്ചു.

റീത്ത ഫരിയ

1966ലാണ് റീത്ത ഫാരിയ ലോകസുന്ദരിപ്പട്ടം ചൂടിയത്. ഈ പദവി നേടുന്ന ആദ്യത്തെ ഏഷ്യക്കാരിയെന്ന ബഹുമതി കൂടി ഇതോടെ ഇവര്‍ തന്റെ പേരിനൊപ്പം ചേര്‍ത്തു. 1943ല്‍ മുംബൈയിലായിരുന്നു റീത്തയുടെ ജനനം. ഗോവന്‍ സ്വദേശികളായിരുന്നു മാതാപിതാക്കള്‍. മോഡലിംഗ് ഇഷ്ടമായിരുന്ന റീത്ത 1966ല്‍ മിസ് ബോംബെയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് അതേവര്‍ഷം മിസ് ഇന്ത്യയായി. 51 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളി ലോകകിരീടം ചൂടുമ്പോള്‍ 21 വയസായിരുന്നു റീത്തയ്ക്ക്.

മുംബൈയിലെ ഗ്രാന്‍ഡ് മെഡിക്കല്‍ കോളജില്‍ നിന്നു എംബിബിഎസ് നേടിയ റീത്ത ഫാരിയ ലണ്ടന്‍ കിംഗ്‌സ് കോളജ് ഹോസ്പിറ്റലിലാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. സൗന്ദര്യറാണിയായതിനു പിന്നാലെ ചലച്ചിത്ര മോഡലിംഗ് രംഗത്തുനിന്നും നിരവധി ഓഫറുകള്‍ റീത്തയെ തേടിയെത്തി. എന്നാല്‍ മെഡിക്കല്‍ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ അവര്‍ തീരുമാനമെടുത്തു. ചില ഫാഷന്‍മത്സരങ്ങളിലും മറ്റും വിധികര്‍ത്താവിന്റെ വേഷത്തില്‍ ഇവരെത്തിയെങ്കിലും ഈ രംഗത്തു പ്രതീക്ഷിച്ചത്ര സജീവമായതേയില്ല. 1971ല്‍ എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. ഡേവിഡ് പവലിനെ വിവാഹം ചെയ്ത് അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കി.

എം.സി മേരി കോം

1998ലെ ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ഡിന്‍ഗോ സിംഗ് എന്ന മണിപ്പൂരി താരം സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ അത് ആവേശമായി മാറിയ ഒരാളുണ്ട്. വെറുമൊരു ആവേശമായിരുന്നില്ല അത്. ലോക ബോക്‌സിംഗിന്റെ നെറുകയിലേക്കുള്ള ഒരു വനിതയുടെ കുതിപ്പിന് ഊര്‍ജം പകരുന്ന കാരണമായി അതുമാറി. ഇന്ന് വനിതാ ബോക്‌സിംഗില്‍ റിക്കാര്‍ഡുകളുമായി മുന്നേറുകയാണ് എം.സി മേരി കോം എന്ന ആ വനിത.

1983 മാര്‍ച്ച് ഒന്നിന് മണിപ്പൂരിലെ ചുരച്ചന്ദ്പുരിലെ കാംഗതേയി ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളായ മാങ്‌തെ തോന്‍പ കോമിന്റെയും അഖാം കോമിന്റെയും മകളായാണ് മേരി കോം ജനിക്കുന്നത്. കടുത്ത ദാരിദ്ര്യം മൂലം മേരിക്ക് സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടതായി വന്നു. പക്ഷേ ആ നാട്ടിന്‍പുറത്തുകാരിയുടെ സ്വപ്‌നങ്ങള്‍ക്കു പരിധികള്‍ ഇല്ലായിരുന്നു. ബോക്‌സിംഗ് സ്വപ്‌നമായി കണ്ട് അവര്‍ പരിശീലനം ആരംഭിച്ചു. മണിപ്പൂര്‍ ജില്ലാ ബോക്‌സിംഗ് കോച്ച് നര്‍ജിത് സിംഗിന്റെ കീഴിലായിരുന്നു പരിശീലനം. മകള്‍ ബോക്‌സിംഗിനു പോകുന്നത് അച്ഛന്‍ തോന്‍പ എതിര്‍ത്തിരുന്നെങ്കിലും പില്‍ക്കാലത്ത് അത് തെറ്റായിപ്പോയി എന്ന് മേരി കോം തെളിയിച്ചു.

2012ല്‍ ലണ്ടനില്‍ നടന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയക്ക് അഭിമാനമായി ബോക്‌സിംഗ് റിംഗില്‍നിന്നും മെഡല്‍ നേടുന്ന ആദ്യ വനിതയായി മേരി കോം മാറി. വെങ്കല മെഡലായിരുന്നു മേരി നേടിയത്. ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന വനിതാ താരമെന്ന റിക്കാര്‍ഡ് ഇപ്പോള്‍ മേരിയുടെ പേരിലാണ്. 2002, 2005, 2006, 2008, 2010, 2018 വര്‍ഷങ്ങളിലാണ് സ്വര്‍ണമെല്‍ നേടിയത്. 2014ല്‍ ഏഷ്യന്‍ ഗെയിംസിലും 2003, 2005, 2010, 2012, 2017 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും സ്വര്‍ണം കരസ്ഥമാക്കി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി ഇടിക്കൂട്ടില്‍നിന്നു സ്വര്‍ണം നേടിയെടുത്തു.

2003ല്‍ അര്‍ജുന അവാര്‍ഡും 2006ല്‍ പദ്മശ്രീയും 2009ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡും 2013ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു. പുതിയ ബോക്‌സിംഗ് താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2006ല്‍ മേരി കോം മണിപ്പൂരിലെ ലാഗോ വില്ലേജില്‍ ബോക്‌സിംഗ് അക്കാദമി ആരംഭിച്ചു. ഇടിക്കൂിലെ പുതിയ റിക്കാര്‍ഡുകള്‍ക്കായി മേരി കോം ഇപ്പോഴും പരിശീലനത്തിലാണ്.

മിഥാലി രാജ്

പത്ത് വയസ് വരെ ഭരതനാട്യം പരിശീലിച്ച മകളെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ദൊരൈ രാജ് സെക്കന്തരാബാദിലുള്ള സെന്റ്‌ജോണ്‍സ് ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പില്‍ ചേര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു. വൈകി ഉണരുന്ന മകളുടെ ശീലം മാറ്റുക. സഹോദരനൊപ്പമായിരുന്നു ആ പെണ്‍കുട്ടി ക്രിക്കറ്റ് പരിശീലനത്തിനു പോയിരുന്നത്. ഒപ്പം പരിശീലിച്ച സഹോദരന്‍ എങ്ങുമെത്തിയില്ലെങ്കിലും അവള്‍ ലോകമറിയുന്ന ക്രിക്കറ്റ് താരമായി. അത് മറ്റാരുമല്ല ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജാണ്.

വനിതാ ക്രിക്കറ്റിലെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നാണ് മിഥാലിയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. 1999 ല്‍ അയര്‍ലന്‍ഡിനെതിരേ സെഞ്ചുറിയുമായായിരുന്നു മിഥാലിയുടെ അരങ്ങേറ്റം. പുറത്താകാതെ 114 റണ്‍സാണ് അവര്‍ നേടിയത്. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് (6000) നേടിയ താരമെന്ന പദവി ഇപ്പോള്‍ മിഥാലിക്കു സ്വന്തമാണ്. രണ്ട് ലോകകപ്പുകളില്‍ ഇന്ത്യയെ നയിക്കുന്ന ഏക ക്യാപ്റ്റന്‍, ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികള്‍ നേടുന്ന താരം തുടങ്ങി റിക്കാര്‍ഡുകള്‍ നിരവധിയാണ് മിഥാലിക്ക്. ഏകദിനത്തില്‍ ആറ് സെഞ്ച്വറികളും ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ചുറിയുമാണ് മിഥാലി നേടിയിുള്ളത്. മുന്‍പ് സച്ചിന്‍ ചെയ്തിരുന്നതുപോലെ ഓരോ കളി കഴിയുമ്പോഴും സ്വന്തം റിക്കാര്‍ഡുകള്‍ ഇനി മിഥാലിക്ക് മാറ്റിയെഴുതാം. ക്രിക്കറ്റില്‍ സുവര്‍ണ ചരിത്രമെഴുതിയ ഈ വനിതയെ രാജ്യം 2003ല്‍ അര്‍ജുന അവാര്‍ഡും 2015ല്‍ പദ്മശ്രീയും നല്‍കി ആദരിച്ചു. വലിയ കായിക പാരമ്പര്യമൊന്നുമില്ലായിരുന്നിും സ്വന്തം കഴിവുകൊണ്ടു മാത്രം ആര്‍ജിച്ചെടുത്തതാണ് മിഥാലി തന്റെ നേട്ടങ്ങള്‍. പുരുഷ ക്രിക്കറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിഫലത്തില്‍ വനിതാതാരങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരേയും തുറന്നടിക്കാന്‍ മിഥാലി മടികാണിച്ചിട്ടില്ല. വനിതകള്‍ക്കായി ഐപിഎല്‍ ആരംഭിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും മിഥാലി തന്നെയായിരുന്നു.

സൈന നെഹ്‌വാള്‍

ഇന്ത്യയുടെ തൂവല്‍ സ്പര്‍ശമാണ് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ഹരിയാനയിലെ ബാഡ്മിന്റണ്‍ താരങ്ങളായിരുന്ന ഡോ. ഹന്‍വീര്‍ സിംഗിന്റെയും ഉഷയുടെയും മകളായി 1990 മാര്‍ച്ച് 17ന് ഹിസാറിലായിരുന്നു സൈനയുടെ ജനനം. മാതാപിതാക്കളുടെ കായിക പാരമ്പര്യം സൈന വാനോളമുയര്‍ത്തി. കഠിനമായ പരിശീലനമാണ് സൈനയെ ഉന്നതിയിലേക്കെത്തിച്ചത്. ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫൈ എന്നാണ് സൈനയെ കായിക ലോകം വിശേഷിപ്പിക്കുന്നത്.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ് സൈന. ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം എന്ന നേട്ടവും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന കൈവരിച്ചു. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാകായികതാരമെന്ന ബഹുമതിയും സൈനയ്ക്കുള്ളതാണ്.

സൈനയുടെ പ്രകടനം ഇന്ത്യയില്‍ ബാഡ്മിന്റണുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനില്‍ വെങ്കല മെഡല്‍ നേടിയതോടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പുതിയ സൂപ്പര്‍ താരമായി വളര്‍ന്നു. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ 2015ല്‍ വെള്ളിയും 2017ല്‍ വെങ്കലവും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസി ല്‍ 2010ലും 2018ലും സ്വര്‍ണം നേടി. പ്രധാനപ്പെട്ട 591 മത്സരങ്ങള്‍ കളിച്ചിട്ടുള്ളതില്‍ 414ലും വിജയം സൈനക്കൊപ്പമായിരുന്നു.

2015ല്‍ ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തായിരുന്നു സൈന. നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. മൊത്തം 24 കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുല്ലേല ഗോപീചന്ദിനു കീഴിലാണ് പരീശീലനം. 2009ല്‍ അര്‍ജുന, 2010ല്‍ പദ്മശ്രീ, രാജീവ്ഗാന്ധി ഖേല്‍രത്‌ന, 2016 പദ്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം സൈനയെ ആദരിച്ചു.

തയാറാക്കിയത്
സി.കെ കുര്യാച്ചന്‍
വി.ആര്‍ ഹരിപ്രസാദ്
ടി.വി ജോഷി
മനീഷ് മാത്യു