ഓണത്തിനു ഒരുങ്ങാം, ഒരുമയോടെ
ഓണത്തിനു ഒരുങ്ങാം, ഒരുമയോടെ
Tuesday, September 17, 2019 3:39 PM IST
ഓണക്കാലമെന്നാല്‍ അണിഞ്ഞൊരുങ്ങലിന്റെ കാലംകൂടിയാണല്ലോ. കേരളസാരിയും സെറ്റുമുണ്ടും ജുബ്ബയും പുപാവടയുമൊക്കെ ഇല്ലാതെ മലയാളികള്‍ക്ക് എന്ത് ഓണം? കാലമെത്രമാറിയാലും മലയാളിയുടെ ഓണക്കാല വസ്ത്രങ്ങള്‍ക്കെന്നും പാരമ്പര്യത്തിന്റെ പകിട്ടുണ്ടാകും. എന്നാല്‍ അവിടേയും എന്തെങ്കിലുമൊരു പുതുമ കൊണ്ടുവരാന്‍ നമ്മള്‍ മലയാളികള്‍ മറക്കാറില്ല. ഈ വര്‍ഷത്തെ ഓണത്തിന് എന്താണ് ഫാഷന്‍ലോകം പുതുതായി ഒരുക്കിവച്ചിരിക്കുന്നതെന്നു നോക്കാം.

മ്യൂറല്‍ തന്നെ രാജാവ്

ഓണക്കാലത്ത് വസ്ത്രരംഗത്തെ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ കേരള സാരിയും സെറ്റുമുണ്ടും. പുളിയിലക്കരയുള്ള പുടവ ചുറ്റി എന്ന പാട്ട് ഓര്‍മയില്ലേ. സംഗതി അതുതന്നെയാണെങ്കിലും കുറച്ചു മിനുക്കുപണികള്‍കൂടിവേണം യുവതലമുറയ്ക്ക്. കേരളസാരിയില്‍ എന്നും ആവശ്യക്കാര്‍ ഏറെ മ്യൂറല്‍ വര്‍ക്കിനാണ്. ക്ഷേത്രാചാരങ്ങളുടെ ഭാഗമായ ചുവര്‍ ചിത്രങ്ങള്‍ വസ്ത്രങ്ങളില്‍ ഇടംനേടിയിട്ട് വര്‍ഷങ്ങളായെങ്കിലും അവ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട വിഭവമായി തുടരുന്നു. കേരളസാരിക്കു പുറമേ പട്ടുപാവാടയിലും ചുരിദാറുകളിലും മ്യൂറല്‍ വര്‍ക്ക് ചെയ്യാറുണ്ട്. മ്യൂറല്‍ വര്‍ക്ക് ചെയ്ത ലോംഗ് സ്‌കര്‍ട്ടും ഷോര്‍ട്ട് ബ്ലൗസും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ തരംഗമാവുകയാണ്.

സാങ്കേതികവിദ്യകളുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രിന്റഡ് മ്യൂറല്‍ വര്‍ക്കുകള്‍ രംഗത്തു വന്നെങ്കിലും ഇത്തരം പ്രിന്റുകള്‍ക്ക് അധികകാലം ആയുസുണ്ടാവില്ല. അതുകൊണ്ടുതന്നെ വരച്ചെടുക്കുന്ന സാരികള്‍ക്ക് വിലയല്‍പം കൂടുതലാണെങ്കിലും അവയ്ക്കാണ് ആവശ്യക്കാര്‍ ഏറെ.

കലംകാരിക്ക് കൂട്ടായി ഇകാത്തും വാര്‍ളിയും

കേരള സാരികളില്‍ കലംകാരി ഇടംനേടിയിട്ട് രണ്ടു വര്‍ഷമായെങ്കിലും മലയാളികളുടെ കലംകാരി പ്രേമത്തിന് ഇപ്പോഴും കുറവു വന്നിട്ടില്ലെന്ന് ഗായത്രി പറയുന്നു. കലംകാരിക്കൊപ്പം തന്നെ വിപണിയില്‍ ഇടം പിടിച്ചിുള്ള മറ്റു താരങ്ങളാണ് ഇകാത്തും വാര്‍ളിയും മധുബനിയും. കേരള സാരിയുടെ ബോര്‍ഡറിലാകും ഇത്തരം പ്രിന്റുകള്‍ വരുന്നത്. ഇതേ പ്രിന്റുള്ള ബ്ലൗസും ടെറാക്കോ, മെറ്റല്‍ ആഭരണങ്ങളും കൂടിയാകുമ്പോള്‍ ഓണക്കോടി കൂടുതല്‍ സ്‌റ്റൈലിഷും ബോള്‍ഡും ആകും.

പുരുഷന്മാരും അണിഞ്ഞൊരുങ്ങട്ടെ

ഓണക്കോടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ മാത്രമല്ല, ഇപ്പോള്‍ പുരുഷന്മാരും വളരെ സെലക്ടീവാണ്. കൗമാരക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ ജുബ്ബയോ സില്‍ക് ഷര്‍ട്ടോ പോലുള്ള എത്‌നിക് വസ്ത്രങ്ങളാണ് ഓണത്തിനായി തെരഞ്ഞെടുക്കുന്നത്. ശിവനും മയില്‍പ്പീലിയും ഗണപതിയും കൃഷ്ണനും കഥകളി മുഖവുമൊക്കെയാണ് ഇവരുടെ ഇഷ്ടങ്ങള്‍. പോക്കറ്റിലും കോളറിലും ബട്ടണ്‍ ലൈനിലുമൊക്കെയാണ് ഇത്തരം വര്‍ക്കുകള്‍ ചെയ്യുന്നത്. ഷര്‍ട്ടിനു പുറമേ മുണ്ടിലും ഇപ്പോള്‍ ലൈറ്റ് വര്‍ക്കുകള്‍ ചെയ്യാറുണ്ട്.

ഒരുങ്ങാം, ഒരുപോലെ

അച്ഛന്റെയും അമ്മയുടേയും വസ്ത്രങ്ങള്‍പോലെയോ അവരുടെ വസ്ത്രങ്ങള്‍ക്ക് ഇണങ്ങുന്ന നിറത്തിലുള്ളവയോ കുട്ടികള്‍ക്കും എടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. കുടുംബത്തിലെ എല്ലാവര്‍ക്കും വേണ്ടി വസ്ത്രങ്ങള്‍ ഒരുക്കുന്നത് വളരെ രസകരമാണെന്നാണ് ഗായത്രിയുടെ അഭിപ്രായം. കുടുംബത്തിനു വേണ്ടി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അമ്മയുടെ സാരിക്കാണ് പ്രാധാന്യം നല്‍കുക. അതിലെ വര്‍ക്കിന് ചേരുന്ന രീതിയില്‍ അച്ഛന്റെയും കുട്ടികളുടേയും വസ്ത്രങ്ങള്‍ ഒരുക്കും. പെണ്‍കുട്ടികള്‍ക്കു പൊതുവായി പട്ടുപാവാടയോ കുഞ്ഞു ഫ്രോക്കുകളോ ഒരുക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്കായി ജുബ്ബയോ ഷര്‍ട്ടോ ആകും ഡിസൈന്‍ ചെയ്യുക.


പട്ടിന്റെ പകിട്ട്

ആഘോഷം ഏതായാലും പട്ടുസാരികള്‍ക്ക് എപ്പോഴും ആരാധകരുണ്ട്. കാഞ്ചീപുരം പട്ടില്‍ മ്യൂറല്‍ വര്‍ക്ക് ചെയ്യുന്നതിനാണ് ആവശ്യക്കാര്‍ അധികവും. കടും നിറമുള്ള പട്ടുസാരികളില്‍ കൂടുതലായി വരയ്ക്കുന്നത് രാജാ രവിവര്‍മ ചിത്രങ്ങളും കഥകളി മുഖങ്ങളുമൊക്കെയാണ്. പല്ലുവില്‍ ഹെവി വര്‍ക്ക് വരുന്നതിനാല്‍ സിംഗിള്‍ പ്ലീറ്റ് ഇടുമ്പോള്‍ സാരിയുടെ ലുക്ക് തന്നെ മാറിപ്പോകും. സാരിക്ക് കോണ്‍ട്രാസ്റ്റ് നിറമുള്ള സില്‍ക്ക് ബ്ലൗസും ട്രഡീഷണല്‍ ആഭരണങ്ങളുമാകുമ്പോള്‍ നിങ്ങളാകും ഓണാഘോഷ വേദിയിലെ താരം.

വെള്ളിക്കസവണിഞ്ഞ്

പരമ്പരാഗതമായി നാം ഉപയോഗിച്ചു വന്ന സ്വര്‍ണക്കസവുകള്‍ക്കൊപ്പം മലയാളികളുടെ മനസില്‍ ഇടം നേടുകയാണ് വെള്ളിക്കസവും. വെള്ളിക്കസവുള്ള സാരിയും സെറ്റുമുണ്ടും മുണ്ടും ഒക്കെ ഇതിനോടകം തന്നെ ട്രെന്‍ഡിംഗ് ആയി ക്കഴിഞ്ഞു. വെള്ളിക്കസവുള്ള വസ്ത്രങ്ങളില്‍ മ്യൂറല്‍ പെയിന്റിംഗും കലംകാരിയുമെല്ലാം കാണാം.

കണ്ണാടിയഴകില്‍ മുത്തും പവിഴവും

സാരിയേക്കാളേറെ ബ്ലൗസിലെ വര്‍ക്കിനാണ് എല്ലാവരും ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അധികം വര്‍ക്കില്ലാത്ത കേരള സാരിക്കൊപ്പം ഹെവി വര്‍ക്ക് ചെയ്ത ബ്ലൗസാണ് പുതിയ ട്രെന്‍ഡ്. ആരി വര്‍ക്കിനും മിറര്‍ വര്‍ക്കിനും ആവശ്യക്കാര്‍ ഒരുപോലെ. ബ്ലൗസിന്റെ ഇരു കൈകളിലും കഴുത്തിന്റെ ഭാഗത്തും മനോഹരമായി ആരി വര്‍ക്ക് ചെയ്ത് അവയ്ക്കിണങ്ങുന്ന ആഭരണങ്ങള്‍കൂടി അണിയുമ്പോള്‍ പെണ്ണിന് ചന്തം ഇരിയാകും.

ആഭരണങ്ങള്‍ക്കും വേണം, ക്ലാസി ടച്ച്

പരമ്പരാഗത ആഭരണങ്ങളേക്കാള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇപ്പോള്‍ പ്രിയം സാരിക്കിണങ്ങുന്ന കസ്റ്റമൈസ്ഡ് ആഭരണങ്ങളോടാണ്. ഇത്തരം ആഭരണങ്ങള്‍ സാരിക്കൊപ്പം സെറ്റായി പല ബുട്ടീക്കുകളും നല്‍കുന്നുണ്ട്. ഇവ ആവശ്യാനുസരണം ചെയ്തു കൊടുക്കുകയും ചെയ്യും. മുള, ചിരട്ട, ടെറാക്കോ ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇവ സാരിയിലെ വര്‍ക്കിന് ഇണങ്ങുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്‌തെടുക്കാം. വെള്ളിക്കസവുള്ള വസ്ത്രങ്ങള്‍ക്ക് ആഭരണങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും സ്വര്‍ണ നിറത്തിലുള്ളവ ഒഴിവാക്കാം. ബ്ലാക്ക് മെറ്റല്‍, ടെറാക്കോ എന്നിവയാകും വെള്ളിക്കസവുള്ള വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ഇണങ്ങുന്നത്.

തയാറാക്കിയത്
അഞ്ജലി അനില്‍കുമാര്‍

വിവരങ്ങള്‍ക്കു കടപ്പാട്
ഗായത്രി അനൂപ്
ശ്രീലയം ആര്‍ട്‌സ് ആന്‍ഡ് മ്യൂറല്‍സ്, തിരുവനന്തപുരം