ജീവിതപ്രതിസന്ധികളെ നേരിടാം; വിജയകരമായി
ജീവിതപ്രതിസന്ധികളെ നേരിടാം; വിജയകരമായി
Tuesday, June 9, 2020 3:02 PM IST
ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടില്ലാത്തവരായി ആരും കാണുകയില്ല. ഓരോ പ്രതിസന്ധിയും ഒരു അനുഭവമായി കരുതിയാല്‍ നമുക്ക് അവയെ നേരിടാനുള്ള ശക്തിയും ബുദ്ധിയും കൈവരും. പ്രതികൂലത്തെ കണ്ടു തളരാതെ അവയെ നേരിടാനായി പുതിയ വഴികള്‍ ആലോചിക്കണം. എന്തുകൊണ്ട് എനിക്കു മാത്രം ഈ പ്രശ്‌നം എന്നു ചിന്തിച്ചിരുന്നാല്‍ നമ്മുടെ മനഃശക്തി നഷ്ടപ്പെടുകയും ആ പ്രശ്‌നത്തോടുതന്നെ നിഷേധാത്മകമായ മനോഭാവം രൂപപ്പെടുകയും ചെയ്യും. അതിന്റെ അനന്തരഫലമോ പരാജയമായിരിക്കും.

നിങ്ങളുടെ പ്രതികൂലത്തെ ഒരു വലിയ സംഭവമായി പര്‍വതീകരിച്ചുകാണാതെ നിങ്ങളില്‍ തന്നെ വിശ്വസിക്കുക. എനിക്കിതിനെ നേരിടാനാവും, ഞാന്‍ ഇതു തരണം ചെയ്യും എന്നു നിങ്ങളോടുതന്നെ ആവര്‍ത്തിച്ചു പറയുക. എല്ലാ പ്രായക്കാരും ഒരുപോലെ വെല്ലുവിളികള്‍ അനുഭവിക്കുന്നു. ചിലര്‍ക്ക് ശാരീരികമായ വെല്ലുവിളികളാണെങ്കില്‍ ചിലര്‍ക്കു മാനസികമായ പ്രശ്‌നങ്ങളായിരിക്കും.

രഘുവിന്റെ ജീവിതം

രഘുവിന്റെ കഥതന്നെ നോക്കാം. അവന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു കൗമാരക്കാരനായിരുന്നു. കൂട്ടുകാരുമൊത്ത് കുളിക്കാനായി കുളത്തിലിറങ്ങിയതാണ്. എന്നാല്‍, മുങ്ങിപ്പോയി. കുറെ സമയത്തിനുശേഷമാണ് അവനെ മറ്റുള്ളവര്‍ക്ക് കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനങ്ങളൊക്കെ ചെയ്‌തെങ്കിലും അവന്റെ തല ഒരു കല്ലില്‍ ഇടിച്ചു ക്ഷതമുണ്ടായത് ആരും ശ്രദ്ധിച്ചില്ല. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെയെത്തുമ്പോഴേക്കും അവന്റെ ബോധം നഷ്ടപ്പെിരുന്നു. അനേക ദിവസങ്ങള്‍ അവിടെ കിടത്തി ചികിത്സിച്ചതിന്റെ ഫലമായി ജീവന്‍ തിരിച്ചുപിടിക്കാനായെങ്കിലും ആ ക്ഷതം അവന്റ ഓര്‍മശക്തിയെയും സ്വഭാവത്തെയും സാരമായി ബാധിച്ചു.

പിന്നീട് പഠിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എന്നാല്‍, അധ്യാപകരും മാതാപിതാക്കളും അവനെ സഹായിച്ചു. അവന്‍ നിരാശയുടെ പടുകുഴിയിലേക്കു നീങ്ങുകയായിരുന്നു. അപ്പോഴാണ് ബാലന്‍മാഷ് അവന്റെ അടുത്തെത്തുന്നത്. ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും ഓരോ വെല്ലുവിളിയും ആത്മവിശ്വാസത്തോടെ നേരിടണമെന്നും മാഷ് ഓര്‍മിപ്പിച്ചു. എന്നാല്‍, ഇതൊന്നും രഘുവിന്റെ തലയില്‍ കയറിയില്ല. അവന്‍ വാവിട്ടു കരയാന്‍ തുടങ്ങി. പിന്നീടുള്ള പല ദിവസങ്ങളിലും അവന്‍ തന്റെ മുറിയില്‍ തന്നെ ഒതുങ്ങിക്കൂടി. ബാലന്‍മാഷ് അവനെ മനോരോഗ വിദഗ്ധന്റെ അടുത്തെത്തിച്ചു. അവന്റെ വിഷാദരോഗം ചികിത്സിച്ചു. പിന്നെ എന്നും രാവിലെ മാഷ് അവനെ കാണാന്‍ ചെല്ലും. കൃത്യമായി മരുന്നുകൊടുത്തു. രാവിലെ നേരത്തെ എണീറ്റു പഠിക്കുവാന്‍ പരിശീലിപ്പിച്ചു. പലപ്പോഴും താന്‍ പരീക്ഷയില്‍ തോല്‍ക്കുമെന്നു രഘു പറയുമ്പോള്‍ മാഷ് അവനെ ഉത്സാഹിപ്പിക്കും. പല മഹാന്മാരുടെയും ജീവിതകഥകള്‍ പറഞ്ഞുകൊടുക്കും. രാവിലെ അവനുമായി നടക്കാന്‍ പോകും. കൃത്യമായി പഠിക്കാന്‍ ഉത്സാഹിപ്പിച്ചു. മറന്നുപോകുവാനിടയുള്ള സമവാക്യങ്ങള്‍ വീണ്ടും വീണ്ടും എഴുതി പഠിക്കുവാന്‍ പറഞ്ഞു.

തളരാത്ത വീര്യവുമായി ബാബു

ഒരിക്കല്‍ തന്റെ സഹപാഠിയായ ബാബുവിന്റെ വീട്ടില്‍ പോകാന്‍ മാഷ് രഘുവിനെ നിര്‍ബന്ധിച്ചു. അവിടെ ഇരുവരും കൂടി പോയി. ഒരപകടത്തില്‍ രണ്ടുകാലും നഷ്ടപ്പെട്ട ബാബുവിനെയാണ് അവിടെ കാണിച്ചുകൊടുത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ രണ്ടു കാലുകളും നഷ്ടപ്പെപ്പോള്‍ താന്‍ തളരാതെ കൈകളാല്‍ ചെയ്യാവുന്ന പല പണികളും ചെയ്തു കുടുംബം പുലര്‍ത്തിയതായി ബാബു ഓര്‍മിപ്പിച്ചു. ഇപ്പോള്‍ താന്‍ നന്നായി ചിത്രം വരച്ച് അതു വിറ്റുകിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തുന്നു. ബാബുവിന്റെ വാക്കുകള്‍ രഘുവിന് കരുത്തു നല്‍കി. ജീവിതത്തില്‍ വളരണമെങ്കില്‍ വെല്ലുവിളികളെ ഏറ്റെടുക്കണം. അനുഭവങ്ങളിലൂടെയാണ് വളര്‍ച്ച സാധ്യമാകുന്നത്. ഈ വാക്കുകള്‍ രഘുവിനെ ബലപ്പെടുത്തി.

ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലേക്ക്

അവന്‍ വീട്ടില്‍ പോയി ചില നല്ല തീരുമാനങ്ങളെടുത്തു. താന്‍ ഇനി തന്നെക്കുറിച്ചു തന്നെ മോശമായി ഒന്നും സംസാരിക്കുകയില്ല എന്നതായിരുന്നു ഒന്നാമത്തെ തീരുമാനം. തനിക്ക് ഉത്തേജകമായിുള്ള വാക്കുകള്‍ ഭിത്തിയില്‍ എഴുതിവച്ചാണ് പഠിക്കാനാരംഭിച്ചത്.


പലതും മറന്നുപോയി. തന്നോടു നിഷേധാത്മകമായ കാര്യങ്ങള്‍ പറയുന്നവരെ അവന്‍ ഒഴിവാക്കി. നല്ല കൂട്ടുകാരോടൊപ്പം കൂട്ടുകൂടാന്‍ ആരംഭിച്ചു. തന്റെ മുന്നിലുള്ളത് (പഠനം) വളരെ വലിയ ഒരു കാര്യമാണെന്നും ചിലപ്പോഴൊക്കെ തന്നെ മുരടിപ്പിക്കുന്നതും അവന്‍ തിരിച്ചറിഞ്ഞു. എങ്കിലും ലക്ഷ്യത്തിലേക്കു നോക്കി പഠിക്കാന്‍ ആരംഭിച്ചു. അവന്‍ ഇടയ്ക്ക് തന്നോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിച്ചു? ഇതൊരു വെല്ലുവിളിയാണോ? എനിക്ക് ഇതില്‍ വിജയിക്കാനാവുമെന്ന് ഞാന്‍ കരുതുന്നുണ്ടോ? ഞാന്‍ ജയിച്ചാല്‍ എന്തു സംഭവിക്കും? പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും?

താന്‍ പരാജയപ്പെടില്ല എന്ന ദൃഢനിശ്ചയം അവനുണ്ടായിരുന്നു. ഇനി എങ്ങാനും തോറ്റാലും വീണ്ടും പരീക്ഷ എഴുതും എന്ന് അവന്‍ ഉറച്ചു തീരുമാനിച്ചു. തന്റെ പ്രശ്‌നം മറ്റാര്‍ക്കും പരിഹരിക്കാനാവില്ലെന്നും ദൈവം തന്റെ പക്ഷത്തുണ്ടെന്നും അവന്‍ വിശ്വസിച്ചു. തന്റെ പരിമിതികള്‍ അറിഞ്ഞുകൊണ്ടു തന്റെ പരിശ്രമം തുടര്‍ന്നു. ഒടുവില്‍ പരീക്ഷ വന്നു. അവന്‍ പഠിച്ചതെല്ലാം വീണ്ടും ഒന്നുകൂടെ പഠിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി. ഒടുവില്‍ പരീക്ഷാഫലം വന്നപ്പോള്‍ അവന്‍ ജയിച്ചു. അവന്റെ കൂട്ടുകാരും വീട്ടുകാരുമെല്ലാം വളരെ സന്തോഷിച്ചു.

നിരാശ വെടിയാം

ഓരോ പ്രതിസന്ധിയിലും തളരാതെ മുന്നോട്ടു പോകാന്‍ കഴിയണം. ഒരിക്കലും നിരാശപ്പെടരുത്. നിങ്ങള്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ തന്നെ അതിനെ മറികടക്കാനുള്ള ഒന്നാമത്തെ പടി കയറിക്കഴിഞ്ഞു. ഒരിക്കലും ഒഴിഞ്ഞുമാറരുത്. ഈ പാഠം തന്റെ കുഞ്ഞിനെ പഠിപ്പിക്കാനായി ഒരച്ഛന്‍ ഉദാഹരണം കാണിച്ചുകൊടുത്തു. അദ്ദേഹം ചില ഉരുളക്കിഴങ്ങുകള്‍ തിളച്ച വെള്ളത്തിലിട്ടു. പിന്നെ മറ്റൊരു പാത്രത്തില്‍ ഒരു കോഴിമുട്ടയിട്ടു വെള്ളം തിളപ്പിച്ചു. മറ്റൊരു പാത്രത്തില്‍ വെള്ളമെടുത്ത് തിളപ്പിച്ചിട്ട് കുറച്ച് കാപ്പിപ്പൊടിയിട്ടു. എന്നിട്ട് ആ കുട്ടിയോട് ഇതിലെന്തു കാണുന്നുവെന്നു ചോദിച്ചു. മൂന്നു പേര്‍ക്കും ഒരേ പ്രതിസന്ധി നല്‍കപ്പെു (ചൂടുള്ള വെള്ളം). എന്നാല്‍, ഉരുളക്കിഴങ്ങ് മയപ്പെട്ടു, മുട്ട കൂടുതല്‍ ദൃഢമായി, കാപ്പിപ്പൊടി ആ വെള്ളത്തെതന്നെ മാറ്റിമറിച്ചു. പ്രതിസന്ധിയോടുള്ള നമ്മുടെ മനോഭാവം ഇതായിരിക്കണമെന്ന് അച്ഛന്‍ കുഞ്ഞിനെ പറഞ്ഞു മനസിലാക്കി. ഓരോ പ്രശ്‌നത്തില്‍ നിന്നും നാം എന്തു പഠിച്ചു, നാമെങ്ങനെ വളര്‍ന്നു എന്നതാണ് പ്രധാനം.

മുന്‍പ് പ്രതിസന്ധികളിലൂടെ കടന്നുപോയ പലരുടെയും കഥകള്‍ വായിക്കാം. നിങ്ങളുടെ പരിതസ്ഥിതി ഒന്ന് അവലോകനം ചെയ്യണം. ബുദ്ധിയുള്ള മുതിര്‍ന്നവരോട് അഭിപ്രായം ചോദിക്കാം. ചില പ്രശ്‌നങ്ങളില്‍ മറ്റുള്ളവരില്‍നിന്നും സഹായം നേടുന്നതില്‍ മടിക്കേണ്ടതില്ല. നിങ്ങളെത്തന്നെ അറിയുക. നിങ്ങളുടെ പരിമിതികള്‍, കഴിവുകള്‍, സാഹചര്യങ്ങള്‍ ഇവയറിയുക. ഓരോ പ്രശ്‌നത്തിനും അതു നേരിടാനായി ഒരു രൂപരേഖ മനസില്‍ വരയ്ക്കണം. ഓരോ പ്രതികൂലാവസ്ഥയും വളര്‍ച്ചയുടെ ഒരവസരമായി കാണുക. വളരാനായി ആഗ്രഹിക്കണം. മാറ്റങ്ങളെ സ്വീകരിക്കുക. നാളെയെക്കുറിച്ച് ആകുലത വേണ്ട.

വെല്ലുവിളിയുടെ പരിണിത ഫലത്തിലേക്ക് നോക്കാതിരിക്കുക. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ കീഴ്‌പ്പെടുത്താതിരിക്ക.െ നിങ്ങള്‍ക്ക് ഇതിന്റെ മുകളില്‍ പറക്കാനുള്ള കഴിവുകളുണ്ടെന്നറിയുക. ചില പ്രശ്‌നങ്ങള്‍ കുറെ സമയമെടുത്ത് മാത്രമേ പരിഹരിക്കാനാവൂ. ശുഭാപ്തി വിശ്വാസവും സ്ഥിരോത്സാഹവും ദീര്‍ഘവീക്ഷ ണവും കഠിനാധ്വാനവും നിങ്ങളെ വിജയത്തിലെത്തിക്കും തീര്‍ച്ച.

ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, എസ്.എച്ച് മെഡിക്കല്‍ സെന്റര്‍,
നാഗമ്പടം, കോട്ടയം