കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു വാങ്ങിയ സുന്ദരിപശു 'താര്‍പാര്‍ക്കര്‍' ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതാണിതിനു കാരണം. വെള്ളനിറമുള്ള തള്ളപ്പശുവിന്റെ പാല്‍കുടിച്ചും മനുഷ്യരെക്കാണുമ്പോള്‍ വാലുപൊക്കി ഓടിക്കളിച്ചും നടക്കുന്ന വെള്ള സുന്ദരിപശുക്കുട്ടി ഇതിനകം നാട്ടില്‍ താരമായിക്കഴിഞ്ഞു.

ഒരു വര്‍ഷം മുമ്പ് കൊല്ലത്തെ ഡോ. ഉണ്ണിക്കൃഷ്ണന്റെ ഫാമില്‍ നിന്ന് 70,000 രൂപയ്ക്കാണു ചെനയുള്ള പശുവിനെ വാങ്ങിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയിലും ഗുജറാത്തിലുമൊക്കെ കാണപ്പെടുന്ന പശു ഇനമാണ് താര്‍പാര്‍ക്കര്‍. വൈറ്റ് സിന്ധി എന്നും വിളിപ്പേരുണ്ട്. നാടന്‍പശുക്കളുടെ ഗണത്തില്‍ പാല്‍ ഉത്പാദനം കൂടുതലുള്ളവയാണിവ. ചൂടിനെ അതിജീവിക്കാനുള്ള ശേഷിയിലും ഇവ മുന്‍പന്തിയിലാണ്.

സൗന്ദര്യവും മേനിയഴകും കാരണം മൃഗസംരക്ഷണ മേഖലയിലെ പ്രദര്‍ശനങ്ങളില്‍ താരമാണു താര്‍പാര്‍ക്കര്‍. പ്രസവസമയത്ത് തള്ളപ്പശുവിന്റെ ദേഹം ചാരനിറത്തിലാകും. പിന്നീടിതു വെള്ളക്കളറിലേക്കു മാറുമെന്നും രശ്മി പറയുന്നു.

നാടന്‍പശുവും എ-ടു പാലും

നാടന്‍പശുക്കളുടെ ഗുണമേന്മയേറിയ എ-ടു ഗണത്തില്‍പ്പെടുന്ന പാലിനുവേണ്ടിയാണു രശ്മി നാടന്‍പശു വളര്‍ത്തലിലേക്കു തിരിയുന്നത്. കേരളത്തിലെ നാടന്‍പശുക്കള്‍ ഒന്നോ രണ്ടോ ലിറ്റര്‍ പാലേ നല്‍കൂ. ഇതാണു പാല്‍ കൂടുതല്‍ ലഭിക്കുന്ന ഉത്തരേന്ത്യന്‍ നാടന്‍പശു വളര്‍ത്തലിലേക്കു തിരിയാന്‍ രശ്മിയെ പ്രേരിപ്പിച്ചത്. ഇവ 8-10 ലിറ്റര്‍ പാല്‍ ദിനംപ്രതി ചുരത്തും. രാജസ്ഥാനില്‍ നിന്നാണ് ഈ പശുവിനെ കേരളത്തിലെത്തിച്ചത്.

മരുഭൂമികള്‍ ചുട്ടുപൊള്ളുന്ന വെയിലേറ്റു താണ്ടുന്നവയാണ് താര്‍പാര്‍ക്കര്‍. അതിനാല്‍ മുഴുവന്‍ സമയവും തൊഴുത്തില്‍ തന്നെ കെട്ടിയിട്ടല്ല വളര്‍ത്തുന്നത്. പറമ്പില്‍ കുറച്ചു സമയം വെയിലേറ്റു മേയാന്‍ വിടും.

കൃഷി വീട്ടിലെ കാര്‍ഷിക കാഴ്ചകള്‍

വീടിരിക്കുന്ന സ്ഥലവും തൊട്ടടുത്ത സ്ഥലങ്ങളും കൂട്ടിയുള്ള നാലേക്കറിലെ കൃഷി കാണേണ്ട കാഴ്ചയാണ്. വീടിനെ കൃഷിവീടെന്നു വിശേഷിപ്പിക്കാം. വീടിനു ചുറ്റും വ്യത്യസ്തമായ കാര്‍ഷിക കാഴ്ചകളാണ് രശ്മി ഒരുക്കിയിരിക്കുന്നത്. കയറിച്ചെല്ലുമ്പോള്‍ ഇടത്തുവശത്തായി ഹൈടെക്ക് രീതിയില്‍ തീര്‍ത്ത രണ്ടു തൊഴുത്തുകളിലാണു നാടന്‍പശുക്കളുടെ വിഹാരം. ഒരു തൊഴുത്തില്‍ കേരളത്തിനു പുറത്തു നിന്നുള്ള നാടന്‍ പശുക്കളാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഉത്ഭവിച്ച റെഡ് സിന്ധി, സഹിവാള്‍, രാജസ്ഥാനിലെ നാടന്‍പശുവായ റാത്തി, ഗുജറാത്തി സ്വദേശിയായ ഗീര്‍ എന്നീ ശരീരവലിപ്പവും സൗന്ദര്യവുമുള്ള പശുക്കളാണ് ഒരു തൊഴുത്തില്‍. രണ്ടാമത്തേതില്‍ വെച്ചൂര്‍, ചെറുവള്ളി, കപില, കാസര്‍ഗോഡ് കുള്ളന്‍ തുടങ്ങിയ കേരളത്തിലെ ഇനങ്ങളാണ്. ഒന്നു രണ്ടു ലിറ്റര്‍ പാല്‍മാത്രമേ ലഭിക്കൂ എന്നതാണ് ഇവയുടെ പ്രത്യേകത. അപൂര്‍വ കാലിയിനങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ടിവര്‍ക്ക്. എ- ടു പാലിനൊപ്പം രോഗപ്രതിരോധശേഷിയും ഇണക്കവും നാടന്‍ പശുക്കളുടെ പ്രത്യേകതകളാണ്.

സമീകൃത തീറ്റക്രമം

സിഒ-3,5, സൂപ്പര്‍നേപ്പിയര്‍ ഇനങ്ങളില്‍പ്പെട്ട പുല്ലുകൃഷി ഒരേക്കറിലുണ്ട്. രാവിലെ അഞ്ചരയ്ക്കു കറവകഴിഞ്ഞാല്‍ സമീകൃത തീറ്റ നല്‍കും. അരി, ഗോതമ്പ്, ഉഴുന്നു തവിടുകള്‍, തേങ്ങാപ്പിണ്ണാക്ക്, ചോളപ്പൊടി, പരുത്തിപ്പിണ്ണാക്ക് എന്നിവ ചേര്‍ന്നതാണു സമീകൃത തീറ്റ. സാധാരണ കാലിത്തീറ്റ കൊടുക്കാറില്ല. പുട്ടുപരുവത്തില്‍ കുഴച്ചു പശു ഒന്നിനു നാലു കിലോ വീതം രാവിലെ ഒമ്പതിനാണു സമീകൃത തീറ്റ നല്‍കുക. പിന്നെ ചാഫ് കട്ടറില്‍ ചെറുതായരിഞ്ഞ പുല്ലും നല്‍കി പുറത്തിറക്കി കെട്ടും. ഉച്ചകഴിഞ്ഞു രണ്ടാകുമ്പോള്‍ തൊഴുത്തില്‍ കയറ്റും. വെള്ളം കുടിച്ച് പിന്നെ വിശ്രമം. നാലിനാണു രണ്ടാമത്തെ കറവ. ആറിനു മുമ്പ് ബാക്കി പുല്ലും സമീകൃത തീറ്റ വെള്ളം ചേര്‍ത്തും നല്‍കി ഭക്ഷണം അവസാനിപ്പിക്കും. രാ ത്രി ഭക്ഷണമില്ല. അയവെട്ടലും പാലുത്പാദനവും നടക്കുന്നതിനു വേണ്ടിയാണ് ഈ ഭക്ഷണക്രമീകരണം.

തൊഴുത്തില്‍ നിന്നു വളം

പശുവിനെ കുളിപ്പിക്കുന്ന വെള്ളവും ചാണകവും മൂത്രവുമെല്ലാം ഒരു ടാങ്കിലേക്ക് ഒഴുകിയെത്തുന്നു. ഇതു തെങ്ങിനും തീറ്റപ്പുല്ലിനും കമുകിനും മോട്ടറുപയോഗിച്ച് ഒഴിച്ചു കൊടുക്കും. നാടന്‍പശുവിന്റെ ചാണകം തണലത്തുണക്കി 50 കിലോയ്ക്ക് 300 രൂപ നിരക്കില്‍ വില്‍ക്കുന്നു. ഒരു കിലോ നാടന്‍ പശുവിന്റെ നെയ്യ് 2000 രൂപയ്ക്കാണു വില്‍ക്കുന്നത്. തൈരിന് ലിറ്ററിനു 120 രൂപയുണ്ടങ്കിലും 80 രൂപയ്ക്കാണു നല്‍കുന്നത്.

നെയ്യ് ഉത്പാദനത്തിലെ പുതുമ

തൈരു കടഞ്ഞല്ല ഇവിടെ നെയ്യ് ഉത്പാദനം. ഇങ്ങനെ ചെയ്താല്‍ നെയ്യ്ക്ക് ഒരു കിടുംമ്പിച്ച രുചി വരുമെന്നു രശ്മി പറയുന്നു. പാല്‍ തിളപ്പിച്ച് റഫ്രിജറേറ്ററില്‍ വയ്ക്കും 24 മണിക്കൂറിനുശേഷം അതിന്റെ മുകളിലെ പാട മറ്റൊരു പാത്രത്തിലേക്കു മാറ്റും വീണ്ടും തിളപ്പിച്ച് റഫ്രിജറേറ്ററില്‍ വയ്ക്കും. 24 മണിക്കൂറിനു ശേഷം വീണ്ടും പാട പാലിനു മുകളിലുണ്ടാകും. ഇതുമെടുത്ത് തണുത്ത വെള്ളം കൂട്ടി മിക്‌സിയില്‍ അടിക്കുമ്പോള്‍ വെണ്ണ പൊങ്ങിവരും. ഇതെടുത്തുരുക്കി നെയ്യുണ്ടാക്കും. ഇത്തരത്തിലുണ്ടാക്കുന്ന നെയ്ക്ക് നല്ല മഞ്ഞനിറ വും സുഗന്ധവുമുണ്ടാകുമെന്നു രശ്മി പറയുന്നു. പാലില്‍ നിന്നു പനീറും ഉണ്ടാക്കുന്നുണ്ട്.


മലബാറി, ബീറ്റല്‍ ആടുകള്‍

മലബാറി, ബീറ്റല്‍ ഇനങ്ങളിലെ 13 ആടുകള്‍ വീടിനു സമീപം തന്നെയുള്ള തൊഴുത്തിലുണ്ട്. ബീറ്റല്‍ ഇനത്തിലെ മുട്ടനുള്ളതിനാല്‍ നാട്ടിലെ ആടുകളുമായി ക്രോസ് ചെയ്യിക്കാന്‍ ധാരാളം ആളുകള്‍ വരുന്നുണ്ട്. ഒരു ബീജാധാനത്തിന് 500 രൂപയാണീടാക്കുന്നത്. ആട്ടിന്‍കാഷ്ഠം വില്‍ക്കുന്നുമുണ്ട്.

കുള്ളന്‍ തെങ്ങില്‍ മൂന്നാം വര്‍ഷം കുല

പാലക്കാട് മുതലമടയില്‍ നിന്നെത്തിച്ച 115 നാടന്‍ഹൈബ്രിഡ് തെങ്ങുകള്‍ മൂന്നാം വര്‍ഷം തന്നെ കായ്ച്ചു. പുതുമഴ കഴിഞ്ഞാല്‍ തെങ്ങിന് ഫാക്ടംഫോസ്, മഗ്നീഷ്യം, പൊട്ടാഷ് എന്നിവ നല്‍കും. മഴ തുടങ്ങുമ്പോള്‍ ചാണകവും നല്‍കിയാണു വളര്‍ത്തിയത്. രണ്ടരയടിയുള്ള കുഴിയുണ്ടാക്കി അതില്‍ കുമ്മായമിട്ടു. രണ്ടാഴ്ച കഴിഞ്ഞ ശേഷം മണലും ചാണകപ്പൊടിയുമിട്ട് കുഴി രണ്ടടി നികര്‍ത്തി, അതിനുമുകളിലാണ് തൈ നട്ടത്. കുഴിയെടുത്ത സ്ഥലത്തെ മേല്‍മണ്ണുമാറ്റി മറ്റു സ്ഥലത്തുനിന്നെടുത്ത മേല്‍മണ്ണുപയോഗിച്ചാണ് കുഴി മൂടിയത്. ചെമ്പന്‍ ചെല്ലിയില്‍ നിന്നു തെങ്ങിനെ രക്ഷിക്കാനായി മണ്ട വൃത്തിയാക്കി കവിളുകളില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടുകൊടുക്കുന്നു. മണ്ണില്‍ നിന്നു തടിവഴിയുള്ള ചെല്ലിയാക്രമണത്തെ തടയാന്‍ തെങ്ങിന്‍ചുവട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു. ചപ്പും ചവറുമൊന്നും ചുവട്ടില്‍ ഇടാറില്ല. ഉണക്കച്ചാണകമാണ് തെങ്ങിനു നല്‍കുന്നത്. മംഗള, സുമംഗള ഇനത്തിലെ കമുകുകള്‍ നാലാം വര്‍ഷം കായ്ച്ചു. 10 ലക്ഷം ലിറ്ററിന്റെ രണ്ടു പടുതാക്കുളങ്ങളിലെ വെള്ളമാണ് ജലസേചനം സുഗമമാക്കുന്നത്. ഏത്തന്‍, മൈസൂര്‍പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, പൂവന്‍ തുടങ്ങിയ ഇനങ്ങളിലെ 300 ചുവടു വാഴയും സമ്മിശ്ര കൃഷിയിടത്തെ മനോഹരമാക്കുന്നു. സാസോ, ബിവി-380, കരിങ്കോഴി, കൈരളി ഇനത്തില്‍പ്പെട്ട കോഴി തുടങ്ങിയവയെല്ലാം വീടിനു ചുറ്റുമുള്ള ചെറിയചെറിയ കൂടുകളില്‍ സുഖമായി കഴിയുന്നു. കാട, ഖള്‍ഖം, ഗിനി, താറാവ്, മണിത്താറാവ്, മുയല്‍, പട്ടി, പ്രാവ്, ലൗബേര്‍ഡ്‌സ് എന്നിവയെല്ലാം ഏകോദര സഹോദരന്‍മാരെ പോലെ വീടിനു സമീപത്തു തന്നെയുണ്ട്.

പടുതാക്കുളത്തില്‍ മീനും

നാടന്‍ കാരിയെ അക്വാപോണിക്‌സ് രീതിയില്‍ വളര്‍ത്തുന്നു. ഒപ്പം ഹൈബ്രിഡ് കാരിയുമുണ്ട്. ഏഴു പടുതാക്കുളങ്ങളിലാണ് മീന്‍ വളര്‍ത്തല്‍. തിലാപ്പിയ, ഗൗര, റെഡ് തിലാപ്പിയ എന്നിവയെല്ലാമാണ് പടുതാക്കുളങ്ങളെ മത്സ്യസമൃദ്ധമാക്കുന്നത്. ഗൗരയുടെ വലിയ കുഞ്ഞുങ്ങളെ 50 രൂപ നിരക്കില്‍ വില്‍ക്കുന്നുമുണ്ട്. അക്വാപോണിക്‌സ് ഗ്രോബെഡ്ഡുകളില്‍ പാവല്‍, പീച്ചില്‍, പടവലം, ചുരയ്ക്ക, മത്തന്‍ കാബേജ്, കോളിഫ്‌ളവര്‍ തക്കാളി, പച്ചമുളക്, കോവല്‍ തുടങ്ങി വിളയാത്തതൊന്നുമില്ലെന്നു തന്നെ പറയാം. ബ്രോക്കോളി, കെയില്‍ തുടങ്ങിയ ഇനം പച്ചക്കറികളുടെ വിത്ത് വിദേശത്തു നിന്നെത്തിച്ചും കൃഷി ചെയ്യുന്നു. അഞ്ച് മഴമറകളിലും കൃഷി ഊര്‍ജിതം.

അക്വാപോണിക്‌സിലെ കുറ്റിക്കുരുമുളക്

അക്വാപോണിക്‌സ് രീതിയില്‍ കുറ്റിക്കുരുമുളകും കൃഷിചയ്യുന്നു. കൂര്‍ക്ക അക്വാപോണിക്‌സ് രീതിയില്‍ ചെയ്ത് വെള്ളത്തില്‍ വിളയിച്ചെന്നും രശ്മി പറയുന്നു.

കണ്ടുപിടിത്തമായി വെര്‍മിപോണിക്‌സ്

വീട്ടുമാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് കാനില്‍ മെറ്റല്‍ നിറച്ച് അതില്‍ ഉറപ്പിച്ച പിവിസി പൈപ്പില്‍ നിക്ഷേപിക്കുന്നു. ഇത് അഴുകി താഴെ വച്ചിരിക്കുന്ന ബിന്നില്‍ വീഴുന്നു. ഇത് അക്വാപോണിക്‌സ് രീതിയില്‍ പമ്പുചെയ്ത് മെറ്റല്‍ നിറച്ച പ്ലാസ്റ്റിക് കാനില്‍ നിറച്ച കല്ലില്‍ നട്ടിരിക്കുന്ന ചെടിച്ചുവട്ടിലേക്കെത്തിക്കുന്നു. ഇതാണ് രശ്മി കണ്ടുപിടിച്ച വെര്‍മിപോണിക്‌സ് രീതി. 800 ചുവട് ഓര്‍ക്കിഡുകളും വീട്ടകം മനോഹരമാക്കുന്നു.

മൂല്യവര്‍ധിത ഉത്പന്നങ്ങളും വീട്ടിലെ വിപണിയും

പാളയന്‍കോടന്‍, പൂവന്‍, ചക്ക എന്നിവകൊണ്ട് വൈന്‍ നിര്‍മിക്കുന്നു. ഈന്ത് കായ പൊട്ടിച്ച് കട്ടുകളഞ്ഞുണക്കി പിടി, പുട്ട് എന്നിവയുണ്ടാക്കുന്നു. ചക്കയുടെ പുറത്തെ മുള്ളു കളഞ്ഞമടല്‍, ചകിണി, പാട, ചക്ക എന്നിവയെല്ലാം ഒരോന്നും വെവ്വേറെ വറുത്ത് നിലക്കടലയും കുരുമുളകു പൊടിയും കായവുമൊക്കെച്ചേര്‍ത്ത് ചക്ക മിക്ചര്‍ തയാറാക്കുന്നു. ചക്കമടല്‍ മുള്ളുകളഞ്ഞ് മീന്‍ കറി വയ്ക്കുന്നപോലെ പാകം ചെയ്യുന്നത് രശ്മിയുടെ സ്‌പെഷലാണ്. പൈനാപ്പിളും കരിക്കിന്‍വെള്ളവും കരിക്കുമൊക്കെ ചേര്‍ത്ത് മിക്‌സിയിലടിച്ച് പള്‍പ്പാക്കി വറ്റിച്ച് ഗ്രാമ്പൂവും കറുവാപ്പട്ടയും ചേര്‍ത്ത് ജാമും ഉണ്ടാക്കുന്നു. മൂല്യവര്‍ധനയും സംയോജിത, സമ്മിശ്രകൃഷിയും അക്വാപോണിക്‌സ് പോലുള്ള നൂതന കൃഷി രീതികളും കാണണമെങ്കില്‍ ഇവിടെയെത്തിയാല്‍ മതി, ഈ കൃഷിവീട്ടില്‍.ഫോണ്‍: രശ്മി 960 576 78 69.

ടോം ജോര്‍ജ്
ഫോണ്‍: 93495 99023.