ആരോഗ്യത്തിന് കാട്ടുപഴം മൂട്ടില്‍ക്കായ
ആരോഗ്യത്തിന് കാട്ടുപഴം മൂട്ടില്‍ക്കായ
Tuesday, February 18, 2020 3:39 PM IST
നമ്മുടെ കാടുകളില്‍ കണ്ടുവരുന്ന ഒരു ഫലമാണ് 'മുട്ടിക്കായ്'. പ്രാദേശികമായി മൂട്ടിപ്പുളി, മൂട്ടിക്കായ് എന്നൊക്കെ വിളിക്കും. കാടിറങ്ങിയതോടെ ഈ ഫലത്തിന് ആവശ്യക്കാര്‍ ഏറെയാണിന്ന്. ഇന്ത്യയുടെ പശ്ചിമഘട്ട നിത്യഹരിതവനമേഖലകളില്‍ ധാരാളം കണ്ടുവരുന്ന ഇവയുടെ പൂര്‍ണ വളര്‍ച്ചയെത്തിയ ചെടിക്ക് 25 മുതല്‍ 30 വരെ അടി ഉയരമാണുളളത്. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാണ് പൂവിടുന്നത്. ദളങ്ങള്‍ ഇല്ലാത്ത പൂക്കള്‍ ചുവപ്പു നിറത്തില്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയില്‍ കൂട്ടത്തോടെയാണ് പൂക്കുന്നത്.

മഴക്കാലമാകുന്നതോടെ ഇവ കായ്ക്കുന്നു. മരങ്ങളുടെ താഴേത്തട്ടുകളില്‍ കൂട്ടത്തോടെ കായ്ക്കുന്നതു കൊണ്ടാവാം ഇവയ്ക്ക് മുട്ടിക്കായ എന്ന പേരു ലഭിച്ചതെന്നു പറയപ്പെടുന്നു.പൂര്‍ണ വളര്‍ച്ചയെത്തിയ ഫലത്തിനു ചുവപ്പു നിറമാണ്. ഏകദേശം നെല്ലിക്കയുടെ വലിപ്പമുളള ഇതിന്റെ പുറംതോട് വളരെ കട്ടിയുളളതാണ്. പുറംതോട് പൊട്ടിച്ച് അകത്തുളള ജെല്ലി പോലെയുളള ഭാഗമാണ് ഭക്ഷ്യയോഗ്യം.

രണ്ടു മുതല്‍ മൂന്നു വരെ വിത്തുകള്‍ ഒരു ഫലത്തിനുളളില്‍ കാണും. പുളിരസത്തോടുകൂടിയ ചെറുമധുരമാണ് ഈ പഴത്തിനുളളത്. ഇവയുടെ പുറംതോട് അച്ചാര്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. മലയണ്ണാന്‍, കരടി, കുരങ്ങ് തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ഇഷ്ട ഫലം കൂടിയാണിത്. ഇന്ത്യയിലെ വിവിധ വന മേഖലകളില്‍ നടത്തിയ പഠനങ്ങളിലും സര്‍വേകളിലും പല ആദിവാസി ഗോത്രക്കാരുടെ ഔഷധ സസ്യങ്ങളുടെ പട്ടികയില്‍ മുഖ്യ സ്ഥാനമാണ് മുട്ടിക്കായ്ക്കുളളത്.

ഔഷധഗുണങ്ങളുളള ഈ കാട്ടുപഴം ആദിവാസി സമൂഹങ്ങളിലെ പല മരുന്നുകളിലും ഒരു ഘടകമാണ്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി മലനിരകളിലുളള പഠനങ്ങളില്‍ അവിടുത്തെ 'കനി' എന്ന ഗോത്രവര്‍ഗക്കാര്‍ വായിലും ഉദരത്തിലും ഉണ്ടാകുന്ന അള്‍സര്‍ ഭേദമാക്കുവാന്‍ ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. കൂടാതെ, വയനാട്ടിലെ വിവിധ ഗോത്രവര്‍ഗക്കാരുടെ ഇടയില്‍ നടത്തിയ പഠനങ്ങളില്‍ ഇവയുടെ ഇലയും, തണ്ടും, കായും നിശ്ചിത അളവില്‍ യോജിപ്പിച്ചു കഴിച്ചാല്‍ വിഷത്തിനെതിരേ ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രമേഹം, ഉദരസംബന്ധമായ അസുഖങ്ങള്‍, മലബന്ധം, ശരീരത്തിന്റെ പ്രതിരോധശേഷി തുടങ്ങിയവയ്ക്ക് ഈ മരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭക്ഷിക്കാറുണ്ട്. മൂട്ടില്‍ക്കായുടെ 100ഗ്രാം ഫലത്തില്‍ ഊര്‍ജ സ്രോതസുകളായ അന്നജം (18 ഗ്രാം), മാംസ്യം (1 ഗ്രാം), കൊഴുപ്പ് (0.5 ഗ്രാം) എന്നിവയ്ക്കു പുറമേ കാല്‍സ്യം (25 മി.ഗ്രാം), പൊട്ടാസ്യം (100 മി.ഗ്രാം), മഗ്നീഷ്യം (9 മി.ഗ്രാം), ഇരുമ്പ് (0.30 മി.ഗ്രാം), കോപ്പര്‍ (0.2 മി.ഗ്രാം) തുടങ്ങിയ ധാതു ലവണങ്ങളും അടങ്ങിയിരിക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ, വിവിധ രോഗങ്ങളെ തടയാന്‍ ശക്തിയുളള ആല്‍ക്കലോയിഡുകള്‍, ഫ്‌ളേവനോയ്ഡ് എന്നിവയും ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. ഇത്രയേറെ ഗുണങ്ങളുളള നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ഈ ഫലത്തെ മനസിലാക്കാതെ പോകരുത്.

ബോണി മാത്യു, ഡോ. ബ്ലോസ്സം കെ.എല്‍, സോമി മേരി മാത്യു
കേരള ഫിഷറീസ് - സമുദ്ര പഠന സര്‍വകലാശാല, പനങ്ങാട്, കൊച്ചി