ജീവിത യുദ്ധത്തില്‍ കൃഷിയുടെ കൈപിടിച്ച്
ഒറ്റയാള്‍ പോരാട്ടത്തില്‍ കൃഷിയുടെ കൈപിടിച്ച് ജീവിതവിജയം നേടിയ കഥയാണ് കമലാക്ഷിയുടേത്. കണ്ണൂര്‍ പയ്യന്നൂരിനടുത്ത പെരളത്തെ കെ.ടി. കമലാക്ഷിക്ക് സ്വന്തമായി വലിയ സമ്പാദ്യമൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം അധ്വാനത്തിലൂടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു കമലാക്ഷി. 21-ാം വയസില്‍ ജീവിതപങ്കാളിയായി ലഭിച്ചത് വികലാംഗനും അന്ധനുമായ ആളെയാണ്. 35-ാം വയസില്‍ ഭര്‍ത്താവും നാലു വയസായ മകനും മരിച്ചു. മൂത്ത മകളും അമ്മയും മാത്രമായി. ചെറുപ്രായത്തില്‍ തന്നെ വിധവയായ കമലാക്ഷി ആടുകളെയും കോഴികളെയും കൂട്ടിനു കൂടെക്കൂട്ടി. രണ്ട് സങ്കരയിനം പശുക്കള്‍ ജീവിതം മുന്നോട്ടു കൊണ്ടുപോയി. പാലും മുട്ടയും ആട്ടിന്‍ കാഷ്ഠവും ചാണകവും വിറ്റ് നിത്യചെലവും മകളുടെ വിദ്യാഭ്യാസവും നടത്തി. മിച്ചംവച്ച പണം കൊണ്ട് 41 സെന്റ് നെല്‍വയല്‍ വാങ്ങി, കൃഷി ആരംഭിച്ചു. ഈ സമയത്ത് ആടുകളെയും കോഴികളെയും ഒഴിവാക്കി. മകളെ ബിരുദാനന്തര ബിരുദധാരിയാക്കി. വിവാഹവും കഴിപ്പിച്ചു. മകള്‍ ഇപ്പോള്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. എല്ലാം നടന്നത് കൃഷിയിലൂടെ.

2015ല്‍ മറ്റു പശുക്കളെ ഒഴിവാക്കി, കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ വാങ്ങി പുതിയ സംരംഭം തുടങ്ങി. ഈ സമയത്തും ബുദ്ധിമുട്ടുകള്‍ പിന്‍തുടര്‍ന്നു. പശുക്കിടാവിനെ കടന്നല്‍ കുത്തി. കിടാവു ചത്തു. തള്ളയെ ഡോക്ടര്‍ രക്ഷപ്പെടുത്തി. ഭര്‍ത്താവിന്റെ വകയില്‍ കേസ് പറഞ്ഞ് 40 സെന്റ്പറമ്പു കിട്ടി. ഇതില്‍ തെങ്ങ്, കുരുമുളക്, കവുങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യാന്‍ തുടങ്ങി. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ഒരുവീടു നിര്‍മിച്ചു. അടുത്തു തന്നെ മകളും സ്ഥലം വാങ്ങി വീടു നിര്‍മിച്ചു താമസം തുടങ്ങി. രാത്രിയില്‍ നടത്തിയ നാടന്‍ ബീഡി തെറുപ്പ് അധികവരുമാനം കൊണ്ടുവന്നു. ഇങ്ങനെ കൃഷിപ്പണികള്‍ക്കു വേണ്ട പണം സ്വരൂപിച്ചു. നെല്ലില്‍ വിളവു നൂറുമേനിയായി. പശുക്കളുടെ ചാണകവും മൂത്രവും വളമായി എല്ലാ കൃഷിക്കള്‍ക്കും ഉപയോഗിച്ചു. മോശമല്ലാത്ത വിളവു ലഭിച്ചതിനാല്‍ മിച്ചം വരുന്ന നെല്ല് വില്‍പന നടത്തുന്നു. പച്ചക്കറികളും നന്നായുണ്ടായി. കുള്ളന്‍ പശുക്കളുടെ പാലും മോരും നെയ്യും വില്‍പന നടത്തുന്നു.


ദിവസേന രണ്ടു ലിറ്റര്‍ പാല്‍ ലഭിക്കും. മിച്ചം വരുന്ന പാല്‍ കാച്ചി അതില്‍ നിന്നു മോരും നെയ്യുമെടുത്ത് ആവശ്യക്കാര്‍ക്കു നല്‍കും. വയലിലെ പണികള്‍ സ്വന്തമായി കുറെയൊക്കെ ചെയ്യും. തന്നാലാകാത്തതിനു മാത്രം പുറത്തു നിന്നു പണിക്കാരെ വച്ചു ചെയ്യിപ്പിക്കും. ഇപ്പോള്‍ എല്ലാസാമ്പത്തിക പ്രശ്‌നങ്ങളും തീര്‍ത്ത് സ്വന്തം വീട്ടില്‍ സുഖജീവിതം നയിക്കുകയാണ് ഈ അമ്പത്തൊമ്പതുകാരി.

കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ വളര്‍ത്തുന്നതിന് ചെലവുകള്‍ ഒന്നും തന്നെയില്ല. പറമ്പിലും പാടത്തും അഴിച്ചുകെട്ടി മേയ്ക്കുന്നു. രോഗങ്ങള്‍ ഇല്ല, ഭക്ഷണ ചെലവില്ല. ശ്രദ്ധ അല്‍പ്പം ഉണ്ടായിരിക്കണം. പട്ടികളുടെയും കുറുക്കന്മാരുടെയും ശല്യം കരുതിയിരിക്കണം. ആര്‍ക്കും എപ്പോഴും ഈ പശുക്കളെ കറക്കാം. 2013ല്‍ മികച്ച വനിതാ കര്‍ഷകയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ പാടശേഖര, സാനിറ്റേഷന്‍ വികസന, വനിതാ സമിതികളില്‍ അംഗവുമാണ്. നിശ്ചയ ദാര്‍ഢ്യവും മണ്ണിനോടും പ്രകൃതിയോടുമുള്ള സ്‌നേഹവുമുണ്ടെങ്കില്‍ ജീവിതം സുരക്ഷിതമാക്കാമെന്ന പാഠമാണ് കമലാക്ഷിയുടെ ജീവിതം നല്‍കുന്നത്. നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് കമലാക്ഷിയുടെ ജീവിതം പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നു. ഫോണ്‍: കമലാക്ഷി- 9048811268

എ.വി. നാരായണന്‍
മുന്‍ കൃഷി അസിസ്റ്റന്റ്, കൃഷിവകുപ്പ്‌