അധ്വാനം ആരാധനയാക്കിയ മേല്‍പ്പട്ടക്കാരന്‍
അധ്വാനം ആരാധനയാക്കിയ മേല്‍പ്പട്ടക്കാരന്‍
ഭൂമിയിലെ മണ്ണ് ദൈവത്തിന്‍റെ ദാനമാണ്. അതു പാഴായിടുന്നത് പാപമാണ്. മണ്ണില്‍ വിയര്‍പ്പു വീഴ്ത്തുന്ന അധ്വാനം ബലിയര്‍പ്പണം പോലെ പവിത്രമാണെന്ന ദര്‍ശനം സമൂഹത്തിനു പകര്‍ന്നുകൊടുക്കുന്ന വൈദിക ശ്രേഷ്ഠനാണ് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. സാബു കെ. ചെറിയാന്‍. വീടിനും നാടിനും വേണ്ടതെല്ലാം നമുക്കു സ്വന്തമായി വിളയിക്കാമെന്നിരിക്കെ എന്തിനു മറ്റിടങ്ങളില്‍ നിന്ന് വിഷമടിച്ച വിഭവങ്ങള്‍ കൊള്ളവില കൊടുത്തു വാങ്ങി ഭക്ഷിക്കണം. വചനശുശ്രൂഷാവഴിയില്‍ കൃഷിയുടെ പാരമ്പര്യ മഹത്വം സ്വന്തം കാര്‍ഷിക വൈവിധ്യം മാതൃകയാക്കി പകര്‍ന്നു നല്‍കുകയാണ് തിരുമേനി. ജനുവരിയില്‍ മധ്യകേരള ബിഷപ്പായി ചുമതലയേറ്റശേഷം 180 വര്‍ഷത്തെ പൗരാണിക പാരമ്പര്യമുള്ള അരമനവളപ്പിലും ബേക്കര്‍ കുന്നിലെ അഞ്ചേക്കറിലും കൃഷിയുടെ വിഭവ വിസ്മയം ഒരുക്കാനുള്ള തയാറെടുപ്പിലാണ്.

പയര്‍, പാവല്‍, പടവലം, തക്കാളി, കോവല്‍, വാഴ തുടങ്ങി വിളയിക്കാത്ത വിളകള്‍ കുറവ്. നാലര പതിറ്റാണ്ടിലെ കൃഷി സമ്മാനിച്ച അനുഭവങ്ങള്‍ അതിലേറെ വലുത്. 1988 മുതല്‍ 96 വരെ ആന്ധ്രാപ്രദേശിലെ വാറംഗിലെ ഗ്രാമത്തില്‍ എട്ടു വര്‍ഷം മിഷനറിയായിരുന്നപ്പോള്‍ അവിടെ പത്തേക്കര്‍ മണ്ണില്‍ നെല്ലും സൂര്യകാന്തിയും എള്ളും മാറി മാറി കൃഷിചെയ്തു. ധാന്യങ്ങള്‍ക്കു പുറമെ തണ്ണിമത്തനും വിളവെടുത്തു. കൃഷിയിടത്തില്‍ അധ്വാനിച്ചു നേടുന്ന വരുമാനവും പ്രേഷിതവേലയ്ക്ക് വിനിയോഗിക്കുകയെന്ന നന്‍മയുടെ പ്രമാണമാണ് മേല്‍പ്പട്ടക്കാരന്റെ കരുതല്‍.

തിരുവല്ല തുകലശേരി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ വികാരിയായിരിക്കെയാണ് സഭയുടെ അമരക്കാരനായുള്ള നിയോഗം. തുകലശേരി പള്ളിയില്‍ നാലേക്കര്‍ കാട് വെട്ടിത്തെളിച്ച് ഹരിതാഭമാക്കിയ കൃഷിയിടം ഏദന്‍തോട്ടം പോലെ സമൃദ്ധമായിരുന്നു. ചാണകവും വേപ്പിന്‍പിണ്ണാക്കും കുമ്മായവും കൂട്ടിക്കിളച്ച മണ്ണില്‍നിന്ന് ദിവസം 25 കിലോ വീതം കുരുത്തോല പയര്‍ വിളവെടുത്തു. മാര്‍ക്കറ്റ് വില നോക്കാതെ കിലോയ്ക്ക് 100 രൂപയ്ക്ക് പയര്‍ വാങ്ങാന്‍ പലയിടങ്ങളിലും നിന്ന് ആവശ്യക്കാര്‍ എത്തിക്കൊണ്ടിരുന്നു. അവിടെ ആറടി നീളത്തില്‍ കായിട്ട പടവലവും നിറയെ വിളവുണ്ടായ പാവലുമൊക്കെ കണ്ണുകുളിര്‍പ്പിക്കുന്ന കാഴ്ചയായി. കിളച്ച് വാരം എടുത്ത് അതിനു മുകളില്‍ മള്‍ച്ചിംഗ് ഷീറ്റിട്ടു മൂടി അടിയില്‍ ജലവിതരണ പൈപ്പുകളും സ്ഥാപിച്ചു.

ദിവസം രാവിലെയും വൈകുന്നേരവുമായി അഞ്ചു മിനിറ്റുവീതം നന കൊടുത്തു. വളം ഒരു ചുവടിനു കൃത്യം മൂന്നു ഗ്രാം വീതം ധാരാളമായിരുന്നു. നാലു മാസം കൊണ്ട് പറിച്ചെടുത്തത് 400 കിലോ പയര്‍. രാവിലെ ആറു മുതല്‍ ഒമ്പതു വരെ തോട്ടത്തില്‍ കൃഷിയും കൂടെ വിളവെടുപ്പും. എക്കാലവും രാസകീടനാശിനി പ്രയോഗിക്കാത്ത കൃഷിയേ നടത്താറുള്ളു. മുഞ്ഞശല്യം വന്നപ്പോള്‍ നീറി നെ പയര്‍ പന്തലേക്ക് ഇറക്കിവിട്ടു. പയര്‍ പറിക്കാ നിറങ്ങുമ്പോള്‍ നീറിന്റെ കടി കൊള്ളേണ്ടിവന്നെങ്കിലും മുഞ്ഞ പുറത്തായി. പോളിഹൗസില്‍ വെണ്ടയും പയറും ചീരയും തക്കാളിയും വെള്ളരിയും മുളകും വളര്‍ത്തി വിളവെടുത്തു. പള്ളിയങ്കണത്തില്‍ കപ്പയും വാഴയും തെങ്ങും പരിപാലിച്ചു. ഇടവിളയായി നട്ട മഞ്ഞളും നല്ല വിളവുതന്നു. ആയിരം ചുവട് കപ്പ നാലഞ്ചു ഘട്ടങ്ങളായി തുകലശേരിയില്‍ കൃഷിചെയ്തിരുന്നു. ഒരു വിളവെടുപ്പ് കഴിയുമ്പോള്‍ അടുത്ത 200 ചുവടു പാകമായി വരുന്ന രീതിയിലായിന്നു നടീല്‍. അപ്പോള്‍ എല്ലാം മാസവും വിളവെടുത്തു വില്‍ക്കാന്‍ കപ്പയുണ്ടാകും. ചില നടീലുകളില്‍ അല്‍പം വിളവു കുറഞ്ഞാലും വില്‍ക്കാന്‍ മാര്‍ക്കറ്റില്ലെന്ന പരിമിതി ഉണ്ടായിരുന്നില്ല. തെളളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു കൃഷി. പച്ചക്കറി വില്‍പനയ്ക്കു പുറമെ പച്ചക്കറി തൈകള്‍ അഞ്ചുരൂപ നിരക്കില്‍ വിറ്റും പള്ളിക്ക് മുതല്‍കൂട്ടി. മണ്ണിലെ കിളയോളം വലിയൊരു അധ്വാനം വേറെയില്ല.

അതിനാല്‍ 59-ാം വയസിലും രോഗങ്ങളില്ലാതെ ആരോഗ്യത്തോടെ കഴിയാന്‍ മറ്റു വ്യായാമങ്ങള്‍ വേണ്ടിവരുന്നില്ല. മാത്രവുമല്ല, കൃഷിയുടെ ഹരം പ്രാര്‍ഥനപോലെ മധുരകരമാണെന്നതാണ് ബിഷപ്പിന്റെ പ്രമാണം. കോഴഞ്ചേരി പുന്നയ്ക്കാട് മലയില്‍ കുടുംബാംഗമായ റവ. സാബു ചെറിയാന്‍ അറിയപ്പെടുന്ന കര്‍ഷനായിരുന്ന പിതാവ് എം.കെ.ചെറിയാന്‍ എന്ന പാപ്പിസാറില്‍ നിന്നാണ് കൃഷിയെ അനുഭവിച്ചു പഠിച്ചത്. അധ്യാപകനായിരിക്കെയും നാട്ടിലെ അറിയപ്പെടുന്ന കൃഷിക്കാരനായിരുന്നു പാപ്പിസാര്‍. കൃഷിക്കൊപ്പം തൊഴുത്തുനിറയെ പശുക്കളുമുണ്ടായിരുന്നു. നാലേക്കര്‍ പുരയിടത്തില്‍ എല്ലായിനം കൃഷികളും നടത്തിയിരുന്ന അപ്പച്ചനൊപ്പം എട്ടാം ക്ലാസ് മുതല്‍ മകന്‍ സാബുവും കൃഷിക്കാരനായി. ഒരേ സമയം വീട്ടില്‍ 1500 വരെ നാളികേരം വിളവുകിട്ടിയിരുന്നതിന്റെ സമൃദ്ധിയും, തേങ്ങ കാളവണ്ടിയില്‍ എത്തിച്ച് അപ്പച്ചന്റെ സഹായിയായി തേങ്ങാപ്പുരയില്‍ സംഭരിച്ചിരുന്നതൊക്കെ ഇന്നും ഹൃദ്യമായ ഓര്‍മകള്‍.എന്തു കൃഷിക്കും വിത്ത് മെച്ചമായിരിക്കണമെന്നതാണ് തിരുമേനിയുടെ ശാസ്ത്രം. വിത്തു ഗുണം പത്തു ഗുണം. പച്ചച്ചറി വിത്തുകളില്‍ ഏറ്റവും ഉത്തമം സര്‍ക്കാരിന്റെ കൃഷിവിജ്ഞാന കേന്ദ്രത്തിലേതുതന്നെ. വാഴവിത്ത് എവിടെനിന്നു വാങ്ങിയാലും കേടില്ലാത്തതായിരിക്കണമെന്നേയുള്ളു. വാഴക്കുല വെട്ടിയ ശേഷം വിത്തു പിരിച്ചു നട്ടാല്‍ വാഴയുടെ ഗുണമേന്‍മ നിലനിര്‍ത്താനാകും. വിത്തുപിരിക്കാതെ വന്നാല്‍ അടുത്ത കുലകള്‍ മെച്ചമാകില്ല. വാഴയിനങ്ങളില്‍ ലാഭം പൂവനും ഞാലിപ്പൂവനും ഏത്തനും തന്നെ. പാളയംകോടനും റോബസ്റ്റയ്ക്കും പലപ്പോഴും ന്യായവിലയും മാര്‍ക്കറ്റുമുണ്ടാകാറില്ല. എന്നാല്‍ ഏത്തനോളം വളവും പരിചരണവുമില്ലാതെ ലാഭം കിട്ടുന്നത് പൂവന്‍തന്നെ.

തനിയെ അധ്വാനിക്കുകയും ന്യായവില വിപണിയുണ്ടാവുകയും ചെയ്താല്‍ കൃഷി എന്നും ലാഭകരമാണ്. റബറില്‍ കൂലിക്കു ടാപ്പിംഗ് ഒഴിവാക്കി കര്‍ഷകന്‍ തനിയെ ടാപ്പിംഗ് നടത്തിയാല്‍ ഇക്കാലത്തും നഷ്ടമാണെന്നു പറയാന്‍ മനസുപോരാ. മഞ്ഞള്‍ ഏറെ ലാഭകരവും അനുയോജ്യവുമായ കൃഷിയെന്നാണ് ഇദ്ദേഹത്തിന്റെ അനുഭവപാഠം. ഏതൊക്കെ പള്ളിയില്‍ സേവനം ചെയ്‌തോ അവിടെയൊക്കെ മഞ്ഞള്‍ വന്‍തോതില്‍ നട്ടുവളര്‍ത്തിയിരുന്നു.

മഞ്ഞള്‍ നടുന്നതും വിളവെടുക്കുന്നതും കഴുകി ഉണക്കിപൊട്ടിക്കുന്നതുമൊക്കെ തനിച്ചായിരുന്നു. ക്ലേശകരമായ ആ അധ്വാനം ഏറെ രസകരവുമായിരുന്നു. ഭക്ഷണത്തിലെ വിഷം നീക്കം ചെയ്യുന്നതിനും കാന്‍സര്‍ പ്രതിരോധത്തിനും ഉത്തമ ഔഷധമാണ് മഞ്ഞള്‍. വിളവെടുത്ത് വാട്ടിയുണക്കിയ ഒരു കിലോ മഞ്ഞള്‍പ്പൊടിച്ചത് 650 രൂപയ്ക്കാണു വിറ്റിരുന്നത്. മഞ്ഞള്‍ വിളവെത്രയുണ്ടായാലും ന്യായവിലയ്ക്ക് താന്‍ വാങ്ങിക്കൊള്ളാമെന്നാണ് തിരുമേനി സഭാംഗങ്ങളോടു പറയാറുള്ളത്. ഇഞ്ചികൃഷിയിലും തിരുമേനിക്ക് അനുഭവമേറെയുണ്ട്. എന്നാല്‍ മഞ്ഞളിനേക്കാള്‍ ഇഞ്ചിക്ക് കേടുണ്ടാകാന്‍ സാധ്യതയെന്നത് പരിമിതിയാണ്. ഔഷധമായ കൂവ ഇനി കൃഷി ചെയ്തു തുടങ്ങണമെന്നാണ് ആഗ്രഹം.

പച്ചക്കറി കൃഷിയില്‍ പന്തല്‍ കെട്ടാന്‍ വിലയേറിയ പ്ലാസ്റ്റിക് വലകള്‍ ഫലപ്രദമല്ല. അത് എത്ര വലിച്ചുകെട്ടിയാലും മുറുകുകയുമില്ല. പകരം നേര്‍ത്ത പ്ലാസ്റ്റിക് നൂലും ചാക്കുനൂലും ഉപയോഗിച്ച് നിസാര ചെലവില്‍ പന്തലുകള്‍ ഉയര്‍ത്താം. വെറുതെ കളയുന്ന ചണച്ചാക്ക് കടയില്‍നിന്നു വാങ്ങി നൂലഴിച്ച് പയറിനു പന്തല്‍കെട്ടാന്‍ ഇദ്ദേഹത്തിനു പ്രത്യേക നൈപുണ്യമുണ്ട്. അപ്പച്ചനെപ്പോലെ അധ്യാപികയായിരുന്ന അമ്മ ഏലിയാമ്മയും കൃഷിയില്‍ തത്പരയായിരുന്നു.

ഇടവകകള്‍ക്ക് വരുമാനവും ജനങ്ങള്‍ക്ക് കാര്‍ഷിക സംസ്‌കാരവും പ്രകൃതിസംരക്ഷണ പാഠവും ഇദ്ദേഹം പകര്‍ന്നുനല്‍കുന്നു. മൂലേടത്ത് സേവനം ചെയ്ത കാലത്ത് വന്‍തോതില്‍ തണ്ണിമത്തന്‍ കൃഷിചെയ്ത് വിളവെടുത്തു. കഞ്ഞിക്കുഴിയില്‍ വാഴയുടെ വിവിധ ഇനങ്ങള്‍ കൃഷിചെയ്തു. തോലശേരിയിലായിരിക്കെ ഫലങ്ങള്‍ അച്ചാറായും ജാം, സ്‌ക്വാഷ് തുടങ്ങിയ മൂല്യവര്‍ധക ഉത്പന്നങ്ങളായും മാറ്റി. 1988ല്‍ ഡീക്കന്‍ പട്ടവും 1989ല്‍ വൈദികപ്പട്ടവും സ്വീകരിച്ച റവ.ഡോ സാബു ചെറിയാന്‍ മധ്യകേരള മഹായിടവക ട്രഷററായും മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ ഹോമിയോ ഡോക്ടറായ ജെസി സാറ കോശി ബിഷപ്പിനൊപ്പം കൃഷിയില്‍ വ്യാപൃതയാണ്. മക്കള്‍: സിബു ചെറിയാന്‍ കോശി (അയര്‍ലന്‍ഡില്‍ ഫിനാന്‍സ് പ്രഫഷനല്‍), ഡോ. സാം ജോണ്‍ കോശി (ചെന്നൈയില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥി).

റെജി ജോസഫ്
ഫോണ്‍: 93495 99102.