മത്സ്യം സൂക്ഷിക്കാം, വിഷമുക്തമായി
Wednesday, February 20, 2019 4:16 PM IST
കേരളത്തില്‍ നിന്നു നല്ലമത്സ്യം വിദേശത്തേക്ക് കയറ്റി അയയ്ക്കുമ്പോള്‍ ഫോര്‍മലിന്‍ വിഷലായനിയില്‍ നിറച്ചുകൊണ്ടുവരുന്ന വിഷമത്സ്യം കേരളീയര്‍ക്ക് കഴിക്കേണ്ടിവരുന്നു. മത്സ്യ വിപണിയില്‍ ലാഭം മാത്രം ലക്ഷ്യമിടുമ്പോള്‍ മത്സ്യം കഴിക്കുന്നവര്‍ മാരകരോഗങ്ങളാല്‍ മെല്ലെ മെല്ലെ മരണത്തോടടുക്കുന്നു.
ഭയാനകമായ ഈ അവസ്ഥയില്‍ നിന്നും മോചനം നേടിയേ തീരൂ. തീരദേശ മത്സ്യബന്ധനം കാര്യക്ഷമമായി നടത്താന്‍ കഴിയുന്ന ജില്ലകളില്‍, ലഭിക്കുന്ന മത്സ്യം സംരക്ഷിക്കുന്നതിന് മത്സ്യഫെഡിന്റെ ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റുകള്‍ ഉണ്ടാക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. ഇത്തരം ഫ്രീസിംഗ് പ്ലാന്റുകളില്‍ നിന്നും ഫ്രീസര്‍ ഉള്ള ലോറികളില്‍ തന്നെ മത്സ്യം മത്സ്യഫെഡിന്റെ വില്‍പന സ്റ്റാളുകളില്‍ എത്തിച്ച് വില്‍പ്പന നടത്താം.
ഫിഷിംഗ് വെസലുകളിലും ഫ്രീസറുകള്‍തന്നെ ഉപയോഗിക്കണം. ഫിഷിംഗ് ഹാര്‍ബറുകളില്‍ കോള്‍ഡ് സ്റ്റോറേജുകള്‍ മതിയായ എണ്ണം പ്രവര്‍ത്തിപ്പിക്കുന്നതും മത്സ്യത്തിലെ വിഷം കലര്‍ത്തല്‍ ഒഴിവാക്കാന്‍ സഹായിക്കും. താലൂക്ക് അടിസ്ഥാനത്തിലും കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കാം. ഇത് മത്സ്യ കച്ചവടക്കാര്‍ക്കും ഹോട്ടലുടമകള്‍ക്കും പ്രാദേശിക ആവശ്യക്കാര്‍ക്കുമെല്ലാം ശുദ്ധമത്സ്യം ലഭ്യമാക്കാന്‍ ഉപകരിക്കും. ഇപ്പോള്‍ മത്സ്യ വിപണനം നടത്തുന്ന സ്ഥലങ്ങളിലെല്ലാം മത്സ്യഫെഡിന്റെ സെയി ല്‍സ് ഡിപ്പോകള്‍ സ്ഥാപിച്ച് നല്ല മത്സ്യം നല്‍കാന്‍ കഴിയും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മത്സ്യത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് ലാബുകള്‍ ചെക്ക് പോസ്റ്റുകളിലും മാര്‍ക്കറ്റുകളിലും വേണം. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് തടയാന്‍ നിലവില്‍ നിയമങ്ങളുണ്ട്. ഈ നിയമം മത്സ്യവിപണനരംഗത്തും കര്‍ശനമായി നടപ്പാക്കുന്നതിനുള്ള നടപടികളും അനിവാര്യമാണ്.
സമുദ്രതീരത്തും വാണിജ്യ-വ്യവസായ കേന്ദ്രങ്ങളിലുമായി 523 ഐസ് പ്ലാന്റുകള്‍ സ്വകാര്യ ഉടമസ്ഥതയിലുണ്ടിവിടെ. പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ഊര്‍ജകാര്യക്ഷമത കുറഞ്ഞ ഇത്തരം പ്ലാന്റുകളില്‍ ചുരുങ്ങിയ ചെലവില്‍ തെര്‍മല്‍ ഇന്‍സുലേഷന്‍ നടത്തി വൈദ്യുതി സംരക്ഷിക്കാമെന്ന് കെഎസ്ഇബി ഊര്‍ജസംരക്ഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 160 ഐസ് പ്ലാന്റുകളില്‍ വൈദ്യുതി സംരക്ഷണ പ്രവര്‍ത്തനം നടത്തി ക്കഴിഞ്ഞു. ബാക്കിയുള്ള എല്ലാ ഐസ്പ്ലാന്റുകളിലേയും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലൂടെയും മത്സ്യവ്യാപാരികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഐസും കോള്‍ഡ് റൂമും ലഭ്യമാക്കുന്നതിലൂടെയും മത്സ്യം കേടുകൂടാതെ സംരക്ഷിച്ച് വിപണനം ചെയ്യല്‍ എളുപ്പമാകും.
കടലമ്മ കനിഞ്ഞ് ഭക്ഷിക്കാന്‍ കരുതിയിട്ടുള്ള മത്സ്യം ടണ്‍ കണക്കിന് കുഴിച്ചുമൂടുന്ന ദൃശ്യങ്ങള്‍ കാണാനിടയാകുന്നത് വേദനാജനകമാണ്. മത്സ്യ സംരക്ഷണത്തിന് ഫോര്‍മലിന്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയണം. കടലില്‍ പതിനയ്യായിരത്തിലധികം മത്സ്യ ഇനങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അയ്യായിരത്തോളം മത്സ്യഇനങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. പ്രോട്ടീന്‍, ധാതുക്കള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും മറ്റു നിരവധി പോഷകഗുണങ്ങളുമടങ്ങിയ ആഹാരമാണ് മത്സ്യം. 100 ഗ്രാം മത്സ്യത്തില്‍ 23 ഗ്രാം പ്രോട്ടീനുണ്ട്. കൊഴുപ്പ് വളരെ കുറവാണ്. ഒമേഗ-3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ വികസനത്തിനും അത്യാവശ്യമാണ്.
മനുഷ്യശരീരത്തിന്റെ ഒരു കിലോഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ ഒരു ദിവസം ആവശ്യമാണ്. ഒരു പുരുഷന് ശരാശരി 56 ഗ്രാമും സ്ത്രീക്ക് 46 ഗ്രാം പ്രോട്ടീനും പ്രതിദിനം ആവശ്യമുണ്ട്. ലോകത്ത് പ്രതിവര്‍ഷം 970-2700 ബില്യണ്‍ കിലോഗ്രാം വരെ മത്സ്യം ശേഖരിക്കുന്നു. അതില്‍ 450-1000 ബില്യണ്‍ കിലോഗ്രാം മത്സ്യം വാണിജ്യാടിസ്ഥാനത്തില്‍ വളം നിര്‍മാണത്തിനും മൃഗങ്ങള്‍ക്ക് തീറ്റയ്ക്കും മത്സ്യ എണ്ണയ്ക്കുമായിട്ടാണ് വിനിയോഗിക്കുന്നത്. 37-120 ബില്യണ്‍ കിലോഗ്രാം മത്സ്യം മനുഷ്യര്‍ ആഹാരത്തിനുവേണ്ടി ഉപയോഗിക്കുന്നു.
കടലില്‍ നിന്നു പിടിക്കുന്ന മത്സ്യം കേടുകൂടാതെ എല്ലാ ജില്ലകളിലും എത്തിക്കുന്നതിന് അടിസ്ഥാന പശ്ചാത്തലമൊരുക്കാന്‍ കേരള സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. 30 കോടി രൂപ വിനിയോഗിച്ച് 200 ഫിഷ് മാര്‍ട്ടുകള്‍ സം സ്ഥാനത്ത് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലായി 27 ഫിഷ് മാര്‍ട്ടുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. നിര്‍ദ്ദിഷ്ട പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ സംസ്ഥാനത്ത് ഗുണമേന്മയുള്ള, കേടാകാത്ത നല്ല മത്സ്യം യഥേ ഷ്ടം ലഭിക്കാനുള്ള സഹചര്യമുണ്ടാകും. പ്രതിദിനം 30 ടണ്‍ മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ശേഷിയുള്ളതും 600 ടണ്‍ വരെ മത്സ്യം ശേഖരിച്ചുവയ്ക്കാന്‍ കഴിയുന്നതുമായ മത്സ്യഫെഡിന്റെ ഐസ് ആന്‍ഡ് ഫ്രീസിംഗ് പ്ലാന്റുകള്‍ 1988 മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നു ഗണ്യമായ അളവില്‍ മത്സ്യം കയറ്റുമതി ചെയ്യുന്നുമുണ്ട്.
തമലം വിജയന്‍
ഫോണ്‍: 944701 3990.