ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള്‍ വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്. 2013- ല്‍ കൈപ്പറമ്പ് കൃഷി ഓഫീസറായിരുന്ന ടി.പി. ബൈജുവാണ് ഉണ്ണികൃഷ്ണന് ശാസ്ത്രീയ ജലസേചന സംവിധാനങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നത്. ആത്മയുടെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെത്തി ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിനെ(കൃത്യതാ കൃഷി) കുറിച്ചു പഠിച്ചു. ഒന്നോ രണ്ടോ വിളകള്‍ക്കു പകരം ബഹുവിള പച്ചക്കറികൃഷി പരീക്ഷിക്കണമെന്നതും പെരുമാട്ടി നല്‍കിയ പാഠമായിരുന്നു. സന്ദര്‍ശന ശേഷം തിരിച്ചെത്തി സ്വന്തം കൃഷിയിടത്തില്‍ ശാസ്തീയ ജലസേചനമുറകളോടെ ബഹുവിള കൃഷി നടപ്പാക്കിയതാണ് തന്റെ വിജയത്തിന്റെ ആദ്യപടിയായതെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭിക്കുന്നതിന് ഒരേക്കര്‍ സ്ഥലമാണു തെരഞ്ഞെടുത്തത്. അതില്‍ അമ്പതു സെന്റില്‍ പാവല്‍, പടവലം, പയര്‍, വെണ്ട, വഴുതിന, മത്തന്‍, കുമ്പളം, വെള്ളരി, ചീര, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ നട്ടു. ആദ്യ അമ്പതു സെന്റിലെ വിളവെടുപ്പ് അവസാനിക്കുമ്പോള്‍ രണ്ടാമത്തെ അമ്പതു സെന്റിലെ പച്ചക്കറി വിളവെടുപ്പു പാകമാകുന്ന തരത്തില്‍ റിലേ കൃഷി സമ്പ്രദായമാണ് ഉണ്ണികൃഷ്ണന്‍ പരീക്ഷിച്ചത്. നല്ല മഴക്കാലത്തു കൃഷിയിറക്കാന്‍ റെയിന്‍ഷെല്‍ട്ടറും പണിതു. 365 ദിവസം വിളവെടുക്കുന്ന ശൈലിയായതോടെ വില പ്രശ്‌നമല്ലാതായി. മാത്രമല്ല കൂടുതല്‍ പച്ചക്കറികള്‍ ഒരു കര്‍ഷകനില്‍ നിന്നു ലഭിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്കും താത്പര്യമായി.

കായകള്‍ക്ക് രൂപവും വലിപ്പവുമില്ലെങ്കില്‍

അപ്പോഴും ചില പ്രശ്‌നങ്ങള്‍ ബാക്കി നിന്നു. ഉണ്ടാക്കുന്ന പച്ചക്കറികള്‍ക്കു മികച്ച പരിചരണം കൊടുത്താലും 30-40 ശതമാനം കൃത്യമായ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്നില്ല. രോഗകീടങ്ങള്‍ കുറഞ്ഞാലും ഈ പ്രശ്‌നം നിലനിന്നു. അപ്പോഴാണ് കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജിനെ കാണാന്‍ ഇടയായത്. മണ്ണറി ഞ്ഞുള്ള വളപ്രയോഗമാണ് മികച്ച ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ആദ്യപടി എന്ന നിര്‍ദേശം സ്വീകരിച്ചു. മണ്ണു പരിശോധിച്ച് വളപ്രയോഗം ആരംഭിച്ചു. ദ്വീതിയ മൂലകങ്ങളായ കാല്‍സ്യവും മഗ്നീഷ്യവും സൂക്ഷ്മ മൂലകങ്ങളും ആവശ്യമനുസരിച്ചു നല്‍കി. ഫലം വളരെ പ്രത്യക്ഷമായിരുന്നു. എ ഗ്രേഡ് ഉത്പന്നങ്ങളുടെ തോത്- 90 ശതമാനം വരെ ഉയര്‍ന്നു. അതായത് 10 കിലോ പാവയ്ക്ക വിളവെടുത്താല്‍ അതിലെ ഒമ്പതുകി ലോയും പ്രീമിയം ഗ്രേഡില്‍ വില്‍ക്കാമെന്നര്‍ഥം. അതും ഒരു വലിയ മാറ്റത്തിനു വഴിയൊരുക്കി. ഇന്ന് ഉണ്ണികൃഷ്ണന്റെ പച്ചക്കറികള്‍ പിജിഎസ് മുദ്രയോടെ(പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം- കേന്ദ്ര,സംസ്ഥാനസര്‍ക്കാരു കള്‍ നല്‍കുന്ന ഗുണമേന്മ മുദ്ര) സംസ്ഥാനത്തെ പ്രധാന മാളുകളില്‍ എത്തുന്നുണ്ട്. സുരക്ഷിത പച്ചക്കറി കൃഷി എന്ന ആശയം മുറുകെ പിടിക്കുമ്പോഴും സമീകൃതമായ മൂലകങ്ങളുടെ ഉപയോഗവും കൃത്യമായ മണ്ണറിവും ശാസ്ത്രീയ ജലസേചനവും ഒരു കര്‍ഷകന്റെ വിജയത്തിന്റെ അടിസ്ഥാനമാണെന്ന് ഈ ഉദാഹരണം തെളിയിക്കുന്നു.


നെല്‍കൃഷിക്കാരനായിരുന്ന അച്ഛന്‍ പ്രഭാകരന്‍ നായരുടെ മകന്‍ കളംമാറിച്ചവിട്ടി പച്ചക്കറികൃഷിയില്‍ എത്തിയത് 2010 ലാണ്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ചാണു കൃഷിയിലേക്കെത്തുന്നത്. ആദ്യകാലങ്ങളില്‍ കോളിലെ നെല്‍കൃഷി മാത്രമായിരുന്നു. വിഷുവിനു വേണ്ടി മകരകൊയ്ത്ത് കഴിഞ്ഞ പാടത്ത് പച്ചക്കറി കൃഷിയിറക്കുകയായിരുന്നു ചെയ്തുപോന്നത്. അതില്‍ പലപ്പോഴും നഷ്ടം നേരിട്ടു. കൊടും വേനലില്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികള്‍ക്ക്, പ്രധാനമായും മത്തന്‍, വെള്ളരി എന്നിവയ്ക്ക് വില ലഭിക്കാത്ത അവസ്ഥവന്നു. കൃഷിയില്‍ നഷ്ടം നേരിട്ടപ്പോള്‍ അച്ഛന്‍ വീണ്ടും ഇടപെട്ടു. ഒരു തവണകൂടി ചെയ്യാനുള്ള മുതല്‍ മുടക്ക് ഞാന്‍ നടത്താം എന്നതായിരുന്നു വാഗ്ദാനം. ആ വര്‍ഷം കൂലിയും മറ്റ് ഉത്പാദന ഉ പാധികളുടെ വിലയും കിട്ടി എന്നല്ലാതെ ലാഭമൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് കൃഷിഓഫീസര്‍മാരെയും ശാസ്ത്രജ്ഞരെയും കാണുന്നതും കൃഷിയുടെ രീതി മാറ്റുന്നതും.


ഇന്ന് ഒരുവര്‍ഷം 30 ടണ്ണിലധികം പച്ചക്കറിയാണ് ഉണ്ണികൃഷ്ണന്‍ റിലേ കൃഷിയിലൂടെ വിപണനത്തിന് എ ത്തിക്കുന്നത്. വര്‍ഷം എട്ടുലക്ഷത്തിലധികം രൂപയുടെ പച്ചക്കറി വില്‍ക്കുന്നു. കൊറോണ ലോക്ക് ഡൗണ്‍ വന്നകാലത്ത് സമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പച്ചക്കറികള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വില്‍ക്കാനും ഉണ്ണികൃഷ്ണനു സാധിച്ചു. ഇതിനിടെ കുറെ അംഗീകാരങ്ങളും ഈ കര്‍ഷകനെ തേടിയെത്തി. 2017 - ല്‍ തൃശൂര്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷക നുള്ള പുരസ്‌കാരം, 2019-20 ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച ഇന്നവേറ്റീവ് കര്‍ഷകനുള്ള ദേശീയ പുരസ്‌കാരം എന്നിവ ലഭിച്ചു. തണ്ണിമത്തന്‍, മസ്‌ക് മെലണ്‍(ഷമാം), സാലഡ് കുക്കുംബര്‍ തുടങ്ങിവ ഈ വര്‍ഷം മുതല്‍ കൃഷിചെയ്തുവരുന്നു. ചുരുങ്ങിയ സ്ഥലത്തു നിന്നു പച്ചക്കറികൃഷിയിലൂടെ നേട്ടം കൊയ്യാമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ കര്‍ഷക പ്രതിഭ. കേരളത്തെപോലെ തുണ്ടു വത്കരിക്കപ്പെട്ട കൃഷിഭൂമികളില്‍ ഇത്തരം വിജയമാതൃകകള്‍ക്ക് പ്രാധാന്യമേറെയാണ്.

കൃഷി വിജയമാക്കിയത് കണിക ജലസേചനവും ഫെര്‍ട്ടിഗേഷനും

തന്റെ പച്ചക്കറികൃഷി വിജയമാക്കിയതില്‍ ശാസ്ത്രീയ ജലസേചനത്തിന്റെ പങ്ക് എടുത്തുപറയുകയാണ് ഉണ്ണികൃഷ്ണന്‍. ഡ്രിപ്പ് ഇറിഗേഷനിലൂടെ (കണിക ജലസേചനം) എന്‍പികെ വളങ്ങളും ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളും നല്‍കുന്നു. വെള്ളത്തിലൂടെ വളവും നല്‍കുന്ന ഫെര്‍ട്ടിഗേഷന്‍ രീതിക്കു പലഗുണങ്ങളുണ്ട്. കുറച്ചു വളംകൊണ്ട് കൂടുതല്‍ ചെടികള്‍ക്കു വളപ്രയോഗം നടത്താന്‍ സാധിക്കും. ഇതിനാല്‍ വളത്തിനുള്ള ചെലവു കുറക്കാം. ഫെര്‍ട്ടിഗേഷന്‍ രീതിയില്‍ വളപ്രയോഗം നടത്തുമ്പോള്‍ മണ്ണിന്റെ പിഎച്ച് ഘടനമാറുന്നില്ലെന്നതാണു മറ്റൊരു ഗുണം. ഇതിനാല്‍ നല്‍കുന്ന മൂലകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ ചെടികള്‍ക്കു സാധിക്കുന്നു. അടിവളമായി ധാരാളം ജൈവവളങ്ങള്‍ നല്‍കുന്നു. തന്മൂലം വിളവും വര്‍ധിക്കും. ചെടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനാല്‍ മരുന്നുപ്രയോഗം വേണ്ടി വരുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. വിളകള്‍ക്കു രുചിയും കൂടുതലായിരിക്കും. ഒരേക്കറില്‍ നിന്നു വര്‍ഷം 35-40 ടണ്‍ ഉത്പാദനം നടക്കുന്നു. ഒരു സെന്റില്‍ നിന്നു വര്‍ഷം ഒരുടണ്‍ പച്ചക്കറിയുണ്ടാക്കുകയെന്നതാണ് അടുത്ത പദ്ധതി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. സി. നാരായണന്‍കുട്ടി, കൃഷിഓഫീസര്‍മാരായിരുന്ന ബേബി റാഫേല്‍, ടി.പി. ബൈജു, കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജ് എന്നിവരെല്ലാം തന്റെ കൃഷി ശാസ്ത്രീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചവരാണെന്നും ഉണ്ണി പറയുന്നു.
വിലാസം: ഉണ്ണികൃഷ്ണന്‍
വടക്കുംചേരി വീട്, കൈപ്പറമ്പ്, പുത്തൂര്‍, തൃശൂര്‍ ഫോണ്‍: 9447441281.

ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ജില്ലാ മണ്ണുപരിശോധന കേന്ദ്രം, തൃശൂര്‍