ദേവനന്ദ മിടുക്കിയാണ്
ദേവനന്ദ മിടുക്കിയാണ്
Wednesday, April 1, 2020 5:04 PM IST
മലയാള സിനിമയിലെ മികച്ച ബാലതാരങ്ങളുടെ പട്ടികയിലേക്ക് ഒരു കൊച്ചു മിടുക്കി കൂടി. തൊട്ടപ്പന്‍ ഉള്‍പ്പെടെ ഏതാനും സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ ആലുവയില്‍ നിന്നുള്ള ആറു വയസുകാരി ദേവനന്ദയ്ക്ക്, ദിലീപിന്റെ 'മൈ സാന്റ' കരിയറിലെ ശ്രദ്ധേയ വഴിത്തിരിവാകുകയാണ്. കാണികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ അന്ന എന്ന കഥാപാത്രത്തെയാണു മൈ സാന്റയില്‍ ദേവനന്ദ അനശ്വരമാക്കിയത്. നായകന്‍ ദിലീപിന്റെ അര്‍ബുദരോഗ ബാധിതയായ മകളാണ് അന്ന. തലമുടിയില്ലാതെ രോഗക്കിടക്കയിലുള്ള അഭിനയം ഈ കൊച്ചുമിടുക്കിയുടെ അഭിനയമികവ് അടയാളപ്പെടുത്തുന്നു. അന്നയുടെയും കൂട്ടുകാരി ഐസയുടെയും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഹൃദ്യമായി ആവിഷ്‌കരിക്കപ്പെടുന്നതാണു സിനിമ. ഐസയുടെ അടുത്തു തന്റെ പപ്പ (ദിലീപ്) സാന്റയായി എത്തണമെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതും ശേഷം അന്ന മരണത്തിലേക്കു യാത്രയാവുന്നതുമെല്ലാം കാണികളുടെ മനസില്‍ മായാത്ത കാഴ്ചകളാണ്.

സുന്ദരിക്കുട്ടി

2018ലെ പ്രിന്‍സ് പുപാവാട സുന്ദരിക്കുട്ടി മത്സരത്തില്‍ കിരീടം നേടിയ ദേവനന്ദ ഗോ ഗ്രീന്‍ സോളാറിന്റെ പരസ്യചിത്രത്തിലൂടെ മോഡലിംഗിലേക്കെത്തി. ഗപ്പി സിനിമയുടെ സഹസംവിധായകരായ ശരണും ജിത്തുവുമാണു പരസ്യചിത്രമൊരുക്കിയത്. ശേഷം പ്രിന്‍സ് പുപാവാട, കാള്‍ന്‍ ഫിലിംസ്, കെ.പി. നമ്പൂതിരീസ്, ഹോണ്ട ആക്ടിവ 6ജി എന്നിവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. സൂര്യ ടിവിയിലെ കുട്ടിപ്പാചകം പരിപാടിയെ മികച്ചതാക്കുന്നതില്‍ ദേവനന്ദയുടെ സാന്നിധ്യമുണ്ടായിരുന്നു.

ലുലു ഫാഷന്‍ വീക്കിലെ കുട്ടികള്‍ക്കായുള്ള റാംപില്‍ ദേവനന്ദയുടെ മികച്ച പ്രകടനം വിധികര്‍ത്താക്കളുടെയും സദസിന്റെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റില്‍ ഷോ സ്‌റ്റോപ്പറായിരുന്നു ദേവനന്ദ. ഇന്ത്യന്‍ ഫാഷന്‍ ലീഗിലേക്കും ഇന്ത്യന്‍ കിഡ്‌സ് ഫാഷന്‍ ഫെസ്റ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊച്ചുടിവിയുടെ വിവിധ എന്റര്‍ടെയിന്‍മെന്റ് ഷോകളിലും ദേവനന്ദ തിളങ്ങി. തൊട്ടപ്പന്‍ സിനിമയില്‍ വിനായകന്റെ മകള്‍ സേറയായി ദേവനന്ദ മികച്ച പ്രകടനമാണു നടത്തിയത്.

പ്രോത്സാഹനവുമായി മാതാപിതാക്കള്‍

ആലുവയില്‍ ടെക്സ്റ്റയില്‍സ് ബിസിനസ് രംഗത്തുള്ള എസ്. ജിബിന്റെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രീത ജിബിന്റെയും മകളാണു ദേവനന്ദ. ദിലീപങ്കിളിനൊപ്പമുള്ള സിനിമ ചിത്രീകരണ സമയങ്ങള്‍ സന്തോഷകരമായിരുന്നെന്നു ദേവനന്ദ പറഞ്ഞു. ഊട്ടിയിലായിരുന്നു ഷൂട്ടിംഗ്.


ജിബിന്‍ പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്. സംഭാഷണങ്ങള്‍ ആവര്‍ത്തിപ്പിച്ചു പരിശീലിപ്പിക്കുന്നതും ജിബിനാണ്. സിനിമാ സാംസ്‌കാരിക രംഗത്തുള്ളവരുമായി ജിബിന്റെ സൗഹൃദങ്ങളും ദേവനന്ദയുടെ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. പഠനത്തിനൊപ്പം സിനിമയിലും ദേവനന്ദയ്ക്കു പ്രോത്സാഹനം നല്‍കുകയാണു ലക്ഷ്യമെന്നു ജിബിന്‍ പറയുന്നു.



പ്രതീക്ഷയോടെ

പുത്തന്‍ പ്രതീക്ഷയോടെ പുതിയ സിനിമകളിലേക്കു കടക്കുകയാണു ദേവനന്ദ. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2403 ഫീറ്റില്‍ അഭിനയിക്കുകയാണു ദേവനന്ദ ഇപ്പോള്‍. ടോവീനോ നായകനായ സിനിമയില്‍ ജയസൂര്യ ഉള്‍പ്പെടെ വലിയ താരനിരയുണ്ട്. വിജയ് യേശുദാസ് അഭിനയിച്ച് അഞ്ചു ഭാഷയില്‍ റിലീസ് ചെയ്യുന്ന ത്രി ഡി സിനിമ സാല്‍മണിലും ദേവനന്ദയ്ക്കു ശ്രദ്ധേയമായ വേഷമുണ്ട്.

കളമശേരി രാജഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ദേവനന്ദ പഠനത്തിലും ഒന്നാമതാണ്. ശ്രദ്ധേയമായ വിവിധ വേദികളില്‍ ദേവനന്ദയെ അവതരിപ്പിക്കാനും നേട്ടങ്ങളിലേക്കു കൈപിടിക്കാനും മാതാപിതാക്കള്‍ക്കൊപ്പം അധ്യാപകരും പ്രോത്സാഹനമായുണ്ട്.

ഹൃദയത്തില്‍ തൊ ഡയലോഗ്

'പപ്പ പോയി വരുവോളം അന്ന ഉറങ്ങാതെ കാത്തിരിക്കും. ഉറങ്ങിപ്പോയാ വിളിക്കണേ; ഐസയുടെ അടുത്തുപോയതിന്റെ വിശേഷങ്ങളൊക്കെ പറയണേ...'

മരണനിമിഷങ്ങളിലേക്കു യാത്രയാകും മുമ്പേ അന്നയുടെ ഇടറുന്ന വാക്കുകള്‍ നെഞ്ചിടിപ്പോടെയാണു പ്രേക്ഷകര്‍ കേട്ടത്. തിയറ്ററുകളില്‍ പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചു കണ്ട രംഗങ്ങളായിരുന്നു അത്. അടുത്ത ഷോട്ട് ചേതനയറ്റ് മോര്‍ച്ചറിയില്‍ കിടക്കുന്ന അന്നയുടേതു കൂടിയായപ്പോള്‍ പലരുടെയും കണ്ണുകള്‍ നനഞ്ഞു. അന്നയെയും ആ കഥാപാത്രത്തെ മികവോടെ ആവിഷ്‌കരിച്ച ദേവനന്ദയെയും ആസ്വാദകഹൃദയങ്ങളില്‍ അഭിമാനത്തോടെ കുറിച്ചാണു പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടത്.

നിറഞ്ഞ പുഞ്ചിരിയുമായി മോഡലിംഗിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ഏതാനും സിനിമകളിലൂടെയും ഇതിനകം ശ്രദ്ധ നേടിയിട്ടുള്ള ദേവനന്ദയുടെ കരിയറിലെ മികച്ച കഥാപാത്രമാണു മൈ സാന്റയിലെ അന്ന. ഇതിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരമാകുന്ന ബേബി ദേവനന്ദ മലയാള സിനിമയിലെ പുതു പ്രതീക്ഷയാവുകയാണ്.

സിജോ പൈനാടത്ത്