വിസ്മയമൊരുക്കും ആഡംബര വീടുകള്‍
Friday, November 22, 2019 4:35 PM IST
ഒരു കുടുംബത്തിന് അത്യാവശ്യമായ സൗകര്യങ്ങളുള്‍ക്കൊള്ളിച്ച് പരിമിതമായ വിസ്തീര്‍ണ്ണമുള്ള ഒരു വീട് എന്ന സങ്കല്പത്തില്‍ നിന്ന് പലരും ഇന്ന് മാറിയിരിക്കുന്നു. ആഡംബര വീടുകളിലേക്ക് ചേക്കേറാനാണ് ഒരു വിഭാഗത്തിന് താത്പര്യം. വിശാലമായ സൗകര്യങ്ങളും നൂതനസാങ്കേതികവിദ്യകളും മറ്റുമുള്‍ക്കൊള്ളിച്ചുകൊണ്ട് മൂവായിരം ചതുരശ്രയടിക്ക് മുകളില്‍ വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന വീടുകളെയാണ് ആഡംബര വീടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
സൗകര്യങ്ങള്‍ ഏറെ
ഡ്രസ്സിംഗ് ഏരിയ, ടോയ്‌ലറ്റ്, ബാല്‍ക്കണി എന്നിവ അറ്റാച്ച് ചെയ്ത കിടപ്പുമുറികള്‍, വിസ്താരമേറിയ ഡൈനിംഗ് ഏരിയകള്‍, അലംകൃതമായ നടുമുറ്റങ്ങള്‍, അത്യാവശ്യം അടുക്കള സാമഗ്രികള്‍ ഒതുക്കി വയ്ക്കാനും കഴിക്കാനും മാത്രമായുള്ള മോഡേണ്‍/ ഐലന്‍ഡ് അടുക്കള, പാചകം ചെയ്യുന്നതിനും മറ്റുമായി വര്‍ക്ക് ഏരിയയോട് ചേര്‍ന്നുള്ള അടുക്കള, കുട്ടികള്‍ക്ക് കളിക്കുന്നതിനായി ഇന്‍ഡോര്‍ പ്ലേ ഏരിയ, വ്യായാമം ചെയ്യുന്നതിനായി മിനി ജിംനേഷ്യം, കുടുംബസമേതംവിനോദാസ്വാദനത്തിന് ഹോം തിയറ്റര്‍, വിനോദത്തിനും കുളിക്കുന്നതിനുമായി സ്വിമ്മിംഗ് പൂള്‍, നിലകളെ ബന്ധിപ്പിച്ച് ലിഫ്റ്റ് സൗകര്യം എന്നിവയൊക്കെ ഒരു സാധാരണ വീടിന്റെ ഭാഗമാവുമ്പോഴാണ് ആഡംബര വീട് എന്ന സങ്കല്പം ഉടലെടുക്കുന്നത്. ആയത് രൂപകല്പന ചെയ്യുക എന്നത് അല്പം ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്.
ഇത്തരം വീടുകളുടെ അനുബന്ധമായി വൈഫൈ സൗകര്യം, ഓട്ടോമേറ്റഡ് ഗേറ്റുകള്‍, ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റം മുതലായ നൂതന സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്താറുണ്ട്. നൂതന മെറ്റീരിയലുകള്‍ ഉപയോഗിച്ചുകൊണ്ട് സ്റ്റോര്‍/സംഭരണം എന്നിവ വൃത്തിയായി തുകള്‍ക്കടിയില്‍ ഷെല്‍ഫുകളാക്കി ചെയ്യുന്ന മോഡുലാര്‍ കിച്ചണ്‍ കണ്‍സെപ്റ്റും ഇത്തരം വീടുകളുടെ ഭാഗമാവാറുണ്ട്. അകത്തളങ്ങളില്‍ വില കൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിക്കുന്നതും ചുവരുകളില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്യുന്നതും നിലവിലെ രീതികളാണ്. മുറ്റം ഭംഗിയായി ലാന്‍ഡ് സ്‌കേപ്പ് ചെയ്ത് ഒരുക്കുന്നത് ആഡംബരമായി കാണാറില്ലെങ്കിലും കൊറിയന്‍ ഗ്രാസ്, കൃത്രിമ അരുവികളും കുളങ്ങളും, വലിയ പടിപ്പുരകള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തി ലാന്‍ഡ് സ്‌കേപ്പിംഗ് ചെയ്യുന്നത് ആഡംബരമായി മാറും.
രൂപകല്‍പ്പനയില്‍ ശ്രദ്ധ വേണം
ആഡംബരവീടുകള്‍ വിസ്തീര്‍ണം കൂടിയതിനാലും പ്ലോട്ട് ഏരിയ കൂടുതലായി ഉപയോഗിക്കുന്നതില്‍ കെട്ടിടനിര്‍മാണചങ്ങളുടെ നിയന്ത്രണമുള്ളതിനാലും നിലകളിലായി രൂപകല്പന ചെയ്യുന്നതാണ് ഉചിതം. ഉറച്ചമണ്ണില്‍ ഒറ്റനിലയില്‍ നിന്നും മുകളിലേക്ക് അനുസൃതമായി നിലകള്‍ കൂട്ടി ചെയ്യുമ്പോള്‍ അടിത്തറവണ്ണത്തിലും ആഴത്തിലും ആനുപാതികമായ വ്യത്യാസം വരുത്തുകയേ വേണ്ടൂ. നിലകള്‍ രണ്ടിലധികമാവുമ്പോള്‍ കോളം ബീം ഫ്രെയിംഡ് സ്ട്രക്ചര്‍ ആയി ചെയ്യുകയാണ് ഉചിതം. പല നിലകളായതിനാല്‍ അത്രയും ചതുരശ്രയടി ഭാഗത്ത് ഫ്‌ളോറിംഗ് മുതലുള്ള ചെലവുകള്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
വിസ്തൃതി കുറഞ്ഞ പ്ലോട്ടുകളാണെങ്കില്‍ ജിംനേഷ്യം, കളിസ്ഥലം, സ്വിമ്മിംഗ് പൂള്‍ എന്നിവ വീടിനുള്ളില്‍ തന്നെ ഒരുക്കേണ്ടി വരും. അത്തരം നിര്‍ാണപ്രവര്‍ത്തനങ്ങള്‍ ബേസ്‌മെന്റ് നിര്‍മ്മിച്ച് അതില്‍ സജ്ജീകരിക്കണം. ഈ സമയം ഒരു സ്ട്രക്ചറല്‍ എന്‍ജിനിയറുടെ സഹായവും വിദഗ്‌ധോപദേശവും തീര്‍ച്ചയായും തേടേണ്ടതാണ്. ചില സാഹചര്യങ്ങളില്‍ സ്വിിംഗ് പൂള്‍ ടെറസ് ഫ്‌ളോറില്‍ ചെയ്യേണ്ടി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിലൊക്കെ കോളം ബീം ഉപയോഗിച്ചുള്ള ഫ്രെയിംഡ് സ്ട്രക്ചറില്‍ വീട് നിര്‍ിക്കേണ്ടി വരും.
എല്ലാ അത്യാധുനിക സൗകര്യ സംവിധാനങ്ങളോടുകൂടിയ ആഡംബര വീടുകള്‍ നിര്‍ിക്കുമ്പോള്‍ ചെലവ് അത്യാഡംബരമാവാതെ ശ്രദ്ധിക്കണം. ഫിനിഷിംഗ് മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നതിലുള്ള കരുതലും ശ്രദ്ധയും ഒരു പരിധിവരെ ചെലവുകളിലുള്ള അത്യാഡംബരം ഒഴിവാക്കാന്‍ സഹായിക്കും.
ആഡംബരം പറഞ്ഞ് രാംസുഖ് ഭവന്‍
വീട് നിര്‍മാണത്തില്‍ ഏറ്റവും പ്രാധാന്യം വീട്ടുടമയുടെ നിര്‍ദേശങ്ങള്‍ക്കാണ്. അവരുടെ നിര്‍ദേശത്തിനനുസരിച്ച് അവരുടെ സാമ്പത്തിക ചുറ്റുപാടിനിണങ്ങുന്ന ഒരു വീട് നിര്‍മിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. പ്രാഥമിക ഡിസൈനുകളിലും കണ്‍സെപ്റ്റുകളിലും അനുയോജ്യമായ മാറ്റം വീട്ടുടമയുമായുള്ള ആശയവിനിമയശേഷം ഒരു ആര്‍ക്കിടെക്റ്റിനു നടത്താവുന്നതാണ്. ഏറ്റവും ചെലവു ചുരുങ്ങിയ വീട് മുതല്‍ ഏറ്റവും ചെലവു കൂടിയ വീടുവരെ ഇത്തരത്തില്‍ നിര്‍മിക്കാം.
ആഡംബര വീട് എന്നത് സത്യത്തില്‍ വീട്ടുടമയുടെ സ്വപ്‌നങ്ങളെ ആശ്രയിച്ചുള്ളതാണ്. സ്വന്തം വീട്ടില്‍ വേണ്ടുന്ന സൗകര്യങ്ങള്‍, വീടിന്റെ സൗന്ദര്യം തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തുന്ന കാഴ്ചപ്പാടാണ് വീടിനെ ആഡംബരവും അല്ലാത്തതുമാക്കി മാറ്റുന്നത്. അങ്ങനെ നോക്കുമ്പോള്‍ ആര്‍ക്കിടെക്റ്റ് ടി.വി. മധുകുമാര്‍ നിര്‍മിച്ച വീടുകളില്‍ ആഡംബരം എന്നു പറയാവുന്നതില്‍ ഒന്നാണ് കണ്ണൂരിലെ വ്യാപാരിയായ രാജസ്ഥാന്‍ സ്വദേശി അവനീഷ് പുരോഹിതിനും കുടുംബത്തിനും വേണ്ടി കണ്ണൂര്‍ തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിനു സമീപം നിര്‍മിച്ച രാംസുഖ് ഭവന്‍.

17 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കേണ്ടിയിരുന്നത്. ഒരു കൂട്ടുകുടുംബമെന്ന പോലെ സഹോദരങ്ങള്‍ക്കൊപ്പം താമസിക്കുന്ന അവനീഷിന്‍േറയും കുടുംബാംഗങ്ങളുടേയും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ആവശ്യങ്ങളും കോര്‍ത്തിണക്കിയപ്പോള്‍ ആഡംബരം എന്ന് വിളിക്കാവുന്ന വീടാണ് ആവശ്യമെന്ന് മനസിലാക്കാന്‍ സാധിച്ചു. ഒടുവില്‍ അവരുടെ സ്വപ്‌നം സാക്ഷാത്കരിച്ചപ്പോള്‍ കൃത്യമായി പറഞ്ഞാല്‍ 8,586 ചതുരശ്രയടി വീടിന്റെ മൊത്തം വിസ്താരമായി വേണ്ടിവന്നു. ഹോംതിയറ്റര്‍, ഇന്‍ഡോര്‍ കളിസ്ഥലം, നീന്തല്‍ക്കുളം, വലുപ്പമേറിയ കിടപ്പുമുറികള്‍, എല്ലാ നിലകളിലേക്കും ലിഫ്റ്റ് സൗകര്യം അടക്കമുള്ള എല്ലാ സൗകര്യങ്ങളും വീട്ടുടമ നിര്‍ദേശിച്ചിരുന്നു.
ഇങ്ങനെ എല്ലാ ആഡംബര സൗകര്യങ്ങളോടും കൂടി 17 സെന്റ് സ്ഥലത്ത് എല്ലാ കെട്ടിടനിര്‍മാണ ചട്ടങ്ങളും പാലിച്ച് ഒരു വീടെടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഏറെ ചര്‍ച്ചകള്‍ നടത്തിയ ശേഷം ബേസ്‌മെന്റും മൂന്നു നിലകളിലുമായി എല്ലാ സൗകര്യങ്ങളുമൊരുക്കി തയാറാക്കിയ പ്‌ളാന്‍ വീട്ടുടമ അംഗീകരിച്ചു. ബേസ്‌മെന്റ്, ഗ്രൗണ്ട്ഫ്‌ളോര്‍, ഒന്നാം നില, ടെറസ് ഫ്‌ളോര്‍ എന്നിങ്ങനെ എല്ലാ നിലകളുമായി ബന്ധപ്പെടുത്തി ലിഫ്റ്റും ഗോവണിപ്പടിയുമുണ്ട്.
ബേസ്‌മെന്റ് ഫ്‌ളോര്‍
1270 ചതുരശ്രയടി വിസ്താരമുള്ള ബേസ്‌മെന്റ്ഫ്‌ളോറില്‍ ഹോംതിയറ്ററും ഇന്‍ഡോര്‍ കളിസ്ഥലവുമാണ് പ്രധാനമായി ഒരുക്കിയിട്ടുള്ളത്. ഹോംതിയറ്റര്‍ കുടുംബാംഗങ്ങള്‍ക്കും വിരുന്നുകാര്‍ക്കും ഒരേ സമയം ഇരുന്ന് സിനിമ കാണാന്‍ പറ്റുന്ന രീതിയില്‍ വലുതായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൗണ്ട് ഫ്‌ളോര്‍
കാര്‍പോര്‍ച്ച്, സ്വീകരണ മുറി, അടുക്കള, ഡൈനിംഗ് ഏരിയ, അറ്റാച്ച്ഡ് ബാത്ത്‌റൂമുള്ള രണ്ട് വലിയ കിടപ്പുമുറികള്‍, പൂജാമുറി, കാര്‍പോര്‍ച്ചോടു കൂടിയ ഓഫീസ് മുറി, വര്‍ക്ക് ഏരിയയോടു കൂടിയ മറ്റൊരു അടുക്കള എന്നിവയാണ് 2765 ചതുരശ്രയടിയുള്ള ഗ്രൗണ്ട്ഫ്‌ളോറില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ പൂജാമുറി ഭൂമിയുമായി നേരിട്ട് ബന്ധമുള്ള സ്ഥലമായിരിക്കണം എന്നൊരു നിര്‍ബന്ധം വീട്ടുടമയ്ക്കുണ്ടായിരുന്നു. അതായത് പൂജാമുറിയില്‍ കയറി നില്‍ക്കുമ്പോള്‍ കാല്‍ സ്പര്‍ശിക്കുന്ന സ്ഥലം വായുസമ്പര്‍ക്കമില്ലാതെ ഭൂമിയുമായി നേരിട്ട് സ്പര്‍ശിക്കുന്നതാകണം. ഗ്രൗണ്ട്ഫ്‌ളോറിലെ പൂജാമുറിക്കും ബേസ്‌മെന്റിനുമിടയില്‍ വായുനിറഞ്ഞതാകരുത് എന്നു ചുരുക്കം. ആദ്യം ബേസ്‌മെന്റിലാണ് പൂജാമുറി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉടമയ്ക്ക് പൂജാമുറി ഗ്രൗണ്ട് ഫ്‌ളോറില്‍ തന്നെ വേണമെന്നുണ്ടായിരുന്നു. അതുകൊണ്ട് ബേസ്‌മെന്റില്‍ നിന്ന് ഒരു നിലയോളം റീടെയിനിംഗ് വാള്‍ കെട്ടി മണ്ണ് നിറച്ച് മുകളിലേക്കുയര്‍ത്തിയാണ് ഗ്രൗണ്ട്ഫ്‌ളോറില്‍ പൂജാമുറി പണിതിരിക്കുന്നത്.
ഒന്നാം നില
അറ്റാച്ച്ഡ് ബാത്ത്‌റൂമുള്ള മൂന്ന് കിടപ്പുമുറിയും (ഇതില്‍ രണ്ട് കിടപ്പുമുറികള്‍ക്ക് ബാല്‍ക്കണിയുമുണ്ട്), വലിയൊരു ഡ്രസിംഗ് റൂമും ഒരു പഠന മുറിയും ഒക്കെ 2,496 ചതുരശ്രയടിയിലായാണ് ഒന്നാം നിലയില്‍ ക്രമീകരിച്ചിുള്ളത്.
ടെറസ് ഫ്‌ളോര്‍
ഷവര്‍ റൂമുള്ള സ്വിമ്മിംഗ് പൂള്‍, മനോഹരമായ റൂഫ് ഗാര്‍ഡന്‍ എന്നിവ 2,055 ചതുരശ്രയടിയോടു കൂടിയ ഈ ടെറസ് ഫ്‌ളോറിലുണ്ട്.
ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് വീടിന്റെ നിലം ചെയ്തിരിക്കുന്നത്. ഗോവണിപ്പടികളും പാരപ്പെറ്റും വൈറ്റ് മാര്‍ബിളിലായതിനാല്‍ ഇവ കാഴ്ചയില്‍ ഏറെ മനോഹരമാണ്. വാതിലുകള്‍, ജനലുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഗുണമേന്‍മയുള്ള തേക്ക് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. സീലിംഗ് ചെയ്യാനുപയോഗിച്ചത് ജിംപ്‌സം ബോര്‍ഡാണ്. ചുമരുകളില്‍ പ്രകൃതിദൃശ്യചാരുതയേകുന്ന ചിത്രങ്ങള്‍ വരച്ചതിനാല്‍ കാഴ്ചയില്‍ ഏറെ സുന്ദരമാണ് അകത്തളങ്ങള്‍.
7300 ലിറ്റര്‍ മഴവെള്ളം ഉള്‍ക്കൊള്ളുന്ന സംഭരണിയും വീട്ടിലുണ്ട്. അതായത് വീട്ടില്‍ പതിക്കുന്ന മഴവെള്ളം അപ്പാടെ ശേഖരിച്ചുവയ്ക്കാന്‍ ഈ മഴവെള്ള സംഭരണിക്ക് സാധിക്കും. 2000 വാട്‌സ് സോളാര്‍ പാനല്‍ അടങ്ങുന്ന അഞ്ചു കിലോവാട്ടിന്റെ സോളാര്‍ ഇന്‍വേര്‍ട്ടറും വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. അതിനാല്‍ ആഡംബരത്തോടൊപ്പം പ്രകൃതി സൗഹൃദ വീടെന്നും രാംസുഖ് ഭവനെ വിശേഷിപ്പിക്കാവുന്നതാണ്.
ടി.വി. മധുകുമാര്‍
ചീഫ് ആര്‍കിടെക്റ്റ്, എം. കുമാര്‍ ആര്‍കിടെക്റ്റ്‌സ്, കണ്ണൂര്‍
തയാറാക്കിയത്: ഷിജു ചെറുതാഴം