മാന്‍ഫാമുകളും ന്യൂസിലാന്‍ഡ് പാഠങ്ങളും
മാന്‍ഫാമുകളും ന്യൂസിലാന്‍ഡ് പാഠങ്ങളും
Wednesday, July 22, 2020 5:18 PM IST
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍വളര്‍ത്തല്‍ കേന്ദ്രങ്ങളുള്ളത് ന്യൂസിലാന്‍ഡിലാണ്. രണ്ടായിരത്തിലേറെ മാന്‍ഫാം ബിസിനസുകാര്‍ ഈ രാജ്യത്തുണ്ട്. രണ്ടു മില്യനോളം മാനുകളാണ് ഈ ഫാമുകളില്‍ വളരുന്നത്. ന്യൂസിലാന്‍ഡിലെ മാന്‍ഫാമുകള്‍ സന്ദര്‍ശിച്ച നെല്ലി ചെങ്ങമനാട് കര്‍ഷകന്‍ മാസികയുടെ വായനക്കാര്‍ക്കായി തയാറാക്കിയ ന്യൂസിലാന്‍ഡിലെ മാന്‍ വളര്‍ത്തല്‍ വിശേഷങ്ങളിലേക്ക്...

സഫിക് കടലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപ് സമൂഹമാണ് ന്യൂസിലാന്‍ഡ്. ഏറ്റവും അടുത്തുള്ള രാജ്യം ഓസ്‌ട്രേലിയയും. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശത്തേക്കു വന്ന സഞ്ചാരികളാണ് ഈ രാജ്യത്തെ സമ്പന്നതയിലേക്കും കാര്‍ഷിക വളര്‍ച്ചയിലേക്കും നയിച്ചത്. ഇതോടൊപ്പമാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ മാനുകളും ഈ രാജ്യത്തെത്തുന്നത്. സ്‌കോട്‌ലാന്‍ഡില്‍ നിന്നാണ് ആദ്യത്തെ മാനുകളെത്തിയത്. കാടുകളിലേക്കാണ് ആദ്യം മാനുകളെ വിട്ടത്. ഇവിടത്തെ കാടുകളില്‍ വന്യമൃഗങ്ങളൊന്നും തന്നെയില്ലെന്നതാണ് പ്രത്യേകത. അതുകൊണ്ടു കാട്ടിലേക്കു വിട്ട മാനുകള്‍ അവിടെ പെരുകി. വനമേഖലയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന രീതിയില്‍ വംശവര്‍ധനവുണ്ടായപ്പോള്‍ കുറേ മാനുകളെ വേട്ടയാടി നശിപ്പിച്ചു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാന്‍ ഇറച്ചികയറ്റിവിട്ടു. തായ്‌വാനും മാനുകളെ വാങ്ങാനെത്തിയതോടെ മാനിറച്ചിയുടെ ഗുണങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. നിരവധി നാട്ടുമരുന്നുകളുടെ നിര്‍മാണത്തിനാണ് ഈ രാജ്യങ്ങള്‍ മാനുകളെ കൂടുതലായി ഉപയോഗിക്കുന്നത്. കയറ്റുമതി സാധ്യത മുന്നില്‍ കണ്ട് 1970- ല്‍ ആദ്യത്തെ മാന്‍ഫാമിന് ഗവണ്‍മെന്റ് ലൈസന്‍സ് നല്‍കി. 2006 ആയപ്പോഴേക്കും മാന്‍ ഫാമുകള്‍ കൂടുതല്‍ സജീവമായി. നാടിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു സഹായിക്കുന്ന തരത്തില്‍ ഇന്നിവിടെ മാന്‍ഫാമുകള്‍ വളരുകയാണ്.

കൊഴുപ്പില്ലാത്ത മാന്‍മാംസം യൗ വനം നിലനിര്‍ത്താനും കാഴ്ചശക്തി, ലൈംഗിക ശേഷി എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ശുദ്ധമായ മാനിറച്ചി, മിതമായ രീതിയില്‍ ദിവസേന ഭക്ഷിച്ചാല്‍ ശരീരബലം വര്‍ധിപ്പിക്കാനും ഉറക്കക്കുറവു പരിഹരിക്കാനും ക്ഷീണമകറ്റാനും സാധിക്കും. ഇതൊക്കെയാണ് മാനിറച്ചിയുടെ ഡിമാന്‍ഡു വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍. ന്യൂസി ലാന്‍ഡിലെ മാനിറച്ചി ഭൂരിഭാഗവും വിദേശരാജ്യങ്ങളിലേക്കാണ് കയറ്റിവിടുന്നത്. ഇറച്ചി, മാംസഉത്പന്നങ്ങള്‍, തുകല്‍, കൊമ്പ് തുടങ്ങി മാനിന്റെ എല്ലാഭാഗങ്ങളും വിറ്റു പോകുന്നു. കൃത്യമായ വിപണനരീതി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതിനാല്‍ ഫാം ഉടമകള്‍ക്ക് ഒരിക്കലും നഷ്ടമുണ്ടാകുന്നില്ല. വാങ്ങുന്നവര്‍ കൂടിയ വില നല്‍കേണ്ടതുമില്ല.

പശുഫാമുകളുടെ രീതിയിലും നിയമഘടനയിലുമാണ് ഇവിടെ മാന്‍ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. വൈല്‍ഡ് ആനിമല്‍ കണ്‍ട്രോള്‍ ആക്റ്റ് പ്രകാരമാണ് മാന്‍ പരിപാലനം. സര്‍ക്കാര്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ മാന്‍ഫാമുകള്‍ തുടങ്ങാന്‍ കഴിയൂ. കുറഞ്ഞത് മുപ്പതു മാനുകളെങ്കിലും ഒരു ഫാമില്‍ വേണം. കൗതുകമെന്ന നിലയില്‍ വീടുകളില്‍ ഒന്നോ രണ്ടോ വളര്‍ത്താന്‍ അനുവാദമില്ല.

നിയമലഘനത്തിന് കടുത്ത ശിക്ഷയും പിഴയുമുണ്ട്. ഓരോ ഫാമുകളും പരിശോധിക്കാനും പ്രവര്‍ത്തനരീതികള്‍ ആരോഗ്യപരമാണെന്ന് ഉറപ്പു വരുത്താനും ഉദ്യോഗസ്ഥര്‍ ഏതു സമയത്തും ഫാമിലെത്താം.

ലക്ഷ്യം ആരോഗ്യദായക മാംസ ഉത്പാദനം

മനുഷ്യ ശരീരത്തിന് ആരോഗ്യദായകമായ മാംസം ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. പരിശ്രമിച്ചാല്‍ നമുക്കും മാന്‍ ഫാമുകള്‍ ആരംഭിക്കാവുന്നതേയുള്ളൂ. മാനുകള്‍ക്കു വളരാന്‍ പറ്റിയ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. വലിയ ചെലവില്ലാതെ വളര്‍ത്താന്‍ പറ്റിയ നിരവധി ഇനം പുല്ലുകളും കുറ്റിച്ചെടികളും സുലഭമായി നമ്മുടെ നാട്ടിലുണ്ട്. അഞ്ചേക്കറില്‍ കൂടുതലുള്ളവര്‍ക്ക് മാന്‍ഫാം ചെറിയ രീതിയില്‍ തുടങ്ങാന്‍ കഴിയും. നമ്മുടെ നാടിന് അനുയോജ്യമായ ചെറിയ ഇനം മാനുകളെയും മറ്റും വളര്‍ത്താം. ഇതിനു സര്‍ക്കാര്‍ അനുമതി മതി. വനത്തില്‍ നിന്ന് ഫാമുകള്‍ക്ക് ആവശ്യമായ മാനുകളെ നല്‍കി ഗുണകരവും ആരോഗ്യദായകവുമായ മാനിറച്ചി വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കും. മാന്‍ ഇറച്ചിയും മാനിന്റെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിര്‍മാണവും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും.

മരുന്ന് നിര്‍മാണത്തിനും ചെടി വളര്‍ച്ചയ്ക്കും മാന്‍ മൂത്രം

നമ്മുടെ നാട്ടിലെ നാടന്‍ പശുക്കളുടെ മൂത്രത്തെക്കാള്‍ കൂടുതല്‍ ഔഷധഗുണങ്ങളുള്ള മൂത്രമാണ് മാനുകളുടേത്. രാത്രിയിലെ മൂത്രം പ്രത്യേകം ശേഖരിക്കുന്ന രീതി ന്യൂസിലാന്‍ഡിലുണ്ട്. ഇതിനായി മാന്‍ ഷെല്‍ട്ടറുകളുടെ തറ ചെരിച്ചാണു നിര്‍മിച്ചിരിക്കുന്നത്. വൈകുന്നേരം മുതല്‍ രാവിലെ പുറത്തേക്കു മേയാന്‍ പോകുന്നതുവരെ ഒഴിക്കുന്ന മൂത്രം തറയിലെ ചെരിവിലൂടെയൊഴുകി പ്രത്യേകം തയാറാക്കിയ ഓവിലൂടെ വലിയ പാത്രങ്ങളിലെത്തുന്നു. ഇതു ശുദ്ധീകരിച്ചാണ് വില്പന. രണ്ടു മാസത്തോളം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന മൂത്രം, മരുന്നു നിര്‍മാണത്തിനും കാര്‍ഷിക വിളകളുടെ വളര്‍ച്ചയ്ക്കും വളമായും കീടനാശിനിയായും ഉപയോഗിക്കുന്നു. പച്ചക്കറികളുടെ ഉയര്‍ന്ന വളര്‍ച്ചയ്ക്കും വിളവിനും മാന്‍ മൂത്രത്തില്‍ അഞ്ചിരട്ടി വെള്ളം ചേര്‍ത്തു തളിക്കുന്ന രീതിയുണ്ട്. കീടങ്ങളെ അകറ്റാന്‍ ചെടികളില്‍ സ്‌പ്രേ ചെയ്യുകയും ചെയ്യുന്നു. മാന്‍ മൂത്രം ചൈന, തായ്‌വാന്‍, കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പത്തു വര്‍ഷത്തോളമായി കയറ്റുമതി ചെയ്യുന്നുമുണ്ട്.


മാന്‍ഫാമുകളില്‍ കാറ്റും വെളിച്ചവും ആവശ്യത്തിനു ലഭിക്കത്തക്ക വിധത്തില്‍ വലിയ ഷെഡുകളാണ് നിര്‍മിക്കുന്നത്. നമ്മുടെ പന്നിക്കൂടുകള്‍ പോലെ ഷെഡിനെ തിരിക്കും. ഒരു മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ നീളവുമാണ് ഒരുമാനിന് നില്‍ക്കാന്‍ നല്‍കുന്ന സ്ഥലം. ഒരു ഷെല്‍റ്ററില്‍ അഞ്ചു മുതല്‍ എട്ടു വരെ മാനുകളെ പാര്‍പ്പിക്കാം. റെഡ്മാനാണെങ്കില്‍ ആറില്‍ കൂടുതല്‍ പാടില്ലെന്നാണ് നിയമം. ഭിത്തികള്‍ക്ക് രണ്ടു മീറ്റര്‍ ഉയരം വേണം. ഷെഡുകളുടെ വലിപ്പമനുസരിച്ച് ഷെല്‍ട്ടറുകള്‍ എത്രവേണമെങ്കിലും ഒരുക്കാം. ഓരോ ഷെല്‍ട്ടറിലേക്കും മാനുകള്‍ക്ക് വന്നു പോകാനുള്ള വഴി ആവശ്യമാണ്. കൂടാതെ എല്ലാ ഷെല്‍ട്ടറിലും മാനുകള്‍ക്ക് ആവശ്യമായ വെള്ളം ഒരുക്കിയിരിക്കണം. വെളിച്ചത്തിനായി വൈദ്യുത സംവിധാനവും തീറ്റ നല്‍കുന്നതിനുള്ള സൗകര്യവും ഓരോ ഷെല്‍ട്ടറിലും അത്യാവശ്യമാണ്.


മാനുകളുടെ എണ്ണമനുസരിച്ച് അവയ്ക്കു മേഞ്ഞു നടക്കാനുള്ള സ്ഥലമാവശ്യമാണ്. ന്യൂസിലാന്‍ഡില്‍ നാലു കാലാവസ്ഥയാണുള്ളത് ഓരോ കാലാവസ്ഥയിലും വളരുന്ന പുല്ലുകളുമുണ്ട്. അതുകൊണ്ട് കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസരിച്ച് മാനുകള്‍ക്ക് ആവശ്യമായ പുല്ല് മേച്ചില്‍ സ്ഥലങ്ങളില്‍ നട്ടു വളര്‍ത്തുന്നു. നൂറു മാനുകളുള്ള ഒരു ഫാമിന് പത്തേക്കര്‍ സ്ഥലമാണു വേണ്ടത്. ഈ സ്ഥല ത്തെ നാലോ അഞ്ചോ പ്‌ളോട്ടായി തിരിക്കും. ഇവയിലേക്ക് പോകാനും തിരികെ ഷെഡിലേക്കു വരാനുമുള്ള വഴി പ്രത്യേകം ഉണ്ടായിരിക്കും. ഈ പ്‌ളോട്ടുകളെല്ലാം തന്നെ കമ്പിവേലികൊണ്ട് സുരക്ഷിതമാക്കിയിരിക്കും. രണ്ടു മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരത്തിലാണ് വേലികള്‍ നിര്‍മിക്കുന്നത്. നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ അകലത്തില്‍ ബലമേറിയ പോസ്റ്റുകള്‍ നാട്ടിയശേഷമാണ് വേലികള്‍ ഉറപ്പിക്കുന്നത്. മാനുകള്‍ക്ക് കുടിക്കാനായി മൂന്നോ നാലോ ടാങ്കില്‍ വെള്ളം എപ്പോഴുമുണ്ടാകും. കൂടാതെ ഏതാനും തണല്‍ വൃക്ഷങ്ങളും കാണാം. മാനുകള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടിയാണിത്. സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കത്തക്കതരത്തിലാണ് തണല്‍ വൃക്ഷങ്ങള്‍ വളര്‍ത്തുന്നത്.

നല്ല മാനിന്റെ ഗുണമേന്മയുള്ള ഇറച്ചി

മാനുകള്‍ ഓടിയും ചാടിയും പുല്ലുകള്‍ യഥേഷ്ഠം ഭക്ഷിച്ചും വെള്ളം കുടിച്ചും വളര്‍ന്നാല്‍ മാത്രമേ ഗുണമേന്മയുള്ള മാംസം ലഭിക്കൂ. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് കര്‍ഷകര്‍ മാനുകളെ വളര്‍ത്തുന്നത്. മാറിമാറി വരുന്ന കാലാവസ്ഥയ്ക്കിടയില്‍ അപൂര്‍വമായി ഉണ്ടാകുന്ന ക്ഷയരോഗമാണ് പ്രധാനരോഗം. ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നല്‍കുന്നു.

ന്യൂസിലാന്‍ഡ് ഡീര്‍ ഫാര്‍മേഴ്‌സ് അസോസിയേഷനും ഡീര്‍ ഇന്‍ഡ സ്ട്രി ന്യൂസിലാന്‍ഡും മാനുകളുടെ പ്രചരണത്തിനും ഇറച്ചിയുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും മാര്‍ക്കറ്റിംഗ് സുഗമമാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. പോരായ്മകളുള്ള ഫാമുകളെ കൂടുതല്‍ മികച്ചതാക്കാന്‍ ഇവരുടെ സഹായം എപ്പോഴുമുണ്ട്.

പൂര്‍ണവളര്‍ച്ചയെത്തിയ പെണ്‍മാനുകള്‍ മൂന്നു കുട്ടികള്‍ക്കു വരെ ഒരേസമയം ജന്മം നല്‍കുന്നു. കുട്ടികള്‍ വളര്‍ന്നശേഷം വലിപ്പം, തൂക്കം, പോഷകഗുണങ്ങള്‍ ഇവ ഉറപ്പു വരത്തിയ ശേഷമേ മാംസത്തിനായെടുക്കു. ഇവിടെ റെഡ് ഡീറാണ് കൂടുതലായും വളര്‍ത്തുന്നത്. ഒരു കാട്ടുപോത്തിന്റെ രൂപസാദൃശ്യം. ംമുശശേ, ടശസമ, ടമാ യമൃ, ഞൗമെ, എമഹഹീം, അഃശ,െ ണവശലേമേശഹ തുടങ്ങി പന്ത്രണ്ട് ഇനങ്ങളുമുണ്ട്. ഇവയെ വേട്ടയാടി പിടിക്കാനുള്ള സംവിധാനവും ചില ഫാമുകളില്‍ ഒരുക്കിയിട്ടുണ്ട്.

വെടിവച്ചും പ്രത്യേക തരത്തിലുള്ള അമ്പുപയോഗിച്ചുമാണ് വേട്ടയാടല്‍. മാനിന് അവര്‍ നിശ്ചയിക്കുന്ന തുക നല്‍കിയാല്‍ മാത്രമേ സ്വന്തമായി വേട്ടയാടിപിടിക്കാന്‍ അനുവദിക്കൂ. ലൈസന്‍സ്ഉള്ളവര്‍ക്ക് സര്‍ക്കാര്‍ വനങ്ങളില്‍ വേട്ടയാടി കാട്ടുമാനുകളെയും കാട്ടുപന്നികളെയും പിടിക്കാവുന്നതാണ്. വനത്തിലേക്കു പോകുന്നതിന് പ്രാദേശിക സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഇങ്ങനെ പിടിക്കുന്നതിന് ചെലവുകളൊന്നും തന്നെയില്ല. സര്‍ക്കാര്‍ വനങ്ങളില്‍ മാനുകളും പന്നികളും അമിതമാകുന്ന അവസരത്തില്‍ പുല്ല് വര്‍ഗങ്ങളും കുറ്റിച്ചെടികളുമെല്ലാം പൂര്‍ണമായി നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണിത്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന വന്യമൃഗങ്ങളൊന്നും ഇവിടെ യില്ലാത്തതുകൊണ്ടാണിത്. അമിതമായി മാന്‍ വളരുന്ന അവസ്ഥ ഒഴിവാക്കുന്നതോടൊപ്പം പൗരന്മാര്‍ക്ക് ചെറിയൊരു സഹായവുമാണ് ഈ വേട്ടയാടല്‍.