കാര്‍ത്തിക ഹാപ്പിയാണ്
Friday, March 20, 2020 3:34 PM IST
മലയാളത്തിലേക്ക് ഒരു പുതുമുഖ നായികയെ കൂടി സമ്മാനിക്കുകയാണ് സംവിധായകന്‍ ജയരാജ്. ബാക്ക്പാക്കേഴ്‌സ് എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഡല്‍ഹിയില്‍ നിന്നുള്ള കാര്‍ത്തിക നായരാണ്. മലയാളിയെങ്കിലും മലയാള സിനിമ ഒരിക്കല്‍പോലും സ്വപ്‌നത്തില്‍ ഇല്ലായിരുന്നുവെന്ന് കാര്‍ത്തിക പറയുന്നു. കഥാപാത്രത്തിനു വേണ്ടി തന്റെ നീളമുള്ള മുടി വെട്ടാനും, തല മൊട്ടയടിക്കാനുമൊക്കെ കാര്‍ത്തിക തയാറായി. ആദ്യ സിനിമയുടെ ആനന്ദവും ആവേശവും വാക്കുകളില്‍ നിറച്ച് കാര്‍ത്തിക നായര്‍...
നല്ലൊരു തുടക്കം
എന്റെ ആദ്യ സിനിമയാണ് ജയരാജ് സാര്‍ സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സ്. ടിക് ടോക്ക് വീഡിയോസും എന്റെ ഫോട്ടോസും കണ്ടിട്ടാണ് ഈ ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. അതും സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ്. മുടി മുഴുവന്‍ ഷേവ് ചെയ്യേണ്ടിവരുമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. നല്ലൊരു കാരക്ടറിനുവേണ്ടിയായതിനാല്‍ ഞാന്‍ അതിനു തയാറായി. അങ്ങനെയാണ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. ഒഡീഷന്‍ നടത്തിയത് ജയരാജ് സാര്‍ ആയിരുന്നു. അസുഖ ബാധിതയായ ദയ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ബബ്ലി, ഫണ്‍ കഥാപാത്രമാണത്. വളരെ സീരിയസായി കഥ പറയുന്ന ഒരു റൊമാന്റിക് മൂവി. അതിനൊപ്പം പല ഭാവതലങ്ങളിലൂടെ കടന്നുപോവുന്നു.
മലയാള സിനിമ അപ്രതീക്ഷിതം
ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഡല്‍ഹിയിലായിരുന്നു. അവധിക്കാലത്ത് മാത്രമാണ് കേരളത്തിലേക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ മലയാള സിനിമയില്‍ ഞാനെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. മലയാളം സിനിമകള്‍ കാണാറുമില്ലായിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മികച്ച സിനിമകള്‍ കാണാന്‍ തുടങ്ങിയിുണ്ട്. മലയാളം ഉച്ചാരണം പോലും പഠിച്ചുകൊണ്ടിരിക്കുകയാണ്.
ആദ്യമായി കാമറയ്ക്കു മുന്നില്‍
അവസരം കിട്ടിയപ്പോഴും എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ, ജയരാജ് സാറ് എല്ലാം പഠിപ്പിച്ചു തന്നു. കാമറയ്ക്കു മുന്നില്‍ എങ്ങനെയാണ്, എവിടെ നില്‍ക്കണം എന്നെല്ലാം അദ്ദേഹമാണ് പരിശീലനം തന്നത്. രണ്ടര മണിക്കൂര്‍ സ്‌ക്രീനില്‍ കാണുന്ന സിനിമയുടെ പിന്നിലെ കഠിനാധ്വാനം ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഞാന്‍ മനസിലാക്കിയത്. പിന്നെ, സാറിനെപ്പോലെ ഒരു ലെജന്‍ഡിനൊപ്പം വര്‍ക്ക് ചെയ്യാനായത് ഭാഗ്യമായി കാണുന്നു.
ആദ്യ നായകന്‍
ബാക്ക്പാക്കേഴ്‌സില്‍ എന്റെ നായകന്‍ കാളിദാസ് ജയറാമാണ്. ഞങ്ങള്‍ തമ്മില്‍ നല്ല കെമിസ്ട്രിയുണ്ടായിരുന്നു. മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനായതുകൊണ്ടുതന്നെ എനിക്ക് ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, ഒന്നിച്ച് അഭിനയിച്ചു തുടങ്ങിയപ്പോഴേക്ക് അദ്ദേഹവുമായി വളരെ നല്ലൊരു സൗഹൃദം ഉണ്ടായി.

വീട്ടുകാരുടെ പിന്തുണ
കുടുംബത്തിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്. ജയരാജ് സാറിന്റെ ചിത്രമാണെന്നതില്‍ അവര്‍ക്കും സന്തോഷമായിരുന്നു. മോഡലിംഗും അഭിനയവുമാണ് എന്റെ ഇഷ്ടമെന്ന് അവര്‍ക്കറിയാം. പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ അതിലേക്ക് ഇറങ്ങിത്തിരിക്കാവുവെന്നു മാത്രമാണ് വീട്ടുകാര്‍ക്കു നിര്‍ബന്ധം ഉണ്ടായിരുന്നത്.
കഥാപാത്രത്തിനായി തയാറെടുപ്പുകള്‍
മുടിവെട്ടണമെന്ന് ആദ്യം തന്നെ പറഞ്ഞതുകൊണ്ടു ഞാന്‍ അതിനായി മാനസികമായി തയാറെടുത്തിരുന്നു. തോളറ്റം ഉണ്ടായിരുന്ന മുടി വെട്ടിയപ്പോള്‍ ചെറിയ ദു:ഖം തോന്നി. എങ്കിലും നല്ലൊരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതില്‍ അഭിമാനമാണ് തോന്നിയത്.
മലയാളം പഠിക്കുന്നു
മലയാളം വായിക്കാനും എഴുതാനുമൊന്നും അറിയില്ല. ചിത്രത്തിലെ ഡയലോഗുകള്‍ എനിക്കുവേണ്ടി ഇംഗ്ലീഷില്‍ എഴുതി തരും. അതിന്റെ ഉച്ചാരണമൊക്കെ എനിക്കു പറഞ്ഞു തരും. പിന്നെ ഷൂട്ടിംഗ് സൈറ്റില്‍ അമ്മയും കൂടെയുണ്ടായിരുന്നു. ഡയലോഗ് പഠിക്കുന്നതിലൊക്കെ അമ്മ സഹായിച്ചു.
കുടുംബം
അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവര്‍ അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. അച്ഛന്‍ സൗദിയില്‍ ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരാണ് എന്റെ സ്ഥലം. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തി തിരുവനന്തപുരത്ത് വീടുവാങ്ങി. എങ്കിലും മോഡലിംഗില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതുകൊണ്ട് ഡല്‍ഹിയിലാണ് സജീവമായി നില്‍ക്കുന്നത്. ഒരു വര്‍ഷമായി മോഡലിംഗ് മേഖലയിലുണ്ട്.
പഠനം
ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പൂര്‍ത്തിയാക്കി. അതിനു ശേഷമാണ് മോഡലിംഗിലേക്ക് എത്തുന്നത്. മൂവിക്വിക്കിനുവേണ്ടി ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് മാരീഡ് ഗേള്‍ഫ്രണ്ട് എന്നൊരു ഹിന്ദി ഷോര്‍ട്ട് ഫിലിമും ചെയ്തു. അതിനു പിന്നാലെയാണ് ഈ ചിത്രത്തിലേക്ക് അവസരം കിട്ടുന്നത്.
ലിജിന്‍.കെ ഈപ്പന്‍