ഭക്ഷണത്തിനൊപ്പം വരുമാനത്തിനും ജയന്റ് ഗൗരാമി
Thursday, September 20, 2018 4:48 PM IST
വീട്ടുമുറ്റത്തെ കുളങ്ങളില്‍ ഒന്നു വിളിച്ചാല്‍ ഓടിയെത്തുന്ന മത്സ്യങ്ങള്‍ ആരുമൊന്നു കൊതിക്കും. അത് വലിപ്പമേറിയ മത്സ്യങ്ങളാണെങ്കില്‍ കണ്ണെടുക്കാനേ തോന്നില്ല. അടുക്കളയില്‍ സമീപകാലത്ത് വളര്‍ത്തുമത്സ്യങ്ങള്‍ക്ക് സ്ഥാനമേറിവരുന്നുണ്ട്. കടകളില്‍നിന്നുള്ള കടല്‍മത്സ്യങ്ങളിലെ ഫോര്‍മലിന്‍ പോലുള്ള രാസവസ്തുസാന്നിദ്ധ്യം ഒരുകാലത്ത് രുചിയില്ല എന്ന പേരു പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ടിരുന്ന വളര്‍ത്തുമത്സ്യങ്ങളെ ജനങ്ങള്‍ക്ക് പ്രിയങ്കരരാക്കി. നട്ടര്‍, തിലാപ്പിയ, മലേഷ്യന്‍ വാള, അനാബസ് തുടങ്ങിയ വളര്‍ത്തുമത്സ്യങ്ങള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ അടുക്കളക്കുളം എന്ന രീതിയില്‍ ചുരുങ്ങിയ കാലംകൊണ്ട് വളര്‍ത്തി വിളവെടുക്കാന്‍ പാകമാകുന്നവയാണ്. എന്നാല്‍, ഇവയില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ആഹാരത്തിനും അലങ്കാരത്തിനും ഒരുപോലെ ഉപയോഗിക്കപ്പെടുന്ന ജയന്റ് ഗൗരാമികള്‍. മുകളില്‍ സൂചിപ്പിച്ച മത്സ്യങ്ങളെ അപേക്ഷിച്ച് വളര്‍ച്ചാനിരക്ക് കുറവാണെങ്കിലും രണ്ടു വര്‍ഷം പ്രായമെത്തിയതിനുശേഷം അതിവേഗമാണ് ഗൗരാമികളുടെ വളര്‍ച്ച. പ്രായപൂര്‍ത്തിയാകാന്‍ നാലു വര്‍ഷമെടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു വയസുമുതല്‍ തീന്‍മേശയിലെ താരമാകുന്ന ഗൗരാമികള്‍ രുചിയില്‍ കരിമീനെ കടത്തിവെട്ടും. അതുകൊണ്ടുതന്നെ ജയന്റ് ഗൗരാമികളുടെ കുഞ്ഞുങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരേറെയാണ്.
വളര്‍ച്ചാരീതി
തിലാപ്പിയ, നട്ടര്‍, വാള തുടങ്ങിയവ 6-8 മാസംകൊണ്ട് വിളവെടുപ്പിനു പാകമാകുമ്പോള്‍ ഗൗരാമികള്‍ അപ്പോഴും ശൈശവദശയില്‍ത്തന്നെയായിരിക്കും. വലുപ്പം കൂടിയ കുളങ്ങളില്‍ എല്ലാ മത്സ്യങ്ങള്‍ക്കും വളര്‍ച്ച കൂടും എന്ന പ്രവണത ഇക്കൂട്ടര്‍ക്കുമുണ്ട്. എങ്കില്‍പോലും ശരിയായ വളര്‍ച്ച തുടങ്ങാന്‍ രണ്ടു വയസെത്തണം. തുടര്‍ന്നുള്ള വളര്‍ച്ച ദ്രുതഗതിയിലായിരിക്കും. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും ശരാശരി മൂന്നു കിലോഗ്രാമോളം തൂക്കം വരും. ചെറു പ്രായത്തില്‍ ഒരു സെന്റില്‍ 250 കുഞ്ഞുങ്ങളെ വളരെ വളര്‍ത്താന്‍ നിക്ഷേപിക്കാമെങ്കിലും വളരുന്നതനുസരിച്ച് എണ്ണം കുറയ്ക്കുന്നത് വളര്‍ച്ചത്തോത് ഉയര്‍ത്തും. ചെറുപ്പത്തില്‍ മറ്റു മത്സ്യങ്ങളുടെയൊപ്പം കമ്യൂണിറ്റി രീതിയില്‍ വളര്‍ത്താം. എന്നാല്‍, പ്രജനനത്തിന് വലിയ ഗൗരാമികളെ മാത്രമേ ഇടാന്‍ പാടുള്ളു.
ഭക്ഷണം
സസ്യഭുക്കെന്നു വിളിക്കുമെങ്കിലും എന്തും കഴിക്കുന്ന കൂട്ടത്തിലാണ് ജയന്റ് ഗൗരാമികള്‍. എന്നാല്‍, ചേമ്പ്, ചേന തുടങ്ങിയവയുടെ ഇലകളാണ് പ്രധാന ഭക്ഷണം. മറ്റ് ഇലവര്‍ഗങ്ങളും അടുക്കളയിലെ ദോശ, അപ്പം, ബ്രഡ് എന്നിവയും നല്കാം. കോഴിക്കുടല്‍ വേവിച്ച് കഴുകി ചെറിയ തോതില്‍ നല്കുകയും ചെയ്യാം. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പ്രോട്ടീന്‍ തീറ്റകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ തോതില്‍ കൊടുക്കാമെങ്കിലും പ്രോട്ടീന്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ശേഷിയുള്ള ദഹനവ്യവസ്ഥ ഗൗരാമികള്‍ക്ക് ഇല്ലാത്തതിനാല്‍ അള്‍സര്‍ പോലുള്ള അസുഖങ്ങള്‍ കണ്ടുവരാറുണ്ട്. അത് ആരോഗ്യത്തെയും ആയുസിനെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രധാനമായും നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ നല്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചേമ്പില നല്കുന്നതാണ് അത്യുത്തമം.
ഐബിന്‍ കാണ്ടാവനം