കൃഷിയില്‍ ഊര്‍ജിത പരിപാലനം
കേരളത്തിലെ മണ്ണില്‍ പൊതുവേ അമ്ലത്വം കൂടിയതായി പഠനങ്ങള്‍ തെളിയിക്കുന്നു. നദികളില്‍ ജലംപിടിച്ചു നിര്‍ത്തിയിരുന്ന മണല്‍പ്പരപ്പിനു മുകളിലെ ഏക്കല്‍ കുത്തൊഴുക്കില്‍ ഒലിച്ചുപോയി. പ്രളയാനന്തരം സംസ്ഥാനത്തുടനീളം മണ്ണിന്റെയും ജലത്തിന്റെയും ഘടനയും ഗുണവും മാറി. വെള്ളത്തിന്റെ ശുദ്ധി കുറഞ്ഞു, അമ്ലതകൂടി. ഘനലോഹങ്ങളും വിഷവസ്തുക്കളും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. എക്കലിലും വിഷാംശം നിറഞ്ഞു. മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങള്‍ കാരണം പ്രളയജനം ഭൂഗര്‍ഭജലമായി ശേഖരിക്കപ്പെടാതെ കുത്തൊഴുക്കില്‍ ഒഴുകിപ്പോയി. മണ്ണിന്റെയും ജലത്തിന്റെയും ശുദ്ധിയും സജീവതയും വീണ്ടെടുക്കുകയെന്നത് പ്രളയാനന്തര കേരളത്തിലെ വലിയ വെല്ലുവിളികളില്‍ ഒന്നാണ്.

മണ്ണിലെ ജൈവാംശത്തിനുപുറമെ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ബോറോണ്‍ തുടങ്ങിയ സുപ്രധാന മൂലകങ്ങളും കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടു. പെട്ടെന്ന് ഒലിച്ചുപോയി നഷ്ടപ്പെടുമെന്നതിനാല്‍ കേരളത്തിലെ മണ്ണില്‍ പൊട്ടാസ്യം പലതവണ ചേര്‍ക്കാനാണ് ശിപാര്‍ശ ചെയ്യുന്നത്. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, പൊ ട്ടാസ്യം സള്‍ഫേറ്റ് തുടങ്ങിയവയാണ് പ്രധാന പൊട്ടാസ്യം വളങ്ങള്‍. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ കൃഷി വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരം പൊ ട്ടാസ്യം രാസവളങ്ങള്‍ പലതവണയായി നല്‍കേണ്ടിവരും. കേരളത്തില്‍ പാലക്കാട്, ചിറ്റൂര്‍ താലൂക്കിന്റെ കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളൊഴികെ 90 ശതമാനത്തിലേറെ മണ്ണുകളും അമ്ലത്വമുള്ളതാണ്.

മഹപ്രളയത്തിനും കുത്തൊഴുക്കിനും ശേഷം മണ്ണിലെ അമ്ലത്വം പൊതുവെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാട്, ചിറ്റൂര്‍ ഒഴികെയുള്ള മേഖലകളില്‍ മണ്ണില്‍ ഹെക്ടറിന് 600 കിലോഗ്രാം എന്ന നിരക്കില്‍ കു മ്മായം ചേര്‍ക്കണം. ചുണ്ണാമ്പു കല്ലു പൊടിച്ചത്, നീറ്റുകക്ക പൊ ടിച്ചത്, ഡോളോമൈറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നു ചേര്‍ ക്കാം. കുമ്മായം ചേര്‍ക്കുമ്പോള്‍ കുട്ടത്തില്‍ ജൈവ-രാസവളങ്ങള്‍ ചേര്‍ക്കരുത്.

കേരളത്തിലെ ഭൂരിഭാഗം മണ്ണുകളിലും മഗ്നീഷ്യത്തിന്റെ അഭാവമുണ്ട്. ഈ വര്‍ഷത്തെ അതിവര്‍ഷവും കുത്തൊഴുക്കും ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. ഇതു പരിഹരിക്കാന്‍ മഗ്നീഷ്യം അടങ്ങിയ ഡോളോമൈറ്റ് അല്ലെങ്കില്‍ മഗ്നീഷ്യം സള്‍ഫേറ്റ് ഹെ ക്ടറിന് 100 കിലോഗ്രാം എന്ന നിരക്കില്‍ മണ്ണില്‍ ചേര്‍ക്കണം. ഡോളോമൈറ്റ് ചേര്‍ത്താല്‍ മഗ്നീഷ്യത്തിനൊപ്പം കാത്സ്യവും ലഭിക്കും. മണ്ണു പരിശോധനയുടെ ഫലം, കൃഷി ചെയ്യുന്ന വിള എ ന്നിവ കണക്കിലെടുത്തുവേണം ഡോളമൈറ്റിന്റെ അളവു നിശ്ചയിക്കാന്‍. ചെളിയും മണലും ചേ ര്‍ന്ന് കോണ്‍ക്രീറ്റു പോലെ ഉറച്ചു പോയ മണ്ണ് ഇളക്കി കുമ്മായവും ഡോളോമൈറ്റും ചേര്‍ക്കുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും. മണ്ണില്‍ കൂടുതല്‍ വായു സഞ്ചാ രം ഉറപ്പാക്കും.


വാഴയ്ക്ക് മഗ്നീഷ്യം

വാഴത്തോട്ടങ്ങളില്‍ ഒരു വാഴക്ക് 300 ഗ്രാം കുമ്മായവും 30-40 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റും ഇട്ടുകൊടുക്കുന്നത് നല്ലതാണ്. കൃഷിത്തോട്ടങ്ങള്‍ ശുദ്ധീകരിക്ക ണം. കേടുവന്നതും ഉണങ്ങിപ്പോയതുമായ സസ്യഭാഗങ്ങള്‍ നശിപ്പിക്കണം. എല്ലാ തോട്ടങ്ങളിലും നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആറ്-ഏഴ് മാസം പ്രായമായ വാഴത്തോട്ടങ്ങളില്‍ ഇടച്ചാലുകള്‍ എടുക്കണം. രണ്ടുവരി വാഴകള്‍ക്കു ശേ ഷം ഒരു ഇടച്ചാല്‍ എടുക്കണം. ചാലുകളില്‍ നിറയുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴികെട്ടിയിടുന്നത് രോഗാണുക്കളെ നശിപ്പിക്കും.

ജൈവവളങ്ങള്‍

കമ്പോസ്റ്റ്, വെര്‍മിക്കമ്പോസ്റ്റ് പച്ചിലവളം, കാലിവളം, ആട്ടിന്‍ കാഷ്ഠം, വിവിധ തരം പിണ്ണാക്കുകള്‍ തുടങ്ങിയവ നല്ല ജൈവവളങ്ങളാണ്. അഴുകിപ്പോയ വാഴത്തോട്ടങ്ങളില്‍ നിന്നും മാണം, പിണ്ടി, ഇലകള്‍ തുടങ്ങിയവ വെട്ടിമാറ്റി മുന്നടിയോളം താഴ്ച്ചയുള്ള കുഴികളെടുത്ത് അതില്‍ മണ്ണിട്ടു മൂടി കമ്പോസ്റ്റാക്കിമാറ്റാം. കുഴികളില്‍ ഇതിനൊപ്പം എട്ടില്‍ ഒരുഭാഗം ചാണകം കൂടി ഇട്ടു കൊടുക്കുന്നത് കമ്പോസ്റ്റിംഗ് എളുപ്പമാക്കും. മറ്റു വിളകളില്‍ നിന്നുള്ള ജൈവവാശിഷ്ടങ്ങളും കമ്പോസ്റ്റ് നിര്‍മാണത്തിന് ഉപയോഗിക്കാം. ഉറഞ്ഞു കട്ടിയായി പ്പോയ മണ്ണിളക്കി കൊടുക്കുന്നതിനൊപ്പം ജൈവവളങ്ങള്‍ ചേര്‍ ത്തുകൊടുക്കുന്നത് മണ്ണിന്റെ ഘ ടനയും വളക്കൂറും മെച്ചപ്പെടുത്തും.

ഡോ.ജോസ് ജോസഫ്
പ്രഫസര്‍ ആന്‍ഡ് ഹെഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം, കാര്‍ഷിക കോളജ്, വെള്ളാനിക്കര