പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ സംഹാരിയായ മുരിങ്ങയിലക്കറി.

പഴമക്കാരുടെ മുരിങ്ങ

ശരീരബലവും ഊര്‍ജസ്വലതയും വര്‍ധിക്കാന്‍ മുരിങ്ങയില തോരന്‍ വച്ച് നെയ്യില്‍ ഉലത്തി അധികം വേവിക്കാതെയും പുളി ചേര്‍ക്കാതെയും പഴമക്കാര്‍ ഉപയോഗിച്ചിരുന്നു.

മുരിങ്ങയില ഉപ്പുചേര്‍ത്ത് വേവിച്ച് നെയ്യില്‍ വരട്ടി കഴിച്ചാല്‍ മുലപ്പാല്‍ ധാരാളമുണ്ടാകും.കാഴ്ചശക്തി വര്‍ധിപ്പിക്കുകയും തിമിരം വരാതെ നോക്കുകയും ചെയ്യുന്ന മുരിങ്ങ പ്രമേഹരോഗികള്‍ക്ക് ഒരു പ്രതിവിധി കൂടിയാണ്. പൂവും മുരിങ്ങക്കായും ഇതേഗുണങ്ങള്‍ നിറഞ്ഞവയാണ്.

കുട്ടികള്‍ക്കുണ്ടാകുന്ന വിരശല്യം ഒഴിവാക്കാന്‍ മുരിങ്ങയില പാകപ്പെടുത്തി കുട്ടികള്‍ക്ക് നല്‍കിയിരുന്നു.
ഒരു ടീസ്പൂണ്‍ നെയ്യില്‍ കുറച്ചു മുരിങ്ങയില ചേര്‍ത്ത് വേവിച്ച് കുട്ടികള്‍ക്കു കൊടുക്കുന്നതു മികച്ച ടോണിക്കിന്റെ ഫലം ചെയ്യുമെന്നും ഇവര്‍ അതി ബുദ്ധിമാന്മാരാകുമെന്നും ശാസ്ത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുരിങ്ങയിലയും വെളുത്തുള്ളിയും ചതച്ച് പാലു കാച്ചി രാത്രി ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് വീതം കഴിച്ച് പഴമക്കാര്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചിരുന്നു. മുരിങ്ങയിലയില്‍ അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, ജീവകം എന്നിവ അടിങ്ങിയിരിക്കുന്നു.


മുരിങ്ങിയില ചതച്ചു പിഴിഞ്ഞ് എടുക്കുന്ന ഒരു കപ്പു നീരില്‍ ഒമ്പതു മുട്ടയില്‍ അടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 500 ഗ്രാം വെണ്ണയോ 50 ഗ്രാം ആട്ടിന്‍ കരളോ 50 ഗ്രാം സ്രാവിന്റെ കരളോ കഴിച്ചാല്‍ കിട്ടുന്ന അത്ര വിറ്റാമിന്‍ എ മുരിങ്ങയിലയുടെ ഒരു കപ്പ് നീരില്‍ നിന്നും ലഭ്യമാണ്. 16 കിലോ ആട്ടിറച്ചിയില്‍ അടങ്ങിയ വിറ്റാമിന്‍ എ ഇതില്‍ നിന്നും ലഭിക്കുന്നു.

മുരിങ്ങവേര് ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ പാലു ചേര്‍ത്തു സേവിച്ചാല്‍ ആസ്തമ ശമിക്കും.ഒരു കപ്പു മുരിങ്ങനീരില്‍ ആറ് മധുരനാരങ്ങയില്‍ അടങ്ങിയതിനു തുല്യമായി വിറ്റാമിന്‍ സിയുണ്ട്. കാല്‍സ്യത്തിന്റെ അളവ് 20 കോഴിമുട്ടയില്‍ അടങ്ങിയിരിക്കുന്നതില്‍ കൂടുതലാണ്.

മുരിങ്ങയിലയുടെ 1.5 മില്ലിലിറ്റര്‍ നീരില്‍ ഒരു ഗ്ലാസ് ഇളനീരും വെള്ളം ചേര്‍ത്ത തേനും ചേര്‍ത്തിളക്കി ദിവസം രണ്ടോ മൂന്നോ തവണ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനം ഉണ്ടാകും
എന്താ എല്ലാ വീട്ടിലും മുരിങ്ങ വളര്‍ത്തിക്കൂടെ?

വി.ഒ. ഔതക്കുട്ടി
9446125632