അനന്തപുരിയുടെ അമരത്ത്
അനന്തപുരിയുടെ അമരത്ത്
ഓള്‍ സെയിന്റ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറിയ ഉത്തരവാദിത്തമല്ല. തിരുവനന്തപുരം നഗരത്തിന്റെ ഭരണത്തലപ്പത്തേക്ക് എത്തുമ്പോള്‍ ബാലസംഘത്തിലും എസ്എഫ്‌ഐയിലുമുള്ള പ്രവര്‍ത്തന പരിചയമാണ് ആര്യയുടെ കൈമുതല്‍. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ ഈ ഇരുപത്തിയൊന്നുകാരിയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...

പാര്‍ട്ടിയിലേക്കുള്ള വഴി

ഓര്‍മവച്ച കാലം മുതല്‍ അച്ഛന്‍ പാര്‍ട്ടി അംഗമാണ്. അച്ഛന്‍ എടുത്തിട്ടുള്ള നിലപാടുകള്‍ തന്നെയാണ് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നതിനു പ്രേരിപ്പിച്ചത്. അച്ഛന് എന്നും പാര്‍ട്ടിയെ വിശ്വാസമാണ്. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കണമെന്നോ അത് സിപിഎം ആകണമെന്നോ അച്ഛന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. ഇടതുപക്ഷമാണ് ശരിയെന്ന് ചെറുപ്പം മുതല്‍ മനസിലാക്കിയിട്ടുണ്ട്. എസ്എഫ്‌ഐയിലേക്കും ബാലസംഘത്തിലേക്കുമെല്ലാം എത്തുന്നത് അങ്ങനെയാണ്. ബാലസംഘവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. കഴിഞ്ഞ പ്രളയകാലത്ത് സ്‌നേഹക്കുടുക്കകള്‍ എന്ന പേരില്‍ കുട്ടികളുടെ ചെറിയ സംഭാവനകള്‍ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമുള്ള അവസരവും കരുത്തും ലഭിച്ചത് എസ്എഫ്‌ഐയിലെ പ്രവര്‍ത്തനം കൊണ്ടാണ്.

തെരഞ്ഞെടുപ്പു രാഷ്ട്രീയം

വിദ്യാര്‍ഥിനിയായ ഞാന്‍ എങ്ങനെയാണ് കോര്‍പറേഷനില്‍ സ്ഥാനാര്‍ഥിയായതെന്ന ചോദ്യം ആദ്യം പലരും ചോദിച്ചിരുന്നു. ഒരുപക്ഷേ ബാലസംഘവും എസ്എഫ്‌ഐയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തന മികവായിരിക്കാം പാര്‍ട്ടി പരിഗണിച്ചത്. ഉത്തരവാദിത്വങ്ങള്‍ നല്ലരീതിയില്‍ ചെയ്യുന്നുവെന്ന ധാരണ പാര്‍ട്ടിക്കുണ്ടായിരിക്കണം. പാര്‍ട്ടി നോക്കുന്നത് വ്യക്തിയെ അല്ല, മറിച്ച് പ്രവര്‍ത്തന മികവാണ്. കോര്‍പറേഷന്‍ ഭരണത്തിലാണെങ്കില്‍പോലും എടുക്കുന്ന തീരുമാനങ്ങള്‍ ഒറ്റയ്ക്ക് എടുക്കേണ്ട തീരുമാനങ്ങളാണെന്ന ചിന്ത എനിക്കില്ല. ജനങ്ങളുടെയും കൂടെ പ്രവര്‍ത്തിക്കുന്നവരുടെയുമെല്ലാം അഭിപ്രായങ്ങളും ആശയങ്ങളും ആ തീരുമാനങ്ങളിലുണ്ടാകണം. ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു വിഭാഗം യുവജനങ്ങളുണ്ട്. അവര്‍ നല്ല ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ളവരാണ്. മുതിര്‍ന്ന അംഗങ്ങളും നിരവധിയാണ്. അവരുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണ്. എന്റെ നഗരത്തെക്കുറിച്ച് എനിക്കൊരു കാഴ്ചപ്പാടുണ്ട്. എന്റെ നഗരം സുന്ദരമായിരിക്കണം.

പക്വത തീരുമാനിക്കുന്നതു പ്രായമല്ല

പ്രായം പക്വതയെ തീരുമാനിക്കുന്ന ഘടകമാണെന്ന വിശ്വാസം എനിക്കില്ല. യുവജനങ്ങള്‍ക്ക് അവസരം നല്‍കുന്നതുവഴി പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കുന്നതിനുള്ള പാര്‍ട്ടിയുടെ തീരുമാനം മികച്ചതാണെന്നു വേണം പറയാന്‍.

പദവിയും പഠനവും ഒരുമിച്ച്

പുതിയ ഉത്തരവാദിത്തത്തോടൊപ്പം പഠനവും കൊണ്ടുപോകാനാണ് എനിക്കു താല്‍പര്യം. മേയറായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം കഴിഞ്ഞ ദിവസം കോളജില്‍ പോയിരുന്നു. അധ്യപകരും സഹപാഠികളുമെല്ലാം വളരെ സ്‌നേഹമുള്ളവരാണ്. ഒരു വിദ്യാര്‍ഥിനിയെന്ന നിലയില്‍ തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടുതേടി വീടുകള്‍ കയറുമ്പോഴും വിദ്യാര്‍ഥിയെന്ന സ്‌നേഹവും പരിഗണനയും ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും പഠനം നിര്‍ത്തരുതെന്ന് അവര്‍ ഓര്‍മിപ്പിച്ചിരുന്നു. ഒരു വിദ്യാര്‍ഥിനി എന്ന നിലയിലുള്ള സ്വീകാര്യത വലുതാണ്. വഴുതക്കാട് കാര്‍മലില്‍ പഠിച്ചിരുന്നപ്പോള്‍ പാട്ടിനും ഡാന്‍സിനുമെല്ലാം മുന്നിലുണ്ടായിരുന്നു. ബാന്‍ഡ് മേളത്തില്‍ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

മാംസാഹാരം പ്രിയം

ഭക്ഷണ കാര്യങ്ങളില്‍ വലിയ വാശിയൊന്നുമില്ലെങ്കിലും ആര്യ മാംസാഹാര പ്രിയയാണെന്ന് അമ്മ ശ്രീലത പറയുന്നു. പച്ചക്കറി വിഭവങ്ങളോടൊന്നും വലിയ താല്‍പര്യമില്ല. മത്സ്യം, മാംസ്യം, മുട്ട വിഭവങ്ങള്‍ എല്ലാം ഇഷ്ടം. വിശേഷ ദിവസങ്ങളിലൊക്കെ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാന്‍ താല്‍പര്യമാണെങ്കിലും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി രാവിലെ തന്നെ ഇറങ്ങിത്തിരിക്കുകയാണ് പതിവ്. ആര്യയ്ക്കു പിണക്കമോ വാശിയോ ഒന്നുമില്ല. താന്‍ രാവിലെ പുറത്തു പോകുന്ന ദിവസമാണെങ്കില്‍ ആര്യയാണ് അടുക്കള ഭരണം നിര്‍വഹിക്കുന്നത് അമ്മ പറയുന്നു.

സ്‌കൂട്ടര്‍ ഓടിക്കും, ലൈസന്‍സില്ല!!

സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാമെങ്കിലും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിനാല്‍ വീടിനു ചുറ്റുമുള്ള ചെറിയ കറക്കമേ ആര്യയ്ക്കുള്ളൂ. അടുത്തുള്ള കടയില്‍ പോയി വല്ല സാധനങ്ങളുമൊക്കെ വാങ്ങിവരും. മിക്കവാറും അച്ഛന്റെ പിന്നിലിരുന്നായിരുന്നു ആര്യയുടെ സ്‌കൂട്ടര്‍ യാത്രകള്‍.

കുടുംബകാര്യം

മുടവന്‍മുഗള്‍ കേശവദേവ് റോഡിലെ രമാലയം എന്ന വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്. ഇലക്ട്രീഷ്യനായ രാജേന്ദ്രനാണ് അച്ഛന്‍. അമ്മ ശ്രീലത എല്‍ഐസി ഏജന്റാണ്. ജ്യേഷ്ഠ സഹോദരന്‍ അരവിന്ദ് എന്‍ജിനിയറിംഗ് പഠനത്തിനുശേഷം അബുദാബിയില്‍ ജോലി ചെയ്യുന്നു. കോര്‍പറേഷന്‍ മേയര്‍ ആയതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍, പെരുമ്പടവം ശ്രീധരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശംസകള്‍ അറിയിച്ച് വിളിച്ചിരുന്നു.

റിച്ചാര്‍ഡ് ജോസഫ്‌