ഇടയസ്വരത്തില്‍ ചക്ക ഗ്രാമമായി മംഗലം
ഇടയസ്വരത്തില്‍ ചക്ക ഗ്രാമമായി മംഗലം
ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിന് ചക്ക ഒരു മാന്ത്രിക വിഭവമാണ്. ചക്കയുടെ മഹിമ തിരിച്ചറിഞ്ഞ ഇദ്ദേഹം പള്ളിവളപ്പില്‍ നട്ടത് 140 പ്ലാവുകള്‍, ഒപ്പം പച്ചക്കറിയും. അച്ചന്റെ നിര്‍ദ്ദേശം ശിരസാവഹിച്ച് ഇടവകക്കാരും നാട്ടുകാരും തങ്ങളുടെ വീടുകളിലും പ്ലാവിനിടം കൊടുത്തു. ഒരു വര്‍ഷം കൊണ്ടു കായ്ക്കുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ഇനമാണ് എല്ലാവരും നട്ടത്. അതിനാല്‍ വിളവിനായി അധികം കാത്തിരിക്കേണ്ടി വന്നില്ല. നാലായിരത്തില്‍പ്പരം പ്ലാവിന്‍ തൈകളാണ് മംഗലംഡാം ഗ്രാമത്തില്‍ എല്ലാവരും ചേര്‍ന്നു നട്ടുപിടിപ്പിച്ചത്. മംഗലം ഡാം കര്‍ഷക കുട്ടായ്മയുടെയും ഗ്രാമത്തിലെ യുവജനങ്ങളുടെയും പിന്തുണയും പ്രോത്‌സാഹനവും ഇതിനു കരുത്തേകി. ഇന്ന് മംഗലംഡാം ഗ്രാമം ചക്കഗ്രാമമായി മാറിക്കഴിഞ്ഞു. പാലക്കാട് മംഗലംഡാം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന വികാരിയും സെന്റ്‌സേവ്യേഴ്‌സ് സെന്റര്‍ സ്‌കൂള്‍ ഡയറക്ടറുമാണ് ഫാ. ചെറിയാന്‍.

വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ ചക്കയ്ക്ക് രുചിയും മധുരവും കൂടുതലാണ്, വലിപ്പമുള്ള ചുളകളും. രുചിയുടെ പ്രത്യേകതയും മികച്ചവളര്‍ച്ചയും കണക്കിലെടുത്താണ് ഇവ നട്ടത്. ആദ്യ വര്‍ഷം ഉണ്ടായ ചക്കകള്‍ നശിപ്പിച്ചു. ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ടിയാണിത്. ആദ്യഘട്ടത്തിലുണ്ടാകുന്ന ചക്കകള്‍ വിളവെടുത്താല്‍ ചിലപ്പോള്‍ അടുത്ത വര്‍ഷം ചക്കകള്‍ ഉണ്ടാകാതെ വരാറുണ്ട്. ഇതൊഴിവാക്കാനും ഗുണമേന്മ ഉറപ്പാക്കാനും മൂന്നാംവര്‍ഷ വിളവുമു തലാണെടുത്തത്. പള്ളി പരിസരത്തെ അറുപതില്‍പരം പ്ലാവുകളില്‍ ഇപ്പോള്‍ ചക്കയുണ്ട്. മൂന്നു ഘട്ടങ്ങളിലായി ഒമ്പതു മാസത്തോളം ചക്ക ലഭിക്കും. ഒരു ഞെട്ടില്‍ ഒരു ചക്ക എന്ന രീതിയില്‍ നിലനിര്‍ത്തണം. കൂടുതലുള്ളത് വെട്ടിയെടുത്ത് ഭക്ഷ്യയോഗ്യമാക്കാം. പ്രത്യേക പരിചരണങ്ങളൊന്നും നല്‍കാതെ തന്നെയാണു വളര്‍ത്തുന്നത്. ആദ്യഘട്ടങ്ങളില്‍ ഇടയ്ക്ക് ചാണകലായനി നല്‍കിയിരുന്നു. പാലക്കാട്ടെ ചൂടിനെ അതിജീവിക്കാന്‍ നനയുമുണ്ടായിരുന്നു. ഇപ്പോള്‍ മരങ്ങള്‍ക്കു ക്ഷീണമുണ്ടെങ്കില്‍ മാത്രമാണു നന.

അമ്പതു മുതല്‍ 70 വരെ ചക്കകള്‍ ഒരു വര്‍ഷം ഒരു പ്ലാവില്‍ നിന്നു ലഭിക്കും. ഇവയുടെ തൈകളും മംഗലംഡാം ഗ്രാമത്തിന്റെ തനി നാടന്‍ ഇനങ്ങളായ അനുഗ്രഹ, സ്വാമി, ഡാഡി എന്നിവയുടെ തൈകളും പള്ളിയില്‍ ഉത്പാദിപ്പിച്ചു നല്‍കുന്നുണ്ട്. ചക്കയുടെയും മറ്റു കാര്‍ഷിക വിഭവങ്ങളുടെയും പ്രചാരണത്തിനായി 2019-ല്‍ 'മന്ന' എന്ന പേരില്‍ ഒരു കാര്‍ഷികമേള നടത്തിയിരുന്നു. തുടര്‍ന്ന് കൊറോണ മൂലം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ചക്കയും പച്ചക്കറികളുമെല്ലാം ഓണ്‍ ലൈന്‍ മാര്‍ക്കറ്റിംഗിലൂടെ വില്പനയുണ്ട്.

യുവക്ഷേത്രയില്‍ ഡയറക്ടറായി ചാര്‍ജ് എടുത്തതിനു ശേഷം 'അന്നം' എന്ന പേരില്‍ ചക്കയ്ക്കു പ്രാധാന്യം നല്‍കി രണ്ടു മേളകള്‍ നടത്തി. യുവക്ഷേത്രയില്‍ നിരവധിയിനം നാടന്‍ പ്ലാവുകള്‍ നട്ടുപിടിപ്പിച്ചു. ഇതോടൊപ്പം കര്‍ണാടകയില്‍ നിന്നുള്ള നല്ലയിനം പ്ലാവുകളും നട്ടു. ഇവിടത്തെ ജീവിതമാണ് അച്ചനെ ചക്കയുടെ പ്രചാരകനാക്കിയത്. ഒരു കുടുംബത്തില്‍ രണ്ടു പ്ലാവെങ്കിലും ഉണ്ടായിരിക്കണമെന്നാണ് അച്ചന്റെ അഭിപ്രായം. ചങ്ങനാശേരിയിലെ ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ റബര്‍കൃഷി കണ്ടു വളര്‍ന്ന ചെറുപ്പകാലം. അന്ന് റബര്‍ മരങ്ങള്‍ക്കിടയില്‍ പച്ചക്കറി കൃഷി ചെയ്തിരുന്നു.

പ്രകൃതിയെയും മണ്ണിനെയും സസ്യങ്ങളെയും സ്‌നേഹിച്ചു വളര്‍ന്ന ചെറിയാന്‍ ആത്മീയതയിലേക്കു തിരിഞ്ഞപ്പോഴും കൃഷിയെ കൈവിട്ടില്ല. വിവിധ സെമിനാരികളിലെ പഠനത്തോടൊ പ്പമുള്ള സോഷ്യല്‍വര്‍ക്കുകളിലും കൃഷിയെ കൂടെക്കൂട്ടി. പ്ലാവുകളുടെ പ്രചരണത്തിനൊപ്പം മൂല്യവര്‍ധിത ഉത്പന്നങ്ങളായ ഇടിച്ചക്കചമ്മന്തി മുതല്‍ ചക്ക കേക്കും ഐസ്‌ക്രീമും വരെ ഉണ്ടാക്കുന്ന തിനുള്ള പരിശീലനവും ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.
ഫോണ്‍: ഫാ. ചെറിയാന്‍- 94473 53638.

നെല്ലി ചെങ്ങമനാട്‌