ജനലഴികളിലെ വെള്ളരിയും ചില ആരോഗ്യചിന്തകളും
ജനലഴികളിലെ വെള്ളരിയും ചില ആരോഗ്യചിന്തകളും
രാവിലെ പതിനൊന്നരയോടെയാണ് കുറ്റിപ്പുറത്തെത്തുന്നത്. ബസില്‍ നിന്ന് ഞാനിറങ്ങുന്നതും കാത്ത് ബൈക്കില്‍ സെയ്തലവി നില്‍പ്പുണ്ടായിരുന്നു- പാലക്കാട് കൂഡല്ലൂര്‍ മണിയംപെരുമ്പലത്തെ തന്റെ കൊടിമ്മല്‍ വീടിനു സമീപമുള്ള കൃഷിയിടത്തിലേക്ക് എന്നെ കൊണ്ടുപോകാന്‍. ബൈക്കിനു പിറകിലിരുന്നായിരുന്നു യാത്ര. രണ്ടുജില്ലകള്‍ പത്തുമിനിട്ടില്‍ കാണാമെന്നതായിരുന്നു ബൈക്ക് യാത്രയുടെ പ്രത്യേകത. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുനിന്ന് വയലേലകള്‍ നിറയുന്ന ഇടവഴികളിലൂടെ ചെല്ലുന്നത് പാലക്കാട് ജില്ലയിലെ മണിയംപെരുമ്പലത്തേക്ക്.

രണ്ടു ജില്ലകളുടെ കാര്‍ഷിക സംസ്‌കൃതി ഒപ്പിയെടുത്തിട്ടുള്ള പ്രദേശങ്ങള്‍. നെല്‍ക്കൃഷിക്കുശേഷം വെള്ളരിവിളകള്‍ കൃഷിചെയ്യുന്ന 'ഒരു നെല്ലും ഒരു വെള്ളരിയും' കൃഷിരീതിയെക്കുറിച്ചായി സംസാരം. സംസാരിച്ചുകൊണ്ടുതന്നെ തറ അല്‍പം പൊക്കമുള്ള വലതുവശത്തെ തന്റെ വീട്ടിലേക്ക് സെയ്തലവി ബൈക്കുകയറ്റി നിര്‍ത്തി. വാതില്‍ തുറന്ന് അകത്തുകയറി ഇരുന്ന എനിക്ക് ഒരു കാഴ്ച അപൂര്‍വത നിറഞ്ഞതായിരുന്നു. വീടിന്റെ ജനലഴികളില്‍ വെള്ളരിയും മത്തനുമെല്ലാം കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. പ്രാദേശിക ആചാരമെന്തെങ്കിലുമാണോ എന്ന കൗതുകത്തോടെ കാര്യം തിരക്കി. ഓ ഇത് ആചാരമൊന്നുമല്ല സര്‍, പൂര്‍വികര്‍ റഫ്രിജറേറ്ററിനു പകരം ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയാ.. സെയ്തലവി പറഞ്ഞു നിര്‍ത്തി. 'അതെന്ത് സാങ്കേതിക വിദ്യ'- ഞാന്‍ ചോദിച്ചു. വെറും വായൂപ്രവാഹത്തില്‍ വിളകള്‍ കേടുകൂടാതിരിക്കും. സെയ്തലവിയുടെ മറുപടി.


ജനുവരിയില്‍ വിളയിച്ച പച്ചക്കറികള്‍ ഓഗസ്റ്റിലും പറിച്ചെടുത്തവഴിയിരിക്കുന്നു. എട്ടുമാസം കഴിഞ്ഞു വിളവെടുത്തിട്ടെന്ന് സെയ്തലവി പറയുമ്പോള്‍ അദ്ദേഹത്തിന് അതൊരു പുതുമയൊന്നുമായിരുന്നില്ല. അവിടത്തെ കര്‍ഷകര്‍ മിക്കവരും ഇതേരീതി പിന്‍തുടര്‍ന്നിരുന്നതാണ് കാരണം. എനിക്ക് അറിയാന്‍ ആകാംക്ഷയായി. കൂടുതല്‍ ചോദിച്ചപ്പോള്‍ വിശദമായി സെയ്തലവി സംസാരി ച്ചു. വായൂപ്രവാഹം നല്ലതുപോലെയുള്ള ജനല്‍ തെരഞ്ഞെടുക്കുക. അതില്‍ വെള്ളരി, മത്തന്‍, ചേന, ചേമ്പ് തുടങ്ങിയവയെല്ലാം കെട്ടിത്തൂക്കുക. ഒറ്റക്കണ്ടീഷന്‍- ദീര്‍ഘകാലം ഇങ്ങനെ പച്ചക്കറികള്‍ ഇരിക്കണമെങ്കില്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ചവയാകണം. മുറിക്കുകയുമരുത്. എന്നിട്ട് അതില്‍ നിന്ന് മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചും സെയ്തലവി ഒരു നിരീക്ഷണം നടത്തി. മനുഷ്യനും ആരോഗ്യമുണ്ടാകണമെങ്കില്‍ വായൂപ്രവാഹമുള്ളിടത്ത് കിടക്കണം. നമ്മുടെ പഴയ വീടുകളുടെ രൂപകല്‍പനയും അദ്ദേഹം ഉദ്ധരിച്ചു. വായൂപ്രവാഹമുണ്ടാകത്തക്കരീതിയില്‍ ജനലുകളും വാതിലുകളും ക്രമീകരിച്ചാല്‍ മനുഷ്യനും രോഗങ്ങള്‍ അധികമുണ്ടാകില്ലെ ന്നു സെയ്തലവിയുടെ വാക്കുകള്‍.


ഇനി ഇതിന്റെ വ്യാവസായിക പ്രാധാന്യവും സെയ്തലവി പറയുന്നു. ജനുവരിയില്‍ മത്തന്‍ പറിക്കുമ്പോള്‍ കിലോയ്ക്ക് വില 15 രൂപ. ഓഗസ്റ്റില്‍ വില്‍ക്കുന്നത് ഇരട്ടിവിലയ്ക്ക്. ഇനി ഇങ്ങനെ സൂക്ഷിക്കാന്‍ കര്‍ഷകര്‍ എന്തുചെയ്യണമെന്നതിനുമുണ്ട് സെയ്തലവിക്ക് ചില നിര്‍ദ്ദേശങ്ങള്‍. ചൂടേറിയ കോഴിക്കാഷ്ടം പോലുള്ള വളങ്ങളാണ് പച്ചക്കറി വേഗം ചീത്തയാക്കുന്നതിനു പിന്നില്‍. ഇത്തരം വളങ്ങള്‍ താന്‍ കുറച്ചാണ് ഉപയോഗിക്കുന്നത്. പണ്ട് കര്‍ഷകര്‍ ഓടുമേഞ്ഞ പുരയുടെ വളയില്‍ കെട്ടിത്തൂക്കിയിട്ടാണ് പച്ചക്കറി ദീര്‍ഘകാലം സൂക്ഷിച്ചിരുന്നത്. ഈ രീതിയാണ് താനും ഉപയോഗിച്ചതെന്നും സെയ്തലവി പറയുന്നു.

ചെടിയുടെ മണംപിടിച്ചാണ് കീടങ്ങളെത്തുന്നത്, ഈ മണം മാറ്റിനല്‍കിയാല്‍ കീടങ്ങളും മാറും എന്നതാണ് സെയ്തലവിയുടെ കീടനിരീക്ഷണ പാഠം. ഇതിനായി മത്തി-ശര്‍ക്കര മിശ്രിതം പോലുള്ളവ തളിച്ച് ചെടിയുടെ മണം മാറ്റി ഇദ്ദേഹം കീടങ്ങളെ മാറ്റുന്നു. ആരോഗ്യകരമായ കൃഷിയിടം മനുഷ്യന് ആരോഗ്യം നല്‍കുമെന്ന പക്ഷക്കാരനാണ് സെയ്തലവി.