ചക്കയുടെ നാള്‍വഴി
ചക്കയുടെ നാള്‍വഴി
Saturday, July 3, 2021 4:03 PM IST
കേരളത്തിന്‍റെ ഔദ്യോഗിക ഫലമാണു ചക്ക. പോര്‍ച്ചുഗീസ് പദമായ ജാക്കയില്‍ നിന്നാണ് ഇംഗ്ലീഷ് വാക്കായ ജാക്ക് വന്നതെന്നതിനു പഠനങ്ങളുണ്ട്. എന്നാല്‍ മലയാളത്തിലെ ചക്ക എന്ന വാക്ക് ഇവിടെ തന്നെ ഉത്ഭവിച്ചതാണെന്നതിന് തെളിവുകളേറെയുണ്ട്.

പോര്‍ച്ചുഗീസ് ഭാഷയില്‍ jacare എന്നാല്‍ മുതല (Alligator) ആണ്. മുതലയ്ക്കും ചക്കയ്ക്കും മുള്ളുള്ളതുകൊണ്ടോ മുതലയുടെ തലയ്ക്ക് ചക്കയുടെ രൂപവുമായി വിദൂരസാദൃശ്യമുള്ളതിനാലോ ആവാം അവര്‍ ചക്കയെ 'ജാക്ക' എന്നു വിളിച്ചത്. കടല്‍കടന്നു വന്ന ചക്കയ്ക്ക് നമ്മള്‍ 'കടച്ചക്ക' എന്നു പേരിട്ടതും കൈതച്ചക്കയ്ക്ക് ആ പേരു വീണതും ചക്ക എന്ന പേര് മലയാൡആണെന്നതിനു തെളിവല്ലേ? ചക്ക പുരാതന കാലം മുതല്‍ അറിയപ്പെട്ടിരുന്നത് 'ചക്ക' എന്നു തന്നെ ആയിരുന്നെന്നതിനു നിരവധി തെളിവുകള്‍ വേറെയുമുണ്ട്.

ഒമ്പതാം നൂറ്റാണ്ടിലെ തോലമഹാകവിയുടെ 'പനസി ദശായം പാശി' (ചക്കി പത്തായത്തില്‍ കയറി- പനസ=ചക്ക, പനസി=ചക്കി) എന്ന സംസ്‌കൃത പ്രയോഗത്തില്‍നിന്നു തന്നെ ഇതു മനസിലാക്കാം. 'വിരിംചക്കമലാസനന്‍' എന്നതിനെ 'മുളഞ്ഞാസനന്‍' എന്നു കവി പറഞ്ഞതിലും തോലന് ചക്കയും മുളഞ്ഞിയും (ചക്കയരക്ക്) ആയുള്ള പരിചയം വ്യക്തമാണ്.

വരിഞ്ചഃ, കമലാസനഃ എന്നിവ ബ്രഹ്മാവിന്റെ പര്യായങ്ങളാണ്. ചില ആശാന്മാര്‍ വിരിംചക്കമലാസന എന്നു ചൊല്ലിക്കൊടുത്ത് പഠിപ്പിക്കുന്നതു കേട്ട് ആ ആശാന്‍മാരെ പരിഹസിച്ചെഴുതിയ ശ്ലോകത്തിലാണ് ഈ പരാമര്‍ശമുള്ളത്. ബ്രഹ്മാവിനെ ചക്കയുടെ മലം അഥവാ മുളഞ്ഞ് ആസനമാക്കിയിട്ടുള്ളവന്‍ എന്ന് ഇത്തരം ആശാന്മാര്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ മുളഞ്ഞാസനന്‍ എന്നും വിളിക്കാമെന്നാണ് തോലന്‍ ഇതിനെ പരിഹസിച്ച് പറഞ്ഞുവയ്ക്കുന്നത്.

ഇബ്‌നു ബത്തൂത്തയും ചക്കയും

14-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കന്‍ സഞ്ചാരി ഇബ്‌നു ബത്തൂത്തയും (അബു അബ്ദുള്ള മുഹമ്മദ് ഇബ്ന്‍ ബത്തൂത്ത) ചക്കയെക്കുറിച്ചു പറയുന്നുണ്ട്. സുന്നി ഇസ്ലാമിക പണ്ഡിതന്‍ കൂടിയായ ഇദ്ദേഹം കിഴക്കന്‍ യൂറോപ്പ്, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, മധ്യേഷ്യ, ദക്ഷിണപൂര്‍വ ഏഷ്യ, ചൈന തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. സമകാലീനനായ മാര്‍ക്കോ പോളോ സഞ്ചരിച്ചതിലും കൂടുതല്‍ ദൂരം ഇദ്ദേഹം യാത്ര ചെയ്‌തെന്നും പറയപ്പെടുന്നു. വാസ്‌കോ ഡി ഗാമയെ സാമൂതിരി ചക്കപ്പഴം കൊടുത്തു സത്കരിച്ചതിനും രേഖകളുണ്ട്. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ കേരളത്തിലെ അഡ്മിറലായിരുന്ന ഹെന്‍ഡ്രിക് വാന്‍ റീഡ് 1678-ല്‍ പ്രസിദ്ധീകരിച്ച ഹൊര്‍ത്തൂസ് മലബാറിക്കസ് എന്ന ബൃഹത്തായ സസ്യശാസ്ത്ര ഗ്രന്ഥത്തില്‍ ഇട്ടി അച്ചുതനും കൂട്ടാളികളും പ്ലാവും ചക്കയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അറബിയില്‍ ചക്ക അല്‍ക്കക്കായ (Alkakaya )എന്നും മലേഷ്യയിലും ഇന്തോനേഷ്യയിലും നാങ് കാ (Nangka) എന്നും അറിയപ്പെടുന്നു. അതിലെ 'ക' എന്ന ശബ്ദം ദ്രാവിഡന്‍ ആയിരിക്കാം. നമുക്ക് ഫലങ്ങളെല്ലാം 'കായ്' ആണല്ലോ.

പ്ലാവ് നമ്മുടെ സ്വന്തം മരവും ചക്ക സ്വന്തം ഫലവും ആണ്. പശ്ചിമഘട്ടം ആയിരിക്കണം ഉത്ഭവസ്ഥലം. ഇവിടെ നിന്നാവണം മറ്റു രാജ്യ ങ്ങളില്‍ എത്തിപ്പെട്ടത്.

അഡ്വ. ബാബു റ്റി.വി.
മുരിക്കാശേരി, ഇടുക്കി
ഫോണ്‍: 8281924174.