നളന്തയിലെ കൃഷി എന്നും സുന്ദരം
Monday, August 4, 2025 12:49 PM IST
കൃഷിയിലെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ സുന്ദരമായി കൃഷി ചെയ്യുന്നതു നിയോഗമായി കരുതുന്നയാളാണ് കോട്ടയം ജില്ലയിൽ വൈക്കം മറവൻതുരുത്ത് കുലശേഖരമംഗലം നളന്ദയിൽ സുന്ദരൻ.
76 കാരനായ ഇദ്ദേഹം അരനൂറ്റാണ്ടിലധികമായി സമ്മിശ്ര കൃഷിയിൽ വ്യാപൃതനാണ്. രണ്ടേമുക്കാൽ ഏക്കറിൽ പാവൽ, കോവൽ, പടവലം, മത്തൻ, കുന്പളം, കുക്കുംബർ വെള്ളരി, പയർ, ചീര, ചേന്പ്, ചേന, തുടങ്ങിയവയാണ് സുന്ദരൻ കൃഷി ചെയ്യുന്നത്.
കോട്ടയം ജില്ലയിലെ മികച്ച പച്ചക്കറി കർഷകനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹത്തെ വൈക്കം ബ്ലോക്ക് പഞ്ചായത്തും മറവൻതുരുത്ത് പഞ്ചായത്തും മികച്ച പച്ചക്കറി കർഷകനായി നിരവധി തവണ തെരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്.
കൃഷിയോടുള്ള സുന്ദരൻ നളന്ദയുടെ സമർപ്പണത്തിന് കുടുംബവും പഞ്ചായത്ത്, കൃഷിഭവൻ അധികൃതരും പൂർണ പിന്തുണയും പ്രോത്സാഹനവും നൽകുന്നു.
വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഭീഷണി
ഒരു ഭാഗത്ത് വേന്പനാട്ടുകായലും മറുഭാഗത്ത് മുവാറ്റുപുഴയാറും അതിരിടുന്ന മറവൻതുരുത്തിലെ കുലശേഖരമംഗലം കൊടുപ്പാടത്താണ് സുന്ദരന്റെ കൃഷിയിടം. കനത്ത മഴയിൽ പുഴയും കായലും കവിഞ്ഞ് തോടുകളിൽ വെള്ളം നിറഞ്ഞാൽ കൃഷിയിടം മുങ്ങും.
പലപ്പോഴും മികച്ച വിളവെടുത്തു തുടങ്ങുന്പോഴാണ് വെള്ളം കയറി കൃഷിയിടം മുങ്ങുന്നത്. ഇതുവഴി വലിയ ബാധ്യത നേരിട്ടാലും വെള്ളമിറങ്ങുന്നതോടെ സുന്ദരൻ അടുത്ത കൃഷിക്ക് സ്ഥലം ഒരുക്കും.
അന്പതു സെന്റ് സ്ഥലത്ത് 36 തടം കോവലാണ് ഇക്കുറി നട്ടത്.
ആഴ്ചയിൽ 250 കിലോ വീതം ഒന്നര മാസം വിളവെടുത്തു. കിലോയ്ക്ക് 50 രൂപ പ്രകാരം വിലയും ലഭിച്ചു. എന്നാൽ, അപ്രതീക്ഷിതമായി വന്നു കയറിയ വെള്ളത്തിൽ കൃഷി പൂർണമായും നശിച്ചു. നാലര മാസം കൂടി മികച്ച വിളവ് ലഭിക്കുമെന്നിരിക്കെയാണ് വിളനാശമുണ്ടായത്.
70 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത നാലുമാസം പിന്നിട്ട 150 ഏത്തവാഴകളും ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി.
പാവൽ
30 സെന്റ് സ്ഥലത്ത് വലിയ പന്തൽ തീർത്താണ് പാവൽ കൃഷി നടത്തി വരുന്നത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു നടത്തുന്ന കൃഷിയിൽ നിന്നും സാമാന്യം നല്ല വിളവും ലഭിച്ചു. വിളവെടുക്കുന്ന പാവയ്ക്ക ഏതാണ്ട് പൂർണമായി പ്രാദേശിക മാർക്കറ്റുകളിലാണ് വിറ്റുപോകുന്നത്.
പൂകൃഷിയിലും മികച്ച വിളവ്
കഴിഞ്ഞ ഓണക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ബന്ദി പൂ കൃഷിയിലും സുന്ദരൻ മികച്ച വിളവ് നേടി. ഒരേക്കർ സ്ഥലത്ത് മഞ്ഞ, ഓറഞ്ച് പൂക്കളുണ്ടാകുന്ന1500 ബന്ദി ചെടികളാണ് നട്ടത്. 70 ദിവസം പിന്നിട്ടപ്പോൾ 70 ശതമാനത്തിലധികം ചെടികളിൽ പൂ വിരിഞ്ഞു.
പൂ കൃഷിയിലും ജൈവ രീതിയാണ് സുന്ദരൻ പിന്തുടർന്നത്. കൃഷി പരിപാലനത്തിന് ഭാര്യ ഓമനയും സുന്ദരന് ഒപ്പം എപ്പോഴുമുണ്ടാകും. പൂക്കൾ ആവശ്യമുള്ളവർ തോട്ടത്തിലെത്തി കിലോയ്ക്കു 150 രൂപ നിരക്കിൽ വാങ്ങിയതിനാൽ വിപണത്തിന് ബുദ്ധിമുട്ടുണ്ടായില്ല.
മത്സ്യകൃഷി
പഴം പച്ചക്കറി കൃഷിക്ക് പുറമെ കരിമീൻ, ഗിഫ്റ്റ് തിലോപ്പിയ, വാള തുടങ്ങിയവയുടെ കൃഷിയിലും സുന്ദരൻ വ്യാപൃതനാണ്. വീടിനു സമീപത്തെ വലിയകുളങ്ങളിലും തോടുകളിലുമാണ് മത്സ്യകൃഷി നടത്തുന്നത്.
ഇതിൽ നിന്നും മികച്ച വരുമാനം അദ്ദേഹം ഉറപ്പാക്കുന്നു.