ഇക്കോ ടൂറിസത്തിനൊപ്പം എപ്പി ടൂറിസവും
ഇക്കോ ടൂറിസത്തിനൊപ്പം എപ്പി ടൂറിസവും
Wednesday, March 4, 2020 2:44 PM IST
പരിസ്ഥിതിക്കാഴ്ചകള്‍ ഒരുസ്ഥലത്തൊരുക്കുന്ന ഇക്കോടൂറിസത്തിനൊപ്പം തേനീച്ചയേയും കൂടി ഉപയോഗിക്കുന്ന എപ്പി ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുക്കുകയാണ് ഗുജറാത്തിലെ അശോക് പട്ടേല്‍. ഭാരതത്തിലെ വിവിധ കാര്‍ഷിക സര്‍വകലാശാലകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ തേനീച്ച പരാഗണ ഗവേഷണം വിലയിരുത്താനും വരുന്ന അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ രൂപകല്‍പന ചെയ്യാനും നിയമിച്ച കമ്മിറ്റിയിലെ അംഗമായി ഗുജറാത്ത് സന്ദര്‍ശിക്കവേയാണ് അശോക് പട്ടേലിനെ കണ്ടുമുട്ടിയത്. ഗുജറാത്തിലെ മികച്ച തേനീച്ച കര്‍ഷകനാണിദ്ദേഹം. മീററ്റിലെ നവസാരി ഗ്രാമത്തില്‍ അശോക് പട്ടേലും ഭാര്യ അശ്മിത പട്ടേലും ഫാം ടൂറിസവും ഇക്കോ ടൂറിസവും സംയോഗിപ്പിച്ച് എപ്പി ടൂറിസം എന്ന ന്യൂതന ആശയം വിജയിപ്പിച്ചിരിക്കുകയാണ്.

പത്തേക്കറിലെ ടൂറിസം അനുഭവം

തന്റെ പത്തേക്കറില്‍ നഴ്‌സറി, വിവിധതരം കാര്‍ഷിക വിളകള്‍, പറവകള്‍, മയിലുകള്‍, പാമ്പുകള്‍ തുടങ്ങി അനേകം ജീവികളെ അണിനിരത്തിയാണ് പരിസ്ഥിതി ടൂറിസം എന്ന ആശയം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതില്‍ 2000 ഇറ്റാലിയന്‍ തേനീച്ചക്കോളനികളെ അശോക് വളര്‍ത്തുന്നു. ഒരു കോളനിയില്‍ നിന്നു ശരാശരി 40 കിലോ തേന്‍ എന്ന കണക്കില്‍ 80,000 കിലോ തേനാണ് പ്രതിവര്‍ഷ ഉത്പാദനം. പതിനാറു ശതമാനം മാത്രം ജലാംശമുള്ള തേനിന് ആവശ്യക്കാര്‍ ക്യൂവാണ്. 'സഹ്യാദ്രി' എന്ന വില്‍പന നാമത്തില്‍ കിലോയ്ക്ക് 300 രൂപ നിരക്കിലാണ് തേന്‍ വില്‍പന. രണ്ടു കോടി 40 ലക്ഷം രൂപയുടെ തേനാണ് പ്രതിവര്‍ഷം വില്‍ക്കുന്നത്. 1.5 കോടിയാണ് അറ്റാദായം. ഓണ്‍ലൈന്‍ വിപണനത്തിന്റെ ചുമതല ഭാര്യക്കാണ്. ഗുജറാത്തിലെ പ്രധാന കൃഷികളായ എള്ള്, കടുക്, മല്ലി, അംഗ്വാനിന്‍, ബര്‍സിം, ആല്‍ഫാല്‍ഫാ എന്നീച്ചെടികളൊക്കെയാണ് തേനിന്റെ പ്രധാന ശ്രോതസുകള്‍.


മൂല്യവര്‍ധിത ഉത്പന്നമായി കോമ്പ് ഹണി

തേനിരിക്കുന്ന അട മുറിച്ചെടുക്കുന്ന കോമ്പ് ഹണി വില്‍പനയിലൂടെ മൂന്നിരട്ടി അധിക വരുമാനമുണ്ടാക്കുന്നുണ്ട് അശോക് പട്ടേല്‍. പൂമ്പൊടി, റോയല്‍ജല്ലി, തേനീച്ച വിഷം എന്നിവയും ഉത്പാദിപ്പിച്ച് വില്‍ക്കുന്നു. പട്ടേലിന്റെ ഫാമിലെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കുന്നത് അലങ്കാരത്താറാവുകളാണ്. ഇറ്റാലിയന്‍ തേനീച്ചക്കു പുറമേ ഇന്ത്യന്‍ തേനീച്ച, ചെറുതേനീച്ച, കോല്‍തേനീച്ച എന്നിവയേയും ഇവിടെകാണാം. വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഞാന്‍ 2015-ല്‍ നല്‍കിയ ചെറുതേനീച്ചക്കോളനികള്‍ മെച്ചപ്പെട്ട രീതിയില്‍ ഇപ്പോഴും തേന്‍ നല്‍കുന്നു. ഫാം ടൂറിസത്തിനൊപ്പം തേനീച്ചയെക്കൂടി വളര്‍ത്തുകയും തേനുത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന എപ്പി ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് അശോക് പട്ടേല്‍ നമുക്കു മുന്നില്‍ തുടന്നിടുന്നത്. ഒപ്പം ജൈവവൈവിധ്യത്തിന്റെ കേന്ദ്രമായി കൃഷിയിടത്തെ മാറ്റുന്ന ഇക്കോ ടൂറിസത്തിലൂടെ വിദ്യാര്‍ഥികളുള്‍പ്പെടെ ധാരാളം പേരെ തന്റെ കൃഷിയിടത്തിലേക്കെത്തിക്കാനും ഇദ്ദേഹത്തിനു സാധിക്കുന്നു. ഫോണ്‍: അശോക്പട്ടേല്‍- 95740 21233.
ഡോ. ദേവനേശന്‍- 94001 85001

ഡോ. എസ്. ദേവനേശന്‍, ഡോ. കെ. എസ്. പ്രമീള
മുന്‍ മേധാവികള്‍, തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളജ്, വെള്ളായണി