നിങ്ങള്‍ ശരിയായി ഉറങ്ങുന്നുണ്ടോ?
ജീവിതത്തിരക്കിനിടയില്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെയും പ്രായഭേദമെന്യേയും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് ഉറക്കമില്ലായ്മ അഥവാ Insomnia. കൃത്യസമയത്ത് ഉറക്കം വരാതിരിക്കുക, ഉറങ്ങിയാല്‍ തന്നെ അല്‍പസമയത്തിനുശേഷം ഉണരുക, ഗാഢമായ ഉറക്കം ലഭിക്കാതിരിക്കുക എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലുള്ള അവസ്ഥയാണ് ആളുകളില്‍ കണ്ടുവരുന്നത്.

കണക്കുകള്‍ ഇപ്രകാരം

നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്റ കണക്കുകള്‍ പ്രകാരം മനുഷ്യന്‍ ശരാശരി ഉറങ്ങേണ്ട സമയത്തെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്.

പ്രായം - സമയം
0- 3 മാസം - 14- 17 മണിക്കൂര്‍
4- 11 മാസം 12- 15 മണിക്കൂര്‍
1- 2 വയസ് 11- 14 മണിക്കൂര്‍
3- 5 വയസ് 10- 13 മണിക്കൂര്‍
6- 13 വയസ് 9- 11 മണിക്കൂര്‍
14- 17 വയസ് 8- 10 മണിക്കൂര്‍
18- 25 വയസ് 7- 9 മണിക്കൂര്‍
26- 64 വയസ് 7 -9 മണിക്കൂര്‍
65 വയസിനു മുകളില്‍ 7- 8 മണിക്കൂര്‍

ഉറക്കമില്ലായ്മയുടെ കാരണങ്ങള്‍

ഓരോരുത്തരുടെയും ശീലങ്ങള്‍, ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ജോലി സ്ഥലത്തുള്ള പ്രശ്‌നങ്ങള്‍, കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങള്‍, കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആകുലത, ഭക്ഷണക്രമങ്ങള്‍ എന്നിവയെല്ലാം ഉറക്കം നഷ്ടപ്പെടുന്നതിനു കാരണമാകാറുണ്ട്.

Acute Insomnia

സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണ്. ഒരു വ്യക്തിക്ക് മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയാണിത്. ഇത് തികച്ചും സാധാരണവും താല്‍ക്കാലികവുമാണ്.

ചായയുടെയും കാപ്പിയുടെയും അമിതോപയോഗം, നിരന്തരമായ പുകവലി, ദീര്‍ഘദൂര യാത്രകള്‍, തിരക്കുപിടിച്ച ജോലി, മാനസികമായ പ്രശ്‌നങ്ങള്‍ ഇവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്.Chronic Insomnia

ദീര്‍ഘനാളത്തെ ഉറക്കമില്ലായ്മ അഥവാ Chronic Insomnia ശരീരത്തെയും ജീവിതത്തെയും ഗുരുതരമായി തന്നെ ബാധിക്കും. വ്യക്തിജീവിതത്തിലെ നിരാശകള്‍, അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലി, മാനസികസംഘര്‍ഷം ഉളവാക്കുന്ന ജോലി എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാകുന്നു.

സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍

* ഉറങ്ങേണ്ട സമയത്ത് ഉണര്‍ന്നിരിക്കുക
* രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുക
* പെെട്ടന്ന് കോപിക്കുക
* ശരീരഭാരം വര്‍ധിക്കുക
* ഏകാഗ്രത കുറവ്
* പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം
* സൗന്ദര്യ പ്രശ്‌നങ്ങള്‍, മുടികൊഴിച്ചില്‍

ആയുര്‍വേദത്തിലെ പൊടിക്കൈകള്‍

* അത്താഴത്തിനു ശേഷം ഉണക്കിപ്പൊടിച്ച ഇരട്ടി മധുരം, ജീരകം എന്നിവ പത്തു ഗ്രാം വീതം പാലില്‍ കലക്കി കുടിക്കുക.
* ഒരു സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക
* ത്രിഫല ചൂര്‍ണം തേനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പ് കഴിക്കുക

ചിട്ടയായ ചികിത്സയിലൂടെയും ജീവിതശൈലിയിലൂടെയും മാത്രമേ ഈ അവസ്ഥയില്‍ നിന്നുള്ള തിരിച്ചുപോക്ക് സാധ്യമാകൂ.

ശരിയായ ഉറക്കത്തിന്

* ഉറക്കമിളയ്ക്കാതിരിക്കുക
* നിശ്ചിത സമയത്ത് ഉറങ്ങുക
* രാത്രി സമയങ്ങളില്‍ ദീര്‍ഘനേരം ടിവി കാണുന്നത് ഒഴിവാക്കുക
* ഫോണ്‍ വിളി ഒഴിവാക്കുക
* കഫിന്‍, മദ്യം, സിഗരറ്റ് എന്നിവ ഒഴിവാക്കണം
* ചെറുചൂടു വെള്ളത്തില്‍ രാത്രി കുളിക്കുക.

ഉറക്കക്കുറവ് രണ്ടുതരം

ഉറക്കക്കുറവ് അഥവാ ഇന്‍സോംനിയ രണ്ടുതരത്തിലാണുള്ളത്. Acute Insomnia ഉം Chronic Insomnia ഉം.

ഡോ.ഗ്രീഷ്മ പ്രമോദ്
ചീഫ് ഫിസിഷന്‍, മാധവ ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ്, എറണാകുളം