മോറിസ് സാറും കരയുന്ന തെങ്ങും
മോറിസ് സാറും കരയുന്ന തെങ്ങും
Saturday, February 1, 2020 3:50 PM IST
ഞായറാഴ്ച വൈകുന്നേരം മകന്റെ കൂടെ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രസകരമായ സംശയവുമായി ഇത്തവണ മോറിസ് സാര്‍ എത്തിയത്. ''എടോ...വീട്ടിലെ ഒരു തെങ്ങ് കരയുന്നടോ...'' ഇതായിരുന്നു മോറിസ് സാര്‍ ഉന്നയിച്ച കാര്യം. '' തെങ്ങ് കരയുകയോ?'' ഞാനിതു ചോദിക്കുന്നതിനു മുമ്പു തന്നെ മകന്‍ സാറിനോടായി ചോദിച്ചു. ''ങാ... കണ്ണീരു പോലെ തടിയില്‍ നിന്ന് കറ ഒലിച്ചിറങ്ങിയിരിക്കുന്നു.'' കരയുന്ന തെങ്ങിനെ കാണാന്‍ അപ്പോള്‍ തന്നെ സാറിനൊപ്പം ഇറങ്ങി, കൂടെ മകനും.

മോറിസ് സാറിന്റെ വീട്ടുമുറ്റത്തെ തെങ്ങാണു കരയുന്നത്. നല്ല രീതിയില്‍ കായ്ഫലമുള്ള തെങ്ങ്. മഴയായതിനാല്‍ കുറച്ചു നാളായി ഇതൊന്നും നോക്കാറില്ല. ഇന്നലെ ഇതിന്റെ ചുവട്ടിലൂടെ നടന്നു പോയപ്പോഴാ ഇങ്ങനെ കറപോലെ ഒലിച്ചിരിക്കുന്നതു കണ്ടത്. തടിയില്‍ നിറ വ്യത്യാസമുള്ള ഭാഗം ചൂണ്ടി സാര്‍ പറഞ്ഞു. തറയില്‍ നിന്ന് ഏതാണ്ട് രണ്ട്-രണ്ടരയടി ഉയരത്തില്‍ തടിയിലെ ചെറു ദ്വാരത്തിലൂടെ കടുംനിറമുള്ള ദ്രാവകം ഒലിച്ചിറങ്ങിയതുപോലെ കാണാം. ഇങ്ങനെയുള്ള പാടുകള്‍ തടിയില്‍ രണ്ടിടങ്ങളില്‍ കാണാനായി. ഇതാണോ മോറിസ് അപ്പൂപ്പന്റെ തെങ്ങിന്റെ കരച്ചില്‍- മകന്റെ അദ്ഭുതത്തിനു മങ്ങലേറ്റു.

എന്താടോ ഇത്?...എന്താ ഇങ്ങനെ? സാറിന് ആശങ്കയായി. പേടിക്കേണ്ട... തെങ്ങിലെ ഒരു അസുഖത്തിന്റെ ലക്ഷണങ്ങളാണിത്. സാറൊരു വെട്ടുകത്തി കൊണ്ടുവന്നേ? അകത്തുപോയി സാര്‍ വെട്ടുകത്തിയുമായി വന്നു. നമുക്ക് ഇതിനെ ചെറുതായി ഒരു ഓപ്പറേഷന്‍ നടത്തി പരിശോധിക്കാം... ഞാന്‍ മുട്ടു മടക്കിയിരുന്ന് തെങ്ങിന്‍തടിയിലെ കറ ഒലിച്ചു വരുന്ന ഭാഗം അല്പം ചെത്തി നീക്കി. ഉള്ളിലും ചെറിയ നിറവ്യത്യാസമുണ്ട്. ഉള്ളിലേക്ക് മറ്റു ദ്വാരങ്ങള്‍ ഒന്നുമില്ലതാനും. സാറെ ഇതൊരു രോഗമാണ്, കുമിള്‍ രോഗം- ചെന്നീരൊലിപ്പ്. രോഗം കേട്ടപ്പോള്‍ തന്നെ സാറിന്റെ മുഖഭാവം മാറി. എങ്ങനെയാണ് ഈ രോഗം ഉണ്ടാകുന്നതെന്നും എന്താണ് പ്രതിവിധിയെന്നുമാണ് അദ്ദേഹത്തിനറിയേണ്ടത്.

മണ്ണില്‍ കാണപ്പെടുന്ന 'തിലാവിയോപ്‌സസ് പാരഡോക്‌സാ' എന്ന കുമിളുകളാണ് ഈ രോഗത്തിനു കാരണം. പൊതുവേ ഇവ വലിയ ആക്രമണ സ്വഭാവം ഇല്ലാത്തതാണെങ്കിലും തടിയിലുണ്ടാകുന്ന വിള്ളലുകള്‍, മുറിവുകള്‍ എന്നിവയിലൂടെ ഉള്ളില്‍ പ്രവേശിച്ചാല്‍ രോഗത്തിനു വഴിവയ്ക്കും. കഠിനമായ മഴയും തുടര്‍ന്നുവരണ്ട കാലാവസ്ഥയും രോഗം പകരാന്‍ അനുകൂല സാഹചര്യങ്ങളാണ്. കൂടാതെ അധികകാലം വെള്ളം കെട്ടി നില്‍ക്കുന്നതും അസന്തുലിതമായ വളപ്രയോഗവും രോഗതീവ്രത വര്‍ധിക്കാന്‍ ഇടയാക്കും. കേരളത്തില്‍ ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഈ രോഗം വ്യാപകമായി കാണപ്പെടുന്നത്. തടിപ്പുറത്തുള്ള ചെറിയ വിടവുകളിലൂടെ ചുവന്ന തവിട്ടു നിറത്തില്‍ ദ്രാവകം ഊറി വരുന്നതാണ് പ്രാരംഭ ലക്ഷണം. മണ്ണിനോടു ചേരുന്ന ഭാഗത്തിനു മുകളില്‍ രണ്ടടി വരെ ഉയരത്തില്‍ കാണപ്പെടുന്ന ഈ ലക്ഷണങ്ങള്‍ രോഗം മൂര്‍ച്ഛിക്കുന്നതനുസരിച്ച് മുകളിലേക്കു വ്യാപിക്കാം. ദ്രാവകം ഊറി വരുന്ന ഭാഗങ്ങളുടെ ഉള്ളിലെ കോശങ്ങള്‍ അഴുകി മഞ്ഞനിറത്തിലാകും. രോഗാക്രമണത്തിന്റെ തീവ്രത കൂടുന്നതനുസരിച്ച് ഓലകള്‍ ചെറുതാകുകയും മണ്ടയ്ക്ക് വലിപ്പം കുറയുകയും ചെയ്യും. കൂടാതെ വെള്ളയ്ക്കാ പൊഴിച്ചിലും ഇതിന്റെ ലക്ഷണമാണ്.


മണ്ണില്‍ കാണുന്ന കുമിളാകുമ്പോള്‍ അത് മണ്ണിലൂടെയാകുമല്ലോ പകരുന്നത്, അല്ലേ? സാര്‍ സംശയിച്ചു.
അതെ... മണ്ണിലൂടെയാണ് ഈ കുമിള്‍ പകരുന്നത്.

എന്താ ഇതിനു ചെയ്യേണ്ടത്? രോഗ നിവാരണത്തിനുള്ള പരിഹാരങ്ങള്‍ അന്വേഷിച്ചു മോറിസ് സാര്‍.
ഇവിടെ രോഗത്തിന്റെ തുടക്കമായതിനാല്‍ രോഗനിയന്ത്രണം അനായാസേന സാധ്യമാകുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ട്രൈക്കോഡര്‍മ എന്ന മിത്രകുമിള്‍പ്പൊടി വെള്ളത്തില്‍ കുഴച്ച് ലക്ഷണങ്ങള്‍ കാണുന്ന ഭാഗത്ത് തേച്ചുകൊടുക്കാം. ഇതിനായി 100 ഗ്രാം ട്രൈക്കോഡെര്‍മ പൊടി 100 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തയാറാക്കാം. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ രണ്ടാം വളത്തോടൊപ്പമോ അല്ലാതെയോ ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍ പിണ്ണാക്ക് തെങ്ങൊന്നിന് അഞ്ചു കിലോ ഗ്രാം എന്ന തോതില്‍ തടത്തില്‍ ഇട്ടു കൊടുക്കണം. തെങ്ങിന്‍ ച്ചുവട്ടില്‍ തീയിടുന്നത് ഒഴിവാക്കണം. തടിയില്‍ മുറിവുകള്‍ ഉണ്ടാകാതെ ശ്രദ്ധിച്ചാല്‍ രോഗ പ്രതിരോധനത്തിനു സഹായിക്കും. വളപ്രയോഗത്തിനു 10 ദിവസം മുമ്പായി കുമ്മായമോ ഡോളമൈറ്റോ ഒരു തെങ്ങിന് ഒരുകിലോ ഗ്രാം എന്ന തോതില്‍ ഇട്ടുകൊടുക്കുന്നതും നല്ലതാണ്.

എവിടെ കിട്ടും ട്രൈക്കോഡര്‍മ

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, സ്വകാര്യ ജൈവ കീട-കുമിള്‍നാശിനി വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ മിത്രകുമിള്‍ ലഭ്യമാണ്. വാങ്ങുമ്പോള്‍ കവറിനു പുറത്തുള്ള ഉപയോഗ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

തന്റെ പോക്കറ്റില്‍ നിന്ന് ഒരു നൂറു രൂപ നോട്ടെടുത്ത് സാര്‍ എന്റെ നേരെ നീട്ടി, നാളെ തന്നെ താന്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് ഒരു പായ്ക്കറ്റ് വാങ്ങി കൊണ്ടുവാ... ങാ...പിന്നെ ഈ ട്രൈക്കോഡര്‍മ അടുത്തു നില്‍ക്കുന്ന മറ്റുള്ള തെങ്ങിനും തേയ്ക്കണോ? സാര്‍ ചോദിച്ചു. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത തെങ്ങുകള്‍ക്കും വേപ്പിന്‍ പിണ്ണാക്കും ട്രൈക്കോഡര്‍മയും ചേര്‍ത്ത ജൈവവള മിശ്രിതം നല്‍കാം.''- ഞാന്‍ പറഞ്ഞു.

എന്താ ഈ രോഗകാരിയുടെ പേര്... തിലകനോ?

അല്ല..അല്ല 'തിലാവിയോപ്‌സസ് പാരഡോക്‌സാ' ഞാന്‍ ചിരിച്ചുകൊണ്ട് തിരുത്തി.
ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു നിന്ന മകന്‍ തെങ്ങിനെ നോക്കി ഒരു നെടുവീര്‍പ്പോടെ പറഞ്ഞു ങാ...അസുഖം വരുമ്പം തെങ്ങേ... നീയും കരയുമല്ലേ?

ഡോ. ടി. ശിവകുമാര്‍
ഐസിഎആര്‍ കൃഷിവിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഫോണ്‍: -94472 22896.