"എന്‍റെ കൃഷിയാണ് എന്‍റെ സന്ദേശം'
"എന്‍റെ കൃഷിയാണ് എന്‍റെ സന്ദേശം'
Tuesday, November 24, 2020 11:06 AM IST
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്‌കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂടെ മലയാളികളില്‍ എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഈ വൈദികന്‍. സ്വന്തം കിഡ്‌നിയിലൊന്നു ദാനം ചെയ്തതോടെ കിഡ്‌നിയച്ചന്‍ എന്നു നാട്ടുകാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന ഫാ. ഡേവിസ് ചിറമ്മല്‍. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി എടുത്ത നിലപാടു തന്നെ കൃഷിയുടെ കാര്യത്തിലും മലയാളികള്‍ എടുക്കണമെന്നാണ് അച്ചന്റെ അഭിപ്രായം. ഇവിടെ ഉത്പാദിപ്പിക്കുന്നവ മാത്രമേ ഭക്ഷിക്കൂ എന്ന തീരുമാനം. എന്നാലേ വിഷം കഴിക്കുന്നതു നമുക്കു നിര്‍ത്താനാകൂ. തന്റെ പള്ളിയില്‍ തന്നെ ഇതിനു തുടക്കം കുറിച്ചിരിക്കുകയാണിദ്ദേഹം. തന്നെപോലെ തന്നെ എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്ന സന്ദേശമാണ് അച്ചന്‍ നല്‍കുന്നത്.

മഞ്ഞളില്‍ തുടക്കം

കോവിഡ് കാലത്തിനു മുമ്പേ ഇവിടെ മഞ്ഞള്‍ കൃഷി തുടങ്ങി. കോവിഡ് മഞ്ഞളിന്റെ ഡിമാന്‍ഡ് ഇരട്ടിയാക്കി. അതോടെ കൃഷിയിലെ ആവേശവും ഇരട്ടിയായി. ആറു മാസംമുമ്പാണ് അച്ചന്‍ എരുമപ്പെട്ടി, കടങ്ങോട് ഉണ്ണിമിശിഹ പള്ളി വികാരിയായി ചാര്‍ജെടുക്കുന്നത്. പള്ളിയുടെ കാടുപിടിച്ചു കിടന്ന നാലരയേക്കറും റബര്‍ തോട്ടവുമൊക്കെ എങ്ങനെ കൃഷിയോഗ്യമാക്കാമെന്ന ചിന്തയാണ് മഞ്ഞള്‍ക്കൃഷിയിലേക്കു വഴി തുറന്നത്. ആരും കണ്ടാല്‍ കൊതിക്കുന്ന രീതിയിലുള്ള മഞ്ഞള്‍തോട്ടമാണ് ഇപ്പോളിവിടം.

കടങ്ങോട് സ്‌പെഷല്‍

നാലരയേക്കറിലെ ജൈവമഞ്ഞള്‍ പാകമാകുമ്പോള്‍ വിളവെടുത്തു പുഴുങ്ങി, ഉണക്കിപൊടിച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കാനാണു പരിപാടി. 'കടങ്ങോട് സ്‌പെഷല്‍' എന്ന പേരില്‍ ഇതു വിപണിയിലിറക്കാനാണ് തീരുമാനം. ആറടി ഉയരം വരുന്ന മഞ്ഞള്‍ചെടി അഞ്ചടിയായിക്കഴിഞ്ഞു. 25,000 കട മഞ്ഞളാണു വളരുന്നത്. നിരവധി പേരാണ് ഈ മഞ്ഞള്‍ പൊടിക്കായി കാത്തിരിക്കുന്നത്.

മഞ്ഞള്‍ വിപ്ലവം

മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുന്നതിന് അമ്പതു സെന്റ് സ്ഥലമുള്ള നൂറു കര്‍ഷകര്‍ക്ക് സൗജന്യമായി അമ്പതു കിലോ മഞ്ഞള്‍ നല്‍കാനാണു തീരുമാനം. ഇവര്‍ ഇതുപയോഗിച്ച് കൃഷി ചെയ്ത് അമ്പതു കിലോ മഞ്ഞള്‍ തിരിച്ചു നല്‍കണം. ബാക്കി അവര്‍ക്കെടുക്കാം. ഇങ്ങനെ കിട്ടുന്ന മഞ്ഞള്‍ വീണ്ടും നൂറു കര്‍ഷകര്‍ക്കു നല്‍കും. അങ്ങനെ ഇതൊരു വ്യാപക കൃഷിയാക്കി മാറ്റും. കൃഷി ചെയ്യേണ്ട രീതി കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കും. ജൈവ രീതിയില്‍ ചെയ്യണമെന്നതാണ് പ്രധാന നിബന്ധന.


ജോലി നല്‍കി മഞ്ഞള്‍

മഞ്ഞള്‍ പ്രതിരോധത്തിനു മാത്രമല്ല, ജീവിതം നിലനിര്‍ത്താനും കാരണമായെന്നതാണ് മറ്റൊരു സത്യം. കോവിഡ് കാലത്താണ് അച്ചന്‍ മഞ്ഞള്‍ കൃഷി നടത്താന്‍ തീരുമാനിച്ചത്. ഇതോടെ പള്ളിയിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ജോലിയും വരുമാനവുമായി.


വെറും തോട്ടമല്ല

ഒരു തുണ്ടു സ്ഥലം പോലും വെറുതെയിടാതെ പ്രയോജനപ്പെടുത്തുന്നതെങ്ങനെയെന്നു കാണിച്ചു തരികയാണിവിടെ. മഞ്ഞളിനു പുറമെ കൂര്‍ക്ക, ഇഞ്ചി, ചേന, ചേമ്പ്, കപ്പലണ്ടി, തണ്ണിമത്തന്‍, പയര്‍, കുറ്റികുരുമുളക് തുടങ്ങി എല്ലാ ഇനം കൃഷിയും ഇവിടെയുണ്ട്. പൂച്ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമ്പോള്‍ പിന്നെ കീടങ്ങള്‍ കൃഷിയെ അങ്ങനെ നശിപ്പിക്കില്ല. ഇതും കൂടാതെ കൃഷി തോട്ടത്തില്‍ അരങ്ങും കെട്ടിയിട്ടുണ്ട്. കാറ്റില്‍ അരങ്ങ് ഉരസിയുണ്ടാകുന്ന ശബ്ദം കേട്ട് മയില്‍ എത്തില്ലത്രേ. പുതിയ പരീക്ഷണങ്ങളെല്ലാം ഏതാണ്ട് വിജയമാണെന്നാണ് അച്ചന്റെ സാക്ഷ്യം. തുടക്കമെന്ന നിലയില്‍ മൂവാറ്റുപുഴയില്‍ പത്തേക്കര്‍ സ്ഥലമെടുത്ത് കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് അച്ചന്‍.

ഫ്രൂട്ട്‌സ് തോട്ടം

വ്യത്യസ്ത പഴവര്‍ഗങ്ങളുടെ തോട്ടം തന്നെയാണ് ഇവിടെ. ഇസ്രയേല്‍ ഓറഞ്ച്, സപ്പോട്ട, മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍, നാരങ്ങ, ബറാബ, മധുര അമ്പഴം, ചാമ്പ, പീനട്ട്, മിറാക്കിള്‍ ഫ്രൂട്ട്, എളന്തപ്പഴം തുടങ്ങി ഒരു മേഖലയിലാകെ പഴവര്‍ഗങ്ങളുടെ തൈകള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു.

കിഡ്‌നിയില്‍ നിന്നു തുടക്കം

സ്വന്തം കിഡ്‌നിയിലൊന്ന് ഗോപിനാഥനെന്ന സഹോദരനു പകുത്തു നല്‍കിയാണ് അച്ചന്‍ കാരുണ്യത്തിന്റെ വഴിയിലേക്കു കടന്നത്. അപകടത്തില്‍ പെടുന്നവരെ ആരും ആശുപത്രിയിലെത്തിക്കാത്ത സാഹചര്യമുണ്ടാകാതിരിക്കാന്‍ ആക്ട്‌സ് എന്ന പദ്ധതിയുടെ സ്ഥാപകനായി. ഇതോടെ തൃശൂര്‍ ജില്ലയിലെ മുക്കിലും മൂലയിലും ആക്ട്‌സ് ആംബുലന്‍സുകള്‍ ആശ്വാസമായി എത്തുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് കൃഷിയുടെ സന്ദേശവുമായി അച്ചനെത്തുന്നത്.

മൃഗശാല!

കടങ്ങോട് പള്ളിയിലെത്തിയാല്‍ മൃഗശാലയിലാണോ എത്തിയിരിക്കുന്നതെന്നു തോന്നിപ്പോകും. വിദേശയിനം തത്തകള്‍, ലൗ ബേര്‍ഡ്‌സ്, താറാവ്, വാത്ത, ഗിനി കോഴികള്‍, മുയല്‍, വിവിധയിനം നായകള്‍ എല്ലാമുണ്ടിവിടെ. ചെറിയൊരു മൃഗശാലയില്‍ എത്തിയതു പോലുള്ളൊരു ഫീലാണ്. കൂടാതെ മത്സ്യകൃഷിയുമുണ്ട്. കൃത്രിമ ടാങ്കുകള്‍ നിര്‍മിച്ചാണ് മത്സ്യകൃഷി. അലങ്കാര മത്സ്യങ്ങളെയും വളര്‍ത്തുന്നു. കൃഷി മലയാളിയുടെ സംസ്‌കാരമാക്കി മാറ്റാനുള്ള പുതിയ ചുവടുവയ്പിനാണ് അച്ചന്‍ സ്വന്തം കൃഷിയിടത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഫോണ്‍: ഫാ. ഡേവിസ്- 98462 36342.

പോള്‍ മാത്യു
ചിത്രങ്ങള്‍: ഗസൂണ്‍ജി