കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്‍' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ക്കും കാര്‍ഷികസംരംഭങ്ങള്‍ക്കും പിറകേനടന്നു വലയുന്നവന്‍ എന്നര്‍ഥത്തിലും ഈ പദമുപയോഗിക്കാം. സര്‍ക്കാര്‍ പദ്ധതികളെ യും അനുമതികളെയും നൂലാമാലകളില്‍ കുരുക്കി കര്‍ഷകരെ നടത്തി ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകളായ ഉദ്യോഗസ്ഥരാണ് മുഖ്യപ്രതികള്‍. എളുപ്പത്തില്‍ കാര്യം സാധിച്ചുകൊടുക്കുന്നവരെ വിസ്മരിക്കുന്നില്ല. എന്നാലിത് എല്ലാ ഉദ്യോഗസ്ഥരുടെയും സ്വഭാവത്തിന്റെ ഭാഗമായാലേ കൂടുതല്‍ സംരംഭകരുണ്ടാകൂ. പദ്ധതികള്‍ ലഭ്യമാക്കാനും സംരംഭം തുടങ്ങാനുമുള്ള രീതികള്‍ കര്‍ഷക സൗഹൃദമാകണം. പല വകുപ്പുകള്‍ക്കു കീഴില്‍ പല പദ്ധതികള്‍, സംരംഭങ്ങള്‍. അതിലൊന്നു തുടങ്ങണമെങ്കില്‍ എത്ര ഓഫീസുകള്‍ കയറി ചെരുപ്പു തേയണമെന്നതാ ണു പ്രശ്‌നം.

എന്തു സംരംഭം തുടങ്ങണമെന്ന് അഭിപ്രായം ചോദിച്ചു സാധാരണക്കാരനു ബന്ധപ്പെടാവുന്ന സ്ഥലങ്ങള്‍ കുറവ്. അല്ലെങ്കില്‍ അത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എവിടെ ലഭിക്കുമെന്നവര്‍ക്കറിയില്ല. അവരവരുടെ വകുപ്പിനു കീഴിലെ സംരംഭക സാധ്യതകളെക്കുറിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ പലര്‍ക്കുമാകുന്നില്ല.

എന്തെങ്കിലും ചെയ്യണം, എന്നാല്‍ എന്തുചെയ്യണമെന്നറിയാത്ത നിരവധിപ്പേരുണ്ടിവിടെ. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങി, കൃഷിയുമായി ബന്ധപ്പെട്ട വകുപ്പുകളെ ഒരുമിപ്പിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഒരു ഏകജാലക സംവിധാനം ഉണ്ടാകേണ്ട കാലം അതിക്രമിച്ചു. അവിടെ ബന്ധപ്പെട്ടാല്‍ തുടങ്ങേണ്ട സംരംഭത്തെക്കുറിച്ചു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കണം. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്കായാലേ ഇവിടെ സംരംഭങ്ങള്‍ വളരൂ. സംരംഭം തുടങ്ങാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറി മനസുമടുത്ത് കൃഷിയില്‍ നിന്നുവരെ പിന്‍മാറുന്നവര്‍ പെരുകുകയാണ്. ഒരു സംരംഭത്തിന് ആ ലൈസന്‍സ് വേ ണം, ഈ അനുമതി വേണം എന്നൊ ക്കെപ്പറഞ്ഞ് തങ്ങളുടെ അജ്ഞതമൂലം സംരംഭകരെ വട്ടം ചുറ്റിക്കുന്ന ഉദ്യോഗസ്ഥരും അനവധി.

ഒരു കന്നുകാലി ഫാമും കുറേ അനുമതികളും

കൃഷിക്കാരെ കാണാനുള്ള യാത്രയ്ക്കിടയിലാണ് ബിനോയിയെ(യഥാര്‍ഥ പേരല്ല) കണ്ടുമുട്ടുന്നത്. ഒരു സമ്മിശ്രകര്‍ഷകന്‍. 'സര്‍ക്കാര്‍ കാര്‍ ഷിക സംരംഭങ്ങളും കൃഷിയും തുടങ്ങാന്‍ വന്‍ പ്രോത്സാഹനമല്ലേ നല്‍ കുന്നത്? കര്‍ഷകരുടെ കാലമല്ലേ?' ഞാന്‍ ചോദിച്ചു. 'കൈയ്യും കാലും കെട്ടിയിട്ടിട്ട്, കൈയടിച്ച് ഓടാന്‍ പ്രോത്സാഹിപ്പിക്കുന്നതു പോലയാ ഇതൊ ക്കെ'- ഇതിനെയൊക്കെ എതിര്‍ക്കാന്‍ പോയാല്‍ നമ്മളും കാണില്ല, സംരംഭവും കാണില്ല'- ബിനോയ് പറഞ്ഞു. പേരും സ്ഥലവും വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്‍മേല്‍ ബിനോയ് ചില കാര്യങ്ങള്‍ പറഞ്ഞു. പദ്ധതികളൊക്കെ ഒത്തിരി പ്രഖ്യാപിക്കും. സംരംഭങ്ങള്‍ തുടങ്ങണമെന്നും പറയും. പക്ഷെ അതു വാങ്ങാനും സംരംഭം തുടങ്ങാനും ചെല്ലുമ്പോഴുള്ള നൂലാമാലകളുണ്ട ല്ലോ? പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണത്. പദ്ധതികളുടെ കുറവല്ല, അതു യഥാര്‍ഥ കര്‍ഷകരില്‍ എത്രത്തോളം എത്തുന്നു- അവിടെയാണു പ്രശ്‌നം.

ലൈസന്‍സിന് 250 രൂപ ചെലവ് 10,000 രൂപ

കന്നുകാലി ഫാം ലൈസന്‍സിന് 250 രൂപയേ വേണ്ടൂ. പക്ഷെ ലൈസന്‍സ് ലഭിക്കണമെങ്കിലോ? ആദ്യം പഞ്ചായത്തിന്റെ അനുമതി വേണം. ഇതിനായി ബില്‍ഡിംഗ് പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നിര്‍മാണാനുമതി, ഫാം പ്രവര്‍ത്ത നാനുമതി അങ്ങനെ നീളുന്നു അനുമതി ലിസ്റ്റുകള്‍. ഇതിനെല്ലാമായി പല ഓഫീസുകളില്‍ കയറിയിറങ്ങണം. ഇവരെല്ലാം ആവശ്യപ്പെടുന്ന പലവിധ പ്ലാനുകളും രേഖകളും സമര്‍പ്പിക്കണം. പിന്നെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു സ്ഥലത്തെത്തിക്കണം. സ്ഥലം കണ്ടുകഴിഞ്ഞാലോ ചിലരെയെങ്കിലും കാണേണ്ടവിധത്തില്‍ കണ്ടില്ലെങ്കില്‍ വീണ്ടും വരും അനുമതിപത്രങ്ങളുടെ നീണ്ടലിസ്റ്റ്. അല്ല, ഇത്തരം ചൂഷണങ്ങള്‍ക്കെല്ലാം പഴുതിട്ടാണല്ലോ നമ്മുടെ ഭരണകര്‍ത്താക്കള്‍ നിയമം നിര്‍മിക്കുന്നത്. അവസാനം ഫയര്‍ഫോഴ്‌സിന്റെ അനുമതി വരെ വേണ്ടിവന്നു എനിക്ക് ലൈസന്‍സ് ലഭിക്കാന്‍. ഒരു ഫാം ലൈസന്‍സ് നേടാന്‍ ചെലവായത് 10,000 രൂപയിലധികം- 250 രൂപയുടെ ലൈസന്‍സ് പോയപോക്കെങ്ങിനെയുണ്ട്. പോയ സമയത്തെക്കുറിച്ച് പറയാതിരിക്കുകയാകും ഭേദം. ഇതിനെക്കുറിച്ച് തൊട്ടടുത്ത ലേഖനത്തില്‍ ഡയറി കണ്‍സള്‍ട്ടന്റായ ഡോ. മുഹമ്മദ് ആസിഫ് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കോഴി, ആട് തുടങ്ങിയ ഫാമുകള്‍ തുടങ്ങാനും വേണം സമാനമായ അനുമതിപത്രങ്ങളും ലൈസന്‍സും. ഇനി ഇതെല്ലാം ശരിയാക്കി സംരംഭം തുടങ്ങിയാലോ? ഒരു പരാതിമതി, മിണ്ടാപ്രാണികളെ വളര്‍ത്തുന്ന ഫാം അടച്ചു പൂട്ടിക്കാന്‍. സംരംഭകന്‍ എല്ലാവരുടെ മുന്നിലും എപ്പോഴും തൊഴുതു നില്‍ക്കണം. ഇയാള്‍ക്ക് നട്ടെല്ലു നിവര്‍ത്തി ഒന്നു നില്‍ക്കാനുള്ള നിയമം ഏതെങ്കിലും സര്‍ക്കാരുകള്‍ ഒന്നു നിര്‍മിച്ചിരുന്നെങ്കില്‍.

മത്സ്യഫാം തുടങ്ങിക്കോളൂ ലോണും സബ്‌സിഡിയും കിട്ടണമെങ്കിലോ?

മത്സ്യകൃഷിക്കും ലൈസന്‍സ് നിര്‍ബന്ധമാക്കുകയാണ്. കേന്ദ്രവും സംസ്ഥാനവുമെല്ലാം ലൈസന്‍സുമായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഈ ചട്ടങ്ങളെല്ലാം കര്‍ഷകരെ ബുദ്ധിമുട്ടിക്കാനും ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലും പണമുണ്ടാക്കാനുള്ളതുമായി മാറുമ്പോഴാണ് വെളുക്കാന്‍ തേച്ചതു പാണ്ടാകുന്നത്. ഫിഷറീസ് വകുപ്പിന്റെ പ്രോജക്ടുകളില്‍ സബ്‌സിഡി, ബാങ്ക് ലോണ്‍ എന്നിവ ലഭിക്കണമെങ്കില്‍ സംരംഭത്തിനു ലൈസന്‍സ് വേണം. കുറഞ്ഞ സ്ഥലത്ത് സ്വന്തം പണം മുടക്കി മത്സ്യം വളര്‍ത്തുന്നതിനിതാവശ്യമില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമൊരുക്കാതെ...

വിദ്യാര്‍ഥി ആയിരിക്കുമ്പോഴേ മത്സ്യകൃഷി ചെയ്തു തുടങ്ങിയ ആളാണ് ചേര്‍ത്തല തുറവൂര്‍ സ്വദേശി അനിയപ്പന്‍. അന്ധകാരനഴി സ്പില്‍വേ വഴിയാണ് തുറവൂര്‍, പട്ടണക്കാട്, കുത്തിയതോട് തുടങ്ങിയ പഞ്ചായത്തുകളിലെ വെള്ളം കടലില്‍ പതിക്കുന്നത്. ഇതിനുമുന്നില്‍ അടിഞ്ഞിരിക്കുന്ന മണ്ണ് യഥാസമയം വാരി മാറ്റാത്തതിനാല്‍ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ഏക്കറുകളിലെ മത്സ്യമെല്ലാം വെള്ളത്തില്‍ ഒലിച്ചു പോയി. ഇത്തരത്തില്‍ ജലനിര്‍ഗമനസൗകര്യങ്ങള്‍ കൂടി ഒരുക്കിയാലേ മത്സ്യകൃഷി നടക്കൂ. പൊതുജലാശയങ്ങളുടെ ആഴം കൂട്ടി, മത്സ്യം വളര്‍ത്തുന്നയിടങ്ങളില്‍ വെള്ളം പൊങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരുകളാണ്.

ഇനി മത്സ്യഫാം ലൈസന്‍സിന്റെ പ്രശ്‌നങ്ങള്‍ പറയാം. പല കര്‍ഷകരും അപേക്ഷ നല്‍കിയിട്ട് മാസങ്ങളായി. കോവിഡ് കാരണം ലൈസന്‍സ് പരിശോധനകള്‍ നടത്താന്‍ പരിമിതിയുള്ളതിനാലാകണം ലൈസന്‍സ് ലഭിക്കാന്‍ കാലതാമസമെടുക്കുന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്താന്‍ ബാങ്ക് ലോണ്‍, സര്‍ക്കാര്‍ സബ്‌സിഡി എന്നിവ ലഭിക്കണമെങ്കില്‍ ഈ ലൈസന്‍സ് ആവശ്യമാണ്. സംരംഭം തുടങ്ങിക്കോള്ളൂ എന്നു പറയുന്നവര്‍ അതുതുടങ്ങാനുള്ള ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കു കൂടി പരിഹാരം കാണേണ്ടേ?


കൃഷി, സബ്‌സിഡിക്കു വേണ്ടിയോ ലാഭത്തിനോ?

എല്ലാ പഞ്ചായത്തുകളിലും ഒരു മത്സ്യകൃഷി കോ-ഓര്‍ഡിനേറ്ററുണ്ടാകും. പഞ്ചായത്തു ഭരിക്കുന്ന പാര്‍ട്ടിയുടെ ആളായിരിക്കുമദ്ദേഹമെന്നും അനിയപ്പന്‍ പറയുന്നു. ഇവരാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മത്സ്യകുഞ്ഞുങ്ങളെയും ആനുകൂല്യങ്ങളും ആര്‍ക്കു നല്‍കണമെന്നു തീരുമാനിക്കുന്നത്. പലപ്പോഴും നല്ല കര്‍ഷകരുടെ പക്കലായിരിക്കില്ല, ഇവയെത്തുക. ഓരോ വര്‍ഷവും കോടിക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതിനനുസരിച്ച മത്സ്യോത്പാദനം ഇവിടെ ഉണ്ടാകുന്നുണ്ടോ എന്നു പരിശോധിച്ചാല്‍ മതി ഇത്തരം പദ്ധതികളുടെ പൊള്ളത്തരവും ധനധൂര്‍ത്തും മനസിലാകാനെന്നും അദ്ദേഹം പറയു ന്നു. നല്ലകര്‍ഷകരെ കണ്ടെത്തി അവരുടെ കൈകളില്‍ മത്സ്യകുഞ്ഞുങ്ങളെത്തിയാലേ ഉത്പാദനമുണ്ടാകൂ.

സൗജന്യമത്സ്യക്കുഞ്ഞു വിതരണത്തിനു പിന്നിലെ വന്‍ തട്ടിപ്പ്

പാലക്കാട്ടെ സമ്മിശ്രകര്‍ഷകനായ സുരേഷ് പങ്കുവച്ചത് പഞ്ചായത്തുകള്‍ വഴി നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിക്കുകീഴിലെ വന്‍തട്ടിപ്പുകളെ കുറിച്ച്. ഫിഷറീസ് വകുപ്പ് സൗജന്യമായാണ് മത്സ്യക്കുഞ്ഞുങ്ങ ളെ വിതരണം ചെയ്യുന്നത്. ലേലം ചെയ്താണ് മത്സ്യക്കുഞ്ഞുങ്ങളുടെ ജില്ലാതല വിതരണാവകാശം നല്‍കു ന്നത്. സൗജന്യമായി പൊതുജനങ്ങള്‍ക്കു നല്‍കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തുക സര്‍ക്കാരാണു വിതരണക്കാര്‍ക്കു നല്‍കുക. ഇങ്ങനെ നല്‍കുന്ന കട്‌ല, രോഹു തുടങ്ങിയ മത്സ്യങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നാലു മുതല്‍ ആറു വരെ സെന്റീമീറ്റര്‍ വലിപ്പമുണ്ടാകണമെന്നാണു നിബന്ധന. (വിവിധ ഇനം മത്സ്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം.) ടെന്‍ഡര്‍ ലഭിക്കാന്‍ ഒരു മത്സ്യക്കുഞ്ഞിന് രണ്ടു രൂപയില്‍ താഴെയൊ ക്കെ വിലയിട്ടു പിടിക്കും. വിതരണക്കാര്‍ ഒത്തുകളിച്ച് ചിലയിടത്ത് മീന്‍കുഞ്ഞുങ്ങളുടെ വിലവര്‍ധിപ്പിച്ച് ടെന്‍ഡര്‍ ഉറപ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ വിതരണം ചെയ്യുമ്പോള്‍ കുഞ്ഞിന് രണ്ടും രണ്ടരയുമൊക്കെ സെന്റീമീറ്റര്‍ പോലും വലിപ്പമുണ്ടാകില്ല. വെള്ളം നിറച്ച കൂടുകളില്‍ കൊണ്ടുവരുന്ന മത്സ്യം പറഞ്ഞ എണ്ണമുണ്ടാകാറില്ലെന്നും ഇദ്ദേഹം പറയുന്നു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നു രണ്ടുപൈസയ്ക്കും മൂന്നു പൈസയ്ക്കുമൊക്കെ വാങ്ങുന്ന, കാണാന്‍പോലും ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങളെയാണ് വിതരണക്കാര്‍ കേരളത്തിലെത്തിക്കുന്നത്. ഇവയെ ഒരാഴ്ച ഹാച്ചറിയില്‍ വളര്‍ത്തും. പദ്ധതി ഉദ്ഘാടനത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വലിപ്പമുള്ള മത്സ്യങ്ങളെ വിതരണം ചെയ്യും. അതിനുശേഷം പഞ്ചായത്തില്‍ വരുമ്പോള്‍ മത്സ്യത്തിന്റെ തരം മാറും. പായ്ക്കറ്റുകളിലെത്തുന്ന ഇവ പറഞ്ഞിരിക്കുന്ന എണ്ണമുണ്ടോ എന്നു പോലും പരിശോധിക്കുന്നത് വിരളം. ഡാമുകളിലൊക്കെ ഇത്തരത്തില്‍ ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഇടുന്ന വയുടെ എണ്ണം കുറച്ചാല്‍ കോടികളാണ് കൈകളിലെത്തുന്നത്. വിലതാഴ്ത്തി ടെന്‍ഡര്‍ പിടിച്ചിട്ട് പറഞ്ഞവലിപ്പവും എണ്ണവും നല്‍കാതെ പണം തട്ടുക. സര്‍ക്കാര്‍ ഒഴുക്കുന്ന കോടികള്‍ അക്ഷരാര്‍ഥത്തില്‍ വെള്ളത്തിലാക്കുന്ന പ്രവര്‍ത്തനം.


പദ്ധതി പൊളിയുന്നതിങ്ങനെ...

ഇനി പദ്ധതി പൊളിയുന്നതിന്റെ കാരണങ്ങളും കര്‍ഷകര്‍ പറയുന്നു. ഇത്രയും ചെറിയ കുഞ്ഞുങ്ങളെ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ ഇടുന്ന ഭൂരിഭാഗം മത്സ്യങ്ങളും ചത്തുപോകും. അല്ലെങ്കില്‍ മറ്റു മത്സ്യങ്ങള്‍ ഭക്ഷിക്കും. പൊതു ജലാശയങ്ങളില്‍ ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. ഇതും പറഞ്ഞ എണ്ണം നിക്ഷേപിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതു വിരളം. പാലക്കാട്ടെ കര്‍ഷകര്‍ക്കു കട്‌ല, രോഹു, മൃഗാള്‍ എന്നീ മത്സ്യങ്ങളെയാണ് നല്‍കുന്നത്. ഇതില്‍ വില കൂടിയ കട്‌ല 40 ശതമാനം വേണമെന്നാണ്. എന്നാല്‍ എണ്ണി നോക്കാതിരിക്കാന്‍ ഒറ്റക്കവറില്‍ മൂന്നിനം മത്സ്യങ്ങളെയുമിടും. ഇതില്‍ കട്‌ല 40 ശതമാനമുണ്ടോയെന്ന് എങ്ങനെ നോക്കാന്‍ സാധിക്കും. ജൂണ്‍- ജൂലൈ മാസങ്ങളിലാണു മത്സ്യങ്ങള്‍ക്കു വളര്‍ച്ചയുണ്ടാകുന്നത്. പദ്ധതിക്കു കീഴില്‍ മത്സ്യക്കുഞ്ഞുങ്ങളെത്തുമ്പോള്‍ ഓഗസ്റ്റ്- സെപ്റ്റംബര്‍ ഒക്കെ ആകുകയാണ്. അതിനാല്‍ രക്ഷപെട്ടുകിട്ടുന്ന മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയും കുറവാണെന്നും സ്വന്തം അനുഭവത്തിലൂടെ ഇദ്ദേഹം പറയുന്നു. പാലക്കാടുപോലുള്ള സ്ഥലങ്ങളിലെ ജലാശയങ്ങള്‍ ജനുവരി- ഫെബ്രുവരിയോടെ വരണ്ടുതുടങ്ങും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്ര വലിപ്പമില്ലാത്ത മത്സ്യക്കുഞ്ഞുങ്ങളെ വൈകിയിടുന്നതിനാല്‍ പൂര്‍ണവളര്‍ച്ചയെത്താതെ മത്സ്യം പിടിച്ചു വില്‍ക്കേണ്ട ഗതികേട് കര്‍ഷകര്‍ക്ക് നഷ്ടം വരിത്തിവയ്ക്കുകയാണ്. ഇതിനാല്‍ സര്‍ക്കാര്‍ നല്‍കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്കായി കാത്തു നില്‍ക്കാതെ ജൂണ്‍ മാസത്തില്‍ പുറത്തു നിന്നു വാങ്ങി മത്സ്യകൃഷി തുടങ്ങുകയാണ് ഇവിടെയുള്ളവര്‍.

പരിഹാരമെന്ത്?

അതാതു ബ്ലോക്കുകളിലോ പഞ്ചായത്തുകളിലോ നല്ല മത്സ്യകര്‍ഷകരെ കണ്ടെത്തി, ഇവരെക്കൊണ്ട് മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിച്ച് കര്‍ഷകര്‍ക്ക് നല്‍കുകയാണെങ്കില്‍ സര്‍ക്കാര്‍ പറയുന്ന വലിപ്പത്തിലുള്ള മത്സ്യം പറയുന്ന എണ്ണം ലഭിക്കുന്നു എന്ന് ഉറപ്പിക്കാം. ഒപ്പം പറയുന്ന എണ്ണം വിതരണം ചെയ്യുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കണം. ഇങ്ങനെയൊക്കയായിരുന്നു കോടിക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ ജലാശയങ്ങളില്‍ ഇട്ടിരുന്നതെങ്കില്‍ ഒരു കിലോ മത്സ്യം 75 രൂപയക്ക് നമുക്ക് ലഭിച്ചേനെയെന്നും ഈ കര്‍ഷകന്‍ പറയുന്നു. ഇടുന്ന മത്സ്യത്തിനനുസരിച്ച് ഉത്പാദനമുണ്ടോ എന്നുകൂടി പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.

അപ്പോള്‍ ചുരുക്കാം. ഇത്രയേ പറയാനുള്ളൂ. കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങൂ എന്നു നാഴികയ്ക്കു നാല്‍പതുവട്ടം പറയുന്ന സര്‍ക്കാരുകള്‍ സംരംഭക സൗഹൃദ രീതികളിലേക്കുവരണം. പദ്ധതികളുടെ മറവില്‍ നടക്കുന്ന ധനധൂര്‍ത്തും കൊള്ളയും കണ്ടെത്തി, തടഞ്ഞ് ആ പണം കര്‍ഷകരിലേക്കെത്തിക്കാനുള്ള സങ്കേതങ്ങള്‍ വികസിപ്പിക്കണം. കൃഷിസംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവരുടെ മനസുമടിപ്പിക്കുന്ന നൂലാമാലകള്‍ എടുത്തുമാറ്റണം.

കാര്‍ഷിക മേഖലയില്‍ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണം. സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള കേന്ദ്രങ്ങള്‍ ജനകീയമാക്കണം. പദ്ധതികള്‍, സഹായങ്ങള്‍ എന്തൊക്കെ, എവിടെ അപേക്ഷിക്കണം തുടങ്ങിയവയൊക്കെ ജനങ്ങളിലെത്തിക്കണം. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പെട്ടന്നുലഭിക്കത്തക്ക ലിങ്കില്‍ ഇവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കണം. അപേക്ഷയും ലൈസന്‍സുകളും ഓണ്‍ലൈന്‍ ആക്കിയില്ലെങ്കില്‍ കോവിഡ് കാലത്തെ സംരംഭസാധ്യതകള്‍ മങ്ങും.

ആന്ധ്രയിലില്ലാത്ത നിയന്ത്രണങ്ങള്‍ എന്തിനിവിടെ?

25 ലക്ഷം ടണ്‍ മത്സ്യോത്പാദനമുള്ള ആന്ധ്രയിലില്ലാത്ത നിയന്ത്രണങ്ങള്‍ കേവലം രണ്ടു ലക്ഷം ടണ്‍പോലും മത്സ്യോത്പാദനമില്ലാത്ത ഇവിടെ കൊണ്ടുവരുന്നത് സംരംഭകത്വത്തെ തകര്‍ക്കുമെന്ന് ഡോ. കെ.ജി. പത്മകുമാര്‍. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടറും അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണകേന്ദ്രം ഡയറക്ടറുമാണദ്ദേഹം. സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കാനും ഹാച്ചറികള്‍ക്കും പൊതുജലാശയങ്ങളിലെ കേജ് കള്‍ച്ചറിനുമെല്ലാം ലൈസന്‍സ് തരക്കേടില്ല. എന്നാല്‍ എന്റെ ഭൂമിയില്‍ മത്സ്യം വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സ് വേണമെന്നു പറയുന്നത് വ്യവസായത്തെ തകര്‍ക്കും. ഉദ്യോഗസ്ഥര്‍ ലൈസന്‍സ് ആവശ്യപ്പെടുന്നെന്നു പറഞ്ഞ് ഒരുപാട് പേര്‍ വരുന്നുണ്ട്. ഗിഫ്റ്റ് തിലാപ്പിയ വന്നപ്പോള്‍ ജൈവസുരക്ഷിതത്വം വേണമെന്നു പറഞ്ഞു. ഇപ്പോള്‍ ബയോ സെക്യൂരിറ്റി എവിടെ?. ആളുകള്‍ താത്പര്യത്തോടെ മത്സ്യക്കൃഷിയിലേക്കു വരുന്നുണ്ട്. അതിനെ നിരുത്സാഹപ്പെടുത്തരുത്. രണ്ടുകൊല്ലം പഞ്ചാബ് ഗവണ്‍മെന്റിന്റെ മത്സ്യക്കൃഷി അഡൈ്വസറായിരുന്നു. 4800 ഹെക്ടറില്‍ അവിടെ മത്സ്യക്കൃഷി നടത്തി. ഗോതമ്പുപാടങ്ങളിലായിരുന്നു ഇത്. ഇന്ത്യയില്‍ 65-70 ശതമാനം വില്‍ക്കപ്പെടുന്നത് വളര്‍ത്തുമത്സ്യമാണ്. കേരളത്തില്‍ കടല്‍മീന്‍ വന്നില്ലെങ്കില്‍ മത്സ്യം കിട്ടില്ലെന്നതാണു സ്ഥിതി. 26,000 ഹെക്ടര്‍ തരിശുപാടങ്ങളാണ് കേരളത്തിലുള്ളത്. ഇതിലൊക്കെ മത്സ്യകൃഷിക്ക് സാധ്യതയുണ്ട്. കുട്ടനാട്ടിലെ നെല്‍കൃഷിസാന്ദ്രത 2016 ല്‍ 14 ശതമാനമായിരുന്നത് 2019 ല്‍ 17 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നെല്‍കൃഷിയില്‍ താത്പര്യം കൂടിയിട്ടുണ്ട്. അതിനു പിന്നില്‍ കൃഷിമന്ത്രിയുടെ പരിശ്രമമുണ്ട്. അതേസമയം ഇനിയുള്ളകാലത്ത് നമുക്ക് നിലനില്‍ക്കണമെങ്കില്‍ സംയോജിതകൃഷി ആവശ്യമാണ്. കേരളത്തിലെ ആളോഹരി കൃഷിയിടം അരയേക്കറാണ്. ഇതില്‍ നെല്ലുമാത്രം കൃഷിചെയ്താല്‍ നിലനില്‍ക്കാന്‍ പറ്റുമോ? കന്നുകാലിവളര്‍ത്തല്‍, താറാവ്, മീന്‍, പച്ചക്കറി തുടങ്ങി നെല്ലിനോട് കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്നവ യോജിപ്പിക്കണം. കേന്ദ്രസര്‍ക്കാരും ഫിഷ്ഫാം രജിസ്‌ട്രേഷന്‍ നിയമം കൊണ്ടുവരുന്നുണ്ട്. ഇതെല്ലാം ഉദ്യോഗസ്ഥന്‍മാര്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാനുള്ള മാര്‍ഗമാകരുത്. കര്‍ഷകരെ നിയന്ത്രിക്കാനുള്ള എല്ലാ നിയമങ്ങളും ഒരുക്കിക്കൊണ്ടുവരികയാണ്. എന്തിനാണു കര്‍ഷകരെ നിരീക്ഷിക്കുന്നതെന്നും ഡോ. പത്മകുമാര്‍ ചോദിച്ചു.

സര്‍ക്കാര്‍ ഫണ്ടുകള്‍ ഉത്പാദന കേന്ദ്രീകൃതമാകണം

സര്‍ക്കാര്‍ പദ്ധതികളില്‍ ലഭിക്കുന്ന പണംതട്ടാന്‍ വേണ്ടി മാത്രം കര്‍ഷക കുപ്പായമണിയുന്ന 'സബ്‌സിഡി കര്‍ഷകര്‍' പെരുകുകയാണിന്ന്. സബ്‌സിഡിക്കുവേണ്ടി കൃഷി ചെയ്യുന്ന സ്ഥിതി മാറി, ലാഭമാകണം കൃഷി ലക്ഷ്യം. സബ്‌സിഡിയായി നല്‍കുന്ന തുക പലിശരഹിത വായ്പകള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാനായി മാറ്റാം. ഇത്തരം വായ്പകള്‍ യഥാര്‍ഥ കര്‍ഷകരിലെത്തിക്കണം. ഇവിടെ കൃഷി നടക്കുന്നുണ്ടോയെന്നു പരിശോധിക്കണം. പദ്ധതിയില്‍പ്പെടുത്തി പണം വാങ്ങുകയും കൃഷി ചെയ്യാതിരിക്കുകയോ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്ന യഥാര്‍ഥകര്‍ഷകരല്ലാത്ത 'സബ്‌സിഡി കര്‍ഷകരെ' തിരിച്ചറിയണം. ഉത്പാദനം നോക്കി പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നല്‍കാനായി കൂടി സബ്‌സിഡി തുക മാറ്റിയാല്‍ ഉത്പാദനം നടക്കുന്നെന്നുറപ്പിക്കാം. പടുതാക്കുളത്തിനും ബയോഫ്‌ളോക്കിനുമെല്ലാം നല്‍കുന്ന സബ്‌സിഡിയുടെ വളരെക്കുറച്ചു ശതമാനം നല്ല കര്‍ഷകരെ കണ്ടെത്തി, നമ്മുടെ പ്രകൃതിദത്ത ജലാശയങ്ങളിലെ മത്സ്യകൃഷിക്കായി നല്‍കിയാല്‍ ഇവിടെ മത്സ്യോത്പാദനം വര്‍ധിക്കും.

ഫിഷ് ഫാം ലൈസന്‍സിന്

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഫിഷ് ഫാം ലൈസന്‍സിനുള്ള അപേക്ഷ നല്‍കേണ്ടത്. വസ്തുവിന്റെ കരം തീര്‍ത്ത രസീത്, സ്ഥലത്തിന്റെ സ്‌കെച്ച്, ലേ ഔട്ട് എന്നിവയാണ് ഒപ്പം സമര്‍പ്പിക്കേണ്ടത്. ഗിഫ്റ്റ് തിലാപ്പിയ, ആഫ്രിക്കന്‍ മുഷി, നട്ടര്‍ തുടങ്ങി ജൈവവേലി ആവശ്യമുള്ളവയുടെ വളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാണ്. ഒപ്പം സര്‍ക്കാര്‍ സഹായം വേണ്ട നൂതന മത്സ്യകൃഷി രീതികള്‍ക്കും. പാട്ടക്കൃഷിയായി മത്സ്യം വളര്‍ത്തുന്നവര്‍ രജിസ്‌ട്രേഷന്‍, സ്ഥലം ഉടമയുടെ പേരിലും ലൈസന്‍സ് വളര്‍ത്തുന്നയാളുടെ പേരിലുമെടുക്കണം. മുകളില്‍ പറഞ്ഞ രേഖകള്‍ക്കൊപ്പം ലീസ് എഗ്രിമെന്റും നല്‍കണം. പാട്ടകൃഷിയില്‍ മൂന്നു വര്‍ഷത്തെ ലീസ് എഗ്രിമെന്റൊക്കെയാണ് ലൈസന്‍സിന് ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലയിടത്ത് ഭൂവുടമകള്‍ ഒരുവര്‍ഷത്തേക്കേ എഗ്രിമെന്റ് വയ്ക്കൂ. അതും തടസമുണ്ടാക്കുന്നുണ്ട്. ചിലയിടത്ത് രജിസ്ട്രാര്‍ ഓഫീസില്‍ എഗ്രിമെന്റ് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധം പടിക്കുന്നു. എന്നാല്‍ സ്ഥലം ഉടമകള്‍ ഇതിനു സമ്മതിക്കുന്നില്ല.

മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണം.

തീരദേശങ്ങളിലും കായലുമായി ബന്ധപ്പെട്ട ജലാശയങ്ങളിലും വ്യാവസായികമായി മത്സ്യകൃഷി നടത്തുന്നതിന് കോസ്റ്റല്‍ അക്വാക്കള്‍ച്ചര്‍ അഥോറിറ്റി എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണം. ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി യോഗം ചേര്‍ന്നാണ് ഈ ലൈസന്‍സ് നല്‍കുന്നത്. ഇതിന്റെ എല്ലാം അപേക്ഷ ജില്ലാ കേന്ദ്രങ്ങളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലാണു നല്‍കേണ്ടത്. ഫിഷറീസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് ലൈസന്‍സ് അനുവദിക്കുക. പടുതാക്കുളം, ബയോഫ്‌ളോക്ക് തുടങ്ങിയ പദ്ധതികള്‍ക്കു കീഴിലെ സംരംഭങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാനും ലൈസന്‍സ് ആവശ്യമാണ്.

ടോം ജോര്‍ജ്