അറിയാം, ജീവാണു കീടനാശിനികളെ
ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് എന്നിവ വളരെ പരിചിതങ്ങളായ പേരുകളാണ്. അതോടൊപ്പം കര്‍ഷകരുടെ ഇടയില്‍ അറിയപ്പെടുന്ന ജീവാണു കുമിള്‍നാശിനികളുടെ കൂട്ടത്തില്‍പ്പെട്ടവയാണ് ബ്യൂവേറിയയും വെര്‍ട്ടിസീലിയവും. ഇവയുടെ ഉപയോഗവും പ്രയോഗരീതികളും പരിശോധിക്കാം.

1. ബ്യുവേറിയ ബാസിയാന

കീടനിയന്ത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു മിത്രകുമിള്‍ ആണ് ബ്യുവേറിയ. മുഞ്ഞ, ചാഴി, വണ്ടുകള്‍, വേരുതീനിപ്പുഴുക്കള്‍ എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്. ബ്യുവേറിയ ഉപയോഗിക്കുമ്പോള്‍ അവയുടെ സ്‌പോറുകള്‍ അനുകൂല സാഹചര്യങ്ങളില്‍ കീടത്തിനുള്ളില്‍ പ്രവേശിച്ച് അവയുടെ ശരീരത്തില്‍ വളരുന്നു. കീടങ്ങളുടെ ഉള്ളിലെ ശരീരഘടകങ്ങളില്‍ നിന്ന് ആഹാരം വിലിച്ചെടുത്ത് വളര്‍ന്ന് ബ്യുവേറിസിന്‍ എന്ന വിഷ വസ്തു പുറപ്പെടുവിക്കുന്നു. ഇത് കീടങ്ങളുടെ രോഗപ്രതിരോധശേഷി ഇല്ലാതാക്കി ശരീരവളര്‍ച്ച തടയുന്നു. ക്രമേണ ശരീരം മുഴുവന്‍ വ്യാപിച്ച് കീടങ്ങളെ നശിപ്പിക്കുന്നു. ബ്യുവേറിയ ബാധിക്കപ്പെട്ട കീടങ്ങളെ നശിപ്പിക്കുന്നു. ബ്യൂവേറിയ ബാ ധിച്ച കീടങ്ങളുടെ ശരീരത്തിനുപുറത്ത് വെള്ള നിറവും കാണാം.
ചെടികളില്‍ കീടബാധ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ബ്യുവേറിയ പ്രയോഗിക്കണം. പൊടിരൂപത്തിലും ദ്രാവകരൂപത്തിലും ബ്യുവേറിയ ലഭ്യമാണ്.

പൊടിരൂപത്തിലുള്ളതാണെങ്കില്‍ 20 ഗ്രാം ഒരു ലിറ്റര്‍ എന്നതോതിലും ദ്രാവകരൂപത്തിലുള്ളതാണെങ്കില്‍ അഞ്ചു മില്ലി ഒരു ലിറ്റര്‍ എന്ന അളവിലും ഉപയോഗിക്കേണ്ടതാണ്.

വൈകുന്നേരങ്ങളില്‍ തളിച്ചു കൊടുക്കുന്നതാണ് നല്ലത്. ലായനിയില്‍ അഞ്ചു മില്ലി ആവണക്കെണ്ണയോ, 10 ഗ്രാം പൊടിച്ച ശര്‍ക്കരയോ ചേര്‍ക്കാം.

വെള്ളരിവര്‍ഗവിളകളില്‍ കാണുന്ന ആമവണ്ട്, മത്തന്‍വണ്ട്, പയര്‍, നെല്ല് എന്നിവയിലെ ചാഴികള്‍, വാഴയിലെ പിണ്ടിപ്പുഴു എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്.

2. വെര്‍ട്ടിസീലിയം ലെക്കാനി (ലെക്കാനിസീലിയം ലെക്കാനി)

വെര്‍ട്ടിസീലിയവും കീടനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഒരു മിത്രകുമിളാണ്. കീടങ്ങളുടെ പുറംതോടില്‍ പറ്റിപ്പിടിച്ചു വളരുന്ന വെര്‍ട്ടിസീലിയം പ തുക്കെ ശരീരാവരണം തുളച്ച് ഉള്ളില്‍ക്കടന്ന് വളര്‍ന്നു വ്യാപിക്കുന്നു. വെര്‍ട്ടിസീലിയം പുറപ്പെടുവിക്കുന്ന 'ഡൈപിക്കോളിനിക് ആസിഡ്' തുടങ്ങിയ ഘടകങ്ങള്‍ കീടങ്ങളുടെ വളര്‍ച്ച തടഞ്ഞ് അവയെ നശിപ്പിക്കുന്നു. കുമിള്‍ വര്‍ഗത്തില്‍പ്പെടുന്നതിനാല്‍ ഇ വയ്ക്ക് വളരുന്നതിനായി ഈര്‍പ്പമുള്ള കാലാവസ്ഥയും വെയിലില്‍ നിന്ന് സംരക്ഷണവും ആവശ്യമാണ്. 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതിലോ അഞ്ചു മില്ലി ഒരു ലിറ്റ ര്‍ എന്ന അളവിലോ ഉപയോഗിക്കാം. ആവണക്കെണ്ണ അഞ്ചു മി ല്ലിയും 10 ഗ്രാം ശര്‍ക്കരയും ഇ തോടൊപ്പം ചേര്‍ക്കുന്നത് നല്ലതാണ്. നീരൂറ്റിക്കുടിക്കുന്ന മുഞ്ഞകള്‍, ഇലപ്പേന്‍, വെള്ളീച്ചകള്‍, പച്ചതുള്ളന്‍, മീലിബഗ് എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്. 10 ദിവസത്തിലൊരിക്കല്‍ പ്രയോഗിക്കണം.


3. മെറ്റാറൈസിയം അനൈസോപ്ലിയെ

തെങ്ങിലെ കൊമ്പന്‍ചെല്ലി, വേരുതീനിപ്പുഴു എന്നിവയ്‌ക്കെതിരേ ഫലപ്രദമാണ്. ഇതിനായി ഒരു ലിറ്റര്‍ മൈറ്റാറൈസിയം കള്‍ച്ചര്‍ വേണം. ഇത് 100 ലിറ്റര്‍ ചാണകത്തെളിയുമായി ചേര്‍ക്കണം. (10 കിലോ പച്ചച്ചാണകം 100 ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി അഞ്ചു മണിക്കൂര്‍ ഇളക്കാതെ വച്ചാല്‍ കിട്ടുന്ന തെളി എടുത്താല്‍ മതി) ഇതില്‍ ഒരു കിലോ ശര്‍ക്കര കൂടിചേര്‍ത്ത് ഒരാഴ്ച മൂടിവയ്ക്കണം. ഇടക്കിടെ ഇളക്കികൊടുക്കാം. ഒരാ ഴ്ച കഴിഞ്ഞാല്‍ ലായനിയില്‍ പച്ചനിറത്തിലുള്ള മെറ്റാറൈസിയത്തിന്റെ വളര്‍ച്ച കാണാം. ഈ ലായനി മൂന്നിരട്ടി വെള്ളവുമായി നേര്‍പ്പിച്ച് തെങ്ങിന്‍ തടം, ചാണകക്കുഴി, മാലിന്യക്കുഴികള്‍ എന്നിവിടങ്ങളില്‍ ഒഴിച്ചു കൊടുക്കണം. ഇതുവഴി ഒരു പ്രദേശത്തെ കീടബാധ പെട്ടെന്നു നിയന്ത്രിക്കാം. വളവില്‍പനകേന്ദ്രങ്ങളില്‍ ഇവ ലഭിക്കും. കേരള കാര്‍ഷികസര്‍വകലാശാലയുടെ വില്‍പന കേന്ദ്രങ്ങളിലും ലഭിക്കും.

ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, പഴയന്നൂര്‍,
തൃശൂര്‍ ഫോണ്‍:- 94475 29904