തിരിഞ്ഞുകൊത്തുന്ന ലൈസന്‍സ് ഫാമുകള്‍ക്ക് മരണമണി?
കേരളത്തിലെ മൃഗസംരക്ഷണമേഖല സംസ്ഥാന സര്‍ക്കാരിന്റെ ലൈ സന്‍സ് ചട്ടങ്ങളില്‍ കുരുങ്ങി നിലനില്‍പ്പു ഭീതിയില്‍. പിടിച്ചു നില്‍ക്കാന്‍ കാലിട്ടടിക്കുന്ന ലൈവ്‌സ്റ്റോക് ഫാമുകള്‍ക്കു നേരേ ലൈസന്‍സ് നിയമം ഉയര്‍ത്തിക്കാട്ടി നടക്കുന്നത് വന്‍ കര്‍ഷകദ്രോഹം. കേരള പഞ്ചായത്ത് രാജ് ( ലൈവ് സ്റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങളാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. രണ്ടായിരത്തിലധികം ഫാമുകളാണ് അടച്ചുപൂട്ടല്‍ നോട്ടീസ് കൈപ്പറ്റി വിഷമിച്ചു നില്‍ക്കുന്നത്.

പഞ്ചായത്ത്‌രാജ് ആക്ടില്‍ ശ്രദ്ധിക്കപ്പെടാതെ പതുങ്ങിക്കിടന്ന കാളസര്‍പ്പമായിരുന്നു ഈ നിയമം. പക്ഷേ, ഇപ്പോള്‍ ഇത് വിഷം ചീറ്റുകയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, പിരിവു ചോദിച്ചെത്തുന്നവര്‍, വ്യക്തിവൈരാഗ്യം തീര്‍ക്കുന്നവര്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍ തുടങ്ങി, ഫാം ഉടമകള്‍ക്കു നേരേ അടച്ചുപൂട്ടല്‍ ആക്രോശവുമായി വരുന്നവര്‍ ഏറെ. ഈ ചട്ടങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതികള്‍ക്കു പോലും കര്‍ഷകരെ സഹായിക്കാനാകുന്നില്ല.

ലൈവ്‌സ്റ്റോക് ഫാം സ്ഥാപിക്കുന്നതും നടത്തുന്നതും അസഹ്യതയുളവാക്കുന്ന പ്രവൃത്തി ആണെന്നു പറഞ്ഞാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് തുടങ്ങുന്നതു തന്നെ.

നിയമം കര്‍ഷകദ്രോഹം, കന്നുകാലിവളര്‍ത്തല്‍ ഫാമുകളോ?

കേരളത്തിലെ സാധാരണ വീടുകളില്‍ അഞ്ചു പശുക്കളെങ്കിലും കാണും. അല്ലെങ്കില്‍ അഞ്ച് പന്നിയുണ്ടാകും. ഇനി ഇങ്ങനെ ഉള്ളവരെല്ലാം ലൈസന്‍സ് എടുക്കണം. ഇതെല്ലാം വ്യവസായ അടിസ്ഥാനത്തിലുള്ള ഫാമുകളായി മാറുന്നു. 20 ആടുകളെ വളര്‍ത്തുന്ന ആദിവാസി കുടുംബത്തിനും ഇനി ലൈസന്‍സ് എടുക്കേണ്ടിവരും. അഞ്ചു പശുക്കളില്‍ കൂടുതലുണ്ടെങ്കില്‍ ഫാമാണ്. 20 ആട്, അഞ്ചു പന്നി, 25 മുയല്‍, നൂറു കോഴി, താറാവ് എന്നിവയില്‍ അധികം വളര്‍ത്തണമെങ്കില്‍ ഫാം ലൈസന്‍സ് വേണം. മൃഗങ്ങളുടെ യും പക്ഷികളുടെയും എണ്ണത്തിനനുസരിച്ച് ആറു ക്ലാസുകളിലായാണ് ഫാമുകളെ തരം തിരിച്ചിരിക്കുന്നത്.

ഇനി ഒരു ഫാം ലൈസന്‍സ് വേണമെങ്കില്‍ സംരംഭകന്‍ ചെയ്യേണ്ട കാര്യങ്ങള്‍ നോക്കിയാല്‍ മനസിലാകും ഫാം ലൈസന്‍സിന് ആരെയൊക്കെ കാണണമെന്ന്.

കടമ്പ-1

അനുമതിക്കുള്ള അപേക്ഷ

ലൈവ്‌സ്റ്റോക്ക് ഫാം തുടങ്ങുന്നതിന് കെട്ടിടമോ ഷെഡ്ഡോ നിര്‍മിക്കുന്നതിന് ഫോറം ഒന്നില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫാമില്‍ വളര്‍ത്താനുദ്ദേശിക്കുന്ന മൃഗങ്ങള്‍ അല്ലെങ്കില്‍ പക്ഷികള്‍ എന്നിവയുടെ എണ്ണം, സ്ഥലത്തിന്റെയും ഷെഡ്ഡിന്റെയും വിസ്തീര്‍ണം, മാലിന്യ നിര്‍മാര്‍ജന ക്രമീകരണം, ചുറ്റുവട്ടത്തെ ജനവാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍, കെട്ടിടത്തിന്റെ സ്‌കെച്ചും പ്ലാനും എന്നിവയെല്ലാം ചേര്‍ത്ത് നിര്‍ദ്ദിഷ്ട ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ കിട്ടി 30 ദിവസത്തിനുള്ളില്‍ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യാം.

കടമ്പ-2

സെക്രട്ടറിയുടെ പരിശോധനയില്‍ പരിസര മലിനീകരണമോ ശല്യമോ പൊതുജനാരോഗ്യപ്രശ്‌നങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടേയോ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ അധികാരിയുടേയോ പരിശോധനാ റിപ്പോര്‍ട്ട് ആവശ്യപ്പെടാം. ഇതിന്‍മേല്‍ പഞ്ചായത്തു സെക്രട്ടറിക്ക് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ആകാം.

കടമ്പ-3

അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്താലും അത് അപേക്ഷകനെ രേഖാമൂലം അറിയിക്കണം. ഗ്രാമപഞ്ചായത്ത് ഭരണസമിതി മുമ്പാകെ വിശദാംശങ്ങള്‍ അവതരിപ്പിക്കണം.

കടമ്പ-4

ലൈസന്‍സിനുള്ള അപേക്ഷ

മുകളില്‍ പറഞ്ഞത് ഫാം നിര്‍മിക്കാനുള്ള അനുവാദത്തിനുള്ള നൂലാമാലകളാണ്. ഇനി ഫാം നിര്‍മിച്ചുകഴിഞ്ഞാല്‍ ആറാം ചട്ടപ്രകാരം ലൈസന്‍സിനായി ഫാറം രണ്ടില്‍ വീണ്ടും സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

കടമ്പ-5

ഈ അപേക്ഷയില്‍ സെക്രട്ടറി വീണ്ടും അന്വേഷണം നടത്തും

ചട്ടങ്ങള്‍ പാലിച്ചെന്നു ബോധ്യപ്പെട്ടാല്‍ ഫോറം നമ്പര്‍ മൂന്നില്‍ ലൈ സന്‍സ് നല്‍കാം. ഇല്ലെങ്കില്‍ കാരണങ്ങള്‍ രേഖാമൂലം വ്യക്തമാക്കി അ പേക്ഷ തള്ളാം.

കടമ്പ-6

ഫാം അനുവദിച്ചാല്‍ ഫാമിന്റെ ക്ലാസിനനുസരിച്ച് 100 രൂപമുതല്‍ 2000 രൂപവരെ ഫീസ് അടയ് ക്കണം.

ഇത്രയുമൊക്കെ കഷ്ടപ്പെട്ടെടുക്കുന്ന ലൈസന്‍സ് സാമ്പത്തിക വര്‍ഷാവസാനം പുതുക്കിയില്ലെങ്കില്‍ നഷ്ടപ്പെടും. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് ഒരുമാസം മുമ്പ് സെക്രട്ടറിക്ക് പുതുക്കാന്‍ അപേക്ഷ നല്‍കണം. സെക്രട്ടറി വീണ്ടും ഫാം പരിശോധിച്ചേ ലൈസ ന്‍സ് പുതുക്കൂ. ഇതിനും പ്രത്യേക ഫീസ് അടയ്ക്കണം.

ഇത്രയും കടമ്പകള്‍ കടക്കണമെങ്കില്‍ ഒരു കര്‍ഷകന്‍ പശുവിനെയും കോഴിയേയുമൊക്കെ ഉപേക്ഷിച്ച് പഞ്ചായത്തില്‍ തന്നെ താമസിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആക്ഷേപം.

കടമ്പ-7

പരിശോധന

ഇത്രയുമൊക്കെ ചെയ്ത് സ്വസ്ഥമായി ഫാം നടത്താമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ തെറ്റി. പഞ്ചായത്തു സെക്രട്ടറിക്കോ, സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ, സ്ഥലത്ത് അധികാരമുള്ള വെറ്ററിനറി സര്‍ജനോ, പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ക്കോ ഏതൊരു ഫാമിലും സൂര്യോദയത്തിനും അ സ്തമയത്തിനും ഇടയിലുള്ള ഏതൊ രു സമയത്തും പരിശോധനയ്‌ക്കെത്താം. ആറുമാസത്തിലൊരിക്കല്‍ ഈ പരിശോധന നിര്‍ബന്ധമാണെന്നും ഉത്തരവില്‍ പറയുന്നു.

കടമ്പ-8

ലൈസന്‍സ് റദ്ദാക്കല്‍

ഇത്തരത്തിലുള്ള പരിശോധനയില്‍ ഒരു ലൈവ്‌സ്റ്റോക്ക് ഫാം, ഈ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരവും ഗ്രാമപഞ്ചായത്ത് നല്‍കി യിട്ടുള്ള ലൈസന്‍സിലെ നിബന്ധ നകള്‍ പാലിച്ചു കൊണ്ടും പ്രവര്‍ത്തി പ്പിക്കാതിരുന്നാല്‍ ഫാമിന്റെ ലൈസ ന്‍സ് റദ്ദാക്കുന്നതിനാധാരമായ കാര ണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഉടമ സ്ഥന് സെക്രട്ടറി രേഖാമൂലം നോട്ടീ സ് നല്‍കും. ലൈസന്‍സ് റദ്ദാക്കാ തിരിക്കാന്‍ കാരണം ബോധി പ്പിക്കുവാന്‍ അയാള്‍ക്ക് അവസരം നല്‍കിയശേഷം, ഫാമിന്റെ ലൈസ ന്‍സ് റദ്ദാക്കല്‍ നടപടികള്‍ തുടങ്ങാം. ലൈസന്‍സ് റദ്ദാക്കപ്പെ ട്ടാല്‍ ഉടനടി ഫാം അടച്ചുപൂട്ടണം. അതായത് കയ്യാലപ്പുറത്തെ തേങ്ങപോലെ എപ്പോഴും എന്തും സംഭവിക്കാം. ഒരു ഫാം നടത്തണമെങ്കില്‍ എത്രപേരുടെ മുമ്പില്‍ കര്‍ഷകന്‍ മുട്ടുമടക്കണം എന്നു കൂടി ചിന്തിക്കണം.

രക്ഷപെടണമെങ്കില്‍

ഇത്തരത്തിലുള്ള നൂലാമാലകളില്‍ നിന്നു രക്ഷനേടാന്‍ ഒരു വഴിയുണ്ട്. മൃഗസംരക്ഷണ വകുപ്പോ, ക്ഷീരവി കസന വകുപ്പോ, കാര്‍ഷിക സര്‍വക ലാശാലയോ, ജില്ലാ പഞ്ചായത്തോ, ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയോ സംരംഭമോ സ്ഥാപിച്ച ഫാമുകള്‍ക്ക് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല.

ഇത്രയും കടമ്പകള്‍ കടന്ന് ഒരു ഫാം തുടങ്ങണമെങ്കില്‍ നമ്മുടെ നാട്ടില്‍ എത്ര സമയമെടുക്കും. ഉദ്യോഗസ്ഥരെ വാഹനങ്ങളില്‍ ഫാമിലെത്തിച്ച് അനുകൂല റിപ്പോര്‍ട്ട് സമ്പാദിക്കുന്നതിന് എത്ര തുക മുടക്കേണ്ടിവരും? ഇതൊക്കെ കര്‍ഷകര്‍ ഉന്നയിക്കുന്ന മറുചോദ്യങ്ങള്‍. ഇതൊന്നും ചെയ്തില്ലെങ്കില്‍ എത്ര പശുക്കളുണ്ടെങ്കിലും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയാല്‍ ഈ പശുക്കളെ എവിടെ കൊണ്ടുചെന്നാക്കി ഫാം അടച്ചുപൂട്ടും.

തീരുമാനത്തിനെതിരേ ആദ്യ അപ്പീല്‍ നല്‍കേണ്ടത് ഗ്രാമപഞ്ചായത്തില്‍ തന്നെ. പിന്നെ തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലില്‍ പഞ്ചായത്തു തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കാം. ഫാം നടത്തുന്ന കര്‍ഷകന്‍ ഇതിനൊക്കെ എപ്പോള്‍ സമയം കണ്ടെത്തുമെന്നത് മറുചോദ്യം.

കൂലിപ്പണിയെടുത്തും പശുവിനെ വളര്‍ത്തിയും കുടുംബം പോറ്റുന്നവരാണ് കേരളത്തിലെ കര്‍ഷകരില്‍ നല്ലൊരു ശതമാനവും. രണ്ടു പശുവും മൂന്ന് ആടും കുറച്ചു കോഴികളുമുണ്ടെങ്കില്‍ കര്‍ഷകര്‍ ജീവിക്കും. വെയിലും മഴയും നോക്കാതെ പുല്ലുചുമന്നും പശുവിനെ കറന്നുകടയില്‍ കൊടുത്തും മക്കളെ വളര്‍ത്തിയ കര്‍ഷകമക്കളാണ് ഇന്നുള്ളത്. എന്നാല്‍ എസി മുറിയിലിരുന്നു നിയമം ഡ്രാഫ്റ്റ് ചെയ്യുന്നവര്‍ കന്നുകാലികളെ വളര്‍ത്തുന്നത് അസഹ്യതയുളവാക്കുന്നതാണെന്നു പച്ചയ്ക്കു പറഞ്ഞാല്‍ കര്‍ഷകര്‍ എന്തു ചെയ്യും. ചാണകം കൈകൊണ്ടു വാരി കൃഷിക്കുപയോഗിക്കുന്നവരാണ് കര്‍ഷകര്‍. എന്നിട്ടും ആരോടും പരിഭവമില്ലാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍. മക്കളെ നോക്കുന്നതു പോലെ കന്നുകാലികളെ വളര്‍ത്തുന്നവരാണ് കര്‍ഷകര്‍. പശുവിനെ അറിയാത്ത ചില ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന നിയമം പോലും കര്‍ഷകദ്രോഹമായി മാറുന്നു. റബറിനും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വിലയില്ലാത്തതു കൊണ്ടു പശുവിനെയും കോഴി യെയും വളര്‍ത്തി ജീവിതം തള്ളിനീക്കാനാണ് കര്‍ഷകകുടുംബങ്ങള്‍ ആഗ്രഹിക്കുന്നത്. ഒരു വശത്തുനിന്നും ധാരാളം കോഴികളെ കൊടുക്കും. മറുസൈഡില്‍ നിന്നും നിയമങ്ങളാല്‍ കൂച്ചുവിലങ്ങിടും. ഇതു മാറാതെ കര്‍ഷകന്‍ രക്ഷപ്പെടില്ല.

ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. പാലുത്പന്ന വിപണി യില്‍ ഉത്പന്നങ്ങള്‍ കുറവാണ്. ഈ സാധ്യത ഡയറിഫാമുകളുടെ അവശ്യ കതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ കേരളത്തില്‍ യുവസംരംഭകരുടെ നേതൃത്വത്തില്‍ ലൈവ് സ്റ്റോക്ക് ഫാമുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. ഫാമുകളില്ലാതെ തന്നെ വീടുകളില്‍ അഞ്ചും ആറും പശുക്കളെ വളര്‍ത്തുന്നവര്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഡയറിഫാമുകള്‍ ആരംഭിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു. കൂട്ടായും വ്യക്തിപരമായും ഫാമുകള്‍ തുടങ്ങി. വിദ്യാഭ്യാസമില്ലാത്തവരല്ല ഇവരെന്നു കൂടി ഓര്‍ക്കണം. മിടുക്കരായ യുവാക്കള്‍ രംഗത്തു വന്നു. ബാങ്കുകളില്‍ നിന്നും വായ്പ എടുത്തും കടം വാങ്ങിയും നാട്ടിന്‍പുറത്തുപറയുന്നതുപോല കെട്ടുതാലി വിറ്റും ഈ രംഗത്തേക്കു കടന്നു വന്നവരുണ്ട്. കന്നുകാലികളെ വളര്‍ത്താന്‍ കര്‍ഷകന്റെ മക്കള്‍ക്കു മടിയായാണെന്നു പറയുന്ന കാലഘട്ടത്തില്‍ തന്നെയാണ് ഫാമുകള്‍ ധാരാളമായി വളര്‍ന്നത്. ഇതിന്റെ നേട്ടം കേരളത്തിനുണ്ടായി. ഇതരസംസ്ഥാനങ്ങളില്‍ നിന്നു പാലിന്റെ വരവ് ദിനവും കുറയുന്നുണ്ട്. എന്നാല്‍ നിയമം മുക്കുകയറിടുന്ന സ്ഥിതിയിലേക്കു കടന്നു വരുന്നു. അയല്‍സംസ്ഥാനങ്ങളില്‍ കന്നുകാലികളെ വളര്‍ത്തുന്നതിനു പ്രോത്സാഹനം നല്‍കുമ്പോഴാണ് കേരളത്തില്‍ കര്‍ഷകരുടെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവയ്ക്കു മാത്രമേ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ലൈസന്‍സ് ആവശ്യമുള്ളൂ. കേരളത്തില്‍ രണ്ടായിരത്തോളം ഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്നതു ഗൗരവമായി കാണണം.കര്‍ഷകനാണ് ശക്തി

ഇന്ത്യയുടെ മൊത്തം ആഭ്യന്തര വരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷിക മേഖലയുടെ സംഭാവനയാണ്. ഇതില്‍ 26 ശതമാനം മൃഗസംര ക്ഷണമേഖലയില്‍ നിന്നാണ്. കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉത്പന്നങ്ങളില്‍ നിന്നുമാണ്. രാജ്യത്തെ കന്നുകാലി കളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബ ങ്ങളു ടേതാണ്. കേരളത്തിലെ കന്നുകാലിയുടെ കണക്ക് കുറയുന്നതായി സര്‍വേഫലം സൂചിപ്പിക്കുന്നു. 2003ല്‍ 212.2 ലക്ഷം കന്നുകാലികളുണ്ടായിരുന്ന കേരളത്തില്‍ 2012ല്‍ അതു 123.29 ലക്ഷമായി കുറഞ്ഞു. കറവയുള്ള പശുക്കളുടെ എണ്ണം ഏഴുലക്ഷത്തിനും താഴെയാണ്. പശുവിന്റെ ആയുസ് 20-25 വര്‍ഷമാണ്. നിലവില്‍ കറവവറ്റിയ പശുക്കളുടെ എണ്ണം മൊത്തം പശുക്കളുടെ 1-3 ശതമാനം മാത്രമാണ്. കാലികളില്‍ 10 വയസില്‍ കൂടുതലുള്ള ആണ്‍മൃഗങ്ങളുടെ എണ്ണം ആകെയുള്ള ആണ്‍കന്നു കാലികളില്‍ രണ്ട് ശതമാനം മാത്രവും.

ഫാം ആരംഭിക്കാന്‍ അനുമതി ലഭിച്ചാലും എത്ര നാള്‍ ഇതു തുടരുമെന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. കാരണം ആരെങ്കിലും പരാതിപ്പെട്ടാല്‍, ഉദ്യോഗസ്ഥ ര്‍ക്ക് ഇഷ്ടക്കേടുണ്ടായാല്‍ ഫാം പൊളിച്ചുനീക്കേണ്ടി വരും. കര്‍ഷകരെ സഹായിക്കുന്ന ഒരു നിയമമാണ് നമുക്കാവശ്യം.

സര്‍ക്കാരിനോട് ചില ചോദ്യങ്ങള്‍

1. ഒരു വെറ്ററിനറി സര്‍വകലാശാല, രണ്ടു വെറ്ററിനറി കോളജുകള്‍, ഒരു ഡയറിസയന്‍സ് കോളജ്, ഒരു പൗള്‍ട്രി സയന്‍സ് കോളജ്, കേരള കന്നുകാലി വികസന ബോര്‍ഡ്, കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്‍, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മില്‍മ എന്നിവയെല്ലാം കേരളത്തില്‍ അസഹ്യതയുളവാക്കുന്ന സ്ഥാപനങ്ങളാണോ?

2. കേരളത്തിലേക്കു പ്രതിവര്‍ഷം 14 ലക്ഷം കന്നുകാലികള്‍, എട്ടു ലക്ഷം ആടുകള്‍, രണ്ടു ലക്ഷം പന്നികള്‍, പ്രതിദിനം നാലുമുതല്‍ ഏഴു ലക്ഷം ഇറച്ചിക്കോഴികള്‍, ഒരു കോടി കോഴിമുട്ടകള്‍ എന്നിവ അയല്‍ സംസ്ഥാനത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിനു കോടാനുകോടി രൂപ ചെലവഴിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഇവ ഉത്പാദിപ്പിക്കുന്ന ഫാമുകളെ കഴുത്തു ഞെരിച്ചു കൊല്ലാമോ?

3. പാല്‍, മുട്ട, ഇറച്ചി എന്നിവ എവിടെ എങ്ങനെ ഉത്പാദിപ്പിക്കുന്നുവെന്നറിയാതെ നാം വാങ്ങി കഴിക്കുന്നു. ഇവയിലെ ആപത്കരമായ ഹോര്‍മോണുകള്‍, ആന്റി ബയോട്ടിക്കുകള്‍, രാസവസ്തുക്കള്‍, രോഗാണുക്കള്‍ എന്നിവയെപ്പറ്റി നമുക്ക് ഒരു ഉത്കണ്ഠയും വേണ്ടേ?

4. 20 ആടുകളെ വളര്‍ത്തുന്ന അട്ടപ്പാടിയിലെ ആദിവാസി, ആടുഫാം തുടങ്ങുന്നതിനുള്ള ലൈസന്‍സ് എടുക്കാന്‍ അരഡസന്‍ ഓഫീസുകള്‍ കയറി ഇറങ്ങണമെന്ന നിയമം ക്രൂരമല്ലേ?

5. ഒരു കര്‍ഷകനോ സംരംഭകനോ വിദേശത്തു നിന്നു മടങ്ങിയെത്തി ജന്മനാട്ടില്‍ ഒരു ഫാം നടത്തി ശിഷ്ടജീവിതം സ്വസ്ഥമായി കഴിക്കാം എന്നു കരുതാന്‍ സാധിക്കുമോ? പല പ്രാവശ്യം പഞ്ചായത്ത് ഓഫീസ് , ജില്ലാ മെഡിക്കല്‍ ഓഫീസ് , മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് , ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസ് എന്നിവിടങ്ങളിലെല്ലാം കയറി ഇറങ്ങി പണം അടച്ചാല്‍ മാത്രമേ അഞ്ചു പശുക്കളെ വളര്‍ത്താന്‍ കഴിയൂ എന്നു ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത് പ്രായോഗികമാണോ?

6.അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും വന്‍കിട വാണിജ്യാടിസ്ഥാന ഫാമുകള്‍ക്കുമാത്രം ലൈസന്‍സ് മതി എന്നു പറയുമ്പോള്‍ കേരളം പശുവിനെയും കോഴികളെയും വളര്‍ത്തുന്ന ഫാമുകളെ ആറു തരം സ്ലാബുകളായി തിരിച്ചു ഫീസ് ഈടാക്കുന്നതു വിവേചനമല്ലേ?

7. അഞ്ച് പശു, പന്നി വളര്‍ത്തുന്നതിനു വളക്കുഴി, ശേഖരണടാങ്ക്, കമ്പോസ്റ്റുകുഴി, ബയോ ഗ്യാസ് പ്ലാന്റ് തുടങ്ങിയവ വേണമെന്ന് നിയമം അനുശാസിക്കുന്ന സംസ്ഥാനത്ത് 11 ലക്ഷം പശുക്കള്‍ക്കും എട്ടു ലക്ഷം പന്നികള്‍ക്കുമായി എത്ര കുഴികളും ടാങ്കുകളും പ്ലാന്റുകളും വേണമെന്ന് ആലോചിച്ച് നോക്കിയാല്‍ അമ്പരന്നു പോവില്ലേ?

8. ഫോറം 1,2,3 എന്നിവയും പൂരിപ്പിച്ച് ദിവസങ്ങളും മാസങ്ങളും പഞ്ചായത്തിലും അരഡസന്‍ ഓഫീസുകളിലും കയറി ഇറങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ടാക്‌സിപിടിച്ച് ഫാമില്‍ കൊണ്ടുവന്ന് കാണേണ്ടതു പോലെ കണ്ട്, പല തരം ഫീസ് അടച്ചാലേ ഒരു പശുഫാം തുടങ്ങാന്‍ കഴിയൂ എന്ന നിയമമുള്ള സംസ്ഥാനം, ഇവിടെ കഴിഞ്ഞ എട്ടു വര്‍ഷമായി പുതിയ ലൈവ് സ്‌റ്റോക്ക് ഫാമുകള്‍ തുടങ്ങുന്നില്ല, നിരവധി സഹായങ്ങളും കുറഞ്ഞ കുലിക്ക് ജോലിക്കാരെയും ലഭിക്കുന്ന അയല്‍സംസ്ഥാനത്തേക്കു നിരവധി ഫാമുകള്‍ മാറി പോകുന്നു ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ?

9. ലൈസന്‍സ് എടുക്കാതെയും പുതുക്കാതെയും ഫാം നടത്തുന്ന കര്‍ഷകനെയും സംരംഭകരെയും ശിക്ഷിക്കും എന്നു പറയുന്ന നിയമം ഉരുട്ടിക്കൊല്ലുന്നതിനു സമാനമല്ലേ?

10. എല്ലാ കൃഷികളും തകര്‍ന്നു തരിപ്പണമായ കേരളത്തില്‍ കര്‍ഷകര്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കുന്നതു പശുവിനെയും പന്നികളെയും ആടിനെയും കോഴികളെയും വളര്‍ത്തിയിട്ടാണെന്ന് ഗ്രാമീണജീവിതം അറിയുന്ന എല്ലാവര്‍ക്കുമറിയുമ്പോള്‍ നിയമങ്ങള്‍ ഉണ്ടാക്കി കര്‍ഷകന്റെ കഴുത്തു ഞെരിക്കേണ്ടതുണ്ടോ?

11.ലക്ഷങ്ങള്‍ മുടക്കി നടത്തുന്ന ഒരു ഫാം അടച്ചുപൂട്ടുന്നതിന് ആരെങ്കിലും ഒരു പരാതി കൊടുത്താല്‍ മതി എന്ന അവസ്ഥ മാറണ്ടേ?

12. നിയമങ്ങളും ലൈസന്‍സും നൂലാമാലകളും ഒന്നും തന്നെ സര്‍ക്കാര്‍ ഫാമുകള്‍ക്കും കാര്‍ഷിക സര്‍വകലാശാല ഫാമുകള്‍ക്കും കന്നുകാലി വികസന ബോര്‍ഡിന്റെ ഫാമുകള്‍ക്കും ബാധകമല്ല എന്ന് നിയമത്തില്‍ എഴുതി വച്ച വങ്കത്തരത്തിനു മാപ്പു കൊടുക്കാമോ?

13. വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍കിട ഫാമുകള്‍ക്കു മാത്രമേ ലൈസന്‍സ് ആവശ്യമുള്ളുവെന്നും വീട്ടു പരിസരത്തെ മൃഗപരിപാലനത്തിന് ഒരു ലൈസന്‍സും ആവശ്യമില്ല എന്നുള്ള ഉത്തരവ് ഉടനെ പുറപ്പെടുവിക്കേണ്ടേ?

14. കേരളത്തില്‍ മാത്രം പ്രത്യേകതയാണ് എല്ലാ പഞ്ചായത്തുകളിലെയും മൃഗാശുപത്രികളും എല്ലാ ബ്ലോക്ക് പഞ്ചായത്തിലെയും ക്ഷീരവികസന ഓഫീസും. പക്ഷേ, പശുഫാം തുടങ്ങുന്നതിന് ഈ രണ്ടു സ്ഥാപനങ്ങളുടെയും അനുമതി ആവശ്യമില്ല.

15. വീട്ടുമുറ്റത്ത് കാലിത്തൊഴുത്തുള്ള കേരളീയ ഭവനങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ കാലിത്തൊഴുത്തോ കോഴിപ്പുരയോ നിര്‍മിക്കുന്നതിനു കരിങ്കല്‍ക്വാറിക്കുംക്രഷറിനുമുള്ള നിബന്ധനകള്‍ ബാധകമാണെന്ന് നിയമം എഴുതി വച്ചിരിക്കുന്നു.

16. കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2015ലെ ഉത്തരവ് പ്രകാരം അനിമല്‍ ഫാമുകള്‍ക്ക് പച്ച, ഓറഞ്ച്, ചുവപ്പ് നിറം കൊടുത്ത് ആപത്കരമായ വ്യവസായം, വാണിജ്യം, രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കുള്ള ഫീസ് ചുമത്തിയിരിക്കുന്നു. മൂലധന നിക്ഷേപമനുസരിച്ചു വാര്‍ഷിക ഫീ സും ചുമത്തിയിരിക്കുന്നു.

17. ദേശാടനപക്ഷികള്‍ എത്തുന്ന ജലാശയങ്ങളുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിഫാമോ, കോഴി വളര്‍ത്തലോ പാടില്ലെന്ന് പറയുന്നു നിയമം. കേരളത്തിലെ 44 നദികളിലും 32 കായലുകളിലും ശുദ്ധജല തടാകങ്ങളിലും 62 അണക്കെട്ടുപ്രദേശങ്ങളിലും ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകൡലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാടന്‍ പ്രദേശത്തു പോലും താറാവും കോഴിയും വളര്‍ത്തരുത് എന്ന നിയമം എഴുതി വച്ച ആളിന് കേരളത്തെപ്പറ്റിയും കൃഷി മൃഗസംരക്ഷണത്തെ പറ്റിയും എന്തെങ്കിലും ധാരണയുണ്ടോ?
ഫോണ്‍: ഡോ. ശുദ്ധോധനന്‍- 9447442486.

ജോണ്‍സണ്‍ വേങ്ങത്തടം
ടോം ജോര്‍ജ്‌