പിറന്നാള്‍ നിറവില്‍ ശ്രീകുമാരന്‍ തമ്പി
മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ സിനിമയായി ശ്രീകുമാരന്‍ തമ്പിയുടെ'മോഹിനിയാട്ട'ത്തെ വിശേഷിപ്പിക്കാം. ശ്രീകുമാരന്‍ തമ്പി എന്ന വ്യക്തിയും ഒരു സ്ത്രീപക്ഷവാദിയാണോ. ?

അതേ. നൂറു ശതമാനം. മോഹിനിയാട്ടം, ജീവിതം ഒരു ഗാനം, അമ്പലവിളക്ക് തുടങ്ങി എന്റെ പല സിനിമകളും സ്ത്രീയുടെ ശക്തിയും അമ്മയുടെ ഉള്‍ക്കരുത്തുമൊക്കെ തുറന്നുകാട്ടുന്നതാണ്. ഒരമ്മയുടെ ഹൃദയത്തിന്റെ ഉറപ്പ് എത്രയെന്ന് എന്നെ പഠിപ്പിച്ചത് എന്റെ പെറ്റമ്മ തന്നെയാണ്. അമ്മയുടെ ശക്തി, സംഗീതം, അമ്മ പറഞ്ഞുതന്ന കഥകള്‍, അമ്മയുടെ അചഞ്ചലമായ ഭക്തി ഇതെല്ലാം ചേര്‍ന്നതാണ് ഞാന്‍.

എന്നാല്‍ പ്രസവിക്കാത്ത അമ്മയും മാതൃത്വത്തിന്റെ വലിയ പ്രതീകമായി മാറാം. മോഹിനിയാട്ടം എന്ന ചിത്രത്തില്‍ ലക്ഷ്മി അവതരിപ്പിക്കുന്ന മോഹിനി എന്ന കഥാപാത്രം അത്തരത്തില്‍ ഒരു മാതൃചിഹ്നമാണ്. അമ്മയാകാന്‍ കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍തന്നെ ചുമക്കണമെന്നില്ല. ഹൃദയത്തിനുള്ളിലെ ചൂടില്‍ സുരക്ഷിതമാക്കി പ്രാണന്റെ രക്തവും നീരും നല്‍കി പോറ്റിവളര്‍ത്താം. മോഹിനിയാട്ടത്തിന്റെ അവസാനരംഗത്ത് തന്റെ വളര്‍ത്തയെ വിട്ട് പെറ്റയെ തേടി പോകുന്ന മകന്‍ പിന്നീട് മടങ്ങിവരുമ്പോള്‍ പോറ്റമ്മ പറയുന്ന ചില സത്യങ്ങളുണ്ട്. 'നീ മടങ്ങിവരുമെന്ന് എനിക്ക് അറിയാമായിരുന്നു. വന്നില്ലെങ്കില്‍ മാതൃത്വത്തിനു ശക്തിയില്ലാതെ പോകും..' അതാണ് യഥാര്‍ഥ അമ്മ, പച്ചയായ അമ്മ, ഏറ്റവും ശക്തയായ അമ്മ.

? ഒരു പുരുഷന്റെ വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്നാണല്ലോ വിശ്വാസം.
അല്പംകൂടി കടന്നതാണ് എന്റെ വിശ്വാസം. ഈ ലോകത്തിലെ എല്ലാ പുരുഷന്മാരും ഏതെങ്കിലുമൊരു സ്ത്രീയുടെ അടിമയായിരിക്കും. ആ സ്ത്രീ അമ്മയാകാം, ഭാര്യയാകാം, കാമുകിയാകാം അല്ലെങ്കില്‍ മകളോ, സഹോദരിയോ ആകാം. അല്ലെങ്കില്‍ മറ്റാരെങ്കിലുമാകാം. പ്രകൃതി എന്നത് സ്ത്രീയാണ്. സ്ത്രീയില്ലെങ്കില്‍ പുരുഷനില്ല. പ്രകൃതിയും പുരുഷനും തിലുള്ള സംയോഗമാണ് ജീവിതം.

? ശ്രീകുമാരന്‍ തമ്പി സിനിമയിലെ അതിശക്തമായ സ്ത്രീകഥാപാത്രങ്ങളെ സ്വന്തം തറവാിട്ടല്‍നിന്നു കണ്ടെത്തുകയായിരുന്നല്ലോ
അതേ. എന്റെ അമ്മതന്നെ ഏറ്റവും ശക്തയായ സ്ത്രീയുടെ അടയാളമായിരുന്നുവല്ലോ. മോഹിനിയാട്ടം എന്ന സ്ത്രീപക്ഷ സിനിമയിലെ കഥാപാത്രത്തെ ഞാന്‍ സൃഷ്ടിക്കുന്നത് എന്റെ അമ്മയുടെ മൂത്ത സഹോദരിയുടെ മകളായ ഭാര്‍ഗവി തങ്കച്ചി എന്നില്‍ ഉണ്ടാക്കിയ അദ്ഭുതത്തില്‍നിന്നാണ്. ഭാര്‍ഗവിച്ചേച്ചി എന്റെ സഹോദരിയാണെങ്കിലും എന്റെ അമ്മയുടെ പ്രായമുള്ള ആളാണ്.

ഇനി ഭാര്‍ഗവിച്ചേച്ചിയിലേക്കു വരാം. ഇഷ്ടമില്ലാത്തയാളെക്കൊണ്ടാണ് വീട്ടുകാര്‍ ചേച്ചിയെ വിവാഹം കഴിപ്പിച്ചത്. സ്വന്തം മനസ് അംഗീകരിക്കാത്ത ഭര്‍ത്താവിനെ സ്വീകരിക്കാന്‍ ചേച്ചി തയാറായില്ല. അതിനാല്‍ വിവാഹരാത്രിതന്നെ ഭര്‍ത്താവിനോട് ഇറങ്ങിപ്പോകാന്‍ ചേച്ചി പറഞ്ഞു.

ഉഗ്രപ്രതാപികളായ അമ്മാവന്മാരുള്ള കാലത്താണ് ഇത്ര മനക്കരുത്ത് ചേച്ചി കാണിച്ചത്. 1930കളിലാണ് ഈ സംഭവം എന്നുകൂടി ഓര്‍ക്കുക.

? ആത്മകഥയിലെ പെണ്‍ മനസുകളെക്കുറിച്ച്
ആത്മകഥാപരമായ എന്റെ പുസ്തകത്തിന്റെ പേരാണത്. എന്റെ ജീവിതത്തെ സ്വാധീനിച്ച പെണ്‍മനസും, ശക്തിയും തന്നെയാണ് ഈ പുസ്തകത്തില്‍ നിറയുന്നതും. എന്റെ അമ്മ ഭവാനിയമ്മ തങ്കച്ചിയില്‍നിന്നുതന്നെ തുടക്കം.

? ഹൃദയസരസിലെ പ്രണയപുഷ്പമേ... എന്ന അനശ്വര ഗാനം ഭാര്യ രാജേശ്വരിയെക്കുറിച്ചുള്ളതല്ലേ
അതേ. വൈകിയാണ് എന്റെ ജീവിതത്തിലേക്ക് രാജി കടന്നുവന്നത്. എഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ... എന്നു ഞാന്‍ എഴുതിയത് ഇതുകൊണ്ടാണ്.

? ഒരു സിനിമാക്കഥപോലെ ഏറെ ട്വിസ്റ്റുകള്‍ നിറഞ്ഞതാണല്ലോ ശ്രീകുമാരന്‍ തമ്പി - രാജി പ്രണയവും വിവാഹവും
സത്യത്തില്‍ ഒരു നിയോഗംപോലെയാണ് രാജി എത്തുന്നത്. ജീവിതത്തില്‍ ഞാന്‍ ആദ്യം കണ്ട സിനിമ 'നല്ല തങ്ക'യാണ്. ഇതിലെ നായകന്‍ വൈക്കം മണിയുടെ വലിയ ആരാധകനായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ മകള്‍ രാജേശ്വരി എന്റെ ആരാധികയായാണ് എത്തുന്നത് എന്ന ഒരു കൗതുകവുമുണ്ട്. എന്റെ കവിതകള്‍ വായിച്ച് ഉണ്ടായ ആരാധനയാണ്.

ഞാന്‍ ആലപ്പുഴ എസ്ഡി കോളജില്‍ പഠിക്കുമ്പോള്‍ 'കവിയും മാലാഖമാരും' എന്നൊരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ വാരികകളിലും കവിതകള്‍ എഴുതിയിരുന്നു. നല്ലൊരു കാവ്യാസ്വാദകയായിരുന്നു രാജി. എന്റെ കവിതകള്‍ വായിച്ചിരുന്നു. അങ്ങനെയാണ് അച്ഛന്‍ വൈക്കം മണിയുടെ ലെറ്റര്‍ഹെഡ്ഡില്‍ എനിക്കു കത്തുകള്‍ എഴുതിത്തുടങ്ങുന്നത്.

അക്കാലത്ത് പല ആരാധികമാരുടെയും കത്തുകള്‍ എനിക്കു വരുമായിരുന്നു. പക്ഷേ, മറുപടി അയയ്ക്കാന്‍ ഇന്‍ലന്‍ഡോ സ്റ്റാമ്പോ ഒക്കെ വേണമല്ലോ. അതിനു കാശില്ലാത്തതുകൊണ്ട് തന്നെ ഞാന്‍ മറുപടി അയച്ചിരുന്നില്ല. വൈക്കം മണിയുടെ മകളായതുകൊണ്ട് രാജിക്കു മാത്രം ഞാന്‍ മറുപടി അയച്ചിരുന്നു. ബുദ്ധിമുട്ടിയാണെങ്കിലും. പിന്നീടെപ്പോഴോ രാജിയുടെ കത്തുകള്‍ വരാതെയായി. സിനിമാഗാനങ്ങള്‍ എഴുതിത്തുടങ്ങിയ സമയത്ത് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് വീണ്ടും കത്തുകള്‍ വന്നുതുടങ്ങി. കത്തില്‍ അന്തര്‍ധാരപോലെ പ്രണയത്തിന്റെ ഒരു നേര്‍ത്ത സ്പര്‍ശം തോന്നിയിരുന്നെങ്കിലും ഞാന്‍ അത് അത്ര കാര്യമാക്കിയില്ല. കാരണം എന്റെ മനസു മുഴുവന്‍ അവളായിരുന്നു. ബിഎസ്‌സിക്ക് എന്റൊപ്പം പഠിച്ചിരുന്ന പെണ്‍കുട്ടി. പിന്നീട് മറ്റു ചില കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ തമ്മില്‍ അകന്നു. ഞാന്‍ തകര്‍ന്നു തളര്‍ന്നുപോയ കാലം. അന്നത്തെ എന്റെ വേദനയാണ് 'നീ എവിടെ നിന്‍ നിഴലെവിടെ.... ' (ചിത്രമേള) എന്ന ഗാനത്തിലൊക്കെ പ്രതിഫലിക്കുന്നത്. ഈ ഉരുകിനീറ്റലില്‍ ഒരു സാന്ത്വനമായി രാജിയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഇതിനിടെ രാജിക്ക് ഒരു വിവാഹാലോചന വന്നു. ഒരു കത്തില്‍ അവള്‍ സ്വന്തം മനസ് എന്നോടു പറയുകയും ചെയ്തു. നഷ്ടപ്രണയത്തിന്റെ തീവ്രവേദനയില്‍ ആയിരുന്ന ഞാന്‍ എന്റെ മാനസികാവസ്ഥ തുറന്നെഴുതി. എന്റെ വേദനയില്‍ അവള്‍ ഒപ്പം ഉണ്ട് എന്നൊരു പ്രതിജ്ഞയായിരുന്നു മറുപടിക്കത്തില്‍.


ഈ സമയത്താണ് യാദൃച്ഛികമായി ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. തിരുവനന്തപുരത്തെ മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ എത്തി സുബ്രഹ്മണ്യം മുതലാളിയെ (പി.സുബ്രഹ്മണ്യം) കണ്ടശേഷം തിരികെ വീട്ടിലേക്കു മടങ്ങാന്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. തലേനാള്‍ മുതല്‍ എനിക്കു പനിയുണ്ടായിരുന്നു. മഞ്ഞപ്പിത്തത്തിന്റെ തുടക്കമായിരുന്നു. വെയിലിന്റെ കാഠിന്യംകൂടിയായപ്പോള്‍ ഞാന്‍ ബോധംകെട്ടു ബസ് സ്റ്റാന്‍ഡില്‍ വീണു. ബോധം തെളിഞ്ഞപ്പോള്‍ ഒരു ടാക്‌സി കാറില്‍ കിടക്കുകയാണ്. തൊട്ടടുത്ത് വെളുത്ത് സുന്ദരിയായ ഒരു യുവതി. ഒപ്പം ഒരു കൗമാരക്കാരനും (അനിയന്‍). ഒന്നും മനസിലാകാതെ ഞാന്‍ പകച്ചുനോക്കുമ്പോള്‍ വലിയ കണ്ണുകളുള്ള യുവതി പറഞ്ഞു: 'എന്നെ അറിയില്ലേ, ഞാന്‍ രാജിയാണ്...' ഞങ്ങളുടെ പ്രണയവും ജീവിതവും ഇവിടെ തുടങ്ങുന്നു എന്നു പറയാം. മഞ്ഞപ്പിത്തം ബാധിച്ച് അമ്മ നല്‍കിയ പച്ചമരുന്നും കഴിച്ച് വീട്ടിലെ തടിക്കട്ടിലില്‍ കിടക്കുമ്പോള്‍ (ഞങ്ങളുടെ കുടുംബക്കാര്‍ പരമ്പരാഗതമായി വിഷചികിത്സയും മഞ്ഞപ്പിത്ത ചികിത്സയും ചെയ്യുന്നവരാണ്) രാജിയായിരുന്നു മനസില്‍. മനസും ശരീരവും തളര്‍ന്നുപോയിരുന്ന സമയത്ത് രാജിയെ എന്റെ അരികിലെത്തിച്ചത് ഈശ്വരനാണെന്നു തോന്നി. ജീവിതത്തില്‍ ഞാന്‍ ആദ്യം അവളെ കാണുമ്പോള്‍ അവള്‍ എന്നെ ശുശ്രൂഷിക്കുകയായിരുന്നുവല്ലോ. യാദൃശ്ചികമായ കണ്ടുമുട്ടലിനുശേഷവും രാജിയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു.

അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ എന്ന ജോലി രാജിവച്ച് ഞാന്‍ ചെന്നൈയില്‍ താമസിക്കുന്ന സമയമായിരുന്നു അത്. സിനിമയില്‍ ഗാനങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നെങ്കിലും ഭാവി അനിശ്ചിതാവസ്ഥയിലായിരുന്നു. സിനിമാലോകത്ത് നിലനില്‍ക്കാന്‍ കഴിയുമോ എന്നുമറിയില്ല. ന്യൂ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ വാര്‍ടാങ്ക് ഡിസൈന്‍ ചെയ്യുമ്പോള്‍ കിട്ടുന്ന നാനൂറു രൂപയാണ് അന്നു കിട്ടുന്ന ഏക വരുമാനം. എങ്കിലും രാജിയെ വിവാഹം കഴിക്കാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. തമ്പീസ് കണ്‍സ്ട്രക്ഷന്‍ എന്ന ഒരു കെട്ടിടനിര്‍മാണ കമ്പനിയും തുടങ്ങി. കുടുംബചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.

തക്കല കുമാരകോവിലില്‍വച്ച് ചെറിയൊരു താലികെട്ട് ചടങ്ങ് നടത്താന്‍ തീരുമാനിച്ചു. ഞാനും ഒരു കുമാരനാണല്ലോ (ശ്രീകുമാരന്‍). അതിനാല്‍ കുമാരക്കോവില്‍തന്നെയാണ് നല്ലത് എന്നു തോന്നി. പിന്നെ ഹരിപ്പാട് എന്റെ വീട്ടില്‍ നിന്നു വളരെ ദൂരെയായിരിക്കണം വിവാഹവേദി എന്നും ചിന്തിച്ചിരുന്നു. ഞാന്‍തന്നെ തീരുമാനിച്ച വിവാഹം എന്റെ ചേട്ടന്മാര്‍ മുടക്കുമോ എന്നുള്ള ഭയം അന്നുണ്ടായിരുന്നു. വിവാഹത്തിന്റെ അന്ന് ചേന്മാര്‍ക്കു കിട്ടുന്ന രീതിയില്‍ എന്റെ വിവാഹം അറിയിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ അയച്ചിരുന്നു. ഹരിപ്പാടുനിന്ന് തക്കലയില്‍ എത്താന്‍ അവര്‍ക്കു സമയം കൊടുക്കരുതല്ലോ. ഞാന്‍ ഭയപ്പെട്ടതുപോലെ ചേട്ടന്മാര്‍ എത്തിയില്ല. വിവാഹത്തിന് രാജിയുടെ അച്ഛന്‍ വന്നില്ല. അമ്മയും അടുത്ത ബന്ധുക്കളും വന്നു. മധുരയിലെ ഹോട്ടല്‍മുറിയിലായിരുന്നു ആദ്യരാത്രി. പക്ഷേ, അന്നു മധുരമീനാക്ഷിയുടെ ഒരു സ്വാധീനത്തിലായിപ്പോയി ഞാന്‍. മധുര മീനാക്ഷിദേവിയെ എനിക്ക് ഏറെ ഇഷ്ടമാണ്. ദേവിക്ക് അരികിലിരിക്കുമ്പോള്‍ ഞാന്‍ എന്റെ പ്രണയവും ആദ്യരാത്രിയുമെല്ലാം മറന്നു... എന്റെ മാനസവീണ അറിയാതെ പാടിത്തുടങ്ങി.

'മധുര മീനാക്ഷി അനുഗ്രഹിക്കൂ, എന്റെ മാനസവീണയില്‍ ശ്രുതി ഉണരൂ...' മറുനാില്‍ ഒരു മലയാളി എന്ന സിനിമയില്‍ പിന്നീടു വന്ന ഗാനം ഞാനാ രാത്രിയില്‍ ഭക്തിയില്‍ സ്വയം വിസ്മൃതനായി എഴുതിയതാണ്.
അടുത്തദിവസം ചെന്നൈയിലേക്കും പിന്നെ റായ്‌പേട്ടയിലെ താവരായര്‍ റോഡില്‍ 150 രൂപ വാടകയ്ക്ക് 17ാം നമ്പര്‍ വീട്ടിലെ ജീവിതം.

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം....', 'വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു...' എന്നീ ഗാനങ്ങള്‍ എഴുതുന്നത് വിവാഹശേഷമാണ്.

? വൈകി എഴുതിയ ചിത്രകഥയിലെ നായിക, ജീവിതനായിക, ശ്രീകുമാരന്‍ തമ്പി എന്ന കവിയുടെ, ഗാനരചയിതാവിന്റെ, ഫിലിം മേക്കറുടെ എല്ലാത്തിനുമുപരി വ്യക്തിയുടെ ജീവിതത്തെ എങ്ങനെ നിലനിര്‍ത്തുന്നു
വൈകിയാണ് ഞാന്‍ രാജിയുടെ ചിത്രം ഹൃദയത്തില്‍ വരച്ചിട്ടതെങ്കിലും എന്നെ ശ്രീകുമാരന്‍ തമ്പിയാക്കിയത് രാജിയാണ്.

എന്റെ യൗവനകാലത്തൊക്കെ വലിയ ദേഷ്യക്കാരനായിരുന്നു ഞാന്‍. ചെറിയകാര്യത്തില്‍ പ്രകോപിതനാകും. രാജി പക്ഷേ, എതിര്‍ത്ത് ഒന്നും പറയില്ല. ഞാന്‍ എത്ര ദേഷ്യപ്പെട്ടാലും രാജി സംയമനം പാലിക്കും. അതുകൊണ്ടുതന്നെ ഞങ്ങളുടെ വീട്ടില്‍ സംഘര്‍ഷമൊന്നും ഉണ്ടായില്ല. ശാന്തതാളത്തില്‍ കുടുംബം മുന്നോട്ടു പോയി. ഇനി ഒരു കാര്യംകൂടി പറയട്ടെ. ഇപ്പോള്‍ കാര്യങ്ങള്‍ വിപരീതദിശയിലാണ്. എന്റെ പഴയ ദേഷ്യം ഒരുപാട് കുറഞ്ഞു. സൗമ്യനാകുന്നു എന്നു വേണമെങ്കില്‍ പറയാം. രാജിയുടെ പഴയ ശാന്തത കുറച്ചു മാറിയിട്ടുണ്ട്. പഴയ പ്രതികാരം ഇപ്പോള്‍ തീര്‍ക്കുകയാണെന്നു ഞാന്‍ തമാശയായി പറയാറുണ്ട്.

ഇനി ഏറ്റവും കൗതുകകരമായ ഒരു സത്യംകൂടി പറയാം. ഞാന്‍ പ്രാണനുതുല്യം പ്രണയിച്ച എന്റെ ആദ്യ കാമുകി എന്റെ ഭാര്യയായി വന്നിരുന്നെങ്കില്‍ ഞങ്ങള്‍ എന്നേ വേര്‍പിരിഞ്ഞേനേ. ജീവിതത്തിലെ സന്തോഷങ്ങളിലും ഏറ്റവും തീവ്ര ആഘാതങ്ങളിലും തുണയായി ഇന്നും രാജിയുണ്ട്.

എസ്. മഞ്ജുളാദേവി